ADVERTISEMENT

ദാരിദ്ര്യത്തെയും ജീവിത പ്രതിസന്ധികളെയുംകൂടി പൊരുതിത്തോൽപിച്ചാണ് കേരളത്തിലെ ഒട്ടുമിക്ക കായികതാരങ്ങളും ദേശീയ, രാജ്യാന്തര വേദികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. കരിയറിൽ‌ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കുന്നതിനും മികച്ച നേട്ടങ്ങൾ സ്വന്തമാക്കുന്നതിനും അവർക്കു വേണ്ടതു സാമ്പത്തികമായ പ്രോത്സാഹനവും സുരക്ഷിതത്വമുള്ള ജോലിയുമാണ്. ലോക കായിക വേദികളിൽ കേരളത്തിന്റെ കീർ‌ത്തി പരത്തിയ അഭിമാന താരങ്ങൾക്കു സംസ്ഥാന സർക്കാരിനു തിരികെനൽകാവുന്ന ഏറ്റവും മികച്ച പ്രതിഫലവും അതുതന്നെ. പക്ഷേ, ബർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൈവരിച്ച മലയാളികൾക്കു പാരിതോഷികം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നതു നിരാശാജനകമാണ്. ഗെയിംസിലെ മെഡൽ ജേതാക്കളായ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ പാരിതോഷികങ്ങൾ വാരിക്കോരി നൽകുമ്പോൾ കേരള സർക്കാരിന്റെ ഈ മൗനം കായികപ്രേമികളെ വേദനിപ്പിക്കുന്നു.

ഒരു സ്വർണവും 4 വെള്ളിയും ഒരു വെങ്കലവുമാണ് ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ മലയാളികളുടെ നേട്ടം. പുരുഷ ട്രിപ്പിൾ‌ ജംപിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുല്ല അബൂബക്കർ, പുരുഷ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ എന്നിവരാണ് അത്‍ലറ്റിക്സിലെ മെഡൽ ജേതാക്കൾ‌. ബാഡ്മിന്റൻ ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും നേടിയ ട്രീസ ജോളി, പുരുഷ ഹോക്കിയിൽ വെള്ളി നേടിയ പി.ആർ.ശ്രീജേഷ് എന്നിവരും കേരളത്തിന്റെ യശസ്സുയർത്തി. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ കേരള താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണിത്. ഗെയിംസിൽ 8 മെഡലുകൾ നേടിയ ഇന്ത്യൻ അത്‍ലറ്റിക്സ് ടീമിന്റെ മുഖ്യപരിശീലകൻ മലയാളിയായ പി.രാധാകൃഷ്ണൻ നായരാണ്. ജംപ് പരിശീലകൻ എസ്.മുരളി, വെയ്റ്റ്‌ലിഫ്റ്റിങ് പരിശീലകൻ എ.പി.ദത്തൻ എന്നീ മലയാളികളും ബർമിങ്ങാമിൽ രാജ്യത്തിന്റെ മെഡൽ നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. ഗെയിംസിനു കൊടിയിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും ഇവർക്കായി അനുമോദനച്ചടങ്ങ് സംഘടിപ്പിക്കാ‍ൻപോലും കേരളത്തിലെ കായിക വകുപ്പിനു കഴിഞ്ഞിട്ടില്ലെന്നതാണു നിർഭാഗ്യ യാഥാർഥ്യം. 

കോമൺവെൽത്ത് ഗെയിംസിലെ മെഡൽ ജേതാക്കൾക്കു മറ്റു സംസ്ഥാനങ്ങൾ നൽ‌കുന്ന പിന്തുണയും പാരിതോഷികങ്ങളും കേരളം മാതൃകയാക്കേണ്ടതാണ്. ഹരിയാനയും പഞ്ചാബും ഉത്തർപ്രദേശും തമിഴ്നാടും മെഡൽ‌ ജേതാക്കൾക്കു പാരിതോഷികം നൽകിക്കഴിഞ്ഞു. സ്വർണ ജേതാക്കൾക്ക് ഒന്നരക്കോടി രൂപയും വെള്ളിനേട്ടത്തിന് 75 ലക്ഷവും വെങ്കലത്തിന് 50 ലക്ഷവുമാണ് ഹരിയാനയുടെ സമ്മാനം. സ്വർണ, വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്ക് യഥാക്രമം 75 ലക്ഷം, 50 ലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണു പഞ്ചാബിന്റെ പാരിതോഷികം. ആകെ 3.80 കോടി രൂപയുടെ പാരിതോഷികമാണ് തമിഴ്നാട് കഴിഞ്ഞ ദിവസം നൽകിയത്. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ മലയാളി ദീപിക പള്ളിക്കലിന്റെ സ്ക്വാഷിലെ വെങ്കല നേട്ടത്തിനും തമിഴ്നാട് സർക്കാരിന്റെ പാരിതോഷികം ലഭിച്ചു.

കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ മലയാള മനോരമ ക‍െ‍ാച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ, താരങ്ങൾക്കു സർക്കാർ പാരിതോഷികം നൽകണമെന്ന ആവശ്യം മുൻകാല താരങ്ങളടക്കം ഉന്നയിക്കുകയുണ്ടായി. പുരുഷ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കറിനു ജോലി നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചത് ഹോക്കി താരം പി.ആർ.ശ്രീജേഷ് തന്നെയാണ്. 4 വർഷമായി ലോങ്ജംപിലെ ദേശീയ റെക്കോർഡ് ജേതാവായ ശ്രീശങ്കറിന്റെ ജോലിക്കായുള്ള അപേക്ഷ ഒരു വർഷം മുൻ‌പേ സംസ്ഥാന സർക്കാരിനു മുന്നിലെത്തിയതാണ്. ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. സ്പോർട്സ് റിക്രൂട്മെന്റിലൂടെ കേന്ദ്ര സേനയിലും മറ്റു സംസ്ഥാനങ്ങളിലും ജോലി ലഭിച്ചിട്ടുള്ള മലയാളി താരങ്ങൾ, കേരളം മികച്ചൊരു ജോലി നൽകിയാൽ ഇവിടേക്കു തിരിച്ചുവരണമെന്നും ദേശീയ മത്സരങ്ങളിൽ കേരള ജഴ്സിയിൽതന്നെ മത്സരിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. കേരളം മടികാണിച്ചാൽ ഉയർന്ന ജോലിയും മറ്റും നൽകി അവരെ സ്വന്തമാക്കാൻ മറ്റു സംസ്ഥാനങ്ങൾ രംഗത്തുണ്ടുതാനും.

അർഹിച്ച അംഗീകാരങ്ങൾ നഷ്ടമായപ്പോൾ‌ കായിക താരങ്ങൾ പെരുവഴിയിൽ മുട്ടിലിഴ‍ഞ്ഞും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ച സംഭവങ്ങൾ കേരള മനസ്സാക്ഷിയുടെ ഉള്ളുലച്ചിരുന്നു. സ്പോർട്സ് ക്വോട്ട നിയമനം നിഷേധിക്കപ്പെട്ട കായികതാരങ്ങൾ സമരത്തിനിറങ്ങിയതു നാം മറന്നിട്ടില്ല. അവരിൽ അവശേഷിക്കുന്ന 41 പേർക്കു ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം ഇപ്പോഴും കടലാസിൽ ഇഴയുകയാണ്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ 5 മലയാളി താരങ്ങൾക്കു സംസ്ഥാന സർക്കാർ ഉറപ്പുനൽകിയ ജോലി 4 വർഷമായി ഫയലിൽ കുരുങ്ങിക്കിടക്കുന്നു. ദേശീയ മത്സരങ്ങളിൽ കേരളത്തിനായി മെഡൽ നേടുന്ന കായികതാരങ്ങൾക്കു സ്പോർട്സ് കൗൺസിൽ നൽകുന്ന കാഷ് പ്രൈസുകളും വർഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. 

ഇത്തരത്തിലുള്ള അവഗണനയും വാഗ്ദാനലംഘനങ്ങളും ഇനിയുണ്ടായിക്കൂടാ. സുവർണ താരങ്ങൾക്കുള്ള പ്രോൽസാഹനവും പാരിതോഷികങ്ങളും കായിക മേഖലയ്ക്കുവേണ്ടിയുള്ള നാടിന്റെ നിക്ഷേപമായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഉണർന്നുപ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണു കായികപ്രേമികൾ.

English Summary: Should honour Commonwealth Games medallists from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com