ADVERTISEMENT

മഞ്ഞുകട്ടയും ഒഴുകിയെത്തിയ മണ്ണും കൂടിച്ചേർന്ന ദുർബലമേഖലയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. ജനവാസമേറിയപ്പോൾ, നിർമാണപ്രവർത്തനങ്ങൾ കൂടിയപ്പോൾ അത് ആ ലോലഭൂമിക്ക് താങ്ങാൻ പറ്റാതായി. അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നിൽ

ഹിമാലയ പർവതത്തിലാണെങ്കിലും ജോഷിമഠ് ഉൾപ്പെടുന്ന ഭൂപ്രകൃതിയുടെ അടിഭാഗം പലരും കരുതുംപോലെ കെട്ടുറപ്പുള്ള പാറക്കൂട്ടമല്ല. പല കാലങ്ങളിലെ ഉരുൾപൊട്ടൽ തീർത്ത ‘മാലിന്യത്തിന്റെയും’ മഞ്ഞുകട്ടയുടെയും മുകളിലാണ് ഇതിന്റെ നിൽപ്. മാലിന്യമെന്നാൽ വെറും മാലിന്യമല്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഒഴുകിയെത്തിയ മാലിന്യം അടിഞ്ഞുണ്ടായ പ്രദേശം. അതിനു മുകളിൽ ജീവിതം കെട്ടിയുയർത്താൻ നോക്കിയപ്പോഴുണ്ടായ തിക്കും തിരക്കും മുതൽ ഹിമാലയത്തെ നാം വല്ലാതെ ചൂഷണം ചെയ്തതു വരെയുള്ള കാരണങ്ങൾ ഭൂമിയിടിഞ്ഞു താഴുന്ന, കെട്ടിടങ്ങൾ പിളരുന്ന ഇപ്പോഴത്തെ പ്രതിസന്ധിക്കു പിന്നിലുണ്ട്.

പാരിസ്ഥിതികമായും ഭൗമശാസ്ത്രപരമായും ലോലമായൊരു ഇടമായിരിക്കുന്നു ജോഷിമഠ്. പെട്ടെന്നൊരു ദിവസം സംഭവിച്ചതല്ല ഈ പ്രതിസന്ധി. ഇന്ത്യൻ ശിലാമണ്ഡല ഫലകം വടക്കുദിശയിലേക്കു നീങ്ങി യൂറേഷ്യൻ ശിലാമണ്ഡല ഫലകത്തിനിടയിലേക്കു കടക്കുന്നതിന്റെ ഫലമാണ് ഇപ്പോഴുണ്ടാകുന്ന ഭൂചലനങ്ങളെന്ന പഠനം ഇതിനോടു ചേർത്തുവായിക്കണം. ഈ മേഖലയിലെ പിത്തോ‍ടഗഡ്, ഉത്തരകാശി, ബാഗേശ്വർ, ചമോലി, രുദ്രപ്രയാഗ് തുടങ്ങിയവ ശക്തമായ ഭൂചലന മേഖലകളാണ്. 

charu
പ്രഫ. ചാരു സി.പന്ത്

 അസം മുതൽ പാക്കിസ്ഥാൻ വരെ ലോല മേഖലകളായി മാറിയതിനു ഭൗമശാസ്ത്ര കാരണങ്ങൾ പലതുണ്ട്. അതോടൊപ്പം, ജനവാസം വല്ലാതെ വർധിച്ചതും വിനോദസഞ്ചാര മേഖലയിലുണ്ടായ വളർച്ച മൂലം നിർമാണപ്രവർത്തനങ്ങളേറിയതും ഊർജ‌പദ്ധതികൾ നടപ്പാക്കുന്നതും സൈനിക പദ്ധതികളുടെ ഭാഗമായ വികസന പ്രവർത്തനങ്ങളും എല്ലാം ഇപ്പോഴത്തെ പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഒപ്പം, കയ്യേറ്റവും ഖനനവും വലിയ വാഹനങ്ങൾ സൃഷ്ടിച്ച പ്രകമ്പനവും ഈ ലോലഭൂമിയെ കൂടുതൽ ദുർബലമാക്കി.

ഇതിലേറ്റവും ഗൗരവമേറിയത് എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഡ് വൈദ്യുതി പദ്ധതിയും ഇതിന്റെ ഭാഗമായ തുരങ്കങ്ങളുടെ നിർമാണവുമാണ്. ഇതാണ് ഇപ്പോഴത്തെ അവസ്ഥയുണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജോഷിമഠിന്റെ താഴ്‌വാരമേഖലകളാണ് വിഷ്ണുഗഡും തപോവനും. താഴെ ഏൽക്കുന്ന പ്രഹരം മുകളിൽ പ്രതിഫലിക്കുക സ്വാഭാവികം. ഏതായാലും ഇതെക്കുറിച്ചു വിശദമായ പഠനം അനിവാര്യമാണ്. വൈദ്യുത പദ്ധതി പോലുള്ള വികസനപ്രവർത്തനങ്ങൾ ഒഴിവാക്കുകയല്ല മാർഗം. ശാസ്ത്രീയ പഠനം നടത്തി ആവശ്യമെങ്കിൽ വഴിതിരിച്ചുവിട്ട് ഏറ്റവും ഉചിതമായ പരിഹാര വഴികൾ കണ്ടെത്തുകയാണു വേണ്ടത്. ഇതിനു വേണ്ട സാങ്കേതികസാധ്യതകൾ നമുക്കു മുന്നിലുണ്ട്. 

map

വെള്ളം ഒഴുകിപ്പോകാൻ സുസജ്ജമായ സംവിധാനമില്ലെന്ന പ്രശ്നവും എടുത്തുപറയണം. മഴയും മഞ്ഞുരുകിയെത്തുന്ന വെള്ളവും കൃത്യമായി ഒഴുകിപ്പോകാതെ വരുമ്പോൾ മണ്ണൊലിപ്പു കൂടും. വെള്ളം മണ്ണിലേക്കു താഴുന്നതും സമ്മർദം വർധിപ്പിക്കും. പാറ ദുർബലമാകും. മുൻപുണ്ടായതിനെക്കാൾ ശക്തമായ പ്രതിസന്ധി നിലനിൽക്കുന്ന ഈ ദിവസങ്ങളിൽ മഴയില്ലെന്നത് അത്രയും ആശ്വാസമാണ്.

മലമുകളിലെ നഗരം നൽകുന്ന പാഠം

ഇപ്പോൾ നമുക്കു കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യയും സൗകര്യങ്ങളുമുണ്ട്. 1880ൽ നൈനിറ്റാളിലാകെ 153 ഉരുൾപൊട്ടലുകളുണ്ടാകുകയും 115 ബ്രിട്ടിഷുകാർ മരിക്കുകയും ചെയ്തിരുന്നു. കമ്മിഷനെ നിയോഗിച്ചു പ്രശ്നം പഠിച്ച ബ്രിട്ടിഷുകാർ, അവിടെ വെള്ളം ഒഴുകിപ്പോകാൻ ചാലുകളുടെ ശൃംഖല (ഡ്രെയിൻ നെറ്റ്‍വർക്ക്) സൃഷ്ടിച്ചെടുത്തു. ഹിമാലയ മേഖലയിലെ മറ്റിടങ്ങളിലേതുപോലെ അടിത്തറ ലോലമെങ്കിലും നൈനിറ്റാളിനെ ഇതു സുരക്ഷിതമായി നിലനിർത്തുന്നു.

മലമുകളിൽ ഒരിക്കലും വലിയൊരു നഗരം പണിയാൻ ശ്രമിക്കരുതെന്ന വലിയ പാഠമാണ് ജോഷിമഠ് പ്രതിസന്ധി നമ്മെ ഓർമിപ്പിക്കുന്നത്. ജോഷിമഠ് വഴി ചെന്നെത്താവുന്ന സ്ഥലങ്ങളുടെ തീർഥാടന, ടൂറിസം സാധ്യതകൾ കണക്കിലെടുക്കുമ്പോൾ ചെറുഗ്രാമങ്ങളാകും ഉചിതം. ഹിമാലയത്തെ കൂടുതൽ മുറിവേൽപിക്കാതെ, 2000– 3000 പേർക്കു താമസിക്കാവുന്ന ചെറു ഇടത്താവളങ്ങളാണു സജ്ജമാക്കേണ്ടത്. ഐതിഹ്യ, ചരിത്രകഥകളിൽ, ബദരീനാഥിലേക്കുള്ള യാത്രയ്ക്കിടെ രാത്രി തങ്ങാനുള്ള ചെറുഗ്രാമമായിരുന്നു ജോഷിമഠ്. 

utter
ജോഷിമഠിലെ മനോഹർ ബാഗിൽ ചന്ദ്രവല്ലഭ പാണ്ഡെയുടെ വീട് പൊട്ടിത്തകർന്ന നിലയിൽ.

ഭൗമശാസ്ത്രപ്രശ്നങ്ങൾ, ജനവാസവും പുനരധിവാസവും, വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഏർപ്പെടുത്തൽ, കെട്ടിടങ്ങളുടെ രൂപകൽപന തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദഗ്ധരും ജിയോളജിസ്റ്റുകളും ദീർഘവീക്ഷണത്തോടെ ചർച്ച നടത്തി പരിഹാരം കാണണം. ആളുകളെ പുനരധിവസിപ്പിക്കുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കണം. പ്രകൃതിയുടെ സ്വാഭാവികതയിലേക്കു കടന്നുകയറി, അടിസ്ഥാനം സുരക്ഷിതമാണോ എന്നുപോലും ചിന്തിക്കാതെ ഹോട്ടലുകളും വീടുകളും നിർമിക്കുന്ന മനോഭാവത്തിലും മാറ്റം വേണം. മറ്റിടങ്ങൾക്കുകൂടിയുള്ള മുന്നറിയിപ്പായി ജോഷിമഠിനെ കാണണം. കേരളത്തിനുമുണ്ട് ഇവിടെനിന്നു ചില പാഠങ്ങൾ. സ്ഥലപരിമിതിയും ജനബാഹുല്യവും കാരണമാക്കി കയ്യേറ്റം നടക്കുന്നുണ്ടെങ്കിൽ അത് അപകടകരമാണ്.

അഞ്ചു കിലോഗ്രാം ഭാരം താങ്ങാനാകുന്ന ഒരാളുടെ ചുമലിലേക്ക് 50 കിലോഗ്രാം എടുത്തുവച്ചാലോ? അയാൾ മറിഞ്ഞുവീഴും. ആ വീഴ്ചയിൽനിന്ന് എഴുന്നേൽക്കാൻ പ്രയാസപ്പെടും. ജോഷിമഠിന്റെ കാര്യത്തിൽ മാത്രമല്ല, നിരന്തരപ്രളയവും മണ്ണിടിച്ചിലുമായി ദുസ്സൂചന നൽകുന്ന കേരളം ഉൾപ്പെടെ എല്ലാ സ്ഥലങ്ങളുടെ കാര്യത്തിലും ഈ ജാഗ്രത വേണം; ഭൂമിക്ക് അമിതഭാരം നൽകരുത്.

(നൈനിറ്റാളിലെ കുമൗ സർവകലാശാല റിട്ട. ഡീനും ഹിമാലയത്തെക്കുറിച്ച് 45 വർഷമായി പഠനം നടത്തുന്ന ജിയോളജിസ്റ്റുമാണു ലേഖകൻ)

English Summary: Joshimath tells us not to be a burden to the Earth writes Charu C Panth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com