ADVERTISEMENT

ഒഡീഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപെട്ടുണ്ടായ ജീവഹാനികൾ രാജ്യത്തിന്റെയാകെ ദുഃഖമായിത്തീരുന്നു. ഉറ്റവർ നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബങ്ങളിൽനിന്നുള്ള വിലാപമാണ് ഇപ്പോൾ ഇന്ത്യയുടെ കാതിലുള്ളത്. അപ്രതീക്ഷിതമായി ജീവിതത്തിന്റെ യാത്ര മുറിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കട്ടെ.

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണിത്. ദാരുണമായ ഈ അപകടം ജനതയെയാകെ നടുക്കുന്നുവെന്നതു മാത്രമല്ല, റെയിൽവേയുടെ വിശ്വാസ്യതയ്ക്കു വലിയ മങ്ങലും ഏൽപിച്ചിരിക്കുകയാണ്. യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളത്തിലൂടെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേ സഞ്ചരിക്കേണ്ടതെന്നിരിക്കെ, മരിച്ചവരുടെയും പരുക്കേറ്റവരുടെയും നീളുന്ന സങ്കടപ്പട്ടികയാണ് ബാലസോർ നൽകിയിരിക്കുന്നത്.

സിഗ്നൽ തകരാറാണ് അപകടകാരണമെന്നാണു റെയിൽവേയുടെ പ്രാഥമിക റിപ്പോർട്ട്. കെ‍ാറമാണ്ഡൽ എക്സ്പ്രസ് പ്രധാന പാതയിലൂടെ (മെയിൻ ലൈൻ) കടന്നുപോകാനായി  സിഗ്‌നൽ നൽകിയിരുന്നെങ്കിലും ട്രെയിൻ പ്രധാന പാതയിൽനിന്നു തിരിഞ്ഞുപോകുന്ന (ലൂപ് ലൈൻ) പാതയിലൂടെ സഞ്ചരിച്ച്, നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിൽ ഇടിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്. കൊറമാണ്ഡലിന്റെ 21 കോച്ചുകൾ പാളംതെറ്റിയപ്പോൾ 5 മിനിറ്റിനകം എതിർദിശയിൽനിന്നെത്തിയ യശ്വന്ത്പുര– ഹൗറ എക്സ്പ്രസ്, ആദ്യം ചരക്കുട്രെയിനിന്റെയും തുടർന്ന് കൊറമാണ്ഡലിന്റെയും മറിഞ്ഞ കോച്ചുകളിലിടിക്കുകയായിരുന്നു. ട്രെയിൻ കൂട്ടിയിടി തടയാനുള്ള ഇലക്ട്രോണിക് സംവിധാനമായ ‘കവച്’ ഈ റൂട്ടിൽ സ്ഥാപിച്ചിട്ടില്ല. റെയിൽവേയുടെ സിഗ്നൽ സംവിധാനം ഇത്രയും പരിതാപകരമായ അവസ്ഥയിലാണോ എന്ന ചോദ്യത്തിനു മറുപടി ഉണ്ടാവുകതന്നെ വേണം.

ഈ അപകടത്തിലും അന്വേഷണങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യത്തെ വൻ ട്രെയിൻ അപകടങ്ങളെക്കുറിച്ച് അന്വേഷിച്ച റെയിൽവേ സുരക്ഷാ കമ്മിഷണർമാരും ജുഡീഷ്യൽ കമ്മിഷനുകളും ഒട്ടേറെ ശുപാർശകൾ ഇതിനകം സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ മിക്കതും പാളം തൊട്ടിട്ടില്ലെന്നതാണു വാസ്തവം. ആ ശുപാർശകൾക്കു വേണ്ടത്ര വില കിട്ടാതിരുന്നതു യാത്രാസുരക്ഷയ്‌ക്കു റെയിൽവേ അർഹമായ പരിഗണന നൽകാത്തതുകൊണ്ടുതന്നെയല്ലേ? കൃത്യമായ കാരണങ്ങൾ കണ്ടെത്തി, അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളാണു വേണ്ടത്.

