ADVERTISEMENT

മുത്തച്ഛൻ കൊച്ചുമകന്റെ കൂടെ നടക്കാനിറങ്ങിയതാണ്. കുട്ടി ചോദിച്ചു: സൂര്യപ്രകാശത്തിന്റെ മഞ്ഞനിറത്തിനു കാരണമെന്താണ്. മുത്തച്ഛൻ പറഞ്ഞു. എനിക്കറിയില്ല. കുറച്ചുദൂരം നടന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു: ആകാശത്തിന്റെ നീല നിറത്തിനു കാരണമെന്താണ്. മറുപടി അറിയില്ല എന്നുതന്നെ. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പിന്നെയും ചോദിച്ചു: പുല്ലിന്റെ പച്ച നിറത്തിനു കാരണമെന്താണ്. മുത്തച്ഛൻ ദേഷ്യത്തോടെ പറഞ്ഞു: ചോദ്യം ചോദിച്ച് എന്നെ കുഴപ്പിക്കാനാണു നിന്റെ ഉദ്ദേശ്യമെങ്കിൽ ഇനി നിന്നെ ഞാൻ നടക്കാൻ കൊണ്ടുവരില്ല. പിന്നീടൊരിക്കലും അവൻ ചോദ്യം ചോദിച്ചില്ല. നല്ല കുട്ടിയായി മുത്തച്ഛന്റെ കൂടെ നടന്നു.

ആത്മവിശ്വാസം തകർക്കുന്നതാണ് ഏറ്റവും വലിയ വ്യക്തിഹത്യ. ഉറങ്ങുന്നവനെ ഉണർത്തുന്നതിന്റെ നൂറിരട്ടി സമയവും പ്രയത്നവും വേണം ആത്മധൈര്യം നഷ്ടപ്പെട്ടവനെ ഉയിർത്തെഴുന്നേൽപിക്കാൻ. ഒരാളെ തളർത്താൻ അതിവിദഗ്ധ പരിശീലനത്തിന്റെ ആവശ്യമില്ല. അഹംഭാവത്തിൽ നിന്നു കറങ്ങി അപരന്റെ തലയ്ക്കൊപ്പം ധാർഷ്ട്യത്തിന്റെ വാൾ ചുഴറ്റിയാൽ മതി. വളർത്താൻ വിവേകവും പക്വതയാർന്ന സമീപനവും വേണം. വളർത്തുന്നവരുടെ അഹംബോധത്തിനും ആക്രോശത്തിനും അടിമയാകേണ്ടി വരുന്നതാണ് വളരുന്നവരുടെ ഗതികേട്.

എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ട്; ഉത്തരമറിയാമെങ്കിലും ഇല്ലെങ്കിലും. നോട്ടവും നിശ്ശബ്ദതയും ദേഷ്യവുമെല്ലാം മറുപടിയാണ്. പ്രോത്സാഹനജനകമായ പ്രതികരണങ്ങൾ ലഭിക്കുന്ന പ്രവൃത്തികൾ മാത്രമേ ആവർത്തിക്കപ്പെടൂ. ചോദ്യങ്ങൾ വിഡ്ഢിത്തമാണോ എന്നതല്ല; മറുപടികൾ ബുദ്ധിപൂർവമാണോ എന്നതാണു പ്രധാനം. അപരിചിതർക്കുനേരെ അധികം ചോദ്യങ്ങളുയരില്ല. ഉത്തരമാകും എന്നു കരുതുന്നവരോട് ആവശ്യത്തിലധികം ചോദ്യങ്ങളുമുയരും. എനിക്കുത്തരമറിയുന്ന ചോദ്യങ്ങൾ മാത്രമേ എന്നോടു ചോദിക്കാവൂ എന്ന് എങ്ങനെ വാശിപിടിക്കാനാകും. ഉത്തരമറിയുമെങ്കിൽ ഒറ്റവാക്കിൽ മറുപടി തീരും. ആ ഉത്തരമല്ലാതെ മറ്റൊന്നും ആ മറുപടിയിൽ നിന്നു പഠിക്കാനുമുണ്ടാകില്ല. അറിയില്ലാത്ത ചോദ്യങ്ങളോടുള്ള സമീപനമാണ് ആ ചോദ്യത്തിനുള്ള യഥാർഥമറുപടി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമറിയുന്ന ആരുമുണ്ടാകില്ല. അതുകൊണ്ട് ചോദ്യങ്ങളോട് ശരിയായ രീതിയിൽ പ്രതികരിക്കാൻ പഠിക്കണം. ചോദ്യം ചോദിക്കുന്നവരില്ലായിരുന്നെങ്കിൽ ഒരു കണ്ടുപിടുത്തം പോലും ഉണ്ടാകുമായിരുന്നില്ല.

English Summary: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com