പാവങ്ങളുടെ ലൈഫ് വഴിയാധാരം

HIGHLIGHTS
  • ഭവനപദ്ധതിയിൽ തീരുമാനം കാത്ത് ഒൻപതു ലക്ഷം അപേക്ഷകർ
life-mission-logo
SHARE

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ടിരുന്നത് ലൈഫ് മിഷൻ ഭവന പദ്ധതിയാണ്. അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർന്നപ്പോൾ, പാവപ്പെട്ടവർക്കു വീടു നിർമിച്ചു നൽകാനുള്ള പദ്ധതിയെ ചിലർ തകർക്കാൻ ശ്രമിക്കുന്നുവെന്നു പറഞ്ഞാണു സർക്കാർ നേരിട്ടത്. എന്നാൽ, വീണ്ടും അധികാരത്തിലെത്തിയ പിണറായി സർക്കാർ ലൈഫ് മിഷൻ പദ്ധതിയിലെ അപേക്ഷകളിന്മേൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല, കോവിഡ് പ്രതിസന്ധിയുടെ കാലത്ത് തിരക്കിട്ടു സ്വീകരിച്ച അപേക്ഷകൾ തുറന്നുനോക്കിയിട്ടുപോലുമില്ല.

തിരഞ്ഞെടുപ്പിനു മുൻപ്, കഴിഞ്ഞ സെപ്റ്റംബർ 30 വരെ വീടിനായി അപേക്ഷ നൽകിയ 8,94,906 പേരുടെ സ്വപ്നങ്ങൾ ഒരു വർഷത്തോളമായി അവഗണിക്കപ്പെട്ടു കിടക്കുകയാണെന്ന മലയാള മനോരമ വാർത്ത കേരളം സങ്കടത്തോടെയാണു വായിച്ചത്. വീടില്ലാത്തവർ, വീടും സ്ഥലവും ഇല്ലാത്തവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവർ കോവിഡ് കാലത്ത് ഏറെ കഷ്ടപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിൽ ചെന്നു നൽകിയ അപേക്ഷകളാണ് അധികാരികളുടെ കണ്ണോട്ടംപോലും കിട്ടാതെ അവഗണിക്കപ്പെട്ടത്.

അഞ്ചു വർഷത്തിനുള്ളിൽ എല്ലാ ഭൂരഹിതർക്കും ഭവനരഹിതർക്കും മാന്യമായ പാർപ്പിടം ഉറപ്പാക്കുമെന്നു പറഞ്ഞാണ് 2016ൽ സർക്കാർ ലൈഫ് പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ഒൻപതു ലക്ഷത്തോളം പേരുടെ കണ്ണീർനിഴൽ വീണുകിടക്കുന്നത് ആ വിശ്വാസത്തിൽ കൂടിയാണ്. അപേക്ഷ നൽകി വീടിനു കാത്തിരിക്കുന്ന പലരും ഷീറ്റുകൊണ്ടോ ഓലകൊണ്ടോ മേഞ്ഞ താൽക്കാലിക ഷെ‍ഡുകളിലാണു താമസിക്കുന്നത്. പ്രായമായവരും കുട്ടികളും മുതിർന്ന പെൺകുട്ടികളുമൊക്കെ ശുചിമുറി പോലും ഇല്ലാത്ത സാഹചര്യത്തിൽ കഴിയുകയാണ്. അപേക്ഷ നൽകി കാത്തിരിക്കുന്നവരിൽ ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾ എന്നിവരും ഉൾപ്പെടുന്നു.

സെപ്റ്റംബർ 30 വരെ കിട്ടിയ അപേക്ഷകളിൽനിന്നുള്ള പ്രാഥമിക പട്ടിക ഇക്കൊല്ലം ഫെബ്രുവരി 11നു പ്രസിദ്ധീകരിച്ച ശേഷം മറ്റു നടപടികൾ പൂർത്തീകരിച്ച് മേയ് 31ന് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തരത്തിൽ ഷെഡ്യൂളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഷെഡ്യൂൾ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും വീണ്ടും അധികാരത്തിലെത്തിയ ശേഷവും തുടർനടപടികളൊന്നുമുണ്ടായിട്ടില്ല.

പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതു സംബന്ധിച്ച് ഇപ്പോഴും ധാരണയില്ലെന്നതാണു യാഥാർഥ്യം. ഇത്രയും അപേക്ഷകളിൽനിന്ന് അർഹരെ തിരഞ്ഞെടുത്ത് വീടുപണി പൂർത്തീകരിക്കാൻ വർഷങ്ങളെടുക്കും. അതിദാരിദ്ര്യ സർവേയിൽ ഉൾപ്പെടുന്ന ഏറ്റവും പാവപ്പെട്ടവരെ പദ്ധതിക്കു പരിഗണിക്കാമെന്ന ആലോചനയും സർക്കാരിനു മുന്നിലുണ്ട്. അപ്പോൾ കഷ്ടപ്പെട്ട് അപേക്ഷ നൽകിയ മറ്റുള്ളവരെ സർക്കാർ തഴയുകയല്ലേ എന്ന ചോദ്യവും ഉയരുന്നു.

കേന്ദ്ര സർക്കാരിന്റെ പിഎംഎവൈ (അർബൻ, റൂറൽ) ഭവന പദ്ധതികൾകൂടി ഒപ്പമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ലൈഫ് മിഷനുവേണ്ടി പണം കണ്ടെത്തുക സംസ്ഥാന സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വെല്ലുവിളിതന്നെയാണ്. ഒരു വീടിനു നാലു ലക്ഷം രൂപയും ഭൂമി വാങ്ങുന്നതിന് 2 ലക്ഷം രൂപയും വീതമാണു വകയിരുത്തുന്നത്. ഒരു ലക്ഷം പേർക്കു വീടു നൽകണമെങ്കിൽ പോലും 4000 കോടി രൂപയെങ്കിലും വേണം. ഇതിൽ ഭൂമി വാങ്ങിനൽകേണ്ട അപേക്ഷകരും ഉണ്ടാകും. ഇതുവരെ മൂന്നു ഘട്ടം ആയെങ്കിലും ഓരോ ഘട്ടത്തിലും പൂർത്തിയാകാത്ത വീടുകൾ ഇനിയുമുണ്ട്. സർക്കാരിന്റെ കണക്കുപ്രകാരം ഇതുവരെ പദ്ധതിയിൽ പൂർത്തീകരിച്ചത് 2.63 ലക്ഷം വീടുകളാണ്.

സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും 2021ന് അകം വീടു ലഭ്യമാക്കാനുള്ള ചുവടുവയ്പാണിതെന്നും വീടില്ലാത്ത ഒരു കുടുംബവും സംസ്ഥാനത്തു ശേഷിക്കുന്നില്ലെന്ന്് ഉറപ്പാക്കുന്നതുവരെ പദ്ധതി തുടരുമെന്നും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി നൽകിയ വാക്ക് എവിടെയാണു മാഞ്ഞുപോവുന്നത്?

English Summary: Allegations against Life Mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA