ADVERTISEMENT

രക്ഷപ്പെടുത്താൻ തുടങ്ങാം ലോട്ടറി

ചെയ്ത ജോലിയുടെ ശമ്പളത്തിനായി കെഎസ്ആർടിസി ജീവനക്കാർ യാചിച്ചു നിൽക്കുകയാണ്. ജോലിക്കുള്ള കൂലി സർക്കാർ നൽകുന്നില്ലെന്നതു കഷ്ടമാണ്. സാമ്പത്തികപ്രയാസമാണു കാരണമായി പറയുന്നതെങ്കിൽ കാരുണ്യ ലോട്ടറിപോലെ കെഎസ്ആർടിസിക്കായും സർക്കാർ ലോട്ടറി തുടങ്ങട്ടെ. - സീതിക്കോയ തങ്ങൾപഴയ ലക്കിടി, പാലക്കാട്

വിനോദയാത്രയ്ക്കും വാഹനമൊരുക്കാം

യാത്രക്കാർ കൂടുതലുള്ള സ്ഥലങ്ങളിലേക്കു കൂടുതൽ ബസുകൾ അനുവദിക്കണം. ബൈപാസ് ഫീഡറുകൾ കൂടുതൽ സർവീസ് നടത്തണം. സ്ഥിരം യാത്രക്കാർക്ക് സീസൺ ടിക്കറ്റുകൾ നൽകണം. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി സർവീസ് നടത്താൻ കരാറുണ്ടാക്കണം. സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയിടങ്ങളിലെ വിനോദയാത്രയ്ക്കു വാഹനം ബുക്ക് ചെയ്യാൻ കഴിയുന്ന പദ്ധതിയും ഏർപ്പെടുത്തണം. കുറിയർ, പാഴ്സൽ സർവീസുകൾ കാര്യക്ഷമമാക്കണം. ബസുകൾ എവിടെയെത്തി എന്ന് ജിപിഎസ് സംവിധാനം മുഖേന അറിഞ്ഞു ടിക്കറ്റ് ബുക്ക്‌ ചെയ്യാനും സൗകര്യമൊരുക്കണം. - അൻവർ കരുവാകൊല്ലം

കോഫി ഹൗസ് മാതൃകയിൽ സഹകരണ സംഘമാക്കണം

കെഎസ്ആർടിസിയെ ഇന്ത്യൻ കോഫി ഹൗസ് മാതൃകയിൽ സഹകരണ സംഘമാക്കണം. തൊഴിലാളികൾ തന്നെ സ്ഥാപനം നടത്തട്ടെ. ഇപ്പോഴത്തെ അത്യാവശ്യ കടങ്ങൾ തീർക്കാൻ സർക്കാർ ജാമ്യത്തിൽ കടമെടുക്കാം. ബാക്കിയുള്ള കടങ്ങൾക്കു സമയം നീട്ടി നൽകണം. പലിശരഹിത വായ്പയ്ക്കായും ശ്രമിക്കാം. 

പിന്നീട് ലാഭത്തിനനുസരിച്ചു കടങ്ങൾ വീട്ടി കെഎസ്ആർടിസിക്കു സ്വയംപര്യാപ്തമാകാൻ കഴിയും. ദീർഘദൂര സർവീസുകൾ സ്വിഫ്റ്റിനു നൽകുന്നത് കെഎസ്ആർടിസിയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ ഭാഗമാക്കണം.- രഘു എൻ. വാരിയർ– വാര്യമുട്ടം, കോട്ടയം 

റെയിൽവേ സ്റ്റേഷന് മുന്നിലൂടെ ബസ് ഓടട്ടെ

ഹ്രസ്വദൂര - ദീർഘദൂര ബസുകളുടെ റൂട്ട് റെയിൽവേ സ്റ്റേഷനുകൾക്കു മുന്നിലൂടെ പുനഃക്രമീകരിച്ചാൽ വലിയൊരു വിഭാഗം ട്രെയിൻ യാത്രക്കാർക്കു മറ്റു വാഹനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കു ട്രെയിൻ സമയത്തിലെ താമസം മനസ്സിലാക്കി ബസുകളിൽ യാത്ര നടത്താ‌നും ഇത് അവസരമൊരുക്കും. ഓർഡിനറി ബസോ ഫാസ്റ്റ് പാസഞ്ചറോ സൂപ്പർഫാസ്റ്റോ ഏതായാലും യാത്ര പൂർത്തിയാക്കാനെടുക്കുന്ന സമയത്തിൽ വലിയ വ്യത്യാസമില്ലെന്ന അവസ്ഥയും മാറണം. റോഡുകളിലെ ഗതാഗതക്കുരുക്കും ഇതിനു കാരണമാകുന്നുണ്ട്. പൊതു നിരത്തുകളിൽ അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുന്ന പ്രകടനങ്ങൾ, സമരങ്ങൾ, കമാനങ്ങൾ, പാർക്കിങ്ങുകൾ തുടങ്ങിയവ ഒഴിവാക്കാൻ കർശന നടപടി സ്വീകരിച്ച് ഗതാഗതം സുഗമമാക്കിയാൽ റെയിൽവേ ഉൾപ്പെടെയുള്ള മറ്റു യാത്രാമാർഗങ്ങളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം യാത്രക്കാരെ കെഎസ്ആർടിസിയിലേക്കു തിരികെ എത്തിക്കാനാവും.- ശ്രീരംഗം ജയകുമാർകേരളപുരം, കൊല്ലം

