അഴിമതി എന്ന മഹാരോഗം

HIGHLIGHTS
  • കൈക്കൂലി: കർശന നടപടികൾ ഉണ്ടായേതീരൂ
bribe-representational-image
SHARE

ഈയിടെ കോട്ടയത്ത്, കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സർക്കാർ ഉദ്യോഗസ്ഥ വിജിലൻസിനോടു പറഞ്ഞത് ഇതാണ്: ‘ഞാൻ മാത്രമല്ല, ഓഫിസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്’. ഇങ്ങനെ തുറന്നുപറയാനുള്ള ചങ്കൂറ്റം അഴിമതിക്കാർക്ക് എങ്ങനെയാണു കൈവരുന്നത്? അഴിമതിക്കെതിരെയുള്ള നമ്മുടെ ജാഗ്രതാ സംവിധാനങ്ങളുടെ പാളിച്ചകൂടിയല്ലേ ഇതിൽ തെളിയുന്നത്? അഴിമതിരഹിത കേരളം സ്വപ്നം കാണുന്നവരെ നിരാശരാക്കി കൈക്കൂലിക്കേസുകൾ കൂടുമ്പോൾ, പിടികൂടുന്നവർക്കെതിരെയുള്ള അന്വേഷണംതന്നെ അട്ടിമറിക്കാൻ സാധ്യതകൾ ഉണ്ടാവുമ്പോൾ സംസ്ഥാനത്തോളം വലിയ അപായസൂചനയാണ് ഉയരുന്നത്.

കൈക്കൂലിക്കും ക്രമക്കേടുകൾക്കും വഴിതുറക്കുന്ന ഇടപാടുകൾ നമ്മുടെ സർക്കാർ ഓഫിസുകളിൽ നിർബാധം നടക്കുന്നുണ്ടെങ്കിലും അവയിൽ തീരെക്കുറച്ചു സംഭവങ്ങൾ മാത്രമാണു പുറത്തുവരുന്നതും പിടിക്കപ്പെടുന്നതും. എന്നിട്ടുപോലും കേസുകളുടെ എണ്ണം കൂടുകയാണെന്ന് ഓർക്കേണ്ടതുണ്ട്. കഴിഞ്ഞ നാലു വർഷത്തെ കണക്കുകളിൽ കൈക്കൂലി സൂചിക ഉയരുകയാണെന്ന വാർത്ത ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു. ഈ വർഷം ഇതുവരെയുള്ള കണക്കും ആശാവഹമല്ല. 

കൈക്കൂലി വാങ്ങുന്നവർ ഒന്നര വർഷമെങ്കിലും സസ്പെൻഷനിലാകുന്നു എന്നതു മാത്രമാണ് ആശ്വാസം. എന്നാൽ, വിജിലൻസ് നേരിട്ടെടുക്കുന്ന അഴിമതിക്കേസുകളിൽ സർക്കാർ അനുമതി നിർബന്ധമാക്കിയതിനാൽ സ്വാധീനമുള്ള ഉദ്യോഗസ്ഥർക്ക് അന്വേഷണം അട്ടിമറിക്കാമെന്ന സ്ഥിതിയുണ്ട്. വിജിലൻസ് ഡയറക്ടർക്കു ലഭിക്കുന്ന പരാതി സർക്കാരിനു കൈമാറി അനുമതി വാങ്ങിയിട്ടേ പ്രാഥമിക അന്വേഷണം പോലും നടത്താൻ കഴിയൂ എന്നതാണു സ്ഥിതി. വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ഒരേ വകുപ്പിലെ പല ഉദ്യോഗസ്ഥർ ഒറ്റ റെയ്ഡിൽ കുടുങ്ങുമ്പോൾ അവർ സംഘടന വഴിയോ അല്ലാതെയോ സർക്കാരിനെ സ്വാധീനിച്ചു രക്ഷപ്പെടുന്ന പതിവുമുണ്ട്. ഇവിടെ പരാതിക്കാർ വിജിലൻസ് ഉദ്യോഗസ്ഥരാണ് എന്നതും അഴിമതിക്കാർക്കു വളമാണ്. സർക്കാർ പറഞ്ഞാൽ കേസ് എഴുതിത്തള്ളണം.

