ADVERTISEMENT

ഫണ്ട് പിരിക്കാൻ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ കണ്ടെത്തിയിരിക്കുന്ന മാർഗങ്ങളിലൊന്നാണു ചിട്ടി. ആശുപത്രി നിർമാണം മുതൽ പാർട്ടി അംഗത്തിന്റെ കുടുംബത്തിലെ കല്യാണം വരെയുള്ള കാര്യങ്ങൾക്കു സിപിഎം പ്രാദേശിക കമ്മിറ്റികളും സഹകരണ സംഘങ്ങളും ചിട്ടി നടത്താറുണ്ട്. ചെറിയ ചിട്ടി തട്ടുംതടവുമില്ലാതെ നടന്നുപോകും. എന്നാൽ, വലിയ തുകയുടെ ചിട്ടി ചിലപ്പോൾ പൊട്ടും.

ബോധപൂർവം പൊട്ടിക്കുന്നതാണെന്നു സംശയം തോന്നിപ്പിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ചിട്ടി പൊട്ടിയാൽ കേസാകുംമുൻപ് പാർട്ടി രംഗത്തുവരും. ചിട്ടി നടത്തിയ പ്രാദേശിക നേതാക്കൾക്കെതിരെ പേരിനൊരു അന്വേഷണവും നടപടിയും പ്രഖ്യാപിക്കും. നഷ്ടമായ പണം പാർട്ടി നൽകുമെന്നു വാഗ്ദാനം ചെയ്യും. എന്നാൽ, നല്ലൊരുപങ്കിനും പണം തിരിച്ചുകിട്ടാറില്ലെന്നതാണു സത്യം. സംഘബലമില്ലാത്തതുകൊണ്ടും പാർട്ടിയെ പേടിച്ചും പലരും പരാതി പറയില്ല.

∙ പൊലീസ് എന്തിനാ, പാർട്ടിയില്ലേ ?

പാർട്ടിയുടെ നിയന്ത്രണത്തിലുള്ള പേരാവൂർ ഹൗസ് ബിൽഡിങ് സഹകരണ സംഘത്തിൽ ഒരു വർഷം മുൻപു നടന്ന ചിട്ടി വെട്ടിപ്പ് സിപിഎമ്മിനു മാത്രം അടഞ്ഞ അധ്യായമാണ്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ നടത്തിയ ചിട്ടി പൊട്ടിയപ്പോൾ കണ്ടെത്തിയത് 1.05 കോടി രൂപയുടെ ക്രമക്കേടാണ്. കുറ്റക്കാരിൽ ചിലരെ പാർട്ടി തരംതാഴ്ത്തി; ചിലരെ ശാസിച്ചു. എന്നാൽ, നിക്ഷേപകർക്കെല്ലാം പണം തിരികെനൽകുമെന്ന വാഗ്ദാനം നടപ്പായില്ല. 7 വർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ് പാർട്ടി ‘സിംപിൾ’ ആയി കൈകാര്യം ചെയ്തത്.

ക്രമക്കേടു പുറത്തുവന്ന് ഒരു വർഷമായിട്ടും, തട്ടിപ്പു നടന്ന സഹകരണ സംഘമോ സഹകരണ വകുപ്പോ പൊലീസിൽ പരാതി നൽകിയിട്ടില്ല. ചിട്ടിയിൽ ചേർന്നവർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുമില്ല. പാർട്ടി ഇടപെട്ട് ആ വഴികളെല്ലാം അടച്ചു. വ്യക്തികൾ മാത്രം ഇടപെട്ടു നടത്തിയ ചിട്ടിതട്ടിപ്പാണെങ്കിൽ പാർട്ടി എന്തിന് ഇടപെടുന്നുവെന്ന സംശയം ന്യായമായുമുണ്ടാകാം. ക്രമക്കേടിന്റെ സൂചന ലഭിച്ചപ്പോൾ സഹകരണ വകുപ്പ് ഇടപെട്ടു ചിട്ടി നിർത്തിവയ്ക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ചിട്ടി തുടർന്നത് സിപിഎം നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നു പിന്നീട് സസ്പെൻഷനിലായ സംഘം സെക്രട്ടറി പി.വി.ഹരിദാസ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.

∙ ഫണ്ട് പിരിച്ചു, തറക്കല്ലു മാത്രം ബാക്കി

കൊല്ലത്തു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു സ്വന്തം കെട്ടിടം നിർമിക്കാനുള്ള ശ്രമം 2020ൽ സ്ഥാപിച്ച തറക്കല്ലിൽ തന്നെ നിൽക്കുകയാണ് ഇപ്പോഴും. കെട്ടിട നിർമാണത്തിനെന്ന പേരിൽ പാർട്ടി ജില്ലയിൽ വ്യാപകമായി പണം പിരിച്ചിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം കണക്കുസഹിതം ദേശീയ പ്രസിഡന്റിനു പരാതി നൽകിയിരിക്കുകയാണ്. കെട്ടിടം നിർമിക്കാൻ വേണ്ട രണ്ടരക്കോടി രൂപയിൽ ഭൂരിഭാഗവും കേന്ദ്ര നേതൃത്വമാണു നൽകുന്നത്. നിർമാണം തുടങ്ങിവയ്ക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ പിരിവ്.

∙ ദാനം കിട്ടിയ ഭൂമി മറിച്ചുവിറ്റ് നേതാക്കൾ

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് നിർമിക്കാൻ പ്രവർത്തകൻ 1989ൽ ദാനം നൽകിയ ഭൂമി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ടാണു മലമ്പുഴ നിയോജകമണ്ഡലത്തിലെ പുതുശ്ശേരിയിൽ വിവാദം പുകയുന്നത്. ഭൂമി ക്രയവിക്രയം ചെയ്യരുത്‌, ഓഫിസ്‌ നിർമിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നീ നിബന്ധനകളോടെയാണു ദേശീയ പാതയോരത്ത് നാലര സെന്റ് നൽകിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം നിർമിച്ചില്ല. മണ്ഡലം ഭാരവാഹികളായ രണ്ടുപേർ കുറഞ്ഞ തുകയ്‌ക്ക് ഈ സ്ഥലം വിറ്റതായി പാർട്ടിക്കാർ അറിഞ്ഞത്, ഇവിടെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്സിന്റെ പണി തുടങ്ങിയപ്പോഴാണ്. ഡിസിസി സെക്രട്ടറിയുടെ പരാതിയിൽ കോടതി നിർമാണം തടഞ്ഞിരിക്കുകയാണ്.

എന്നാൽ, മറ്റൊരിടത്തു പാർട്ടി ഓഫിസിനു കെട്ടിടം നിർമിക്കാനാണു ഭൂമി വിറ്റതെന്ന് ഇടപാടു നടത്തിയ നേതാക്കൾ പറയുന്നു. പുതിയ ഓഫിസിന്റെ ഭൂമി റജിസ്റ്റർ ചെയ്തിരിക്കുന്നതു ചില പാർട്ടി ഭാരവാഹികളുടെ പേരിലാണ്. ദാനം കിട്ടിയ ഭൂമി വിറ്റുകിട്ടിയ പണംകൊണ്ട്, നേതാക്കളുടെ സ്ഥലത്തു കെട്ടിടം നിർമിക്കുന്നതെങ്ങനെയെന്നാണു പ്രവർത്തകരുടെ ചോദ്യം.

∙ പാർട്ടി പോട്ടെ, പണം വരട്ടെ

വടകരയിലെ സ്ഥാനാർഥിക്ക് എഐസിസി നൽകിയ 50 ലക്ഷം രൂപയിൽ പകുതി ഡൽഹിയിൽനിന്ന് ഇവിടെയെത്തിയപ്പോഴേക്കും ‘ആവി’യായത് 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് എല്ലാവരും കേട്ടുചിരിച്ച കഥയാണ്. ആ തുക എവിടെപ്പോയെന്നു പ്രവർത്തകരോടു വിശദീകരിക്കാൻ 13 വർഷമായിട്ടും കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. തുക കൊണ്ടുവന്ന യൂത്ത് നേതാവാകട്ടെ ഏതാനും വർഷങ്ങൾക്കുശേഷം പാർട്ടി വിട്ടു. ഇപ്പോൾ ഒരു ‘തട്ടിക്കൂട്ട്’ പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയാണ്.

