ADVERTISEMENT

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ യൂറോപ്പിലുള്ള വികാരം മനസ്സിലാക്കാൻ തന്റെ സന്ദർശനത്തിലൂടെ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടുണ്ടാകണം. റഷ്യയുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി സമാധാനശ്രമങ്ങൾക്ക് ഇന്ത്യ മുൻകയ്യെടുക്കണമെന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലയുറപ്പിച്ച് അർഥവത്തായ സമാധാന ദൗത്യം ഏറ്റെടുക്കുന്നതു ലോകത്തിനു മുന്നിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിപ്പിക്കും 

ഈയാഴ്ചത്തെ യൂറോപ്പ് സന്ദർശനംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രണ്ടു കാര്യങ്ങളിൽ വ്യക്തത വന്നിട്ടുണ്ടാകും. ഒന്ന്, പ്രകോപനമൊന്നുമില്ലാതെ യുക്രെയ്നിനുമേൽ റഷ്യ നടത്തിയ അധിനിവേശത്തിനെതിരെ യൂറോപ്പു മുഴുവൻ അലയടിക്കുന്ന വികാരത്തെപ്പറ്റി അദ്ദേഹത്തിനു സംശയമൊന്നും അവശേഷിച്ചിട്ടുണ്ടാവില്ല. രണ്ടാമതായി, ഇതേ യൂറോപ്യൻ രാജ്യങ്ങൾതന്നെ ഇന്ത്യയെ എപ്രകാരം മാനിക്കുന്നെന്നും ന്യൂ‍ഡൽഹിയുമായുള്ള ബന്ധത്തിന് അവർ എത്രമാത്രം വില കൽപിക്കുന്നെന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഒപ്പം, രാജ്യാന്തര വേദികളിൽ തങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോട് ഇന്ത്യ കൂടുതൽ അനുഭാവം കാണിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം മനസ്സിലാക്കിയിരിക്കും. 

ആദ്യത്തെ കാര്യത്തിൽ തെളിവുകൾ കാണാനും കേൾക്കാനുമുണ്ട്. യുക്രെയ്ൻ തന്നെയാണ് എങ്ങും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. എവിടെയും യുക്രെയ്ൻ പതാകകൾ പറക്കുന്നു. ചരിത്രപരമായി നിഷ്പക്ഷത പുലർത്തുന്ന സ്വിറ്റ്സർലൻഡിൽ പോലും. ആവശ്യമുള്ള ഇന്ധനത്തിന്റെ 60 ശതമാനത്തിനും റഷ്യയെ ആശ്രയിക്കുന്ന ജർമനി, റഷ്യൻ എണ്ണയും പ്രകൃതിവാതകവും വേണ്ടെന്നു വച്ചിരിക്കുന്നു. വിവാദങ്ങളിൽ ഉഴലുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പോലും ഒരു കാര്യം മനസ്സിലാക്കിയിരിക്കുന്നു– യുക്രെയ്നുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും കീവിൽ ചെന്ന് പ്രസിഡന്റ് സെലെൻസ്കിയെ കാണുകയും തുടർന്ന് യുക്രെയ്ൻ പാർലമെന്റിൽ പ്രസംഗിക്കുകയും ചെയ്യുന്നതുവഴി തന്റെ ജനപ്രിയത അൽപമെങ്കിലും ബലപ്പെടുത്താൻ കഴിഞ്ഞേക്കുമെന്ന്. 

ഇന്ത്യയും യൂറോപ്യൻ പൊതു അഭിപ്രായവുമായി ഇക്കാര്യത്തിൽ ഒരു ചേർച്ചയുമില്ലെന്നാണ് ഇതിനർഥം. പ്രധാനമന്ത്രി യൂറോപ്പിൽ പോയതും അവിടെ രാജ്യങ്ങൾക്ക് എത്രമാത്രം ശക്തമായ വികാരമാണ് ഇക്കാര്യത്തിൽ ഉള്ളതെന്നു നേരിട്ടു കണ്ടു മനസ്സിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതും നല്ല കാര്യമാണ്. അതേസമയം, തങ്ങളുടെ കാഴ്ചപ്പാടിലൂടെ ഇന്ത്യയും നീങ്ങിത്തുടങ്ങുമെന്ന പ്രത്യാശ പ്രകടിപ്പിക്കുമ്പോൾ തന്നെ, യൂറോപ്യൻ ആതിഥേയർ ഇന്ത്യൻ നിലപാടുകളെ മനസ്സിലാക്കുന്നു എന്നതും  അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്നുണ്ടാവാം. 

പ്രധാനമന്ത്രിയുടെ ഡെൻമാർക്ക് സന്ദർശനത്തിൽ ഒരു ക്രിയാത്മക നിർദേശം ഉയർന്നുവന്നിരുന്നു. ‍‍റഷ്യയുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ചു സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ ശ്രമം നടത്തണമെന്ന് ഡെൻമാർക്ക് പ്രസിഡന്റ് മെറ്റെ ഫ്രെഡറിക്സൻ നിർദേശം വച്ചു. ഇരുരാജ്യങ്ങളും നയതന്ത്ര പരിഹാരം കാണണമെന്നു നിരന്തരമായും അക്ഷീണമായും ആവശ്യപ്പെടുകയും സമാധാനമാണ് എല്ലാവരുടെയും താൽപര്യമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്ന രാജ്യമെന്ന നിലയിൽ യുക്രെയ്ൻ യുദ്ധപരിഹാരത്തിന് ഇന്ത്യയ്ക്കു സ്വീകരിക്കാവുന്ന ഏറ്റവും നല്ല നിലപാട് ഇതു തന്നെയായിരിക്കും. 

എന്നാൽ, പറയുന്നതുപോലെ എളുപ്പമല്ല ഫലമുണ്ടാക്കൽ. ഇസ്രയേലും തുർക്കിയും സമാധാന സ്ഥാപനത്തിനു മധ്യസ്ഥത നിൽക്കാൻ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞയാഴ്ച മോസ്കോയും കീവും സന്ദർശിച്ചു ചർച്ചകൾ നടത്തിയിട്ടും പുരോഗതിയുടെ ഒരു കണികയും തെളിഞ്ഞു വന്നില്ല. പുട്ടിനുമായുള്ള തന്റെ ഫോൺ സംഭാഷണങ്ങളെല്ലാം നിഷ്ഫലമായ കാര്യം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഉറപ്പായും മോദിയോടു സൂചിപ്പിച്ചിട്ടുണ്ടാകും. യുദ്ധം അവസാനിപ്പിക്കാൻ റഷ്യ താൽപര്യം കാട്ടുന്നില്ല. യുക്രെയ്നിലേക്കു പടിഞ്ഞാറൻ ആയുധങ്ങൾ സമൃദ്ധമായി എത്തിക്കൊണ്ടിരിക്കുന്നതു ഇരകളെയും സമാധാനപാത തേടുന്നതിൽനിന്നു വിമുഖരാക്കുന്നു. തങ്ങൾക്ക് ഈ യുദ്ധം ജയിക്കാൻ കഴിയുമെന്നാണ് ഇരുപക്ഷവും ചിന്തിക്കുന്നത്. 

യുദ്ധത്തിന്റെ ഫലം എന്തുതന്നെയായാലും വിജയികൾ ഉണ്ടാകില്ല എന്നു നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് അർഥപൂർണമാണ്– പക്ഷേ, പോരടിക്കുന്നവരെ അതു മനസ്സിലാക്കിക്കുക എളുപ്പമല്ല.

നയതന്ത്രം എന്നത് ഉറപ്പായ വിജയത്തെ പിന്തുടരുക മാത്രമല്ല. ഈ വഴി വിട്ടും പല കാര്യങ്ങളും ചെയ്യേണ്ടി വരും. കൊടിയ നാശനഷ്ടവും മനുഷ്യദുരന്തങ്ങളും അവസാനിപ്പിക്കാൻ ചിലപ്പോൾ ഇത്തരം ശ്രമം വേണ്ടി വരും. പിന്നെ, സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യം ഗൗരവമായി പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിലും നിലവിലുള്ള താൽപര്യ സംരക്ഷണവുമായി ഒട്ടും ബന്ധമില്ലാത്ത കാര്യങ്ങളിലും നമ്മൾ ഉറച്ച നിലപാടുകൾ എടുക്കേണ്ടിവരും. 

സമാധാന സ്രഷ്ടാവിന്റെയും അതിനായുള്ള മധ്യസ്ഥന്റെയും റോൾ 1950കളിലെ നെഹ്റുവിയൻ ഇന്ത്യയ്ക്കു സ്വാഭാവികമായി കൈവന്നതായിരുന്നു. കൊറിയ, ലാവോസ്, സൂയസ്, കംബോഡിയ പ്രതിസന്ധികളിൽ ഇന്ത്യ നടത്തിയ ക്രിയാത്മക നയതന്ത്ര പരിശ്രമങ്ങൾ അക്കാലത്തെ ചിലതുമാത്രം. ആഭ്യന്തരമായി പെരുകുന്ന അസഹിഷ്ണുതകളും ഇസ്‌ലാം വിരുദ്ധ വിവേചനങ്ങളും പുറംലോകത്ത് ഇന്ത്യയുടെ പ്രതിഛായ കളങ്കിതമാക്കുന്ന ഈ കാലത്ത്, പ്രസ്താവനകൾക്കും പ്രസംഗങ്ങൾക്കുമപ്പുറം ഇരു രാജ്യങ്ങൾക്കുമിടയിൽ നിലയുറപ്പിച്ച് അർഥവത്തായ ഒരു സമാധാന ദൗത്യം ഏറ്റെടുക്കുന്നതു ലോകത്തിനു മുന്നിൽ ഇന്ത്യയുടെ വിശ്വാസ്യത വർധിപ്പിക്കുമെന്ന് ഉറപ്പാണ്.‌ ഡൽഹിയിൽ ആരെങ്കിലും ഇതു കേൾക്കുന്നുണ്ടാവുമോ?

English Summary: Shashi Tharoor on Narendra Modi's Europe Visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com