മഹനീയവും ജനകീയപ്രതിബദ്ധവുമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട നമ്മുടെ വിജിലൻസ് വകുപ്പാണ് ഇക്കാര്യത്തിൽ ജനത്തിനുവേണ്ടി നിലകൊള്ളേണ്ടത്. അഴിമതിക്കെതിരെ സദാ ജാഗരൂകമെന്നു കരുതപ്പെടുന്ന വിജിലൻസ്, സർക്കാരിന്റെ ഒന്നാം കണ്ണായിത്തന്നെ വിശേഷിപ്പിക്കപ്പെടുന്നു. എന്നാൽ, ആ വലിയ ദൗത്യത്തിൽ ബാഹ്യ ഇടപെടലുകൾ മങ്ങലേൽപിക്കുന്നതാണു പലപ്പോഴും നാം കണ്ടുപോരുന്നത്. അഴിമതി ചെയ്യുന്നത് ആരായാലും, രാഷ്ട്രീയം നോക്കാതെ തുടർനടപടികളിലേക്കു കടക്കാനുള്ള സ്വാതന്ത്ര്യവും ഇച്ഛാശക്തിയും വിജിലൻസിനു കിട്ടേണ്ടതുണ്ട്. 

സേവനം ജനങ്ങളുടെ അവകാശമാക്കിയ സംസ്ഥാനമാണു കേരളം. 2012ലെ കേരളപ്പിറവിദിനത്തിൽ പ്രാബല്യത്തിൽവന്ന നിയമത്തിന്റെ ലക്ഷ്യം സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ്. ആത്മാർഥ ജനസേവനമായി സർക്കാർജോലിയെ കാണുന്ന ഉദ്യോഗസ്ഥർക്കു സേവനാവകാശ നിയമം കൂടുതൽ കർമോർജം പകരുകയും ചെയ്യുന്നു. എന്നാൽ, ഈ നിയമം നടപ്പാക്കിയശേഷവും സർക്കാർ സേവനങ്ങൾ പലപ്പോഴും കൃത്യമായി ജനങ്ങൾക്കു ലഭിക്കുന്നില്ല. അർഹതപ്പെട്ട സേവനം ലഭിക്കാനാണ് പലപ്പോഴും കൈക്കൂലി കെ‍ാടുക്കേണ്ടി വരുന്നത്. എങ്ങനെയും വളയുന്ന ഉദ്യോഗസ്‌ഥരെ മികച്ച സ്‌ഥാനങ്ങളിൽ ഇരുത്തുകയും അല്ലാത്തവരെ ഏതെങ്കിലും വകുപ്പിന്റെ പുറമ്പോക്കിൽ തള്ളുകയും ചെയ്യുന്ന രാഷ്‌ട്രീയ നേതൃത്വം തന്നെയാണ് അഴിമതിക്കാരെ പന പോലെ വളർത്തുന്നതെന്നു പറയാം. രാഷ്‌ട്രീയലക്ഷ്യങ്ങളോടെ, അഴിമതി ആരോപണം കരുവാക്കി നല്ല ഉദ്യോഗസ്‌ഥരുടെമേൽ കളങ്കംചാർത്തുന്നതും ഇക്കൂട്ടർ തന്നെ. 

പ്രതിബദ്ധതയോടെ ജനങ്ങളോടൊപ്പം നിൽക്കുന്നവരാണു കേരളത്തിലെ നല്ലപങ്കു സർക്കാർ ഉദ്യോഗസ്‌ഥരെങ്കിലും കൈക്കൂലി ജീവിതശൈലിതന്നെയാക്കിയ കുറച്ചുപേരും അവർക്കൊപ്പം ഉണ്ടെന്നത് ഭരണസംവിധാനത്തിനു മൊത്തത്തിൽതന്നെ കളങ്കമാണ്. ‘മതി’ എന്ന് ആ വാക്കിൽതന്നെയുണ്ടെങ്കിലും അഴിമതിയോട് ഈ നാട് അങ്ങനെ കണിശമായി പറയാത്തതെന്തുകൊണ്ടാണ്? കുറ്റമറ്റ വിജിലൻസ് സംവിധാനത്തോടെ‍ാപ്പം മാതൃകാപരമായ ശിക്ഷാനടപടികളും സർക്കാരിന്റെയും പെ‍ാതുസമൂഹത്തിന്റെയും നിരന്തര ജാഗ്രതയും ഉണ്ടെങ്കിലേ അഴിമതിയും കൈക്കൂലിയും നമ്മുടെ സർക്കാർ ഓഫിസുകളിൽനിന്നു തലതാഴ്ത്തി ഇറങ്ങിപ്പോവുകയുള്ളൂ.

English Summary: Bribery case Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA