ADVERTISEMENT

പാർട്ടികൾ എപ്പോഴും തിരഞ്ഞെടുപ്പ് മൂഡിലായിരിക്കുന്നത് ഒഴിവാക്കാൻ ആണ് രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താമെന്ന നിർദേശം  പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. എന്നാൽ, എപ്പോഴും തിരഞ്ഞെടുപ്പ് മൂഡിലുള്ളത് അദ്ദേഹത്തിന്റെ പാർട്ടി തന്നെയാണെന്നതാണ് യാഥാർഥ്യം. 18 മാസം അകലെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കം തുടങ്ങിക്കഴിഞ്ഞു ബിജെപി

ലോക്‌സഭ, സംസ്ഥാന നിയമസഭകൾ, കോർപറേഷനുകൾ, ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് അഞ്ചു വർഷത്തിലൊരിക്കൽ ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താനുള്ള ശുപാർശ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, മറ്റു കക്ഷികളിൽനിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചത്. ബിജു ജനതാദൾ മാത്രമാണു യോജിപ്പു പ്രകടിപ്പിച്ചത്. രണ്ടു ദശകമായി ഒഡീഷ ഭരിക്കുന്ന നവീൻ പട്‌നായിക് അവിടെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയകക്ഷികൾ എപ്പോഴും തിരഞ്ഞെടുപ്പു മൂഡിലായിരിക്കുന്നത് ഒഴിവാക്കാനും അല്ലാത്ത സമയം അവർക്കു വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അഞ്ചു വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ചു നടത്തുന്നതു സഹായിക്കുമെന്ന വാദമാണു മോദി നടത്തിയത്‌. 

വാസ്തവത്തിൽ, മറ്റു കക്ഷികളുമായി താരതമ്യം ചെയ്യുമ്പോൾ, എപ്പോഴും തിരഞ്ഞെടുപ്പിനുവേണ്ടി ഓടിക്കൊണ്ടിരിക്കുന്നതു ബിജെപി തന്നെയാണ്. 18 മാസം അകലെയാണെങ്കിലും, ലോക്‌സഭാ തിരഞ്ഞെടുപ്പിനുവേണ്ടി ശക്തവും വിപുലവുമായ ഒരുക്കങ്ങളാണ് ഏതാനും ആഴ്ചകളായി ബിജെപി നടത്തുന്നത്. 

മോദി കഴിഞ്ഞാൽ ബിജെപിയിലെ ഏറ്റവും മികച്ച തന്ത്രജ്ഞൻ ആഭ്യന്തര മന്ത്രി അമിത് ഷായാണ്. പാർട്ടിക്കകത്തു തിരഞ്ഞെടുപ്പുവികാരം ഉയർത്തിനിർത്താൻ അമിത് ഷാ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും മറ്റു മുതിർന്ന നേതാക്കളുമായി നിരന്തര ചർച്ചയിലാണ്. ബിജെപിക്കാരായ കേന്ദ്രമന്ത്രിമാരെ ഏതാനും ആഴ്ചകൾക്കുമുൻപ് നഡ്ഡ പാർട്ടി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തുകയുണ്ടായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയോ കടുത്ത വെല്ലുവിളി നേരിടുകയോ ചെയ്ത ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല ഓരോരുത്തർക്കും ഏൽപിച്ചു കൊടുക്കാനായിരുന്നു അത്. ബിജെപി ജയിക്കാത്ത 144 മണ്ഡലങ്ങളിൽ സന്ദർശനം നടത്തുകയാണ് കേന്ദ്രമന്ത്രിമാരുടെ ദൗത്യം. കേരളത്തിൽ ഇത്തരത്തിലുള്ള ഒരു മണ്ഡലം തിരുവനന്തപുരമാണ്. അവിടെ, രാഷ്ട്രീയപ്രവർത്തന പശ്ചാത്തലമില്ലാത്ത വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണു സന്ദർശനം നടത്തിയത്. 2019ൽ വിദേശകാര്യമന്ത്രിയായി നിയമിതനാകും മുൻപു ജയശങ്കർ നയതന്ത്ര ഉദ്യോഗസ്ഥൻ മാത്രമായിരുന്നു. ജനശ്രദ്ധ ആകർഷിക്കുന്ന പൊതുപരിപാടികൾ കേന്ദ്രമന്ത്രി സന്ദർശനങ്ങളിൽ ഉറപ്പാക്കണമെന്ന നിർദേശം സംസ്ഥാന ഘടകങ്ങൾക്കും ലഭിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും അശ്വിനി കുമാർ ചൗബേയും ഇത്തരത്തിൽ കേരളത്തിലെ ചില മേഖലകളിൽ സന്ദർശനം നടത്തുകയുണ്ടായി.

ഒരു നേതാവോ ഏതെങ്കിലും രാഷ്ട്രീയ കുടുംബമോ സ്ഥിരമായി ജയിക്കുന്ന മണ്ഡലങ്ങളും ബിജെപി നോക്കിവച്ചിട്ടുണ്ട്. യുപിയിലെ റായ്ബറേലി അതിലൊന്നാണ്്. സോണിയ ഗാന്ധി അവിടെനിന്നു സ്ഥിരമായി വിജയിക്കുന്നു. മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തിൽനിന്ന് എൻസിപി മേധാവി ശരദ് പവാറാണു സ്ഥിരം വിജയിച്ചിരുന്നത്. ഇപ്പോൾ  മണ്ഡലത്തെ പവാറിന്റെ മകൾ സുപ്രിയ സുലെ പ്രതിനിധീകരിക്കുന്നു. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് പതിവായി ജയിക്കുന്ന കനകപുരയാണു മറ്റൊന്ന്. മധ്യപ്രദേശിലെ ചിന്ദ്വാര മണ്ഡലം 1980 മുതൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും കുടുംബവും സ്വന്തമാക്കിവച്ചിരിക്കുന്നു. 1997ൽ ഉപതിരഞ്ഞെടുപ്പിൽ മാത്രം  മണ്ഡലം ബിജെപിക്കു ലഭിച്ചു. 

ബിജെപി ജയിക്കാത്ത ഇത്തരം മണ്ഡലങ്ങളിൽ സന്ദർശനം നടത്താനും സ്വാധീനം വർധിപ്പിക്കാനും എംപിമാർക്കു നിർദേശം നൽകിയിട്ട് ആഴ്ചകളായി. എന്നാൽ, കഴിഞ്ഞ ദിവസം നഡ്ഡ നടത്തിയ വിശകലനത്തിൽ ഏറെപ്പേരും  ദൗത്യമേഖലകളിൽ ഒരുവട്ടംപോലും സന്ദർശനം നടത്തിയില്ലെന്നു കണ്ടെത്തി. ഇതെത്തുടർന്ന്  നേതൃത്വം  ദൗത്യത്തിന്റെ ഗൗരവം കേന്ദ്രമന്ത്രിമാരടക്കമുള്ള എംപിമാരെ ഒരിക്കൽകൂടി ഓർമിപ്പിച്ചു. ഈ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതു പാർട്ടി മുൻ ദേശീയ അധ്യക്ഷന്മാർ കൂടിയായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അമിത് ഷാ എന്നീ മൂന്നു മുതിർന്ന കേന്ദ്രമന്ത്രിമാർ മാത്രമാണെന്നും നേതൃത്വം വ്യക്തമാക്കി. 

വിവിധ സംസ്ഥാനങ്ങളിൽ, വിശേഷിച്ചും, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ചുമതലക്കാരിലും (പ്രഭാരിമാർ) ചില അഴിച്ചുപണികൾ ജെ.പി.നഡ്ഡയും അമിത് ഷായും ചേർന്നു നടത്തുകയുണ്ടായി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളായ ബംഗാൾ (തൃണമൂൽ കോൺഗ്രസ്), ഛത്തീസ്ഗഡ് (കോൺഗ്രസ്), കേരളം (എൽഡിഎഫ്), പഞ്ചാബ് (എഎപി), ബിഹാർ (മഹാസഖ്യം), ജാർഖണ്ഡ് (ജെഎംഎം സഖ്യം), ബിജെപി ഭരിക്കുന്ന ചെറുസംസ്ഥാനങ്ങളായ ഹരിയാന, ത്രിപുര, മണിപ്പുർ, കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഡ്, ലക്ഷദ്വീപ്, ദാമൻ ദിയു എന്നിവിടങ്ങളിൽ പുതിയ പ്രഭാരിമാർ നിയമിക്കപ്പെട്ടു. സമീപവർഷങ്ങളിൽ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സ്ഥാനങ്ങളിൽനിന്നു പൊടുന്നനെ നീക്കം ചെയ്യപ്പെട്ടവരെയും തിരഞ്ഞെടുപ്പു ചുമതല നൽകി പുനരധിവസിപ്പിച്ചു. മുൻ മുഖ്യമന്ത്രിമാരായ വിജയ് രൂപാണി, ബിപ്ലവ് കുമാർ ദേബ് എന്നിവർക്കാണു  പാർട്ടി ചുമതലകൾ ലഭിച്ചത്. 

ഗുജറാത്തിൽ ഈ വർഷാവസാനമാണു നിയമസഭാ തിരഞ്ഞെടുപ്പ്. ത്രിപുരയിൽ അടുത്തവർഷവും. രൂപാണിയുടെയും ബിപ്ലവ് ദേബിന്റെയും അണികളുടെ പിണക്കം മാറ്റാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഈ രീതിയിൽ പുനരധിവസിപ്പിക്കപ്പെട്ട മറ്റൊരു മുതിർന്ന നേതാവ് പ്രകാശ് ജാവഡേക്കറാണ്. പാർട്ടി വക്താവായും ഒന്നിലധികം പ്രധാനവകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിരുന്ന ജാവഡേക്കറെ കഴിഞ്ഞ വർഷമാണു പൊടുന്നനെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയത്. മോദി മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ വഹിച്ചിരുന്ന ജാവഡേക്കർ, രവിശങ്കർ പ്രസാദ്, രമേശ് പൊക്രിയാൽ എന്നിവരെ പൊടുന്നനെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നു നേതൃത്വം വ്യക്തമാക്കിയിരുന്നില്ല. മന്ത്രിസ്ഥാനം നഷ്ടമായ ഈ നേതാക്കളും ഇക്കാര്യത്തിൽ സമ്പൂർണമൗനം പാലിച്ചു. 

പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പാർട്ടി നിലപാടുകൾ വ്യക്തമാക്കുന്ന വക്താവായി രവിശങ്കർ പ്രസാദ് തിരിച്ചെത്തിയെങ്കിലും, മുൻ മുഖ്യമന്ത്രിയായിട്ടും ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ രമേശ് പൊക്രിയാൽ ഒതുക്കപ്പെട്ടു. അതേസമയം, ജാവഡേക്കർ പാർട്ടി ചുമതലയിലേക്കു തിരിച്ചെത്തിയതു മാറ്റിനിർത്തപ്പെട്ട മറ്റു നേതാക്കൾക്കും പ്രതീക്ഷ നൽകുന്നുണ്ട്.

കർണാടക, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന ജാവഡേക്കർക്ക് ഇത്തവണ കേരളത്തിന്റെ ചുമതലയാണു ലഭിച്ചത്. കർണാടകയിൽനിന്നോ തമിഴ്‌നാട്ടിൽനിന്നോ ഉള്ള നേതാക്കളെ കേരളത്തിൽ തിരഞ്ഞെടുപ്പു ചുമതല ഏൽപിക്കുന്ന പതിവുരീതി വിട്ടാണ് മഹാരാഷ്ട്രക്കാരനായ ജാവഡേക്കർക്കു ചുമതല നൽകിയത്. ജാവഡേക്കറെ സഹായിക്കാൻ നിയോഗിക്കപ്പെട്ട രാധാമോഹൻ അഗർവാൾ യുപിയിൽനിന്നാണ്. പാർട്ടി സെക്രട്ടറിയായിരുന്ന തമിഴ്നാട്ടുകാരൻ എച്ച്.രാജയാണു ദീർഘകാലം കേരളത്തിന്റെ ചുമതല വഹിച്ചത്. പിന്നീട് കോയമ്പത്തൂർ മുൻ എംപി സി.പി.രാധാകൃഷ്ണനായി ചുമതല. 

കേരള ബിജെപിയിലെ വിവിധ വിഭാഗങ്ങളെ ചേർത്തുകൊണ്ടുപോകാനും പാർട്ടിക്കു സംസ്ഥാനത്തു പുതിയ സ്വാധീനമേഖലകൾ ഉണ്ടാക്കിയെടുക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്തമാണു ജാവഡേക്കർക്കുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു വൻവിജയമാണു കേരളത്തിൽ ലഭിച്ചത്. അതിനാൽ എൽഡിഎഫിനെ ഉപയോഗിച്ചുതന്നെ കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കുന്ന തന്ത്രമാണു സ്വീകരിക്കേണ്ടതെന്ന അഭിപ്രായം ബിജെപിയിലുണ്ട്. എന്നാൽ, യുഡിഎഫിനെയും എൽഡിഎഫിനെയും തുല്യ അളവിൽ എതിർക്കുന്ന തന്ത്രമാണു സ്വീകരിക്കേണ്ടതെന്ന എതിർവാദവും   ശക്തം. ഇക്കാര്യത്തിലെ അവ്യക്തത നീക്കാനുള്ള ഉത്തരവാദിത്തവും ജാവഡേക്കർ നിറവേറ്റേണ്ടിവരും.

Content Highlights: Loksabha election, BJP, Narendra Modi, Kerala BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com