ADVERTISEMENT

സിപിഎമ്മിന്റെ മുദ്രാവാക്യങ്ങളിൽ മാറ്റമില്ലാത്തതായി ഒന്നേയുള്ളൂ, ഇന്നത്തെ തെറ്റ് നാളെ തിരുത്തുക. ജനം ചിരിച്ചു മറിഞ്ഞാലും സഖാക്കൾ മസിലുപിടിച്ചു നിൽക്കും. ‍‍‍‍ഞങ്ങളാണു ശരിയെന്നു പറയും. പാർട്ടിയുടെ ചോറുണ്ടു ജീവിക്കുന്ന ബുദ്ധിജീവിപ്പട ലേഖനങ്ങൾ എഴുതിക്കൊണ്ടേയിരിക്കും. കംപ്യൂട്ടറിനെതിരെ ഘോരഘോരം സമരം നടത്തിയവർ ഒടുവിൽ കംപ്യൂട്ടറിനെ കെട്ടിപ്പുണരുന്നതു കണ്ടപ്പോൾ ഇതെന്തേ സഖാവേ എന്നു ചോദിച്ചവരോട് ഉളുപ്പില്ലാതെ മറുപടി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തീരുമാനമാണ് ഒടുവിലത്തെ തിരുത്ത്. ആ തീരുമാനമെടുക്കാൻ മുക്കാൽ നൂറ്റാണ്ടു വേണ്ടിവന്നു. തീരുമാനം കേന്ദ്രകമ്മിറ്റിയുടേതാണ്. പിന്നിൽ ബംഗാൾ ഘടകവും. ബംഗാൾ സഖാക്കൾ 1960ൽ ഒരാഹ്വാനം നടത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി ഉയർത്തുക. പാർട്ടിക്കാർ കറുത്ത ബാഡ്ജ് കൂടി ധരിച്ച് അതു സമ്പൂർണമാക്കി. കേരളത്തിലും കുറച്ചില്ല. സ്വാതന്ത്ര്യദിനത്തിൽ പരേഡ് നടത്തിയ സ്കൂൾ കുട്ടികളെ അടിച്ചോടിച്ചു. ദേശീയപതാക പിടിച്ചുവാങ്ങി ചെങ്കൊടി പിടിപ്പിച്ചവരുമുണ്ട് മലയാളമണ്ണിൽ. പാർട്ടിയുടെ സർട്ടിഫിക്കറ്റ് കിട്ടിയാൽ സ്വാതന്ത്ര്യം എത്ര മഹത്തരം!

1947ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അംഗീകരിച്ചില്ല. പൂർണ സ്വരാജ് വന്നില്ലത്രെ! ഗാന്ധിജിയെ തള്ളിപ്പറഞ്ഞു. നെഹ്റു പ്രധാനമന്ത്രിയായപ്പോൾ അധിക്ഷേപവും. വെളുത്ത സായ്പു പോയിട്ടു കറുത്ത സായ്പ് വന്നിരിക്ക്ണൂ എന്നായിരുന്നു കുറ്റം. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ കോൺഗ്രസിനെ തള്ളുകയും സായ്പിനെ തഴുകുകയും ചെയ്തവർ 47ൽ നയം മാറ്റി. ദേശീയപതാകയോടുള്ള വെറുപ്പിലും ഉണ്ടായിരുന്നു രണ്ടു നിലപാടുകൾ. പാർട്ടി ഓഫിസിൽ ദേശീയപതാകയ്ക്കു പ്രവേശനമില്ല. അധികാരം കിട്ടുന്നിടത്തു കാറിനു മുന്നിൽ പതാകയില്ലാതെ പറ്റുകയുമില്ല.

സ്വാതന്ത്ര്യദിനത്തോട് ഇപ്പോഴെന്താ ഇത്ര സ്നേഹം? ബിജെപി രാജ്യം ഭരിച്ച ഏഴുവർഷം കൊണ്ടു പൂ‍ർണസ്വരാജ് വന്നോ? മോദിയാണോ ഗാന്ധിജിയെക്കാൾ വലിയ ദേശീയ നായകൻ? നെഹ്റുവിനെക്കാൾ വലിയ സോഷ്യലിസ്റ്റ് അമിത് ഷായാണോ? നാട്ടിലും വീട്ടിലുമൊക്കെ ചോദ്യശരങ്ങളേറ്റു സഖാക്കൾ പിടയുന്നു. ഉറക്കവും ഉത്തരവുമില്ലാതെ കഴുക്കോലിൽ നോക്കിക്കിടക്കുന്ന സഖാവിനോടു മകൻ പറഞ്ഞൂത്രെ: നമ്മൾ ഭരിക്കുന്നിടത്ത് അവരില്ല; അവർ ഭരിക്കുന്നിടത്തു നമ്മളുമില്ല. സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവരും നമ്മളുമില്ല. ഒരുമിച്ചു നിന്നാൽ എന്താണു കുഴപ്പം സഖാവച്ഛോ?’

കവിയുടെ മഹിതജീവിതവും നന്ദികിട്ടാത്ത പണികളും

രണ്ടുവർഷം മുൻപു മുംബൈയിൽ നയനേശ്വറിനോടു കോടതി കാണിച്ചത് ഇപ്പോൾ ജി.സുധാകരനോടു സിപിഎം കാണിക്കുമോ? മിഴികളടച്ചു കവിത വായിച്ചു പ്രാർഥിക്കുകയാണു സുധാകരാനന്ദവാദികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ നയനേശ്വറിനു കയറായിരുന്നു വിധി. ജയിലിൽ കിടന്ന നയനേശ്വർ ഗാന്ധിമാർഗം സ്വീകരിച്ചു. കവിതയും എഴുതി. സുപ്രീംകോടതിയിലെ അപ്പീൽ വാദത്തിനിടെ അഭിഭാഷകൻ നയനേശ്വറിന്റെ കവിതകൾ ഹാജരാക്കി. അവ വായിച്ച ഹൃദയാലുവായ ജഡ്ജി ശിക്ഷ ജീവപര്യന്തമാക്കി. 

അമ്പലപ്പുഴയിലെ കുട്ടിനേതാവ് എച്ച്.സലാമിനെ തിരഞ്ഞെടുപ്പിൽ തട്ടിയിടാൻ ശ്രമിച്ചെന്നതാണല്ലൊ സുധാകരനെതിരായ കുറ്റം. പാർട്ടി ജഡ്ജിമാരായ എളമരം കരീമും കെ.ജെ.തോമസും തെളിവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. സുധാകരനെ തൂക്കിയെറിയുമോ അതോ ജീവപര്യന്തം താഴേത്തട്ടിൽ കഴിയേണ്ടിവരുമോ? 

ആത്മാംശമുള്ള കവിതകളാണു സുധാകരന്റെ കൈമുതൽ. ഹൃദയവേദനയുടെ കൊടുമുടിയിൽ കഴിയുമ്പോഴും ഭാവനയുടെ അതിരുകളിൽ ആ മനസ്സ് അലഞ്ഞുകൊണ്ടിരിക്കും. ആരാധകർ അവയിൽ കവിത കാണും. ഒടുവിൽ വന്ന കവിത ‘നേട്ടവും കോട്ടവും’ വായിച്ചു പലരും അന്തംവിട്ടു. തലമുറമാറ്റവും പാർട്ടിയിലെ പുതിയ നീക്കങ്ങളുമൊക്കെ ഒഴുകിപ്പരക്കുകയാണു കവിതയിൽ. മുറുക്കാൻ പൊതിഞ്ഞുകിട്ടുന്ന കടലാസിൽപോലും കവിത കണ്ടാൽ ഹാലിളകുന്നവരാണു പാർട്ടിയിലെ ജഡ്ജിമാർ. സംഗതി കുഴഞ്ഞുമറിഞ്ഞ കേസായതിനാൽ അവരും കവിതയുടെ സാരാംശപരിശോധന ആരംഭിച്ചുകഴിഞ്ഞു.

ഉള്ളു പിടയുന്നൊരു വരിയുണ്ടതിൽ. ‘ഒരുതരത്തിലും നന്ദികിട്ടാത്ത പണികൾ ചെയ്തു ഞാനെന്റെ മഹിതജീവിതം സാമൂഹ്യമാക്കി’. കാവ്യബോധമില്ലാത്ത ചിലർ ചോദിക്കുന്നത്രേ, കവിധാകരൻ ഉദ്ദേശിക്കുന്ന പണി ഏതാണ്?

‘ഇതുവരെയുണ്ടായിരുന്ന നല്ലനിമിഷങ്ങളും നല്ല സ്വപ്നങ്ങളുമെല്ലാം മറഞ്ഞു കഴിഞ്ഞു. അവയൊന്നും ഇനി തിരികെ വരാനില്ല. പുതിയ രൂപത്തിൽ വന്നാലായി’. ഉത്കണ്ഠ തിളയ്ക്കുന്ന വാക്കുകൾ. പാർട്ടിയുടെ ചട്ടക്കൂട്ടിൽ പൂട്ടിക്കിടക്കുന്നതിനാൽ നേരേചൊവ്വേ ഒന്നും പറയാനാകാത്തതിന്റെ പുളച്ചിലുകളാണു വരികളിലാകെ.

k-sudhakaran

‘ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതർ, അക്ഷീണ മനസ്സുമായി നവപഥവീഥിയിൽ...’  അവസാനത്തെ ഈ ഭാഗം പിണറായി വിജയൻ നോട്ട് ചെയ്തിട്ടുണ്ടെന്നാണ് അറിവ്. നവാഗതർ, നവപഥവീഥയിൽ എന്നീ വാക്കുകളിൽ ദുഃസൂചനയില്ലേയെന്നു സംശയം. മന്ത്രിമരുമകൻ മുഹമ്മദ് റിയാസ് നവാഗതനാണല്ലോ. വീഥിയെന്നാൽ മരാമത്തുമാണല്ലോ. എങ്കിലും സുധാകരാ...

മാനദണ്ഡ നിശ്ചയത്തിന്റെ മാനസിക ദണ്ണങ്ങൾ

ഇതെന്റെ പാർട്ടിയല്ലെന്നും എന്റെ പാർട്ടി ഇങ്ങനെയല്ലെന്നും സകലമാന കോൺഗ്രസുകാരും സന്ദേഹം പൂണ്ടുനിൽ‌ക്കാൻ മാത്രം പാകത്തിനു ചിലതൊക്കെ സംഭവിക്കുകയാണ് ആ പാർട്ടിയിൽ‌. സുധാകരനും സതീശനും ടീമും പുതിയ ഭാരവാഹിപ്പട്ടികയുമായി ഹൈക്കമാൻഡ് ആസ്ഥാനത്തേക്കു സ്ലോമോഷനിൽ നടന്നു നീങ്ങുന്ന ആ മാസ് സീൻ കണ്ടപ്പോൾ അണികളുടെ ഇൗ സംശയം ഒന്നുകൂടി കൂടിയിട്ടേയുള്ളൂ. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കാരണം, അവർ കണ്ടിട്ടുള്ള കോൺഗ്രസ് ഇങ്ങനെയേയല്ല. 

എല്ലാ വീട്ടിലും വൈദ്യുതി എന്നൊക്കെ പറയുംപോലെ എല്ലാ വീട്ടിലും ഒരു കോൺഗ്രസ് ഭാരവാഹി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലായിരുന്നു പാർട്ടി. ആ ലക്ഷ്യം പാതിവഴിയിൽ വലിച്ചെറിഞ്ഞിട്ടാണ് ഇപ്പോഴത്തെ ഇൗ തിരിഞ്ഞുനടത്തം. കോൺഗ്രസിൽ ഭാരവാഹിപ്പട്ടിക തയാറാക്കുന്നതിനെക്കാൾ എളുപ്പമാണ് കടലിലെ തിരയെണ്ണലെന്നു മുൻപേ നടന്ന പ്രസിഡന്റുമാരോടു ചോദിച്ചാൽ അറിയാം. ഇത്തവണ ആദ്യം പുതിയ ഭാരവാഹികൾക്കു പ്രായപരിധിയില്ലെന്നു പ്രഖ്യാപിച്ചപ്പോൾ കുഴിയിലേക്കു നീട്ടിവച്ചിരുന്ന കാൽ ചിലരെടുത്തു തിരികെ കരയിൽ വച്ചതാണ്. 70 വയസ്സു കഴിഞ്ഞവരെ വേണ്ട എന്നു നേതൃത്വത്തിനു മനംമാറ്റം വന്നതോടെ വീണ്ടും സീൻ കോൺട്ര. 

യുവസിംഹങ്ങൾ ഉഷാറായി. കുട്ടികളെ പിടിച്ചു നേതാക്കളാക്കിയാൽ കുട്ടിക്കളിയായിപ്പോകുമോ എന്ന പേടിയായി പിന്നെ. അതോടെ 50 കഴിഞ്ഞ യുവാക്കൾ ആയാലോ എന്നായി ചർച്ച. രാവിലെ ഒന്ന്, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് ഒന്ന് എന്ന മട്ടിൽ മാനദണ്ഡങ്ങൾ വെട്ടിയും കൂട്ടിച്ചേർത്തുമാണു സുധാകർജി പട്ടിക ഇൗ പരുവത്തിലാക്കിയെടുത്തത്. 

തിരഞ്ഞെടുപ്പിൽ തോറ്റവർ വേണ്ട എന്ന മാനദണ്ഡമായിരുന്നു ഉഗ്രൻ. ആ മാനദണ്ഡം അപ്ലൈ ചെയ്തപ്പോൾ കെപിസിസി ഓഫിസിലെ കംപ്യൂട്ടർ പറഞ്ഞത്രെ: ‘പട്ടിക കാലി’. 5000 വോട്ടിനു താഴെ മാർജിനിൽ തോറ്റവരെ പരിഗണിക്കാം എന്ന് ഇടയ്ക്ക് ആലോചിച്ചെങ്കിലും അത് 50,000 ആക്കി ഉയർത്തണമെന്ന ആവശ്യം വന്നതോടെ അതും വെട്ടി. 

കോൺഗ്രസ് അംഗം ആകണമെന്നില്ല എന്ന മാനദണ്ഡം കൂടി ചേർത്താലോ എന്ന നിർദേശവും ഇടയ്ക്കു വന്നത്രെ. ഏതെങ്കിലും ബിജെപിക്കാർ കയറി ഭാരവാഹി ആയാലോ എന്നു ഭയന്നാണ് അതു വേണ്ടെന്നു വച്ചത്. അല്ലെങ്കിലും കോൺഗ്രസിൽ മാനദണ്ഡം നിശ്ചയിക്കൽ വളരെ സിംപിളല്ലേ?. യോഗവും ചർച്ചയും നടത്തി അവർ സമയം കളയാറേയില്ല. പുതിയ മാനദണ്ഡത്തെക്കുറിച്ചു പത്രത്തിൽ രണ്ടുവരി വാർത്ത. അതു മതി. സുധാകർജി താലത്തിൽ സമർപ്പിച്ച ആ പട്ടിക ഡൽഹി എഐസിസി ആസ്ഥാനത്തെ ലോക്കറിൽ മൂന്നൂ പൂട്ടിട്ടു പൂട്ടി വച്ചിരിക്കുകയാണ്. അതൊന്നു പുറത്തുവന്നിട്ടു വേണം കോൺഗ്രസ് പുതിയ കോൺഗ്രസാണോ പഴയ കോൺഗ്രസ് ആണോ എന്നറിയാൻ. 

സ്റ്റോപ് പ്രസ്

ജനകീയാസൂത്രണ ജൂബിലി: ആശംസാപ്രസംഗകരുടെ പട്ടികയിൽ തോമസ് ഐസക്കിനു 30–ാം സ്ഥാനം.

സ്ഥാനം നോക്കാതിരിക്കുന്നതാണ് ജനകീയാസൂത്രണത്തിന്റെ കാതൽ

English Summary: CPM celebrates independence day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com