vadakara-party-fund-20

മംഗളൂരുവിൽ വിമാനമിറങ്ങി ട്രെയിനിൽ വടകരയിലേക്കു പോകുന്നതിനിടെ വഴിയിൽവച്ച് പണം നഷ്ടമായെന്നായിരുന്നു നേതാവിന്റെ വിശദീകരണം. 50 ലക്ഷത്തിന്റെ പെട്ടിയിൽനിന്ന് 25 ലക്ഷം മാത്രമായി എങ്ങനെ നഷ്ടപ്പെട്ടു? പാർട്ടി നടപടിയെടുത്തില്ലെന്നു മാത്രമല്ല, പുതിയ ഭാരവാഹിത്വം കൊടുക്കുകയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുകയും ചെയ്തു. ഫണ്ട് നഷ്ടമായ സ്ഥാനാർഥി, യൂത്ത് നേതാവിന്റെ സഹകരണ സംഘത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ അണികൾക്ക് ആശയക്കുഴപ്പമായി – ഇതിനൊക്കെ പിന്നിൽ എന്തെങ്കിലും അന്തർധാരയുണ്ടോ?

∙ ഓഫിസ് നിർമാണത്തിന് വീടുവിറ്റ കാശ് (തൽക്കാലം)

ആറു വർഷമെടുത്ത്, ഏതാണ്ട് അഞ്ചുകോടി രൂപ മുടക്കിയാണു കണ്ണൂരിൽ ഈയിടെ ഡിസിസി ഓഫിസ് മന്ദിരം പൂർത്തിയായത്. ഫണ്ട് കിട്ടാത്തതിനാൽ പണി ഇഴഞ്ഞെന്നാണു വിശദീകരണം. ഫണ്ട് പിരിക്കാൻ ഡിസിസി ഏതെങ്കിലും വ്യവസായിയെ സമീപിക്കുമ്പോൾ, തൊട്ടുമുൻപു കണ്ണൂരിലെ സംസ്ഥാന നേതാവ് മറ്റെന്തെങ്കിലും ആവശ്യത്തിന് അവിടെനിന്നു പിരിച്ചിറങ്ങിയിട്ടുണ്ടാകും. നേതാവിന്റെ ‘ഫോർവേഡ്’ കളിയിൽ പ്രതിരോധത്തിലായതോടെ അന്നത്തെ ഡിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നു– ‘എന്റെ വീട് വിറ്റ പണം ഡിസിസി ഓഫിസ് നിർമാണത്തിനുവേണ്ടി നൽകുന്നു’.

ഇതുകേട്ടവർ കരുതിയത്, നേതാവ് സ്വന്തം കിടപ്പാടം വിറ്റ കാശെടുത്ത് പാർട്ടി ഓഫിസിനു സംഭാവന നൽകിയെന്നാണ്. പലയിടത്തുനിന്നായി സംഭാവന പിരിച്ചുകൊടുത്ത നേതാക്കൾക്ക് ഇതു കേട്ട് അരിശംവന്നു. കെട്ടിടത്തിന്റെ മൂന്നു നിലകൾക്കും വേണ്ട ടൈലുകൾ വാങ്ങിനൽകിയ നേതാവ് കടുത്ത ഭാഷയിലാണു പ്രസിഡന്റിനെ വിമർശിച്ചത്. ഫണ്ടിന്റെ കുറവു വന്നപ്പോൾ പ്രസിഡന്റ് തൽക്കാലത്തേക്കു കയ്യിലിരുന്ന കാശു മറിച്ചതാണെന്ന് അണികൾ പിന്നെയാണറിഞ്ഞത്. അധികം വൈകാതെ പാർട്ടി ഫണ്ട് വന്നപ്പോൾ ആ തുക സ്വന്തം അക്കൗണ്ടിൽ ഇടുകയും ചെയ്തു. കയ്യിലിരുന്ന കാശ് കുറച്ചു മാസത്തേക്കു മറിച്ചതിനു കിട്ടിയ ‘മൈലേജ്’ ചെറുതല്ല!

party-fund-cartoon-20

∙ ഫണ്ട് ‘കൈകാര്യം’ ചെയ്തു

മലപ്പുറം ജില്ലയിലെ ലോക്സഭാ സീറ്റിൽ ബിജെപിയുടെ സ്ഥാനാർഥി മത്സരിക്കുന്നു. വലിയ ജയപ്രതീക്ഷയില്ലാത്ത സീറ്റായിട്ടും ആദ്യദിവസങ്ങളിൽ സാമാന്യം നല്ല പ്രചാരണം. എന്നാൽ, ഒരാഴ്ചയ്ക്കകം പ്രചാരണം തണുത്തു. സ്ഥാനാർഥി അന്വേഷിച്ചപ്പോൾ ഫണ്ട് ഇറങ്ങാത്തതാണു പ്രശ്നം. നേതൃത്വത്തിൽനിന്നു കിട്ടിയ അറിവുപ്രകാരം നല്ലൊരു തുക എത്തിയിട്ടുണ്ട്. അതിന്റെ നാലിലൊന്നു പോലും ഇറങ്ങിയിട്ടില്ല. ജില്ലയിലെ പ്രധാന നേതാവാണു ഫണ്ട് കൈകാര്യം ചെയ്തിരുന്നത്. കേന്ദ്ര നേതൃത്വത്തിനു പരാതി പോയെങ്കിലും നേതാവ് ഇപ്പോഴും അതേ സ്ഥാനത്തു തുടരുന്നു.

