ADVERTISEMENT

ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ ബിജെപി; ഭരണവിരുദ്ധവികാരം തുണയാകുമെന്ന് കോൺഗ്രസ്

ഹിമാചലിന്റെ ചുമതലക്കാരനായി 1995ൽ ബിജെപി ഡൽഹിയിൽ നിന്നയച്ച പ്രഭാരി ഷിംലയിൽ അന്നു പ്രതിപക്ഷത്തായിരുന്ന തന്റെ പാർട്ടിപ്രവർത്തകരോടു പറഞ്ഞു: ‘ഈ രീതി പോരാ, അമ്പലങ്ങളിൽ മണിമുഴക്കി ജനശ്രദ്ധ നേടുന്നതുപോലുള്ള പുത്തൻ പ്രതിഷേധവും പ്രചാരണവും വേണം.’- 1993ൽ കൂറ്റൻ ജയവുമായി ഹിമാചലിൽ ഭരണത്തിലെത്തിയ കോൺഗ്രസിനെ 1998ൽ വാശിയേറിയ പോരാട്ടത്തിൽ ബിജെപി തോൽപിച്ചതു ആ പ്രഭാരിയുടെ കൂടി മികവിലാണെന്ന്  നേതാക്കൾ സമ്മതിക്കുന്നു. 12നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അതേ ഹിമാചലിൽ ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ, അന്നത്തെ ‘പ്രഭാരി’ ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവാണ്, പ്രധാനമന്ത്രിയാണ്. ഇക്കുറി ഹിമാചലിലും നരേന്ദ്ര മോദി തന്നെയാണ് അവരുടെ കരുത്ത്. 

   രാഷ്ട്രീയവിജയം നേടാനുള്ള തന്ത്രങ്ങൾക്കു പഞ്ഞമില്ലാത്ത ബിജെപിക്കെതിരെ, പരമ്പരാഗത രാഷ്ട്രീയവഴികളിലൂടെ വിജയം നേടാനുള്ള കഠിനശ്രമത്തിലാണ് കോൺഗ്രസ്. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇരുപാർട്ടികൾക്കും ശക്തമായ സ്വാധീനമുള്ള ഹിമാചലിൽ സമീപകാല തിരഞ്ഞെടുപ്പുകളിലൊന്നുമില്ലാതിരുന്ന ഇഞ്ചോടിഞ്ചു പോരാട്ടം ഇക്കുറിയുണ്ട്. മറിഞ്ഞുവീഴാനുള്ള കാരണങ്ങൾ ഒരുപാടുണ്ടായിട്ടും മുന്നേറുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്ന കോൺഗ്രസ്, അതിനു സഹായകമാകുന്ന ചെറിയ ഘടകങ്ങൾ പോലും വിട്ടുകളയുന്നുമില്ല. 

 

ആരാണിവിടെ ശക്തൻ ?

മോദി തരംഗത്തിനിടെ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടുശതമാനം 27% ആയി കുറഞ്ഞതൊഴിച്ചാൽ ഹിമാചലിൽ ഇരുപാ‍ർട്ടികൾക്കും 40% വോട്ടിന്റെ സ്ഥിരനിക്ഷേപം സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാമുണ്ട്. 2017ൽ ബിജെപി 44 സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് 21 സീറ്റേ ലഭിച്ചുള്ളൂവെങ്കിലും,  ഇരുപാർട്ടികൾക്കുമിടയിലെ വോട്ടുവ്യത്യാസം 2.68 ലക്ഷം മാത്രമായിരുന്നു. 20 സീറ്റുകളിൽ കനത്ത പോരാട്ടമായിരുന്നു. ഈ മണ്ഡലങ്ങളിൽ ഫലം മാറിമറിഞ്ഞതു മൂവായിരത്തിൽതാഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഏതു ചെറിയ വിഷയവും വിമതസാന്നിധ്യവും തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കാം.

 

ഉപതിരഞ്ഞെടുപ്പിലെ കാറ്റ്

 

കഴിഞ്ഞ നവംബറിൽ സംസ്ഥാനത്തു നടന്ന 4 ഉപതിരഞ്ഞെടുപ്പുകളിലെ ഫലമാണ് ബിജെപിയുടെ ചങ്കിടിപ്പു കൂട്ടിയത്. 3 നിയമസഭാ സീറ്റുകളിലേക്കും മണ്ഡി ലോക്സഭാ സീറ്റിലേക്കും നടന്ന മത്സരത്തിൽ ബിജെപി തറപ്പറ്റി. 

 

തന്ത്രമറിയുന്ന ബിജെപി

 

takur-prathiba
കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് എംപി പ്രചാരണത്തിൽ. മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജയറാം ഠാക്കൂർ പ്രചാരണത്തിനിടെ.

ബിജെപിഇതര സർക്കാർ വരുമെന്ന ചിന്തയെ തിരഞ്ഞെടുപ്പിന്റെ ഏതുഘട്ടത്തിലും മാറ്റിയെടുക്കാനുള്ള സംഘടനാശേഷി തങ്ങൾക്കുണ്ടെന്നു ബിജെപി പല തിരഞ്ഞെടുപ്പുകളിലായി തെളിയിച്ചതാണ്. സംഘടന ശക്തമാണെന്നതു ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു. കോൺഗ്രസിനെക്കാൾ കൂടുതൽ കേന്ദ്ര നേതാക്കളെ എത്തിച്ചുള്ള പ്രചാരണവും സ്വാധീനമുണ്ടാക്കി. നിലവിലെ മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ ജനപ്രീതി അനുകൂല ഘടകമാകുമ്പോൾ തന്നെ, ബിജെപിയുടെ അതികായൻ പ്രേംകുമാർ ധൂമലിനെ കേന്ദ്ര നേതൃത്വം ഒതുക്കിയെന്ന വികാരം വിനയാണ്.  

    

കോൺഗ്രസ് പാളയത്തിൽനിന്ന് ആളെ അടർത്തിയെടുക്കുന്നതു വോട്ടെടുപ്പിനു മുൻപുള്ള ഈ അവസാന മണിക്കൂറുകളിലും ബിജെപി തുടരുന്നു. ഹിമാചലുകാരൻ കൂടിയായ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ സ്ഥലത്തു ക്യാംപ് ചെയ്തു നയിക്കുന്ന പ്രചാരണം ദേശീയതലത്തിലും പാർട്ടിക്ക് അഭിമാനപ്പോരാട്ടമാണ്.

 

വേറൊരു കോൺഗ്രസ്

 

താഴെത്തട്ടിൽ നല്ല പ്രവർത്തനം ഇവിടെ കോൺഗ്രസ് കാഴ്ചവയ്ക്കുന്നു. രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താതിരുന്ന സംസ്ഥാനത്തു പ്രിയങ്ക ഗാന്ധിയാണു മുന്നിൽനിന്നു നയിക്കുന്നത്. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ജനങ്ങളിലെത്തിക്കുന്ന കാര്യത്തിൽ തുടക്കം മുതൽ ശ്രദ്ധ പുലർത്തുന്നു. കോൺഗ്രസിൽ ഇപ്പോഴും പ്രതീക്ഷ പുലർത്തുന്ന വലിയ വിഭാഗം ആളുകളാണ് മറ്റൊരു ബലം. 6 തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ്ങിനെപ്പോലെ തലപ്പൊക്കമുള്ള നേതാവിന്റെ അഭാവം വെല്ലുവിളിയാണ്. മു‍ൻ പിസിസി പ്രസിഡന്റും പ്രചാരണ കമ്മിറ്റി അധ്യക്ഷനുമായ സുഖ്‍വീന്ദർ സിങ് സുക്കു, വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് എംപി, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരാണു കോൺഗ്രസിനെ നയിക്കുന്നത്.

 

വോട്ട് മറിയാൻ കാരണങ്ങൾ

 

1985നു ശേഷം ഒരു പാർട്ടിക്കും ഇവിടെ തുടർഭരണം ലഭിച്ചിട്ടില്ല. ഹിമാചലുകാരുടെ ഈ ഭരണവിരുദ്ധ സ്വഭാവം ഇക്കുറി കോൺഗ്രസിന് ആശ്വാസം പകരുന്നു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ പഴയ പെൻഷൻ പദ്ധതി(ഒപിഎസ്) പുനഃസ്ഥാപിക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചതു വലിയ ചർച്ചയായി. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഈ വാഗ്ദാനം പാലിച്ചിട്ടുണ്ടെന്നതും കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. ഒപിഎസിനെക്കുറിച്ചു ബിജെപി മൗനത്തിലാണ്. ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ സമ്മർദത്തിലാക്കുന്ന പ്രഖ്യാപനം വേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി. 

അവസാന ശമ്പളത്തിന്റെ പകുതിയോളം ലഭിക്കുന്ന പഴയ പെൻഷനു പകരം ഏർപ്പെടുത്തിയ പങ്കാളിത്ത പെൻഷൻ രീതിയിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും അസ്വസ്ഥരാണ്. ഇരുവിഭാഗത്തിലുമായി നാലു ലക്ഷത്തോളം പേരും അവരുടെ കുടുംബാംഗങ്ങളും എന്നത് 55 ലക്ഷം പേർ മാത്രമുള്ള സംസ്ഥാനത്തു വലിയ വോട്ടുബാങ്കാണ്. അഗ്നിപഥ് പദ്ധതിയോടുള്ള എതിർപ്പ്, ആപ്പിൾ കർഷകരുടെ മേലുള്ള ജിഎസ്ടി ഭാരം, വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് തീർത്ത കഷ്ടപ്പാടുകൾ, റോഡുകളുടെയും മറ്റും ശോച്യാവസ്ഥ തുടങ്ങിയവയാണു മറ്റു പ്രധാന ചർച്ചാവിഷയങ്ങൾ. സ്ത്രീ വോട്ടർമാരുടെ വോട്ടുറപ്പിക്കാൻ സൗജന്യപ്പെരുമഴയാണ് ബിജെപി പ്രകടനപത്രികയിൽ. 300 യൂണിറ്റ് വരെ സൗജന്യവൈദ്യുതി വാഗ്ദാനം കോൺഗ്രസും നടത്തുന്നു.

 

അന്തർധാര സജീവം

 

ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം 2017ൽ തിയോഗ് സീറ്റിൽ വിജയിച്ച സിപിഎം ഇക്കുറി 11 ഇടത്തു മത്സരിക്കുന്നു. ഷിംല ഉൾപ്പെടുന്ന ലോവ‍ർ ഹിമാചലിൽ പാർട്ടിക്ക് മോശമല്ലാത്ത വോട്ടുബാങ്കുണ്ട്. 2012ൽ ഷിംല മുനിസിപ്പൽ കോർപറേഷനിലേക്കു നേരിട്ടു തിരഞ്ഞെടുപ്പു നടന്നപ്പോൾ, മേയർ, ഡപ്യൂട്ടി മേയർ സ്‌ഥാനങ്ങൾ നേടിയതു സിപിഎമ്മായിരുന്നു. സിപിഎം മത്സരിക്കാത്ത  മണ്ഡലങ്ങളിൽ സിപിഎം-കോൺഗ്രസ് രഹസ്യധാരണയുണ്ട്. 

‘ആപ്പുണ്ട്’; വിമതരുടെ വകയും

 

പഞ്ചാബിലെ വിജയത്തിനു ശേഷമുള്ള ഈ തിരഞ്ഞെടുപ്പിൽ ആം ആദ്മി വൻ ചലനമുണ്ടാക്കുമെന്നു പ്രചാരണം ഉണ്ടായെങ്കിലും ഇതിന്റെ അലയൊലികൾ സംസ്ഥാനത്തില്ല. ഒറ്റപ്പെട്ട ചില മണ്ഡലങ്ങളിലൊതുങ്ങുന്നു സാന്നിധ്യം. എന്നാൽ, വിമതരുടെ കാര്യം അങ്ങനെയല്ല. ചില മണ്ഡലങ്ങളിലെങ്കിലും വിമതർക്കു മുൻതൂക്കമുണ്ട്. ഹിമാചലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിമതരും സ്വതന്ത്രരും ജയിക്കുന്നത് ഇക്കുറിയായിരിക്കുമെന്നു പ്രവചനങ്ങളുമുണ്ട്. 20 വിമതന്മാർ ബിജെപിക്കു മാത്രം തലവേദന തീർക്കുന്നുണ്ട്. കോൺഗ്രസിനും വിമതശല്യമുണ്ടെങ്കിലും ബിജെപിയിലുള്ളത്ര ശക്തമല്ല. 

കോൺഗ്രസിന് ഇക്കുറി ഹിമാചലിൽ പ്രതീക്ഷയുണ്ട്. പല ഘടകങ്ങൾ നൽകുന്ന ആത്മവിശ്വാസവുമുണ്ട്. അതു തകിടം മറിച്ചു ജയിക്കാനുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പു മാന്ത്രികതയെക്കുറിച്ചു മാത്രമാണ് കോൺഗ്രസുകാരുടെ ആശങ്ക. മണിമുഴക്കി മാത്രം ജനശ്രദ്ധ നേടാൻ ശ്രമിച്ച പഴയ ബിജെപിയല്ല ഇപ്പോഴെന്നു കോൺഗ്രസിനുമറിയാം. പല പദ്ധതികൾക്കായി കേന്ദ്രത്തിൽനിന്നു ‘മണി’യിറക്കി വോട്ടുപിടിക്കാൻ ആവുന്നതും ബിജെപി ശ്രമിക്കുന്നുണ്ട്. അതു ജനം സ്വീകരിക്കുമോയെന്നതു മാത്രമാണ് ഇനിയറിയേണ്ടത്.

 

കക്ഷിനില (2017)

 

ആകെ–68

ബിജെപി–44

കോൺഗ്രസ്–21

സിപിഎം–1

സ്വതന്ത്രർ–2

 

(ഉപതിരഞ്ഞെടുപ്പുകൾക്കും സ്വതന്ത്രരുടെ നിലപാടുമാറ്റത്തിനും ശേഷം നിലവിൽ ബിജെപി–45, കോൺ–22, സിപിഎം–1 എന്നിങ്ങനെയാണ് കക്ഷിനില)

 

തുല്യശക്തികൾ; തുല്യദുഃഖിതരും

 

ബിജെപി 

 

കരുത്ത് 

∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 

    മുൻനിർത്തിയുള്ള വോട്ടുതേടൽ. 

∙ കേന്ദ്രത്തിലും സംസ്ഥാനത്തും

    ഭരണമുള്ളത് ‘ഡബിൾ എൻജിൻ’ 

    വികസനത്തിന്റെ ഫലം നൽകുമെന്ന പ്രചാരണം 

∙  താഴെത്തട്ടിലേക്കു നീളുന്ന 

    ഉറച്ച സംഘടനാശേഷി. 

 

ദൗർബല്യം 

∙ ഭരണവിരുദ്ധവികാരവും പ്രതിഷേധവും. 

∙ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ, വിമതരുടെ സാന്നിധ്യം.  ∙ മറ്റു പാർട്ടികളിൽ നിന്നു വന്നവരെ ഉൾക്കൊള്ളിക്കാൻ 

   നടത്തുന്ന വിട്ടുവീഴ്ച അണികളിലുണ്ടാക്കുന്ന അസ്വസ്ഥത 

 

കോൺഗ്രസ് 

 

കരുത്ത് 

∙ ഭരണവിരുദ്ധ വികാരവും 

    ഉപതിരഞ്ഞെടുപ്പുകളിലെ ജയവും. 

∙ ഒപിഎസും അഗ്നിപഥും ഉയർത്തിയുള്ള    

   പ്രചാരണം താഴെത്തട്ടിലെത്തിച്ചത്. 

∙ വീരഭദ്ര സിങ്ങിനോടുള്ള ഇഷ്ടം 

    ഇപ്പോഴും ശക്തം, ക്യാംപ് ചെയ്തുള്ള    

    പ്രിയങ്ക ഗാന്ധിയുടെ പ്രവർത്തനം.

 

ദൗർബല്യം 

∙ വീരഭദ്ര സിങ്ങിന്റെ തലപ്പൊക്കമുള്ള     

    നേതാവിന്റെ അഭാവം 

∙ നേതാക്കൾക്കിടയിലെ കിടമത്സരം. 

∙ വിമതശല്യം 

 

അഭിപ്രായ സർവേകളിൽ ബിജെപി

 

പി–മാർക്ക് തയാറാക്കിയ സർവേ റിപ്പോർട്ടിൽ ഹിമാചലിൽ 37–45 സീറ്റുമായി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 22–28 സീറ്റു വരെ കോൺഗ്രസിനും ഒരു സീറ്റു വരെ ആം ആദ്മിക്കും പ്രവചിക്കുന്നു. 35 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. എബിപി – സി വോട്ടർ സർവേയിൽ ഇഞ്ചോടിഞ്ചു മത്സരം പറയുന്നെങ്കിലും മുൻതൂക്കം ബിജെപിക്കാണ്: 31–39 സീറ്റ്. കോൺഗ്രസ് 29–37 സീറ്റ് നേടുമെന്നും സർവേ പറയുന്നു. ഇന്ത്യ ടിവി– മാട്രിസ് സർവേ പ്രകാരം, ബിജെപിക്ക് 41 സീറ്റും കോൺഗ്രസിന് 25 സീറ്റുമാണു ലഭിക്കുക.

English Summary: Himachal pradesh election-2022 special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com