വേണ്ടത് റണ്ണിങ് സ്റ്റാഫ്; സിറ്റിങ് സ്റ്റാഫ് അല്ല

ഒരു ബസിന് എം പാനൽ, അദർ ഡ്യൂട്ടി, ചെക്കിങ് വിഭാഗം എന്നിവരെക്കൂടി ഉൾപ്പെടുത്തി 13.5 പേരുണ്ടെന്ന ഏകദേശ കണക്ക് മുൻപു പുറത്തുവന്നതാണ്. റണ്ണിങ് സ്റ്റാഫാണ് കൂടുതൽ വേണ്ടത്; സിറ്റിങ് സ്റ്റാഫല്ല. തുരുമ്പിച്ചു കിടക്കുന്ന ബസുകളും ഷാസികളും ഉടൻ ലേലത്തിൽ വിൽക്കണം. കട്ടപ്പുറത്തുള്ളവയിൽ നന്നാക്കാവുന്നവ ഒഴിച്ച് ബാക്കിയും വിൽക്കണം. ഒരേ ദിശയിലേക്കു തുടരെത്തുടരെ ബസുകളയയ്ക്കുന്നതും സ്വകാര്യ ബസുകൾക്ക് ‘അകമ്പടി’ പോകുന്നതും ഒഴിവാക്കണം. എവിടേക്കുള്ള വണ്ടിയാണെന്നതു മുതിർന്ന പൗരന്മാർക്കുകൂടി കാണത്തക്കവിധത്തിൽ കുറച്ചുകൂടി വലുതായി എഴുതണം. - ശങ്കരൻ എമ്പ്രാന്തിരിപട്ടേന, കാസർകോട്

ദീർഘവീക്ഷണമുള്ള മാനേജ്‌മെന്റ് വരട്ടെ

കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ ദീർഘവീക്ഷണമുള്ള മാനേജ്‌മെന്റ് ആവശ്യമാണ്. ചെലവു ചുരുക്കാനും സേവനം മെച്ചപ്പെടുത്താനും മാനേജ്‌മെന്റ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ തൊഴിലാളി സംഘടനകളും തയാറാകണം. ജീവനക്കാരുടെ ശമ്പളം നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ കോർപറേഷന്റെ വായ്പ തിരിച്ചടയ്ക്കാനും പെൻഷൻ നൽകാനും സ്ഥിരം സംവിധാനം ഉണ്ടാക്കണം.- റോയ്‌സൺ അമ്പലക്കരന്യൂഡൽഹി 

സ്വകാര്യ ബസ് പെർമിറ്റ്: നിയന്ത്രണം വേണം

സ്വകാര്യ ബസുകൾക്കു പെർമിറ്റ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണം. കെഎസ്ആർടിസി ജീവനക്കാരും സമാന്തര വാഹന ഉടമകളും തമ്മിൽ എവിടെയെങ്കിലും ധാരണയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം. സ്പെയർപാർട്സ് വാങ്ങുന്ന രീതി കുറ്റമറ്റതാക്കാനും വാഹനത്തിന്റെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നടപടി വേണം. അശാസ്ത്രീയ സർവീസുകൾ ഒഴിവാക്കുകയും ചെയിൻ സർവീസ് പുനരാരംഭിക്കുകയും വേണം. ജീവനക്കാരുടെ പെരുമാറ്റം മെച്ചപ്പെടുത്താനും നടപടി വേണം- സജി ദേവരാജൻ– ശ്രീകാര്യം, തിരുവനന്തപുരം

വായനക്കാർക്ക് നിർദേശിക്കാം

സാധാരണക്കാരുടെ വാഹനമായ കെഎസ്ആർടിസിയെ നിലനിർത്താൻ, കടക്കെണിയിൽനിന്നു കരകയറ്റാൻ വായനക്കാരിൽനിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നു. ഇ മെയിൽ: kazhchappad@mm.co.in  വാട്സാപ്: 9846095628 (സന്ദേശം മാത്രം)

English Summary: Financial crisis in KSRTC, Public Opinion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com