വാചകമേള

mamathavachakamela-1
പ്രകാശ് ബാര, മംമ്ത മോഹൻദാസ്
SHARE

∙ ടി.എം.കൃഷ്ണ: വെറുപ്പും വയലൻസും വർധിച്ചുവരുന്ന ചുറ്റുപാടിൽ ഞാൻ വളരെ അസ്വസ്ഥനാണ്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്താവതരണത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ട കലാകാരിയുടെ കാര്യത്തിൽ നൃത്തരംഗത്തെ എത്രപേരാണ് പ്രതികരിച്ചിട്ടുള്ളത്? കേരളത്തിലെ ഏത് ഉയർന്ന ഭരതനാട്യം ഡാൻസറാണ് പ്രതികരിച്ചിട്ടുള്ളത്? നൃത്തരംഗത്തെ സൂപ്പർസ്റ്റാറായ ആരെങ്കിലും പ്രതികരിച്ചോ? ക്ലാസിക്കൽ കലാലോകം അങ്ങനെയാണ്. അത് അധികാരത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നില്ല. 

∙ ജയറാം: ‘മകൾ’ ഷൂട്ടു ചെയ്തപ്പോൾ പഴയ സംഘത്തിലെ പലരും കൂടെയില്ല. അതൊരു വേദനപോലെ ഞങ്ങളുടെ ഉള്ളിലുണ്ട്. പല സീനുകളുമെടുക്കുമ്പോൾ ഞാൻ സത്യേട്ടന്റെ മുഖത്തുനോക്കും. ഒടുവിലാനോ ശങ്കരാടിച്ചേട്ടനോ പറവൂർ ഭരതനോ ലളിതച്ചേച്ചിയോ ഒക്കെ അവതരിപ്പിക്കാനിരുന്ന വേഷങ്ങളാവും അതെന്നു സത്യേട്ടന്റെ മുഖം വിളിച്ചുപറയുന്നുണ്ടാവും.

∙ സത്യൻ അന്തിക്കാട്: മൂല്യമുള്ള സംവിധായകനായി നിൽക്കാൻ എങ്ങനെ കഴിയുന്നു എന്നു പലരും ചോദിക്കാറുണ്ട്. ഉത്തരം എനിക്കറിയില്ല. ഒന്നേ അറിയൂ. മനസ്സിലുള്ള കാര്യങ്ങൾ സിനിമയിലേക്ക് നിറയ്ക്കും. സിനിമ കഴിയുന്നതോടെ മനസ്സും ശൂന്യമാകും. വീണ്ടും കഥയുടെ മഴ ചാറും. വിത്തുമുളയ്ക്കും പോലെ പുതിയ കഥാപാത്രങ്ങളുണ്ടാകും. അതു സിനിമയായി മാറും.

∙ ബാലചന്ദ്രമേനോൻ: എന്റെ ചലച്ചിത്ര ജീവിതത്തിൽ ഒരുപാട് അവഗണനകൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. ആത്മാഭിമാനമുള്ള കലാകാരന്മാർ തഴയപ്പെടും. കുഴലൂത്തുകാരായ അവസരസേവകന്മാർ അനർഹമായ നേട്ടം കൊയ്യും. ഒരു രാഷ്ട്രീയപാർട്ടിയുടെയോ സമുദായത്തിന്റെയോ പിന്തുണയില്ലാതെ ഒരാൾക്കും മുന്നോട്ടുവരാനാകാത്ത ചുറ്റുപാടാണ് ഇന്നുമുള്ളത്. 

തമിഴിലോ തെലുങ്കിലോ ഒന്നും താരരാജാക്കന്മാർ ഒത്തുചേർന്ന് കുത്തകാധിപത്യം സൃഷ്ടിക്കുന്ന സാഹചര്യമില്ല. അവിടെയെല്ലാം അവർക്കിടയിലെ മത്സരങ്ങൾ പുതിയ ആളുകൾക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നു. മലയാള സിനിമാരംഗത്തു നിന്ന് അത്തരമൊരു സാഹചര്യം നഷ്ടമായി. ഇതിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണ്. അവരുടെ പ്രതിഫലവും സിനിമയിൽ നിലനിൽക്കാൻ കഴിയുന്ന കാലവും ശ്രദ്ധിച്ചാലതു മനസ്സിലാവും.

പ്രകാശ് ബാര

∙ ശ്രീകുമാരൻ തമ്പി: സുഹൃത്തുക്കളായ നിർമാതാക്കളോടുപോലും പാട്ടുകളെഴുതാനോ തിരക്കഥയെഴുതാനോ സംവിധാനം ചെയ്യാനോ അവസരം തരണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവസരം തേടി നടക്കാൻ കഴിയാത്തതുകൊണ്ടാണ് ഞാൻ ചെറുപ്രായത്തിൽ തന്നെ നിർമാണം തുടങ്ങിയത്.

∙ ഇന്നസന്റ്: സിനിമ എടുക്കുന്ന സമയത്ത് എന്റെ മനസ്സിൽ അടൂർ ഗോപാലകൃഷ്ണനും അരവിന്ദനും ഒക്കെ ആയിരുന്നു  ഉണ്ടായിരുന്നത്. നല്ല സിനിമ അതല്ലെന്നു പറഞ്ഞു തന്നിരുന്ന കൂട്ടുകാരായിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. ഞാൻ ആ വഴിക്കു പോയിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു എന്ന് ഇതു വായിക്കുന്നവർ തീരുമാനിക്കട്ടെ.

ഇന്നു വീടുകളിൽ ആൺകുട്ടികളെക്കാൾ കൂടുതൽ പ്രിവിലേജ് പെൺകുട്ടികൾക്കാണു കിട്ടുന്നത്. പെൺകുട്ടികൾ മിടുക്കികളാണ്. അവർ പല കാര്യങ്ങളിലും ആത്മവിശ്വാസത്തോടുകൂടി പെരുമാറുന്നു. ആൺകുട്ടി അത്ര പോരാ എന്നതാണ് ഇപ്പോൾ വീടുകളിൽനിന്നു കേൾക്കുന്നത്.

മംമ്ത മോഹൻദാസ്

∙ എൻ.എസ്.മാധവൻ: തൃക്കാക്കര മണ്ഡലത്തിൽ നടന്ന ഭീകരസംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരണം അവിടുത്തെ തിരഞ്ഞെടുപ്പിൽ വിഷയം ആയില്ലെങ്കിൽ പിന്നെ എവിടെയാകും? അല്ല സ്ത്രീകളുടെ വോട്ടിന് ഒരു വിലയും ഇല്ലേ? 

∙ വി.രാജകൃഷ്ണൻ: 2014 മുതൽ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താക്കോൽസ്ഥാനങ്ങളിൽനിന്നു മാറി നിൽക്കാനുള്ള രാഷ്ട്രീയമര്യാദ സോണിയയും രാഹുലും കാണിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. ചുറ്റും വട്ടംകൂടി നിൽക്കുന്ന നട്ടെല്ലില്ലാത്ത സ്തുതിപാഠക സംഘം അവരെ അതിന് അനുവദിച്ചില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി?

Content highlights: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA