ADVERTISEMENT

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനെത്തിയവർ കരയിൽ നിന്ന കുഞ്ഞാടിനെക്കൂടി കിണറ്റിലേക്ക് ഇട്ടാലോ? മഞ്ഞക്കുറ്റി സംവാദം ഇങ്ങനെയങ്ങു വെള്ളത്തിലാകുമെന്ന് ആരും കരുതിയില്ല. കെ റെയിൽ സംവാദം കഴിയുന്നതോടെ ജനകീയ എതിർപ്പുകൾ മായുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ ട്രെയിനോട്ടക്കാർ. 

സർക്കാരിന്റെ ഭാഗം വാദിക്കാൻ മൂന്നുപേർ. ജനകീയ പക്ഷത്തുനിന്ന് ഒരാൾ മാത്രം. പക്ഷേ, രക്ഷിക്കാൻ വന്നവർക്കും പദ്ധതിയെക്കുറിച്ച് ഒട്ടേറെ സംശയങ്ങൾ. അവർക്കുള്ള ഉത്തരം കൂടി കണ്ടെത്തേണ്ട ഗതികേടിലായി കെ റെയിൽ ഉദ്യോഗസ്ഥർ.

സംവാദത്തിന്റെ മുദ്രാവാക്യം കണ്ടപ്പോൾ സഖാക്കൾ ആകെ കുളിരുകോരുകയായിരുന്നു.‘വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ്.’ ശ്രീനാരായണഗുരു 1924ലെ ശിവരാത്രി ദിനത്തിൽ എഴുതിയ അതേ വാക്യങ്ങൾ. മുഖ്യനു മർക്കടമുഷ്ടിയാണെന്നു പറഞ്ഞവരൊക്കെ എവിടെ? എന്തും ചർച്ച ചെയ്യാൻ തയാറാകുന്ന ഞങ്ങളുടെ സർക്കാർ ഞങ്ങളുടെ അഭിമാനം. സിൽവർലൈൻ സ്നേഹികൾ ആനന്ദതുന്ദിലരായി സമൂഹമാധ്യമങ്ങളിൽ തലകുത്തിമറിഞ്ഞു. ആദ്യം ക്ഷണിച്ചത് അച്യുതാനന്ദന്റെ അടുപ്പക്കാരൻ ജോസഫ് സി.മാത്യുവിനെ. ആ പേരു കണ്ടപ്പോൾ തന്നെ മുഖ്യൻ മുരണ്ടു. ഒഴിവാക്കിയെന്ന് അറിയിക്കാതെ തന്നെ പട്ടികയിൽനിന്നു വെട്ടി. അവിടെത്തീർന്നു മുദ്രാവാക്യത്തിന്റെ മനോഹാരിത. 

സംവാദം വഴിയാധാരമായെങ്കിലും പദ്ധതി നടപ്പാക്കിയേ അടങ്ങൂ എന്ന വാശിയിലാണു സർവ നേതൃസഖാക്കളും. കല്ലു പിഴുന്നവരുടെ പല്ലിളക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണു കണ്ണൂരിലെ ദന്തരാജൻ. വികസനത്തിനെതിരായ ശുംഭത്തരങ്ങൾ അനുവദിക്കില്ല, കട്ടായം. നടാലിൽ കല്ലിടൽ തടഞ്ഞവരെ തല്ലിയോടിച്ച സഖാക്കൾക്കു ദന്തരാജന്റെ പിന്തുണ. പ്രതിഷേധിക്കാൻ പുറത്തുനിന്നു കോൺഗ്രസുകാർ വന്നതെന്തിന്? മറ്റൊരു നാട്ടിൽ പോയി സമരം ചെയ്യുമ്പോൾ തല്ലുകൊള്ളുന്നെങ്കിൽ സഹിച്ചോളിൻ. 

മുൻപു ചങ്ങനാശേരിയിൽനിന്നു മന്നത്ത് പത്മനാഭൻ, കോഴിക്കോട്ടു നിന്നു കെ.കേളപ്പൻ, കണ്ണൂരിൽനിന്ന് എ.കെ.ഗോപാലൻ, വൈക്കത്തുനിന്നു പി.കൃഷ്ണപിള്ള... ഈ നേതാക്കൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹം നയിക്കുമ്പോൾ ബ്രിട്ടിഷ് പട്ടാളം ചോദിച്ചു: ഇവിടെ വന്നു സമരം ചെയ്യാൻ നിങ്ങൾ ഈ നാട്ടുകാരല്ലല്ലോ? 1931ലെ സായ്പിന്റെ അതേ ചോദ്യം 91 വർഷത്തിനിപ്പുറം ഒരു കമ്യൂണിസ്റ്റ് നേതാവിൽനിന്ന് ഉണ്ടാകുമ്പോൾ കേൾക്കാൻ എന്താ രസം. അക്കാലത്തു ദന്തരാജൻ ഉണ്ടായിരുന്നെങ്കിൽ ഗുരുവായൂർ സ്വദേശികളല്ലാത്ത സമരനേതാക്കളെ തല്ലിയോടിച്ചേനെ!

ഉണ്ണിനമ്പൂതിരി മാസികയ്ക്കുവേണ്ടി സമരം റിപ്പോർട്ട് ചെയ്യാൻ വന്ന ഇഎംഎസിനും കിട്ടിയേനെ രണ്ടു തല്ല്. ദണ്ഡിയിൽ വാടകവീടുപോലുമില്ലാത്ത മഹാത്മാഗാന്ധി അവിടെ പോയി ഉപ്പു കുറുക്കിയില്ലേ? ഇന്നായിരുന്നെങ്കിൽ ഗാന്ധിയുടെ തലയും ഉപ്പു കുറുക്കിയ പാത്രങ്ങളുമൊക്കെ ചവിട്ടിയുടച്ചു ചമ്മന്തിയാക്കുമായിരുന്നു ദന്തരാജസേന. നടാലിൽ സമരം ചെയ്യാ‍ൻ വന്ന കോൺഗ്രസുകാരെ അടിച്ചോടിച്ചവർ 5 ദിവസം മുൻപ് ഡൽഹി ജഹാംഗിർപുരിയിൽ വൃന്ദ കാരാട്ട് നടത്തിയ സമരം ഓർത്തില്ല. കൊൽക്കത്ത സ്വദേശിയായ വൃന്ദയ്ക്കെന്തു കാര്യം ജഹാംഗിർപുരിയിൽ? അക്കാര്യത്തിൽ ദന്തരാജന് ഒറ്റമറുപടിയേയുള്ളൂ: എല്ലായിടത്തുമില്ലാത്ത പാർട്ടിയുടെ നേതാക്കൾക്ക് അങ്ങനെയൊക്കെ ആകാം. 

കല്ലിടൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയാൽ പൊലീസിന് ഉമ്മ വയ്ക്കാനാകുമോ? കാനം കൊച്ചേട്ടന്റെ ചോദ്യവും വല്ലാത്ത കാലത്തേതായി.

ഏയ്, ഗുജറാത്ത് പഴയ ഗുജറാത്തല്ല

ചവറ നിയോജക മണ്ഡലത്തിലെ വോട്ടർമാർക്കൊരു സംശയം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആ ചിത്രമുള്ള നോട്ടിസുമായി സിപിഎമ്മുകാർ വീടുകൾ കയറിയിറങ്ങുമോ? 2013ൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കു മന്ത്രി ഷിബു ബേബി ജോൺ ആറന്മുളക്കണ്ണാടി സമ്മാനിക്കുന്ന ചിത്രമുള്ള നോട്ടിസ്! 

ഒറ്റിയ ഷിബുവിനെ പുറത്താക്കൂ, വർഗീയതയ്ക്കെതിരെ കൈകോർക്കൂ. ഷിബുവിന്റെ രാജിക്കുവേണ്ടി പ്രാക്കുളം ചെ ഗവാരയുടെ ഉറഞ്ഞുതുള്ളൽ, കുണ്ടറ കാരുണ്യക്കുട്ടിയമ്മയുടെ നിരാഹാരം...അങ്ങനെ പോയി അക്കാലത്തെ പ്രതിഷേധങ്ങൾ. അതേ വർഷം ഗുജറാത്തിൽ നിന്നു വന്ന മന്ത്രിസംഘം മന്ത്രി തിരുവഞ്ചൂരിനെയും കണ്ടു. തീർന്നില്ലേ കഥ! പരിവാർ– കോൺഗ്രസ് ബന്ധത്തിന്റെ അടിക്കല്ലും ആണിക്കല്ലുമൊക്കെയായി ഉമ്മൻ ചാണ്ടിയെ സിപിഎമ്മുകാർ വാഴ്ത്തിയ ദിനങ്ങൾ. 

ഇതൊക്കെ കേൾക്കുമ്പോൾ കേന്ദ്ര ഹജ് കമ്മിറ്റി ഓഫിസിലിരുന്നു ചെയർമാൻ ചിരിക്കുന്നുണ്ട്. അതെ, അബ്ദുല്ലക്കുട്ടി തന്നെ. മുല്ലപ്പള്ളിയെ പരാജയപ്പെടുത്തിയ സിപിഎമ്മിന്റെ അദ്ഭുതക്കുട്ടി. ഗുജറാത്തിൽ മോദി ഭരണം കണ്ടുപഠിക്കണമെന്ന് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്, 2009ൽ പറഞ്ഞതായിരുന്നു കുട്ടിയുടെ കുറ്റം. ഫാഷിസത്തെ പുണരാൻ വെമ്പുന്ന കുട്ടിയെ അടിച്ചു പുറത്താക്കാൻ അധികനേരം എടുത്തില്ല. കോൺഗ്രസിൽ ചുറ്റിത്തിരിഞ്ഞ കുട്ടി ഇപ്പോൾ ബിജെപിയിൽ. കുട്ടിയെ ഹജ് കമ്മിറ്റിയിൽ മോദി കുടിയിരുത്തിയ മാസം മാത്രമല്ല ഏപ്രിൽ. സിപിഎം നയിക്കുന്ന സർക്കാർ, ഗുജറാത്തിനെക്കുറിച്ചു പഠിക്കാൻ തീരുമാനിച്ച മാസം കൂടിയാണത്.

കേരളം നമ്പർ വൺ എന്നാണെന്നു മുഖ്യൻ ആഴ്ചയിൽ മൂന്നുവട്ടം മന്ത്രിക്കാറുണ്ടായിരുന്നു. വിശ്വസിച്ച നമ്മൾ വെറും വിഡ്ഢികൾ. ഇപ്പോൾ മുഖ്യൻ പറയുന്നു, പഠിക്കേണ്ടതു ഗുജറാത്തിനെയാണത്രേ. വികസനം വഴിഞ്ഞൊഴുകുന്ന, വ്യവസായം പൂത്തു തളിർക്കുന്ന നാട്. അവിടത്തെ മുഖ്യന്റെ ഡാഷ്ബോർഡാണ് ഡാഷ്ബോർ‍ഡ്. ബാക്കിയൊക്കെ വെറും ഡാഷ്. 

പഠനവിഷയം കനപ്പെട്ടതാകയാൽ പഠിതാവായി ചീഫ് സെക്രട്ടറിയെത്തന്നെ നിയോഗിച്ചു. മോദിയും പിണറായിയും തമ്മിലുള്ള ചർച്ചയ്ക്കുശേഷമാണു പഠനയാത്ര. അന്തർധാരയിൽ അന്തർലീനമായി കിടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഹോ, ഭയങ്കരം തന്നെ! സിൽവർലൈനിന്റെ അനുമതിക്കുവേണ്ടിയുള്ള ചങ്ങാത്തമെന്നൊക്കെ പ്രതിപക്ഷം ആക്ഷേപിക്കുന്നുണ്ട്. അവർക്ക് എന്തും പറയാമല്ലോ. 

ഇതൊക്കെ കാണുമ്പോൾ വാ വിട്ട വാക്കുകൾ എടുക്കാനാകാതെ വേദനിക്കുകയാണ് യച്ചൂരിയുടെ ഹൃദയം. കേരളത്തിലെ ജീവിത നിലവാരം യൂറോപ്പിലേതിനു തുല്യമാണെന്നു പറഞ്ഞിട്ടു നാളേറെ ആയില്ല. അപ്പോ, നമ്മൾ പഠിക്കാൻ പോകുന്ന ഗുജറാത്തിലെ ജീവിതനിലവാരം അതുക്കും മേലെയാണോ? സഖാക്കളുടെ ചോദ്യത്തിന് എന്തു മറുപടി പറയാൻ! പാർട്ടി കോൺഗ്രസിലെ വീമ്പിളക്കൽ ആലോചിക്കുമ്പോൾ യച്ചൂരിക്കു ദേഹമാകെ സൂചികുത്തുന്നപോലെ. ‘ ഫാഷിസത്തെ തോൽപിക്കാൻ ചെങ്കൊടിക്കു കഴിയുമെന്നു മോദിക്ക് അറിയാം.’ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞതു വീണ്ടും ഓർമയിൽ, ‘കേരള ബദലിനെ മോദി പേടിക്കുന്നു.’ ഗുജറാത്തിലെ, മോദിയുടെ ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് എത്രയെത്ര ലേഖനങ്ങൾ. എല്ലാം കൂടി കൂട്ടിയിട്ടു കത്തിച്ചാൽ അഞ്ചാറുപേർക്കുള്ള കട്ടൻചായ തിളപ്പിക്കാം. അപ്പോഴും സഖാക്കൾക്ക് ആ സംശയം മാറുന്നില്ല, ദരിദ്ര–ഫാഷിസ്റ്റ് സംസ്ഥാനമെന്നു ബ്രാഞ്ച് കമ്മിറ്റി മുതൽ പിബി വരെ വിലയിരുത്തിയിട്ടുള്ള ഗുജറാത്തി‍ൽ പോയി എന്തു പഠിക്കാൻ? 

സ്റ്റോപ് പ്രസ്

ബുൾഡോസർ കേന്ദ്ര സർക്കാരിന്റെ പ്രതീകമായി മാറിയെന്ന് വൃന്ദ കാരാട്ട്.

സിൽവർലൈനിന്റെയും...

Content Highlights: Vimathan column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com