ADVERTISEMENT

കഴിഞ്ഞ വാരാന്ത്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു പ്രഫഷനലുകൾ ഛത്തീസ്ഗഡിലെ റായ്പുരിൽ രാജ്യം നേരിടുന്ന അടിയന്തരപ്രശ്നങ്ങൾ ചർച്ചചെയ്യാൻ സമ്മേളിക്കുകയുണ്ടായി. വാസ്തുശിൽപികൾ, ബാങ്കർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അഭിഭാഷകർ, പണ്ഡിതർ അങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർക്കൊപ്പം ഷിക്കാഗോയിൽനിന്നു ഡോ.രഘുറാം രാജൻ, സെന്റർ ഓഫ് പോളിസി റിസർച്ചിലെ ഡോ.യാമിനി അയ്യർ തുടങ്ങിയവരും പങ്കുചേർന്നു. ഇന്ത്യ നേരിടുന്ന സുപ്രധാന വെല്ലുവിളികളെപ്പറ്റി അവർ കാഴ്ചപ്പാടുകൾ പങ്കുവച്ചു. ഞാൻ അധ്യക്ഷത വഹിക്കുന്ന ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ്, സംഘടന രൂപംകൊണ്ടതിന്റെ അഞ്ചാം വാർഷികവേളയിൽ നടത്തിയ നാഷനൽ കോൺക്ലേവ് ആയിരുന്നു വേദി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുൻപ് സ്ഥിരമായി ഞാൻ ചൂണ്ടിക്കാട്ടിയിരുന്ന ഒരു പ്രശ്നം, ഇന്ത്യയുടെ വിധി നിർണയിക്കുന്ന രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ ഏൽക്കാൻ രാജ്യത്തെ വിദ്യാസമ്പന്നരടങ്ങുന്ന പ്രഫഷനൽ സമൂഹം കാണിക്കുന്ന വിമുഖതയായിരുന്നു. എന്റെ തലമുറ വളർന്നകാലത്ത് ഇന്ത്യയിൽ വിവിധ പ്രഫഷനുകളോ സിവിൽ സർവീസോ സ്വീകരിക്കുന്നവരും രാഷ്ട്രീയത്തിൽ ചേരുന്നവരും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു.

സ്വാതന്ത്ര്യസമരം നയിച്ചവരുടെയും പ്രതിഛായ നോക്കാതെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു സ്വന്തം രാഷ്ട്രീയത്തറ കെട്ടിയുയർത്തിയവരുടെയും പിന്മുറക്കാരെ മാറ്റിനിർത്തിയാൽ, രാഷ്ട്രീയക്കാർ പ്രധാനമായും ഒന്നുകിൽ സമൂഹത്തിന്റെ അത്യുന്നതങ്ങളിലുള്ളവരോ അല്ലെങ്കിൽ ഏറ്റവും താഴേക്കിടയിലുള്ളവരോ ആയിരുന്നു. അവരവരുടെ ജില്ലകളിലെ വോട്ടർമാർക്കുമേൽ ഫ്യൂ‍ഡൽ സ്വാധീനം ചെലുത്തുന്ന പഴയ മഹാരാജാക്കന്മാരോ വൻ സെമീന്ദാർമാരോ ഒരുവശത്ത്. ജീവിതവിജയത്തിനുള്ള ഏകമാർഗമായി രാഷ്ട്രീയത്തെ കാണുന്ന, ഒന്നും നഷ്ടപ്പെടാനില്ലാത്ത അർധസാക്ഷരരായ ‘താഴേക്കിടക്കാർ’ മറുവശത്തും. ഇതു രണ്ടിലും പെടാത്ത, മധ്യവർഗ പ്രഫഷനൽ വിഭാഗത്തിൽ വരുന്നവരാകട്ടെ, കാര്യമായി പഠിക്കുകയും പരീക്ഷകളിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുകയും മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിജയം നേടുകയും ചെയ്തു. ഇവർ രാഷ്ട്രീയത്തെ സ്വജീവിതത്തിൽനിന്നു പൂർണമായും തള്ളിക്കളയുകയായിരുന്നു.

മറ്റു ജനാധിപത്യ രാജ്യങ്ങളുടെയെല്ലാം നെടുംതൂണായി പ്രവർത്തിക്കുന്ന ഒരു പ്രധാന ജനവിഭാഗത്തിന്റെ സാന്നിധ്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നു പൂർണമായി ഒഴിവാകുന്നു എന്നതാണ് ഇതിന്റെ പ്രധാന കുഴപ്പം. ലോകത്തെവിടെ നോക്കിയാലും അതതു രാജ്യങ്ങളുടെ മൂല്യങ്ങളും ബോധ്യങ്ങളും നിർണയിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നതു വിദ്യാസമ്പന്നരും നികുതിദായകരുമായ പ്രഫഷനൽ വിഭാഗമാണ്. സർക്കാർ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നീ കാര്യങ്ങളിൽ ഏറ്റവും താൽപര്യമുള്ളവർ ഇവരാണ്. ഉദാഹരണത്തിന്, യൂറോപ്പ് മുഴുവൻ മധ്യവർഗ ജനതയാണു രാജ്യങ്ങളുടെ അജൻഡ നിശ്ചയിക്കുന്നത്. ആക്ടിവിസ്റ്റുകളിലെയും വോട്ടർമാരിലെയും സ്ഥാനാർഥികളിലെയും നല്ല പങ്ക് ഈ പ്രഫഷനലുകളാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലും രാഷ്ട്രീയം എന്നതു മധ്യവർഗത്തിന്റെ ഒരു ലക്ഷ്യസ്ഥാനമാണ്.

ഇന്ത്യയിലെ മൽസരാധിഷ്ഠിത സമൂഹത്തിൽ, ശമ്പളക്കാരനായ ഒരു പ്രഫഷനലിനു രാഷ്ട്രീയക്കാരൻ സ്വീകരിക്കുന്നതുപോലുള്ള റിസ്കുകളെടുക്കാൻ സാധ്യമല്ല. നമ്മുടെ മധ്യവർഗക്കാർക്ക് ആക്ടിവിസത്തിനു സമയമോ പണമോ വോട്ടു സ്വാധീനമോ ഇല്ല. പണം എപ്പോഴും ഒഴുകുന്നതു മുകൾത്തട്ടിലാണ്, വോട്ട് താഴെത്തട്ടിലും. അതിനാൽ, ഇവർക്കിടയിലുള്ള വിദ്യാസമ്പന്നരായ പ്രഫഷനൽ ഗ്രൂപ്പ് ഈ പ്രക്രിയയിൽ‌ നിന്നു മാറിനിൽക്കുകയും രാഷ്ട്രീയത്തെ അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്നു. അവർ കൂട്ടമായി വോട്ടുചെയ്യാൻ എത്തുന്നില്ല. ഇന്ത്യയിലെ പാവപ്പെട്ടവർ വോട്ടുചെയ്യുമ്പോൾ, മധ്യവർഗം ഈ പുച്ഛംകൊണ്ട് സ്വന്തം ശക്തി സ്വയം ഇല്ലാതാക്കുന്നു.

എന്നാൽ, ഈ വിഭാഗത്തിനാണു ശക്തവും സുസ്ഥിരവുമായ ഭരണ സംവിധാനമുൾപ്പെടെയുള്ള ഇന്ത്യയുടെ അടിയന്തരമായ ആവശ്യങ്ങളെപ്പറ്റി ഏറ്റവും ബോധ്യമുള്ളത്. വളർച്ചയിൽ അധിഷ്ഠിതമായ ഇന്ത്യ എന്ന സങ്കൽപമാണ് അവരെ നയിക്കുന്നത്. അല്ലാതെ ജാതി,മത, പ്രാദേശിക വിഭജനങ്ങൾ നിറഞ്ഞ രാഷ്ട്രീയമല്ല. തങ്ങൾ നൽകുന്ന നികുതിപ്പണത്തിനു ലഭിക്കുന്ന പൊതുസേവനങ്ങളുടെ നിലവാരം വർധിക്കണമെന്ന് അവർ എപ്പോഴും ആഗ്രഹിക്കുന്നു. ഹിന്ദുത്വ– ഗോരക്ഷാ ആക്രോശങ്ങൾക്കപ്പുറം അവരുടെ മുൻഗണനകൾ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും നഗര വികസനത്തിനുമൊക്കെയുള്ള നിക്ഷേപങ്ങളിലാണ്.

അമേരിക്കയിലെ രണ്ടു പ്രധാന രാഷ്ട്രീയ കക്ഷികളുടെ കഴിഞ്ഞ 16 പ്രസിഡന്റ് സ്ഥാനാർഥികളിൽ 12 പേരും ഹാർവഡിൽ നിന്നോ യേൽ യൂണിവേഴ്സിറ്റിയിൽനിന്നോ ഉള്ള ബിരുദധാരികളാണ്. അതേസമയം, നമ്മുടെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നിറങ്ങുന്നവർ രാഷ്ട്രീയത്തിലേക്കു തിരിഞ്ഞുനോക്കുന്നേയില്ല. ഹാർവഡിലോ യേലിലോ പ്രവേശനം ലഭിക്കാൻ ആവശ്യമുള്ള കഴിവും നിശ്ചയദാർഢ്യവും ഊർജവും ഏത് ഉന്നതപദവിയും വഹിക്കുന്നതിനുള്ള യോഗ്യതയായാണ് അമേരിക്കൻ സമൂഹം കാണുന്നത്. ഇന്ത്യയിലാകട്ടെ, ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബിരുദധാരികൾ തിരഞ്ഞെടുപ്പിൽ ജയിക്കുന്നില്ല. അവർ രാജ്യത്തെ രാഷ്ട്രീയത്തിന്റെ അഴുക്കും ചെളിയും തങ്ങൾക്കു പറ്റിയതല്ല എന്ന നിലപാടിൽ മാറിനടക്കുകയും ചെയ്യുന്നു.

മികച്ച യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടാനുള്ള കഴിവുണ്ടെങ്കിൽ നിങ്ങൾക്ക് ‘യഥാർഥ’ പ്രഫഷൻ സ്വീകരിച്ച് ജീവിതവിജയം നേടാനാകുമെന്നാണു ഭൂരിപക്ഷം ഇന്ത്യക്കാരുടെയും കാഴ്ചപ്പാട്. മറ്റൊരു ജോലിയും ചെയ്യാൻ മിടുക്കില്ലാത്തവരുടെ ലോകമാണു രാഷ്ട്രീയം എന്നാണ് ഇന്ത്യൻ മധ്യവർഗത്തിന്റെ അടക്കംപറച്ചിൽ. ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കാനാവശ്യമായ കഴിവും ഒരു ഒന്നാം ക്ലാസ് സർവകലാശാലയിൽനിന്നു ലഭിക്കുന്ന തേച്ചുമിനുക്കപ്പെട്ട പ്രതിഭയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അവർ വിശ്വസിക്കുന്നു.
എന്നാൽ, പ്രഫഷനലുകളെ ഒഴിച്ചുനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം ഇന്ത്യയ്ക്ക് അഭികാമ്യമാണോ? ഒരിക്കലുമല്ല. രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനങ്ങൾ കൂടുതൽ മധ്യവർഗങ്ങളെയും പ്രഫഷനലുകളെയും സൃഷ്ടിക്കുകയും ഭാവിയിൽ ഈ വിഭാഗം വോട്ടെണ്ണം കൊണ്ട് തിരഞ്ഞെടുപ്പുകളിൽ കൂടുതൽ പ്രസക്തി നേടുകയും ചെയ്തേക്കാം.

രാഷ്ട്രീയ പശ്ചാത്തലമില്ലാത്തവരും എന്നാൽ കഴിവും യോഗ്യതയുമുള്ളവരുമായ പ്രഫഷനലുകൾ രാഷ്ട്രീയരംഗത്തേക്കു വരാൻ അത്രയും നാൾ കാത്തിരിക്കേണ്ടതുണ്ടോ? ‘എനിക്കു രാഷ്ട്രീയത്തിൽ താൽപര്യമില്ല’ എന്നു പറയുന്ന വിദ്യാർഥികളോടു ഞാൻ സ്ഥിരമായി മറുപടി നൽകുന്നത്, ‘പക്ഷേ രാഷ്ട്രീയത്തിനു നിങ്ങളിൽ താൽപര്യമുണ്ട്’ എന്നാണ്. എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്നതു രാഷ്ട്രീയക്കാരാണ്. നിങ്ങൾക്കെങ്ങനെ ആ പ്രക്രിയയിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവും?

politics

നൊബേൽ ജേതാവായ ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ഒരിക്കൽ പ്രസംഗിച്ചത്, ഒഴികഴിവു പറയുന്നവരെയല്ല, ജനതയ്ക്ക് ആശ്രയിക്കാൻ കഴിയുന്ന നേതാക്കന്മാരെയാണു തന്റെ രാജ്യമായ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടതെന്നാണ്. രാജ്യം ഒന്നാകെ ആദരിക്കുന്ന നേതാക്കന്മാരുണ്ടായിരുന്ന കാലം തിരിച്ചുവരണമെന്ന് ഉന്നത വിദ്യാഭ്യാസമുള്ള മധ്യവർഗ പൗരന്മാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം അവർതന്നെ ഈ രംഗത്തേക്കിറങ്ങുകയാണു വേണ്ടത്. അല്ലെങ്കിൽ, മിക്കപ്പോഴും ഈ ഒഴിവുകഴിവുകാർക്ക് വിധേയരാവുകയേ തരമുള്ളൂ.

ഒരുപക്ഷേ, ഇന്ത്യയിലെ എല്ലാ പ്രഫഷനലുകളും സ്വപ്നം കാണുന്ന ഒരു കഥ തന്നെയാണു രാഷ്ട്രീയ പ്രവേശനത്തിനു മുൻപുള്ള എന്റെ ജീവിതം. മധ്യവർഗ കുടുംബത്തിലെ ഒരു കുട്ടിയുടെ ജനനത്തിൽ അതു തുടങ്ങുന്നു. വിദ്യാഭ്യാസത്തിൽനിന്നു കരുത്തു നേടുകയും ഇന്ത്യയിലെ മികച്ച കോളജുകളിൽ പ്രവേശനം നേടാനുള്ള കഠിനപരിശ്രമം നടത്തുകയും ഏറ്റവും പ്രശസ്തമായ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിൽനിന്നു ബിരുദം നേടുകയും നമ്മുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുള്ള കഠിനാധ്വാനത്തിലൂടെ വിജയകരമായ കരിയർ കെട്ടിപ്പടുക്കുകയും ചെയ്യുക എന്ന ഇന്ത്യൻ മധ്യവർഗ സ്വപ്നം. വരും വർഷങ്ങളിൽ, ഞാൻ കൂടി നേതൃത്വം കൊടുത്തുണ്ടാക്കിയ പ്രഫഷനൽ കോൺഗ്രസ് എന്ന സംഘടനാ പരീക്ഷണം കൂടുതൽ പ്രഫഷനലുകളുടെ രാഷ്ട്രീയ പ്രവേശത്തിലൂടെ ഫലപ്രാപ്തി കൈവരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിമോചനമാർഗമായിരിക്കും എന്നു തീർച്ച.

‘കൊളോണിയൽ’ കലക്ടർ കേരളത്തിനു വേണോ?

കേരളത്തിലെ അടുത്ത സമയത്തെ ഐഎഎസ് സ്ഥാനമാറ്റങ്ങളിലൂടെ തിരുവനന്തപുരം ജില്ലയ്ക്കു പുതിയ കലക്ടറെ ലഭിച്ചു– ജെറോമിക് ജോർജ്. സമർഥയായ മുൻഗാമി നവ്ജ്യോത് ഘോസ ലേബർ കമ്മിഷണറായും നിയമിതയായി. ഇരുവർക്കും ആശംസകൾ അർപ്പിക്കുമ്പോഴും ഒരു കാര്യം മനസ്സിൽ ഉയർന്നുവരുന്നു: നമുക്ക് ‘കലക്ടർ’ എന്ന ആ പഴയ ബ്രിട്ടിഷ് പദം ഉപേക്ഷിക്കേണ്ട സമയമായില്ലേ? കൊളോണിയൽ കാലത്ത് ജില്ലയിലെ ഉയർന്ന ഭരണാധികാരിയുടെ പ്രധാന ദൗത്യം നികുതി പിരിക്കുക എന്നതായിരുന്നു. അതായത്, ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യക്കാരന്റെ അവസാന നാണയത്തുട്ടും പിടിച്ചെടുക്കുക!

ഇന്ന് അവരുടെ ജോലി അതല്ല. മാത്രവുമല്ല, നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ അവർ ചെയ്യുന്ന ജോലിയുടെ സത്ത ഉൾക്കൊള്ളുന്നതുമല്ല ആ പദം. ജില്ലയുടെ ‘ചീഫ് അഡ്മിനിസ്ട്രേറ്റർ’ എന്ന് എളുപ്പത്തിൽ പുനർനാമകരണം ചെയ്യാവുന്നതല്ലേയുള്ളൂ? അവരുടെ ഉത്തരവാദിത്തങ്ങളെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്ന വാക്കായിരിക്കുമത്. കൊളോണിയൽ പദം ഉപയോഗിക്കാൻ നമുക്കു താൽപര്യമില്ലെന്നു കേന്ദ്രത്തെ അറിയിക്കുകവഴി കേരളത്തിന് ഒരു മാതൃക സൃഷ്ടിച്ചുകൂടേ?

Content Highlight: Shashi Tharoor, Kerala Politics, Politician, Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com