∙ ധർമജന്റെ ധർമസങ്കടം

‘എഐസിസി, കെപിസിസി ഫണ്ടുകളും ഞാൻ നൽകിയ പണവും മാത്രമാണു തിരഞ്ഞെടുപ്പിൽ ചെലവാക്കിയത്. എന്റെ പ്രചാരണത്തിനെന്ന പേരിൽ മണ്ഡലത്തിൽ പിരിച്ച പണം ഒരിടത്തും ചെലവാക്കിയില്ല. ഞാൻ കൊടുത്ത പൈസ പോലും ബൂത്ത് കമ്മിറ്റികൾക്കു ലഭിച്ചില്ലെന്നു പിന്നീടറിഞ്ഞു’– ബാലുശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചുതോറ്റ നടൻ ധർമജൻ ബോൾഗാട്ടിക്ക് ഇപ്പോഴും സങ്കടം.

ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടു കോൺഗ്രസ് നേതാക്കൾ ചേർന്ന് തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്നും ഇതു തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചില്ലെന്നുമാണു ധർമജന്റെ പരാതി. വാക്കാലുള്ള പരാതി നേതൃത്വം അവഗണിച്ചതോടെ 2021 മേയിൽ കെപിസിസി പ്രസിഡന്റിനു പരാതി എഴുതി നൽകി. പിന്നീട്, കെ.സുധാകരൻ പ്രസിഡന്റായപ്പോൾ ധർമജനെ നേരിട്ടു വിളിച്ചു പരാതി കേട്ടിരുന്നു. ഒരു വർഷമായിട്ടും ഒന്നും നടന്നിട്ടില്ല.

dharmajan-4

∙ സെക്രട്ടറിക്ക് ജപ്തി നോട്ടിസ്, അണികൾക്ക് അമ്പരപ്പ്

തൃശൂർ ജില്ലയുടെ മലയോര മേഖലയിലെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ 2 മാസം മുൻപു ജപ്തി നോട്ടിസ് വന്നു. പാർട്ടി തന്നെ ഭരിക്കുന്ന സഹകരണ ബാങ്കാണ് നോട്ടിസ് അയച്ചത്. ലോക്കൽ കമ്മിറ്റി ഓഫിസ് നിർമിക്കാനെടുത്ത അഞ്ചു ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടച്ചില്ലെന്നാണു നോട്ടിസിൽ പറയുന്നത്.

ഞെട്ടിയതു സെക്രട്ടറിയല്ല, പാർട്ടി പ്രവർത്തകരാണ്. കെട്ടിടം നിർമിക്കാൻ ലോക്കൽ കമ്മിറ്റി വൻതുക പിരിവെടുത്തതിനു പുറമേ, ഓരോ മാസവും വായ്പ തിരിച്ചടവിനെന്ന പേരിൽ വേറെ പിരിവും നടത്തിയിരുന്നു. ആ തുക എങ്ങോട്ടുപോയെന്നു കണ്ണുമിഴിക്കുകയാണു പാർട്ടിക്കാർ. ചോദിക്കാൻ ആർക്കും ധൈര്യമുണ്ടായില്ല. ഒടുവിൽ ഏരിയ കമ്മിറ്റി ഇടപെട്ടു. വായ്പ തിരിച്ചടവിൽ ഒരു ഗഡു ബാങ്കിൽ അടച്ചു. അതിനു പുതിയൊരു പിരിവ്. വീണ്ടും നഷ്ടം പ്രവർത്തകർക്ക് !

∙ ഫണ്ട് പിരിവ്

സിപിഎം: പ്രവർത്തന ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, കെട്ടിട നിർമാണ ഫണ്ട്, കേസ് ഫണ്ട്, സമരസഹായ ഫണ്ട്, പ്രത്യേകാവശ്യത്തിനുള്ള ബക്കറ്റ് പിരിവ്, വിവിധ ചാലഞ്ചുകൾ, ഫൗണ്ടേഷൻ / ട്രസ്റ്റ് പിരിവുകൾ, രക്തസാക്ഷി സഹായഫണ്ട്.

കോൺഗ്രസ്: പ്രവർത്തന ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പ്രസിഡന്റുമാരുടെ കേരള യാത്രാ ഫണ്ട്, ഡിസിസി പ്രസിഡന്റുമാരുടെ ജില്ലാ പര്യടന ഫണ്ട്, നോട്ടുമാല, കെട്ടിട നിർമാണ ഫണ്ട്, അപൂർവം അവസരങ്ങളിൽ രക്തസാക്ഷി കുടുംബ സഹായ ഫണ്ട്

ബിജെപി: പ്രവർത്തന ഫണ്ട്, പ്രാദേശിക പരിപാടികൾക്കുള്ള ഫണ്ട്, ബലിദാനി കുടുംബസഹായ ഫണ്ട്.

∙ സിപിഎം അംഗം സംഘർഷത്തിൽ ഉൾപ്പെടുമ്പോൾ സാധ്യതയുള്ള പിരിവുകൾ ഇങ്ങനെ

 പ്രതിയായാൽ                                     : നിയമസഹായ ഫണ്ട്
 ശിക്ഷിക്കപ്പെട്ടു ജയിലിലായാൽ              : കുടുംബത്തിനുള്ള പെൻഷൻ ഫണ്ട്
 പരുക്കേറ്റാൽ                                      : ചികിത്സാ സഹായ ഫണ്ട്
 കൊല്ലപ്പെട്ടാൽ                                    : രക്തസാക്ഷി സഹായഫണ്ട്, രക്തസാക്ഷി സ്മാരക ഫണ്ട്
 വീടില്ലെങ്കിൽ                                      : വീട് നിർമാണ ഫണ്ട്
 അവിവാഹിതരായ പെൺമക്കളുണ്ടെങ്കിൽ : വിവാഹ ധനസഹായ ഫണ്ട്, അല്ലെങ്കിൽ ചിട്ടി
 കടബാധ്യതയുണ്ടെങ്കിൽ                       : ബാധ്യത തീർക്കാനുള്ള പിരിവ്

∙ പിരിക്കാൻ ഓരോ കാരണങ്ങൾ

20,000 രൂപയ്ക്കു മുകളിൽ ലഭിച്ച സംഭാവനകളുടെ മാത്രം കണക്കെടുത്ത്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിസർച് (എഡിആർ) എന്ന സംഘടന ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് സിപിഎമ്മിനു 2020–21ൽ ലഭിച്ചത് 12.9 കോടി രൂപ. 226 പേരുടെ മാത്രം സംഭാവനയാണിത്.

ബാക്കി പിരിവുകളൊന്നും ഈ കണക്കിൽപെട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളും നടക്കുന്ന കണ്ണൂരിൽ പാർട്ടി ഉൾപ്പെടുന്ന ഓരോ സംഘർഷവും ഫണ്ട് പിരിവിനുള്ള വഴികളാണ്. ഫണ്ട് പിരിക്കുന്നത് ആ പാർട്ടി അംഗത്തിന്റെ പേരിലാണെങ്കിലും ആവശ്യം കഴിഞ്ഞുള്ള തുക പാർട്ടി തീരുമാനിക്കുന്ന മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണു സിപിഎമ്മിന്റെ രീതി. ഇങ്ങനെ പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി സഹായ ഫണ്ടിനായി പിരിച്ചതിൽ ബാക്കിവന്ന തുകയിലാണു ക്രമക്കേട് കണ്ടെത്തിയത്.

(പരമ്പര അവസാനിച്ചു)

∙ ഭാഗം ഒന്ന്– ഫണ്ടിൽ ചോദ്യമില്ല

∙ ഭാഗം രണ്ട്– സ്മാരകം സ്വാഹാ

റിപ്പോർട്ടുകൾ: കെ.ജയപ്രകാശ് ബാബു, ജയചന്ദ്രൻ ഇലങ്കത്ത്, രമേഷ് എഴുത്തച്ഛൻ, ഫിറോസ് അലി, ജിതിൻ ജോസ്, എസ്.പി.ശരത്.

ഏകോപനം: ജോജി സൈമൺ

Content Highlights: Party Fund, CPM, Congress, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com