റെയിൽ സുരക്ഷ സംബന്ധിച്ചു പഠിച്ച ഡോ. അനിൽ കകോദ്‌കർ കമ്മിറ്റി 2012ൽ സമർപ്പിച്ച ശുപാർശകൾ റെയിൽവേ ഇതുവരെ പൂർണമായും നടപ്പാക്കിയിട്ടില്ല. സ്വതന്ത്രമായ റെയിൽവേ സുരക്ഷാ ഏജൻസി, യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം (ഇടിസിഎസ് 2) മാതൃകയിൽ ആധുനിക ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം എന്നിവയായിരുന്നു പ്രധാന ശുപാർശകൾ. പാളംതെറ്റുന്നതടക്കമുള്ള അപകടങ്ങളുടെ കാരണമെന്തായാലും സാങ്കേതിക സാധ്യതകളുടെ ഈ കാലത്തെങ്കിലും അതുണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും മുൻനോട്ടവുമാണു റെയിൽവേയിൽനിന്നു യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

പല അപകടങ്ങളിലും ജീവനക്കാരുടെ കൈപ്പിഴയാണു വില്ലനെന്നു പറഞ്ഞു തടിതപ്പുന്ന റെയിൽവേ അവർക്കു വിദഗ്ധപരിശീലനം നൽകുന്നതിനും അമിതജോലിഭാരം ഒഴിവാക്കുന്നതിനും കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. കീഴ്ജീവനക്കാരെ ബലിയാടാക്കുന്നതിനു പകരം, ഉന്നത ഉദ്യോഗസ്ഥർക്കുകൂടി ഉത്തരവാദിത്തം വരുന്നവിധം നടപടികൾ ഉണ്ടാകണം. റെയിൽവേയിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവും ട്രെയിൻ സുരക്ഷയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ട്രാക്കിൽ ജോലി ചെയ്യേണ്ട ജീവനക്കാരിൽ പലരും ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലികൾ ചെയ്യുന്ന സാഹചര്യംവരെ രാജ്യത്തുണ്ട്.

സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലുപരി, റെയിൽവേ മുഖംമിനുക്കൽ പരിപാടികളിൽ മുഴുകിയിരിക്കുകയാണെന്നാണ് ആക്ഷേപം. സ്റ്റേഷൻ നവീകരണമെന്ന ഓമനപ്പേരിൽ കാര്യമായി യാത്രക്കാരില്ലാത്ത സ്റ്റേഷനുകളിൽ വരെ കോടികളാണു ചെലവഴിക്കാൻ ഒരുങ്ങുന്നത്. റെയിൽവേ കൂടുതൽ പണം മുടക്കേണ്ടതു ട്രാക്കിലും സിഗ്‌നൽ‌ സംവിധാനങ്ങളിലുമാണെങ്കിലും അതിനു പലപ്പോഴും മുഖ്യപരിഗണന കിട്ടുന്നില്ല.

സമീപകാലത്തുതന്നെ പല ട്രെയിൻ അപകടങ്ങളും ഉണ്ടായി. വേണ്ട നടപടികളെടുക്കുമെന്ന് ഒാരോ വലിയ അപകടത്തിനുശേഷവും സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. അതിലെന്തു നടപടിയാണ് ഇതിനകം യാഥാർഥ്യമായത്? പാളങ്ങളിൽ അരക്ഷിതാവസ്ഥ കൂടി സഹയാത്ര ചെയ്യുന്നില്ലെന്ന് ഇനിയെന്നാണു നാം ഉറപ്പാക്കുക? ഏകദേശം 68,000 കിലോമീറ്റർ റെയിൽപാതയിലായി രണ്ടു കോടിയിലേറെ യാത്രക്കാർ രാജ്യത്തു പ്രതിദിനം സഞ്ചരിക്കുന്നതു ഭയാശങ്കകളോടെയായിക്കൂടാ. ബാലസോറിലെ പാളങ്ങൾ ജീവൻ കവർന്നവരോടുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രായശ്ചിത്തം ഇങ്ങനെയെ‍ാരു ദുരന്തം ഇനിയുണ്ടാകില്ലെന്ന ഉറപ്പുനൽകൽതന്നെയാണ്.

English Summary : Editorial about odisha train accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com