അകലങ്ങൾ നീക്കിയ ഗുരു; പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതത്തിന്റെ സന്ദേശം

HIGHLIGHTS
  • ശ്രീനാരായണ ഗുരുവിന്റെ 167–ാം ജയന്തിദിനം ഇന്ന്
sree-narayana-guru-jayanthi
ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പൂക്കൾകൊണ്ട് എസ്എൻഡിപി കൊടുങ്ങല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ ചിത്രകാരൻ ഡാവിൻചി സുരേഷ് ഒരുക്കിയ ഗുരുദേവ ചിത്രം. എട്ടുമണിക്കൂർ കൊണ്ട് ഒരു ടൺ പൂക്കൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയത്.
SHARE

ശ്രീനാരായണഗുരുവിന്റെ സ്വാധീനം തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളുടെ സാമുദായികജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള മാർത്തോമ്മാ സഭാധ്യക്ഷൻ ഗുരുവിനെ അനുസ്മരിക്കുന്നു

ലോകമൊന്നായി കോവിഡെന്ന മഹാമാരിയെ നേരിടുന്ന കാലഘട്ടമാണിത്. സാമൂഹിക അകലവും ശുചിത്വവുമൊക്കെ പ്രധാന പരിഗണനകളാകുന്ന ഈ കാലത്തിരുന്ന് ശ്രീനാരായണഗുരുവിനെ സ്മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഉദ്‌ബോധനങ്ങൾക്കു സമകാലികമായ വലിയ പ്രസക്തി നാം കണ്ടെത്തുന്നു. 

പ്രകൃതിയുമായി ഇഴുകിച്ചേർന്നുള്ള ജീവിതത്തിന്റെ സന്ദേശമാണ് ഗുരു പ്രചരിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിനുള്ള പ്രാധാന്യം ശ്രീനാരായണ ഗുരുവിന്റെ പ്രബോധനങ്ങളിലും പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. കുളത്തിൽ കുളിക്കുന്നതിനു പകരം കുളിപ്പുരകളും മറ്റും പ്രചരിപ്പിക്കുന്നതിൽ ഗുരു ശ്രദ്ധിച്ചിരുന്നു. ശുചിത്വം പരമപ്രധാനമായി അദ്ദേഹം കണ്ടു. വിവാഹങ്ങൾക്ക് ആർഭാടങ്ങൾ ഒഴിവാക്കണമെന്നും ആവശ്യത്തിലധികംപേർ പങ്കെടുക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ നിർദേശവും ഇക്കാലത്ത് ഓർമിക്കാം. സ്വജീവിതത്തിൽ ലാളിത്യം പുലർത്തി സാധാരണക്കാരോടു താദാത്മ്യം പ്രാപിച്ച് അദ്ദേഹം മാതൃക കാട്ടി. 

ജാതിമത ഭേദമില്ലാതെ മനുഷ്യരെ ഒന്നായിക്കാണണമെന്ന ഗുരുദർശനത്തിന്റെ കാതൽ, മഹാമാരികളോടു നാം പോരാടുന്ന ഇന്നത്തെ ലോകത്തിൽ ഏറെ പ്രസക്തമാണ്. 'മാനുഷരെല്ലാരുമൊന്നുപോലെ'യായിരുന്ന കാലത്തിന്റെ ഓർമപുതുക്കുന്ന ഓണക്കാലത്തിന്റെ സന്ദേശവും ഗുരുവിന്റെ സന്ദേശവും പരസ്പര പൂരകങ്ങളാകുന്നു. വിശ്വധർമത്തെ മനസ്സിലാക്കിയാണു സ്വധർമത്തെ സ്വീകരിക്കേണ്ടത് എന്ന ഗുരുദർശനവും ഇതിനോടു ചേർന്നുനിൽക്കുന്നതാണ്. ജാതി, മതം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിൽ വേർതിരിവുകളുടെ മതിലുകൾ വളർന്നുവരുന്ന കേരളീയ സമൂഹത്തിൽ എന്നും പ്രസക്തമാണു ഗുരുവിന്റെ ആശയങ്ങൾ. എല്ലാ വിഭാഗീയതകളെക്കാളും വലുത് മനുഷ്യൻ എന്ന സ്വത്വമാണ്. സമൂഹം എന്ന നിലയിൽ ഒരുമിച്ചു ജീവിക്കുകയും ഒരുമിച്ചു ചിന്തിക്കുകയും ചെയ്യുന്ന മനുഷ്യനെയാണു ഗുരു സങ്കൽപിച്ചത്.

വൈദികനായിരിക്കുമ്പോൾ 1982-86 കാലഘട്ടത്തിലാണു കാനഡയിലെ ഹാമിൽട്ടൻ മക്മാസ്റ്റർ സർവകലാശാലയിൽ ഞാൻ പിഎച്ച്ഡി ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെ സ്വാധീനം തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളുടെ സാമുദായികജീവിതത്തിൽ വരുത്തിയ മാറ്റങ്ങളായിരുന്നു പഠനവിഷയം. ഗവേഷണത്തിന്റെ ഭാഗമായി ചെമ്പഴന്തിയിലെ ജന്മഭവനവും ഗുരു യാത്രചെയ്ത സ്ഥലങ്ങളും നേരിട്ടു സന്ദർശിച്ചിരുന്നു. തിരുവനന്തപുരത്തിനടുത്തുള്ള മുരുക്കുംപുഴയിൽ 14 മാസം താമസിച്ചും നാനൂറിലധികം കുടുംബങ്ങളുമായി ബന്ധപ്പെട്ടുമാണു പ്രബന്ധം തയാറാക്കിയത്. അവരുടെ മതപരവും വിദ്യാഭ്യാസപരവും സാമ്പത്തികവും രാഷ്ട്രീയവുമായ മുന്നേറ്റം 1920നു ശേഷമുള്ള ജനജീവിതത്തെ അപഗ്രഥിച്ചു പഠനവിധേയമാക്കുകയായിരുന്നു.

theodosius-mar- thoma
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഞാൻ ജനിച്ചുവളർന്ന കൊല്ലം അഷ്ടമുടിയിൽ ഈഴവസമുദായത്തിൽപ്പെട്ട ധാരാളം കുടുംബങ്ങളുണ്ടായിരുന്നു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും അദ്ദേഹം സൃഷ്ടിച്ച സാമൂഹികമാറ്റവും അക്കാലത്തുതന്നെ എന്നെ ആകർഷിച്ചിട്ടുണ്ട്. ഇതരസമുദായങ്ങളെക്കുറിച്ചും സാമൂഹിക നവോത്ഥാനത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ പ്രേഷിതപ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെയാണു ഞാൻ കണ്ടിട്ടുള്ളത്. 

150 വർഷത്തിനിടെ കേരള നവോത്ഥാനത്തിന് ഏറ്റവും ശക്തമായ നേതൃത്വം നൽകിയ വ്യക്തിയാണു ശ്രീനാരായണഗുരു. സന്യാസി എന്ന നിലയിൽ മതാചാര്യനായിരിക്കുമ്പോൾതന്നെ സമൂഹത്തിനു മുഴുവൻ വഴികാട്ടുന്ന ഗുരുവായും മാറാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ആപ്തവാക്യം പഠിപ്പിച്ചതിലൂടെയാണ് അദ്ദേഹം എല്ലാ ജനവിഭാഗങ്ങളുടെയും ഗുരുവായി മാറിയത്. അതോടൊപ്പം, തന്റെ സമുദായത്തിലെ അംഗങ്ങൾക്കു മതംമാറ്റം കൂടാതെതന്നെ അർഹമായ സാമൂഹികപദവി ലഭിക്കാൻ തക്കവിധം സമൂഹത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിനു കഴിയുകയും ചെയ്തു.

സംഘടിച്ചു ശക്തരാകുക, വിദ്യകൊണ്ടു പ്രബുദ്ധരാകുക, ജാതി ചോദിക്കരുത് പറയരുത് തുടങ്ങിയ ആദർശവാക്യങ്ങളിലൂടെ ഒരേ സമയം മനസ്സിന്റെ രൂപാന്തരീകരണവും സമൂഹത്തിന്റെ രൂപാന്തരീകരണവും അദ്ദേഹം സാധ്യമാക്കി. അതേസമയം തന്നെ ശിവപ്രതിഷ്ഠയിലൂടെ സമുദായാംഗങ്ങളെ ഭക്തിയിലും മതാചാരങ്ങളിലും നിഷ്ഠയുള്ളവരായി മാറ്റാൻ ശിക്ഷണം നൽകി. ഈഴവശിവനെയാണു ഞാൻ പ്രതിഷ്ഠിച്ചത് എന്നു സധൈര്യം ഉദ്‌ഘോഷിച്ച അദ്ദേഹം അന്നുവരെയുള്ള പരമ്പരാഗതരീതികളെ തിരുത്തിക്കുറിച്ചു. സാമുദായിക നവോത്ഥാനത്തിനായി കേരളത്തിലുടനീളം യാത്ര ചെയ്ത് ക്ഷേത്രപ്രതിഷ്ഠകൾ നിർവഹിച്ച അദ്ദേഹം, അതിലോരോന്നിലും വ്യത്യസ്തത പുലർത്തി. ചേർത്തലയിൽ കണ്ണാടിപ്രതിഷ്ഠ നടത്തിയ ഗുരു മുരുക്കുംപുഴയിൽ സത്യം, ധർമം, സ്‌നേഹം, ദയ എന്നെഴുതിയ ഫലകമാണു പ്രതിഷ്ഠിച്ചത്. മനുഷ്യൻ ദൈവോന്മുഖൻ ആയിരിക്കണമെന്നും സനാതനമൂല്യങ്ങൾ കാത്തുസൂക്ഷിക്കണമെന്നും ആത്മശോധന അനിവാര്യമാണെന്നും അദ്ദേഹം പഠിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെയും കുമാരാനാശാന്റെയും ഡോ. പൽപുവിന്റെയും ഒന്നിച്ചുള്ള നവോത്ഥാനശ്രമങ്ങളാണു സാമുദായിക മുന്നേറ്റത്തിനു വഴിതെളിച്ചത്. ഗുരു മതപരമായ കാര്യങ്ങളിലും ഡോ. പൽപു വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആശാൻ രാഷ്ട്രീയമേഖലയിലും ജനജീവിതത്തെ ഉദ്ധരിക്കാൻ ശ്രമിച്ചു.

പാരമ്പര്യത്തെ പൂർണമായി തള്ളാതെതന്നെ ആധുനികതയെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉദ്‌ബോധനങ്ങൾ. എല്ലാം ഓൺലൈനിലേക്കു മാറിയ കാലമാണിത്. മനുഷ്യർ അകലങ്ങളിലായി. ആധുനിക സാങ്കേതികവിദ്യകൾ ഇന്ന് അനിവാര്യമാണെങ്കിലും അതിന്റെ ഭാഗമായുള്ള ‘ഡിജിറ്റൽ ഡിവൈഡ്’ കാണാതിരുന്നുകൂടാ. സാമൂഹിക അകലം പാലിക്കേണ്ട അവസ്ഥ അനിശ്ചിതമായി തുടർന്നേക്കാം. എങ്കിലും ആത്യന്തികമായി കൂട്ടായ്മയിലേക്കുതന്നെയാണു നമ്മൾ തിരിച്ചെത്തേണ്ടത്.

English Summary: Sree Narayana Guru birth anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA