ADVERTISEMENT

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ കേരളത്തിലെ നീണ്ട നടപ്പിനുശേഷം കഴിഞ്ഞ ദിവസം കർണാടകയിലെത്തി. കേരളത്തിൽ രാഹുലും സംഘവും സഞ്ചരിച്ച ദിനങ്ങളിൽ പലവിധ പ്രചാരണങ്ങൾ യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലുണ്ടായി.

ഇക്കൂട്ടത്തിൽ ഉത്തരേന്ത്യയിലടക്കം ഏറെ പ്രചരിച്ച ഒരു വിഡിയോയുണ്ട്. രാഹുലും രാഹുലിനൊപ്പമുള്ള നേതാക്കളും ഭക്ഷണശാലയെന്നു തോന്നുന്ന ഒരിടത്തുനിന്നു പുറത്തേക്ക് ഇറങ്ങി വരുന്നതാണ് വിഡിയോയിലുള്ളത്. അവർ വരുന്നതു പുറത്തുനിന്ന് ഒരാൾ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തതാണ്.  ഇറങ്ങി വരുന്ന നേതാക്കളിൽ പലരുടെയും കാലുകൾ ഒരുഘട്ടത്തിൽ ഇടറുന്നുണ്ട്. ആ ഇടർച്ചയാണ് വിഡിയോ വൈറലാകാനുള്ള കാരണം. ‘രാഹുലും സംഘവും മദ്യപിച്ചു ലക്കുകെട്ട് ബാറിൽനിന്ന് ഇറങ്ങി വരുന്നു’ എന്ന വിവരണത്തോടെ രാഷ്ട്രീയ എതിരാളികൾ ഈ വിഡിയോ പ്രചരിപ്പിച്ചു. ഒറ്റനോട്ടത്തിൽ കണ്ടാൽ അങ്ങനെ സംശയിക്കുകയും ചെയ്യാം.

എന്നാൽ, വിഡിയോ സംബന്ധിച്ച യാഥാർഥ്യം മറ്റൊന്നാണ്. ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലെ ഓച്ചിറയിലെത്തിയപ്പോൾ നേതാക്കൾ പ്രഭാതഭക്ഷണത്തിനു കയറിയ ഹോട്ടലിൽനിന്നുള്ളതാണു ദൃശ്യം. രാവിലെ ഭക്ഷണം കഴിഞ്ഞ് നേതാക്കൾ ഓരോരുത്തരായി ഇറങ്ങി വരുന്നതാണു വിഡിയോയിൽ. ഹോട്ടലിന്റെ തറയിൽ ഒരിടത്ത് ഒരു പടിയിറങ്ങണം. പെട്ടെന്നു ശ്രദ്ധയിൽപെടാത്ത ഈ പടി അപ്രതീക്ഷിതമായി ഇറങ്ങുമ്പോഴാണ് നേതാക്കളുടെ കാലിടറുന്നത്. വിഡിയോ ശ്രദ്ധിച്ചുകണ്ടാൽ കാര്യം വ്യക്തമാകും. കോൺഗ്രസ് നേതാക്കളും ഹോട്ടലുടമയും ഇക്കാര്യം മാധ്യമങ്ങളോടു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഭാരത് ജോഡോ യാത്രയുടെ വിഡിയോകൾ പരിശോധിച്ചാൽ നേതാക്കൾ ഈ ഹോട്ടലിലേക്കു കയറുന്നതും ഭക്ഷണശേഷം നടപ്പു തുടരുന്നതുമെല്ലാം കാണാം. അതിലൊന്നും നേതാക്കൾ മദ്യലഹരിയിലാണെന്നു തോന്നിപ്പിക്കുന്ന ഒന്നുമില്ല. വിഡിയോ വ്യാജപ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

rahul

യാത്രയുമായി ബന്ധപ്പെട്ട ഒരു ചിത്രവും സമാനരീതിയിൽ വ്യാജപ്രചാരണത്തിലുണ്ട്. ഈ ചിത്രത്തിൽ രാഹുൽ ഗാന്ധി ആശ്ലേഷിക്കുന്ന പെൺകുട്ടി, 2020ൽ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകാലത്ത് ഒരു പ്രതിഷേധ പരിപാടിയിൽ ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ച യുവതിയാണ് എന്നാണ് എതിരാളികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, രാഹുലിനൊപ്പമുള്ളതു കേരളത്തിലെ കെഎസ്‌യു പ്രവർത്തകയായ മിവ ആൻഡ്രേലിയോ ആണ്. മിവയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഈ ചിത്രം കാണാം. വ്യാജപ്രചാരണത്തിനെതിരെ ഹൈബി ഈഡൻ എംപി പരാതി നൽകിയിട്ടുണ്ട്.

രാഹുൽ ഗാന്ധി ഒരു യുവതിയുടെ കൈ പിടിച്ചു സംസാരിക്കുന്ന ചിത്രം വ്യാജ വിവരണത്തോടെ പ്രചരിച്ചതും ഈ ദിവസങ്ങളിലാണ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ പെ‍ൺകുട്ടികളുടെ കയ്യിലെ മൈലാഞ്ചി പരിശോധിച്ചു രസിക്കുകയാണ്’ എന്നും മറ്റുമാണ് ആക്ഷേപം. യഥാർഥത്തിൽ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ മകൾ മിറായയാണ് 2015ലെ ഈ ചിത്രത്തിലുള്ള പെൺകുട്ടി.

യാത്രയ്ക്കിടെ രാഹുലും സംഘവും രാത്രി തങ്ങുന്നത് കാരവനുകളിലാണല്ലോ. രാഹുൽ രാത്രിയുറങ്ങുന്ന ആഡംബര കാരവന്റെ ഉൾവശത്തിന്റെ ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയുള്ള പ്രചാരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇന്റർനെറ്റിൽ മുൻപേ ലഭ്യമായ മറ്റു കാരവനുകളുടെ ചിത്രങ്ങളാണ് ജോഡോ യാത്രയുടെ അക്കൗണ്ടിൽ ഇങ്ങനെ വ്യാജ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്!  

സമീപദിവസങ്ങളിൽ നമ്മുടെ മുന്നിലുണ്ടായ ഒരു രാഷ്ട്രീയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വ്യാജപ്രചാരണങ്ങളിൽ ചിലതുമാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. വ്യാജവാർത്ത ഇക്കാലത്തു വലിയ രാഷ്ട്രീയ ആയുധമാണ്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ കബളിപ്പിക്കാൻ മുതൽ നേതാക്കളുടെയും പാർട്ടികളുടെയും ഭാവി നിർണയിക്കുന്നതിൽ വരെ വ്യാജവിവരങ്ങളുടെ സംഹാരശേഷി വളരെ വലുതാണ്.

caravan

ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾ ജനങ്ങളിലേക്കെത്താനുള്ള ഏറ്റവും ശക്തിയുള്ള മാർഗമായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനപാർട്ടികൾ വാട്സാപ് ഗ്രൂപ്പുകൾ വ്യാപകമായി പ്രചാരണത്തിനുപയോഗിച്ചു. 2019 ആയതോടെ ഗ്രൂപ്പുകളുടെ എണ്ണം പതിനായിരക്കണക്കിനായി.

2019ലെ തിരഞ്ഞെടുപ്പുകാലത്ത് സോഷ്യൽ മീഡിയ മാറ്റേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗവേണൻസ്, പോളിസീസ് ആൻഡ് പൊളിറ്റിക്സ് (ഐജിപിപി) എന്നിവ ചേർന്നു നടത്തിയ സർവേ ഫലം വ്യക്തമാക്കിയത്, ഇന്ത്യൻ വോട്ടർമാരിൽ പകുതിയിലേറെപ്പേർക്കും സമൂഹമാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പുകാലത്തു വ്യാജവാർത്തയോ വിവരമോ ലഭിച്ചിരുന്നു എന്നാണ്. വ്യാജപ്രചാരണത്തിന്റെ രാഷ്ട്രീയ വ്യാപ്തി എത്രയെന്ന് ഇതു വ്യക്തമാക്കുന്നു.

 

English Summary: Fake news about Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com