ADVERTISEMENT

‘എന്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയിട്ട് ആ ഉദ്യോഗസ്ഥൻ എന്തു നേടി?’ – എന്തെ‍ാരു മുഴക്കമാണ് നിഷ ബാലകൃഷ്ണന്റെ ഈ ചോദ്യത്തിന് ! ഒഴിവ് റിപ്പോർട്ട് ചെയ്യാൻ റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി വരെ കാത്തിരുന്ന ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്കിരയായ നിഷ ഉള്ളുരുകി ചോദിക്കുന്ന ചോദ്യം കേരളീയ പെ‍ാതുസമൂഹം കേൾക്കാതെ പോകരുത്.

ഉദ്യോഗസ്ഥൻ വൈകിപ്പിച്ചതുകെ‍ാണ്ട് കെ‍ാല്ലം ചവറ സ്വദേശി നിഷയ്ക്കു സർക്കാർ ജോലി നഷ്ടപ്പെട്ട സങ്കടകഥ ‘ മലയാള മനോരമ’ പുറത്തുകെ‍ാണ്ടുവന്നതോടെ സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. എന്നാൽ, പ്രശ്നത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർവമായ സമീപനമുണ്ടാകുമോയെന്ന കാര്യത്തിൽ ആശങ്കയുണർത്തുന്നതാണ് ഇക്കാര്യത്തിൽ ഇന്നലെ മന്ത്രി എം.ബി.രാജേഷ് നിരത്തിയ ന്യായവാദങ്ങൾ.

നഗരകാര്യ വകുപ്പ് ഡയറക്ടറുടെ തിരുവനന്തപുരത്തെ ഓഫിസിൽനിന്ന് വിവിധ ജില്ലാ പിഎസ്‌സി ഓഫിസുകളിലേക്ക്, റാങ്ക് പട്ടികയുടെ അവസാനദിവസമായ 2018 മാർച്ച് 31നു രാത്രി 11.36 മുതൽ അർധരാത്രി വരെയുള്ള സമയത്താണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. കെ‍ാച്ചി കോർപറേഷൻ ഓഫിസിലെ ഒഴിവ് നിഷയുടെയും മറ്റ് ഉദ്യോഗാർഥികളുടെയും ശ്രമഫലമായി നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് ആ മാർച്ച് 28നു റിപ്പോർട്ട് ചെയ്യിച്ചിരുന്നു. എന്നാൽ, 31ന് അർധരാത്രി മാത്രമാണ് പിഎസ്‌സി ഓഫിസിലേക്ക് ആ ഒഴിവ് റിപ്പോർട്ട് ചെയ്തത്. ഇ മെയിലിൽ അവിടെ ലഭിച്ചതാകട്ടെ 12 മണി പിന്നിട്ട് 4 സെക്കൻഡുകൾക്കുശേഷവും. പട്ടികയുടെ കാലാവധി രാത്രി 12ന് അവസാനിച്ചുവെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു. 

ഏറ്റവും വൈകി, ഒഴിവു റിപ്പോർട്ട് ചെയ്ത് നിഷയുടെ ജീവിതം തകർത്ത ഉദ്യോഗസ്ഥനെപ്പോലുള്ളവർ, അതേസമയം മറുവശത്ത് ഉന്നതരാണെങ്കിൽ ഏതു നിയമവും മാറ്റിയെഴുതാനും അവർക്കായി എന്തു ചെയ്യാനും തയാറാകുമെന്നതാണ് ഈ കാലത്തിന്റെ ദുരന്തം. നിലവിലുള്ള നിയമങ്ങളെയും കോടതിവിധികളെയും ലംഘിച്ചു സർക്കാർതന്നെ വളർത്തിയെടുത്ത പിൻവാതിൽ നിയമനരീതിയുടെ വ്യാപനം അത്രത്തോളം ശക്തമായിക്കഴിഞ്ഞു. 

പിഎസ്‌സി വഴിയുള്ള സ്ഥിരം ജോലി എന്ന സ്വപ്നത്തിൽ ഇരുൾ വീണവർക്ക് അൽപം ആശ്വാസമായിരുന്ന സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജോലികളിലാണ് ഈ പിൻവാതിൽ നിയമനങ്ങൾ എന്നതാണ് ഏറ്റവും അപലപനീയം.  പിൻവാതിൽ നിയമനം പല രൂപത്തിൽ എല്ലാക്കാലത്തും ഉണ്ടായിരുന്നെങ്കിലും നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലത്തേതുപോലെ സർവവ്യാപിയായി എല്ലാ വകുപ്പുകളിലും കടന്നുകയറുന്ന രീതിയിൽ ഒരിക്കലുമുണ്ടായിട്ടില്ല. മേൽ, കീഴ്ഘടക വ്യത്യാസമില്ലാതെ നേതാക്കളുടെ ബന്ധുക്കളെ നിയമിക്കുന്ന രീതിയും ഇത്തവണയാണ് ഇത്രയേറെ വർധിച്ചത്. 

സർക്കാർ, അർധ സർക്കാർ, കമ്പനി, കോർ‌പറേഷൻ നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടില്ലെങ്കിൽ അവിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേന മാത്രമേ നിയമനം നടത്താവൂ എന്നാണ് കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസി ആക്ടിൽ (1959) വ്യക്തമാക്കിയിട്ടുള്ളത്. പിൻവാതിലിലൂടെ നിയമിക്കപ്പെടുന്നവരെ പിൻവാതിലിലൂടെതന്നെ പുറത്താക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ഉദ്ധരിച്ചും അനുബന്ധ വിധികൾ ചൂണ്ടിക്കാട്ടിയും ഉത്തരവുകളേറെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഭരണത്തിന്റെ മറവിൽ പാർട്ടി വളർത്താൻ ശ്രമിക്കുമ്പോൾ ഇതെല്ലാം മൂടിവയ്ക്കപ്പെടുകയാണ്. 

കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന മാസങ്ങളിൽ താൽക്കാലിക, ദിവസവേതന, കരാർ തൊഴിലാളികളെ വ്യാപകമായി സ്ഥിരപ്പെടുത്തിയതിനെതിരെ 2021 ഫെബ്രുവരി 22ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും പിൻവാതിൽ നിയമനങ്ങൾക്കെതിരെ പറയുന്നുണ്ട്. സർക്കാർ തന്നെ ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് പിൻവാതിൽ നിയമനരീതിയോടുള്ള സർക്കാർ സമീപനത്തിന്റെ ഉദാഹരണം കൂടിയല്ലേ ? 

മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കൊടി പിടിച്ചാൽ പണി പടിക്കൽ’ എന്ന പരമ്പര ഈ ദിശയിലുള്ള അന്വേഷണമായിരുന്നു. 27.34 ലക്ഷം ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുമ്പോൾ കേരളത്തിലെ പഞ്ചായത്തുകളിൽ മാത്രം എണ്ണായിരത്തിലധികം പേരാണ് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. പിഎസ്‌സിക്കു വിടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്ന ചട്ടത്തെ അധികാരത്തിന്റെ അഹങ്കാരത്തിൽ തച്ചുടയ്ക്കുമ്പോൾ സംവരണമടക്കമുള്ള സാമൂഹികനീതി മാനദണ്ഡങ്ങളോടെ‍ാപ്പം ലക്ഷക്കണക്കിനു സാധാരണക്കാരുടെ സ്വപ്നങ്ങളും കൂടിയാണ് അട്ടിമറിക്കപ്പെടുന്നത്.

English Summary: Kollam Nisha Balakrishnan PSC appoinment Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com