ADVERTISEMENT

നങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലല്ല മിക്ക സർക്കാർ വകുപ്പുകളുടെയും ആപ്പുകളും പോർട്ടലുകളും. ഇവ കാലോചിതമായി നവീകരിക്കാറുമില്ല. അതിനാൽ അക്ഷയ കേന്ദ്രങ്ങളെയും മറ്റും ആശ്രയിക്കേണ്ടിവരുന്നു. നികുതിയും മറ്റും നേരിട്ട് അടയ്ക്കുന്നവരുടെ വിവരങ്ങൾ പോർട്ടലുകളിൽ രേഖപ്പെടുത്താത്തതും പിന്നീടു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മിക്ക വകുപ്പുകളിലും ഇ–ഗവേണൻസ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥർ കുറവാണെന്നതും പ്രതിസന്ധിയാണ്.

താൽപര്യമുള്ളവരെ കണ്ടെത്തി ഇത്തരം ചുമതലകൾ ഏൽപിക്കാൻ നടപടിയില്ല. ജനങ്ങളുടെ കഷ്ടപ്പാടും ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയ്ക്കാൻ നടപ്പാക്കിയ ഇ–ഗവേണൻസ് സംവിധാനങ്ങൾ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഫലത്തിൽ തിരിച്ചടിയാകുന്നു. മുൻമുഖ്യമന്ത്രി  വി.എസ്.അച്യുതാനന്ദൻ ചെയർമാനായിരുന്ന ഭരണപരിഷ്കാര കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതും ഇക്കാര്യങ്ങളാണ്. 

‘സഞ്ചയ’യ്ക്ക് നൽകിയാൽ സർക്കാർ അറിയില്ല

വസ്തുനികുതി അടച്ചാലും അടച്ചില്ലെന്ന് കാട്ടുന്ന ഒരു പ്രത്യേക തരം പോർട്ടൽ

ഓൺലൈനായി തദ്ദേശ സ്ഥാപനങ്ങൾക്കു വസ്തുനികുതി (കെട്ടിടങ്ങൾക്ക് ഇൗടാക്കുന്ന പ്രോപ്പർട്ടി ടാക്സ്) അടയ്ക്കാൻ ഒരുക്കിയിട്ടുള്ള പോർട്ടലാണു സഞ്ചയ(https://tax.lsgkerala.gov.in). എന്നാൽ, ‘സഞ്ചയ’ വഴി കെട്ടിടനികുതി അടയ്ക്കുന്നവർ അതിന്റെ രസീത് കൈവശം വച്ചില്ലെങ്കിൽ പെട്ടതുതന്നെ. പലപ്പോഴും അടയ്ക്കുന്ന നികുതി പോർട്ടലിൽ രേഖപ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. അതിനാൽ അടുത്തതവണ നികുതി അടയ്ക്കുമ്പോൾ കഴിഞ്ഞവർഷത്തെ നികുതി അടച്ചിട്ടില്ലെന്നാകും ‘സഞ്ചയ’ കാട്ടുക. മുൻപു നികുതി അടച്ച കാര്യം മറന്നുപോയവർ വീണ്ടും പണമടയ്ക്കും. 

നേരിട്ടു തദ്ദേശ സ്ഥാപനത്തിലെത്തി അടയ്ക്കുന്ന നികുതി പോർട്ടലിൽ രേഖപ്പെടുത്താത്തതാണു മറ്റൊരു പ്രശ്നം. ഒരിക്കൽ നേരിട്ടു പണമടച്ച ശേഷം അടുത്തതവണ ഓൺലൈനായി അടയ്ക്കാൻ ശ്രമിച്ചാൽ നേരിട്ടടച്ച തുക കുടിശികയായി രേഖപ്പെടുത്തിയിട്ടുണ്ടാകും പലപ്പോഴും. രസീത് കൈവശമുള്ളവർ നേരിട്ടെത്തി അതു കാണിച്ചാണ് ഇപ്പോൾ പ്രശ്നം പരിഹരിക്കുന്നത്. നേരിട്ട് അടയ്ക്കുന്നവരുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വരുത്തുന്ന വീഴ്ചയാണ് ഒട്ടേറെ ഇടപാടുകാർക്കു സമയനഷ്ടവും ധനനഷ്ടവും സമ്മാനിക്കുന്നത്. 

പഞ്ചായത്തുകളാണ് ഇക്കാര്യത്തിൽ ഭേദം. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വർഷങ്ങളായി ഇൗ പ്രശ്നം പരിഹരിക്കാൻ നടപടിയില്ല. അതിനാൽ ഒരു വഴിയേയുള്ളൂ. നേരിട്ടായാലും ഓൺലൈനിലൂടെയായാലും അടയ്ക്കുന്ന തുകയുടെ ബിൽ സൂക്ഷിച്ചു വയ്ക്കുക. വസ്തുനികുതി കുടിശിക ഉണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്ന ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനം തടസ്സപ്പെടുമെന്നതിനാൽ നികുതി അടയ്ക്കാതെ ജനത്തിനു മുന്നിൽ വേറെ വഴിയുമില്ല. 

FILES-US-IT-CRIME-HACKING-COMPUTERS-ISRAEL

കൊച്ചി  പഴയ കൊച്ചി തന്നെ 

സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള കോർപറേഷനാണു കൊച്ചി. എന്നാൽ, ഓൺലൈനായി വസ്തുനികുതി (പ്രോപ്പർട്ടി ടാക്സ്) അടയ്ക്കാൻ ഇതുവരെ സൗകര്യമൊരുക്കാത്ത ഏക കോർപറേഷനെന്ന പ്രത്യേകതകൂടി കൊച്ചിക്കുണ്ട്. കോർപറേഷൻ ഓഫിസിലോ മേഖലാ ഓഫിസുകളിലോ പോയി ക്യൂ നിന്നുവേണം വസ്തുനികുതി അടയ്ക്കാൻ. ‘സഞ്ചയ’ പോർട്ടലിൽ തിരഞ്ഞാൽ കൊച്ചി കോർപറേഷനെ കണ്ടുകിട്ടില്ല. കൊച്ചിയിലെ കെട്ടിടവിവരങ്ങൾ ഓൺലൈൻ പോർട്ടലുമായി സംയോജിപ്പിച്ചിട്ടില്ല.  ഇൻഫർമേഷൻ കേരള മിഷനാണു ചുമതല. 

അങ്ങനെ ഇപ്പോൾ അറിയേണ്ട!

വിവരാവകാശ അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ട് 4 വർഷം; എന്നിട്ടും തുറന്നുനൽകാതെ സർക്കാർ

ഒരു പദ്ധതി നടപ്പാക്കാൻ സർക്കാരിനു മുന്നിൽ പല തടസ്സങ്ങളുണ്ടാകുക സ്വാഭാവികം. അതിനാൽ നീണ്ടുപോകുന്ന പദ്ധതികൾ ഒട്ടേറെയുണ്ട്.  എന്നാൽ, 4 വർഷം മുൻപു പൂർത്തിയാക്കിയ ഒരു പദ്ധതി ജനങ്ങൾക്ക് ഉപകരിക്കാതിരിക്കാൻ സർക്കാർ തന്നെ കെട്ടിപ്പൂട്ടി വയ്ക്കുന്നതു സംസ്ഥാന ചരിത്രത്തിൽ ആദ്യമായിരിക്കും. 

ഇ–ഡിസ്ട്രിക്ട് പോർട്ടൽ‌ വഴി വിവരാവകാശ അപേക്ഷ സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ വകുപ്പുകൾക്കും ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം ഉപയോഗിക്കാമെന്നു സർക്കാർ തന്നെയാണു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ചു ഫീസ് അടയ്ക്കാനാകുമെന്നും വ്യക്തമാക്കിയിരുന്നു. പിറ്റേന്നുമുതൽ പലരും അപേക്ഷയും നൽകി. എന്നാൽ, പെട്ടെന്നു പദ്ധതി പിൻവലിച്ചു. ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയുടെ ഡേറ്റ് കിട്ടിയില്ലെന്ന വിചിത്ര ന്യായമായിരുന്നു അന്ന് ഐടി വകുപ്പു കാരണമായി പറഞ്ഞത്. 

കേന്ദ്ര സർ‌ക്കാരിനു കീഴിലെ മിക്ക വകുപ്പുകളിൽനിന്നുമുള്ള വിവരാകാശ സേവനങ്ങൾ ഓൺലൈനിലായിട്ടു വർഷങ്ങളായി. സാങ്കേതിക സൗകര്യങ്ങളുടെ കുറവല്ല, ഉദ്യോഗസ്ഥരുടെ താൽപര്യക്കുറവാണ് ഓൺലൈൻ ആർടിഐ സേവനങ്ങൾ വൈകിപ്പിക്കുന്നതിന്റെ കാരണമെന്നു വ്യക്തം. ഓൺലൈൻ സൗകര്യമൊരുക്കിയാൽ അപേക്ഷകൾ പെരുകും. 

സർക്കാരിന്റെ ഒട്ടേറെ വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരും. ഇതാണു പദ്ധതി പൂട്ടിക്കെട്ടാൻ മുഖ്യകാരണം. ഓൺലൈൻ ആർടിഐ സേവനം ലഭ്യമാക്കുന്നതു വൈകുന്നതിനെതിരെ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ഇതിൽ സർക്കാരിന്റെ വിശദീകരണം കോടതി തേടിയെങ്കിലും ഇതുവരെ അതു സമർപ്പിച്ചിട്ടില്ല. 

vs-achuthananthan-JPG
വി.എസ്. അച്യുതാനന്ദൻ

എന്താ നമ്മൾ ഇങ്ങനെ ? വിഎസ് കമ്മിഷൻ പറയുന്നു...

ഇ–ഗവേണൻസ് സൗകര്യങ്ങളിൽ കേരളത്തിനു കാര്യമായി മുന്നേറാൻ കഴിയാത്തതിന്റെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ഭരണ പരിഷ്കാര കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. (കഴിഞ്ഞ ജനുവരിയിൽ സർക്കാരിനു കൈമാറിയ റിപ്പോർട്ടിൽ നിന്ന്)

∙കേരളത്തിലെ ഇ–ഗവേണൻസ് പദ്ധതികൾ പലതും നടപ്പാക്കുന്നതു കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ ഇൻഫർമാറ്റിക് സെന്ററാണ് (എൻഐസി). ഇവരുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണു സേവനങ്ങൾ ഫലപ്രദമായി ലഭ്യമാക്കാൻ കഴിയാത്തതിന് ഒരു കാരണം. സിഡിറ്റ്, സിഡാക്, എൻഐസി, ഐടി മിഷൻ, കെൽട്രോൺ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കാണു പതിവായി ഇ–ഗവേണൻസ് പദ്ധതികളുടെ കരാർ നൽകുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്കു കരാർ നൽകാത്തതു ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്. 

∙  ഇ–ഡിസ്ട്രിക്ട് പോർട്ടലിൽ പ്രവേശിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലാണ് അതിന്റെ ഡിസൈൻ. ഇ–ഡിസ്ട്രിക്ട് പോർട്ടലിലെ അപേക്ഷകരിൽ 5% മാത്രമാണു പൊതുജനങ്ങൾ. ബാക്കി അപേക്ഷകൾ അക്ഷയകേന്ദ്രങ്ങളിൽ നിന്നാണു ലഭിക്കുന്നത്. 

∙ വകുപ്പുകൾ തമ്മിൽ ഡേറ്റ കൈമാറ്റം നടക്കാത്തതിനാൽ ഒരു വകുപ്പ് ശേഖരിക്കുന്ന ഡേറ്റ മറ്റു വകുപ്പുകൾക്ക് ഉപകാരപ്പെടുന്നില്ല. ഡേറ്റ കൈമാറില്ലെന്ന പിടിവാശിയിലാണ് എൻഐസി.

∙  ചില സർക്കാർ ഏജൻസികൾ ഒരേ സോഫ്റ്റ്‌വെയറും ആപ്ലിക്കേഷനും നേരിയ വ്യത്യാസം മാത്രം വരുത്തി വിവിധ വകുപ്പുകൾക്കു നൽകി ഓരോരുത്തരിൽ നിന്നും വലിയ പ്രതിഫലം ഇൗടാക്കുന്നു. ഇതു മറികടക്കാനുള്ള ഇടപെടലുകൾ സർക്കാർ വകുപ്പുകൾ നടത്തുന്നില്ല. 

∙ ഒരേ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഐടി മിഷനെയും ഇൻഫർമേഷൻ കേരള മിഷനെയും ഒറ്റ ഏജൻസിയാക്കണം. ജീവനക്കാരുടെ പ്രതിഫലം വർധിപ്പിക്കുക. കഴിവുള്ളവരെ ഇൗ സ്ഥാപനങ്ങളിൽ നിയമിക്കണം. 

∙ അക്ഷയ കേന്ദ്രങ്ങൾവഴി ലഭ്യമാക്കുന്ന സേവനങ്ങൾ ജനങ്ങൾക്കു വീട്ടിലിരുന്നു സ്വയം ചെയ്യാൻ സൗകര്യമൊരുക്കണം. ജനങ്ങൾ എത്രമാത്രം സേവനങ്ങൾ ഉപയോഗിക്കുന്നുവെന്നു കൃത്യമായി കണക്കെടുക്കുക, പരിശോധിക്കുക, പരിഹാരം കാണുക. 

∙  സർക്കാർ ഡേറ്റ കഴിയുന്നത്ര ക്ലൗഡ് സെർവറുകളിലേക്കു മാറ്റുക. നിലവിലെ 2 ഡേറ്റാ സെന്ററിന്റെയും ശേഷി ഉടൻ  വർധിപ്പിക്കുക. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കുക. 

