ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് കിട്ടാതിരുന്ന നേതാക്കൾ പാർട്ടിയുടെയും മുന്നണിയുടെയും സ്ഥാനാർഥികൾക്കു ‘പണി’ കൊടുത്തോ എന്ന അന്വേഷണത്തിലാണ് സിപിഎം. വിഭാഗീയതയിൽനിന്നു മുക്തമായെന്ന് നേതൃത്വം അവകാശപ്പെടുന്ന പാർട്ടിയെ ‘കാലുവാരൽ  രോഗം’ പിടികൂടിയോ എന്ന ചോദ്യമുയരുന്നു.

ദേവികുളത്തുനിന്നു നിയമസഭയിലേക്കു തുടർച്ചയായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവാണ് എസ്.രാജേന്ദ്രൻ. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം ഇന്നലെ മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിയത് സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ്. നാലാം ഊഴത്തിനു ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ, പകരക്കാരനായ യുവനേതാവ് എ.രാജയെ തോൽപിക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആക്ഷേപമാണു രാജേന്ദ്രൻ നേരിടുന്നത്. ഇക്കാര്യം അന്വേഷിക്കുന്ന പാർട്ടി കമ്മിഷനു മുൻപാകെയാണ് ഇന്നലെ അദ്ദേഹം ഹാജരായത്.

കഴിഞ്ഞ നിയമസഭയിൽ രാജേന്ദ്രൻ എംഎൽഎയും ജി.സുധാകരൻ മന്ത്രിയും ആയിരുന്നു. അമ്പലപ്പുഴ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ സുധാകരൻ പ്രകടിപ്പിച്ച ഇഷ്ടക്കേടും എതിർപ്പും മറ്റൊരു തരത്തിൽ രാജേന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നു കരുതണം. വിഎസ് യുഗം അസ്തമിച്ചതോടെ വിഭാഗീയത എന്ന രോഗത്തിൽനിന്നു സിപിഎം മുക്തമായെന്ന് നേതൃത്വം അവകാശപ്പെടാറുണ്ട്. പകരം നിയമസഭാ തി‍രഞ്ഞടുപ്പു കാലത്തു കാലുവാരൽ രോഗം പിടികൂടിയോ എന്നു സന്ദേഹിക്കാവുന്ന തരത്തിലാണ് ജില്ലകളിൽ ആരോപണങ്ങൾ ഉയരുന്നത്. അത്തരം വാർത്തകൾക്കു മാധ്യമങ്ങളെ പഴിച്ചിട്ടു കാര്യമില്ലെന്നു പാർട്ടിതന്നെ നിയോഗിച്ച അന്വേഷണ കമ്മിഷനുകളുടെ പ്രളയം വ്യക്തമാക്കുന്നു.

ആവിയായ മുന്നറിയിപ്പുകൾ

സിപിഎമ്മിന്റെ ഒരു നിരീക്ഷണം: ‘പാർലമെന്ററി സ്ഥാനം വേണമെന്ന താൽപര്യം പാർട്ടിയിൽ ശക്തിപ്പെടുന്നു. ഒരു പ്രാവശ്യം ഒരു സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നവർ തുടർച്ചയായി അതു ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. കിട്ടാതെ വരുമ്പോൾ അസംതൃപ്തി പ്രകടിപ്പിക്കുന്നു.’

ഈ നിയമസഭാ തിരഞ്ഞെടുപ്പുവേളയിലെ കലാപക്കൊടികളുടെ പശ്ചാത്തലത്തിൽ പാർട്ടി പറഞ്ഞ കാര്യമല്ല ഇത്. 2016 നവംബറിൽ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സംഘടനാരേഖ നൽകുന്ന മുന്നറിയിപ്പാണ്.

സീറ്റുകൾ ചിലർ കുത്തകയാക്കുന്നത് അവസാനിപ്പിക്കാനാണ് രണ്ടു തവണ തുടർച്ചയായി മത്സരിച്ചവർക്കു സീറ്റില്ലെന്ന് ഇത്തവണ തീരുമാനിച്ചത്. സ്ഥാനാർഥിനിരയിലെ ആ പൊളിച്ചെഴുത്ത് ഗുണം ചെയ്തെന്നു വിലയിരുത്തുമ്പോൾത്തന്നെ സുധാകരനും രാജേന്ദ്രനും അടക്കം ചിലർക്ക് ആ മാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന ആരോപണം അന്വേഷണ നടപടികളിലേക്കു കാര്യങ്ങൾ എത്തിച്ചു. ലക്ഷ്യമിട്ട സീറ്റ് കിട്ടാതെ വന്നതോടെ, പാർട്ടിയുടെ സ്ഥാനാർഥിക്കെതിരെ കലാപം ഉയർത്തിയതിന്റെ പേരിലും ഒരുപിടി അന്വേഷണങ്ങൾ നടക്കുന്നു

ഭാവിയിൽ തിരുവനന്തപുരത്തുനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗമോ അടുത്ത ജില്ലാ സെക്രട്ടറിതന്നെയോ ആകുമെന്നു കരുതപ്പെടുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് വി.കെ.മധു. അരുവിക്കരയിൽ ആദ്യം ജില്ലാ കമ്മിറ്റി നിർദേശിച്ച തനിക്കു പകരം നാടാർ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ജി.സ്റ്റീഫനെ സംസ്ഥാന കമ്മിറ്റി സ്ഥാനാർഥിയാക്കിയതു മധുവിന് ഉൾക്കൊള്ളാനായില്ല. സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്ത രണ്ടു പ്രചാരണയോഗങ്ങളിൽനിന്നു വിട്ടുനിന്നു സംസ്ഥാന നേതൃത്വത്തോട് മധു പ്രതിഷേധം വ്യക്തമാക്കി. ബൈക്ക് റാലിയും വാഹനപര്യടനവും ഉദ്ഘാടനം ചെയ്തു മഞ്ഞുരുക്കാൻ പാർട്ടി ശ്രമിച്ചെങ്കിലും എത്തിച്ചേരാ‍ൻ അദ്ദേഹം തയാറായില്ല. സ്റ്റീഫൻ ജയിച്ചെങ്കിലും മധുവിന്റെ ഈ സമീപനം അന്വേഷിച്ച് നടപടിയിലേക്കു നീങ്ങുകയാണ് സിപിഎം.

തിരുവമ്പാടിയിൽ സീറ്റ് മോഹിച്ച താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ഗിരീഷ് ജോൺ അതു കിട്ടാതെ വന്നപ്പോൾ മുസ്‌ലിം ലീഗുമായി ചർച്ചയ്ക്കു പോയെന്നാണു പാർട്ടി കണ്ടെത്തിയത്. ഗിരീഷിനെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. പൊന്നാനി സീറ്റ് ജയിച്ചെങ്കിലും സ്ഥാനാർഥിത്വം മുതൽ മണ്ഡലത്തിൽ ഉയർന്ന കലാപക്കൊടി അന്വേഷിക്കുന്നത് സംസ്ഥാന കമ്മിറ്റി അംഗമായ പി.കെ.സൈനബയാണ്. പെരിന്തൽമണ്ണയിൽ സ്ഥാനാർഥിത്വം മോഹിച്ചവരെ നിരാശപ്പെടുത്തി, ലീഗിൽനിന്ന് എത്തിയയാൾക്കു ടിക്കറ്റ് കൊടുത്തതോടെ വീഴേണ്ട വോട്ട് വീണില്ല. 38 വോട്ടിന്റെ ആ തോൽവിക്ക് കാലുവാരലും കാരണമാണോ എന്ന് അന്വേഷിക്കാൻ അവിടെയുമുണ്ട് കമ്മിഷൻ. തൃപ്പൂണിത്തുറ, കുണ്ടറ സിറ്റിങ് സീറ്റുകളിലെ തോൽവിക്കു പിന്നിൽ സംഘടനാ വീഴ്ചകൾ ഉണ്ടായോ എന്ന് അതതു കമ്മിഷനുകൾ അന്വേഷിക്കുന്നു.

പാര ഘടകകക്ഷികൾ‍ക്കും

സിപിഎം നേതാക്കളുടെ പാർലമെന്ററി മോഹം ഘടകകക്ഷികളെയും വലച്ചു. പിറവത്ത് കേരള കോൺഗ്രസ്(എം) സ്ഥാനാർഥിയെ പ്രഖ്യാപിച്ച ദിവസംതന്നെ, സ്ഥാനാർഥിത്വം പ്രതീക്ഷിച്ച ആ മേഖലയിലെ ഏരിയ സെക്രട്ടറി പാർട്ടി വാട്സാപ് ഗ്രൂപ്പിൽ അമർഷം പ്രകടിപ്പിച്ചു. പെരുമ്പാവൂർ മോഹിച്ച മറ്റൊരു നേതാവും കേരള കോൺഗ്രസിനു സീറ്റ് പോയതോടെ അസ്വസ്ഥനായെന്നു സിപിഎം സംശയിക്കുന്നു. കേരള കോൺഗ്രസിന്റെ ഈ രണ്ടു തോൽവികൾ സിപിഎം നേരിട്ട് അന്വേഷിക്കുന്നതിനു പിന്നിൽ ഈ കാരണങ്ങളുമുണ്ട്. കരുനാഗപ്പള്ളിയിൽ സിപിഐ എന്തുകൊണ്ട് തോറ്റെന്നു സിപിഎം അന്വേഷിക്കുന്നതും സ്വന്തം കാലിനടിയിലെ ചോർച്ച സംശയിച്ചുതന്നെ.

ഈ കമ്മിഷനുകൾ എല്ലാം റിപ്പോർട്ട് സമർപ്പിക്കാനുള്ള തിരക്കിട്ട നടപടികളിലാണ്. പാർട്ടി സമ്മേളനങ്ങളിലേക്കു കടക്കുംമുൻപ് ‘ഒരുപിടി പാർലമെന്ററി വ്യാമോഹ പരിശോധനകൾ’ എന്ന അജൻഡ സിപിഎമ്മിനു പൂർത്തിയാക്കാൻ കിടക്കുന്നു.

English Summary: CPM factions in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com