ADVERTISEMENT

എസ്എസ്എൽസി പരീക്ഷയിൽ റാങ്ക് സമ്പ്രദായം അവസാനിപ്പിച്ച് ഗ്രേഡിങ് വന്നിട്ടു വർഷങ്ങളായെങ്കിലും ഇന്നലെ പുറത്തുവന്ന ഫലപ്പട്ടികയിലെ ഒരു പേരിനു നിത്യനക്ഷത്രകാന്തിയുണ്ട്. എല്ലാ വിഷയങ്ങൾക്കും എപ്ലസ് കിട്ടിയ ബി.ആർ.സാരംഗ് എന്ന വിദ്യാർഥിയുടെ പേര് കാലം മായ്ക്കാത്ത ഒരു മഹാസന്ദേശത്തിന്റെകൂടി നാമമായി നാം ഇപ്പോൾ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു.   

പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന്റെ അവയവങ്ങൾ ആറു പേർക്ക് ഉയിരേകുകയാണെന്നറിഞ്ഞ് കൈകൂപ്പുകയാണു കേരളം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ സാരംഗിനു കഴിഞ്ഞ ആറിന് ഓട്ടോറിക്ഷ അപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണു ബുധനാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചത്. കണ്ണുകൾ, കൈകൾ, കരൾ, ഹൃദയം, വൃക്കകൾ തുടങ്ങിയവ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ ആരംഭിച്ചു. 

അവയവദാനം എന്ന മഹാസന്ദേശത്തിന്റെ പ്രസക്‌തി മുൻപെന്നത്തെക്കാളും വർധിച്ചുവരുമ്പോഴാണു സാരംഗ് നമുക്കു മുന്നിൽ മാതൃകയുടെ മനോഹരചിത്രം വരച്ചുമറയുന്നത്. ‘ദയവുചെയ്‌തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം’ എന്ന മൂല്യവത്തായ ചിന്ത ആ ചിത്രത്തിന് എന്നും മായാത്തൊരു മാനുഷികനിറം ചാർത്തുന്നു. 

അവയവദാനത്തിന്റെ ആ വലിയ സന്ദേശം സ്വന്തം ജീവിതംകൊണ്ട് എഴുതുന്നവരുടെ എണ്ണം കൂടിവരികയാണെന്നതു പ്രത്യാശാജനകമാണ്. ഈ ലോകത്തു തുടരാൻ മറ്റു ചിലർക്ക് അവസരമൊരുക്കുന്ന ജീവസന്ദേശം തന്നെയാണത്. മൃതിയുടെ അരികിൽനിന്നു തിരികെ കൊണ്ടുവരാവുന്ന എത്രയെത്ര ജീവനാണ് അവയവദാനത്തിനു പലരും മടിക്കുന്നതിലൂടെ ദിനംപ്രതി കൈവിട്ടുപോകുന്നത്? നിത്യദുരിതത്തിൽനിന്ന് എത്രയോ പേരെ മോചിപ്പിക്കാനുള്ള അവസരം ഉൾക്കാഴ്‌ചയില്ലായ്‌മയിലൂടെ അങ്ങനെ പാഴാവുന്നു. അതുകൊണ്ടാണ്, സാരംഗിനെപ്പോലുള്ളവരുടെ മഹാദാനം വിശുദ്ധമായൊരു സന്ദേശമായിത്തീരുന്നത്. കരുണയും സഹജീവിസ്നേഹവും തുടിക്കുന്ന മൂല്യവത്തായ ഈ സന്ദേശം യാഥാർഥ്യമാക്കിയ സാരംഗിന്റെ അമ്മയോടും അച്ഛനോടുമുള്ള നാടിന്റെ നന്ദിക്ക് അത്രമേൽ ആഴമുണ്ട്. 

അനാരോഗ്യ പ്രവണതകൾ തടയാനും അർഹതയുള്ളവർക്കു നേരായ വഴിയിലൂടെ നടപടികൾ ഉറപ്പാക്കാനുമായി രൂപീകരിച്ച സർക്കാർ ഏജൻസിയായ ‘മൃതസഞ്ജീവനി’ വഴി മാത്രമാണു സംസ്ഥാനത്ത് അവയവദാനം സാധ്യമാകുന്നത്. മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് അവയവങ്ങൾ സ്വീകരിക്കുന്നതിനായി, ഈ പദ്ധതിയിൽ പേരു റജിസ്റ്റർ ചെയ്ത് എത്രയോ പേർ കാത്തിരിക്കുന്നു. ഇതിലും എത്രയോ അധികംപേർ ജീവിച്ചിരിക്കുന്ന ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നുമൊക്കെ വൃക്കയും കരളും സ്വീകരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

ജീവിച്ചിരിക്കെ തന്നെ സമ്മതപത്രത്തിൽ ഒപ്പിടുന്നവരും മരിച്ച പ്രിയപ്പെട്ടവരുടെ ആകാവുന്നിടത്തോളം അവയവങ്ങൾ ദാനംചെയ്യാൻ തയാറാകുന്ന ബന്ധുക്കളും എല്ലാ സഹായങ്ങളുമായി നാടും ഒന്നിച്ചുനിൽക്കുമ്പോൾ, സാങ്കേതിക നൂലാമാലകളും സാമ്പത്തിക പ്രയാസങ്ങളും ഒഴിവാക്കാൻ സർക്കാരും ഒപ്പമുണ്ടാകണം. അവയവദാനത്തിന്റെ വലിയ സന്ദേശം സ്വന്തം ജീവിതത്താൽ എഴുതുന്നവർ ഉള്ളതുകൊണ്ടുകൂടിയാണ് നമ്മുടെ ലോകം ഇത്രയേറെ പ്രകാശമാനമായി നിലകൊള്ളുന്നതെന്നു മറക്കാതിരിക്കാം. 

സാരംഗിനുമുൻപും ഒട്ടേറെപ്പേർ ഇവിടെ അവയവദാനത്തിലൂടെ അനശ്വരരായിട്ടുണ്ട്. അവയവദാനം മഹാദാനമാണെന്നും അതിൽ ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നും തിരിച്ചറിയുന്നവരുടെ കരുണാസമുദ്രം ഇവിടെ അലയടിക്കാൻ ഇവരുടെയൊക്കെ ഓർമ നമുക്കു വഴിവിളക്കാവട്ടെ. മരിച്ചവർ ജീവിച്ചിരിക്കുന്നവരിൽ സ്‌നേഹത്തോടെ ബാക്കിവച്ചുപോയ ഹൃദയവും കണ്ണും കരളുമെ‍ാക്കെ നമ്മോടു പറയുന്നു: ഈ ലോകത്തു തുടരാൻ മറ്റു ചിലർക്ക് അവസരമൊരുക്കി തൃപ്‌തിയോടെ മറഞ്ഞവരുടേതാണിത്; അങ്ങനെ മരണത്തെ തോൽപിച്ചവരുടേതാണിത്. അതുകെ‍ാണ്ടുതന്നെ, ഈ എസ്എസ്എൽസി വിജയപ്പട്ടികയിലെ ഏറ്റവും തിളക്കമുള്ള പേര് സാരംഗിന്റേതായിത്തീരുന്നു.

English Summary: Editorial about Sarang's organ donation after accident death and his achievement in sslc exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com