7 ക്ലിക്കിൽ 10 കോടിയുടെ വ്യവസായം; ഇത് കെ–സ്വിഫ്റ്റ്

ആദ്യഘട്ടത്തിൽ പരാതികളുണ്ടായിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്തു മെച്ചപ്പെട്ട ഡിജിറ്റൽ സേവനം നൽകുന്ന ഒരു പ്ലാറ്റ്ഫോം വ്യവസായ വകുപ്പിന്റെ കെ–സ്വിഫ്റ്റ് ആണ്. 10 കോടി രൂപ വരെ മുതൽമുടക്കുള്ള വ്യവസായം തുടങ്ങാൻ 5 മിനിറ്റും 7 മൗസ് ക്ലിക്കുകളും മതി. പുതുക്കിയ കെ–സ്വിഫ്റ്റ് വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. ഉടനടി ലഭിക്കുന്ന രസീതുപയോഗിച്ചു വ്യവസായം തുടങ്ങാം. മൂന്നര വർഷത്തിനുള്ളിൽ ആവശ്യമായ അംഗീകാരങ്ങളും പരിശോധനകളും പൂർത്തിയാക്കിയാൽ മതി. അതും ഓൺലൈനായി നിർവഹിക്കാം. സാക്ഷ്യപത്രവും സംരംഭകന് ഓൺലൈനായി സമർപ്പിക്കാം. മുൻകൂറായി പണമടയ്ക്കേണ്ടതുമില്ല. വ്യവസായം സംബന്ധിച്ച വിവരങ്ങൾ നൽകണം. ഒടുവിൽ 2 പേജുള്ള രസീതിന്റെ പ്രിന്റ് എടുക്കാം. ഈ രസീതുപയോഗിച്ചു ബാങ്കിൽനിന്നു വായ്പയെടുക്കാനും കഴിയും. കെ–സ്വിഫ്റ്റ് വഴി രണ്ടായിരത്തിലേറെ സംരംഭകർ റജിസ്റ്റർ ചെയ്തു.   

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കാൻ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ-സിസ് (കേരള സെൻട്രലൈസ്ഡ് ഇൻസ്പെക്‌ഷൻ സിസ്റ്റം) പോർട്ടലും അടുത്തിടെ ആരംഭിച്ചു.   തൊഴിൽ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണം, തദ്ദേശ വകുപ്പുകളുടെ പരിശോധനകൾ എന്നിവ കേന്ദ്രീകൃതമായി പോർട്ടലിലൂടെ നടത്തും. വെബ് പോർട്ടൽ സ്വയം ഷെഡ്യൂൾ തയാറാക്കും. പരിശോധനകളെക്കുറിച്ചു സ്ഥാപനങ്ങളെ മുൻകൂട്ടി അറിയിക്കും. പരിശോധനയ്ക്കുശേഷം റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ പോർട്ടലിൽ പ്രസിദ്ധീകരിക്കും. 

‘ഓൺലൈനായി’ നേരിട്ടു വരൂ

ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ ഓൺലൈനായി ചേർക്കണമെന്ന അറിയിപ്പുകണ്ട് പരിവാഹൻ പോർട്ടലിൽ ഒരു ശ്രമം നടത്തി. എന്റെ ലൈസൻസ് വിവരങ്ങൾ നൽകിയപ്പോൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്നായിരുന്നു പോർട്ടലിലെ മറുപടി. ആർടി ഓഫിസിൽ വിളിച്ചു പ്രശ്നം പറഞ്ഞു. നേരിട്ടു കൊണ്ടുചെന്നാൽ ശരിയാക്കിത്തരാമെന്ന് അവർ പറഞ്ഞു. ഓൺലൈനായി ചെയ്യേണ്ട കാര്യങ്ങൾക്കു നേരിട്ടു പോകണമെങ്കിൽ ഇൗ പരിഷ്കാരങ്ങൾകൊണ്ട് എന്തുഗുണം? 

പി.ജെ.പ്രസാദ് കാരിക്കാമുറി, കൊച്ചി

തയാറാക്കിയത്: ഷില്ലർ സ്റ്റീഫൻ, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, ജിക്കു വർഗീസ് ജേക്കബ്

നാളെ: സ്പാർക്കിൽ നിന്നുയരുന്ന തീ

ആപ്പിലാക്കി ആപ്–1: ഇങ്ങനെയോ ഇ–ഗവേണൻസ്?; എത്തിയില്ല, വിവരം വിരൽത്തുമ്പിൽ

English Summary: Flaws of Kerala Government Apps and Portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com