ADVERTISEMENT

പതിവില്ലാതെ ചിലർ കാണാൻ വരുമ്പോഴോ ‘ധൈര്യമായിരിക്ക്’ എന്നു ആശ്വസിപ്പിക്കുമ്പോഴോ ആണ് ‘അവസ്ഥ ഇത്തിരി മോശമാണ്’ എന്നു തനിക്കു തന്നെ തോന്നാറെന്ന് നടൻ ഇന്നസന്റ് പറ‍ഞ്ഞിട്ടുണ്ട്. മുൻ മന്ത്രി എ.കെ.ബാലൻ വരുമ്പോൾ പിണറായിയുടെ കാര്യവും ഏതാണ്ട് ഇതുപോലെയാണ്. ഏതു വിവാദവും ബാ‍ലൻ വിശദീകരിക്കുന്നതോടെ മുഖ്യമന്ത്രി എന്തോ കുഴപ്പത്തിൽ വീണുപോയിട്ടുണ്ട് എന്ന ധാരണയാണ് പൊതുവേ പരക്കുക.

കെൽട്രോൺ ക്യാമറവച്ച് 70 കോടി രൂപ കമ്മിഷൻ അടിക്കുന്നുവെന്നു വന്നപ്പോഴായിരുന്നു ബാലന്റെ ആദ്യപ്രവേശം. കുടുംബാംഗത്തെവരെ ആരോപണത്തിൽ ഉൾപ്പെടുത്തി പ്രതിപക്ഷം ഇരയിട്ടിട്ടും തൊടാതെ പിണറായി അടങ്ങിക്കഴിയുമ്പോഴാണ് ‘മുഖ്യമന്ത്രിക്കു മറുപടി പറയാൻ മനസ്സില്ലെന്നും അഴിമതിക്കാര്യമൊക്കെ അങ്ങ് ​ഏട്ടന്റെ പീടികയിൽപോയി പറ‍ഞ്ഞാൽ മതിയെന്നും’ പറ‍ഞ്ഞ് ബാലൻ ഇറങ്ങിയത്. അതോടെ കേട്ടവരെല്ലാം ഏറ്റുപിടിച്ച് ആകെ അലമ്പായി.

ലോകകേരള സഭയുടെ ഈ ആഴ്ച നടക്കുന്ന അമേരിക്കൻ സമ്മേളനം വിവാദമായപ്പോഴാണ് അടുത്ത അവതാരം. സ്വകാര്യ സ്പോൺസർഷിപ്പിനെ ബാലൻ ന്യായീകരിച്ചെന്നു മാത്രമല്ല ദുബായിലും യുകെയിലും ഒക്കെ ഇതേ മട്ടിലാണ് നടന്നതെന്നുകൂടി പറഞ്ഞുകളഞ്ഞു. ‘പുല്ലുകൂട്ടിലെ പട്ടി തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല’ എന്നു പഴഞ്ചൊല്ലൊന്നു മാറ്റിപ്പിടിച്ചെന്നു മാത്രം. ‘സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇമേജിന്റെ ഗ്രാഫ് വല്ലാതെ ഉയർന്നു, പ്രതിപക്ഷം നോക്കിയാൽ അതു താഴ്ത്താൻ ആവില്ല’ എന്നും പറഞ്ഞു. ദുബായിയിലെയും ലണ്ടനിലെയും കാര്യമൊക്കെ മറന്നിരുന്നവർകൂടി ഉണർന്നെണീറ്റ് ഏറ്റുപിടിച്ചു. നോക്കണേ ഓരോ പൊല്ലാപ്പുകൾ. ഇമേജിന്റെ ഗ്രാഫ് കണ്ടമാനം ഉയരുന്നത് അപകടമാണെന്നൊരു തിരിച്ചറിവ് ബാലനുണ്ടോ എന്നു സംശയം. ഉയരം കൂടുന്തോറുമാണ് വീഴ്ചയുടെ ആഘാതം കൂടുക എന്നതിനാൽ ഇത്തിരി താഴ്ത്താൻ ശ്രമിച്ചതായിക്കൂടായ്കയില്ല.

യഥാർഥത്തിൽ അമേരിക്കയിൽ മൻഹാറ്റനിൽ ദിനംപ്രതി ജനലക്ഷങ്ങൾ വന്നുമറിയുന്ന ടൈംസ് സ്ക്വയറിൽ പ്രസംഗിക്കാനുള്ള പിണറായി വിജയന്റെ ഇരട്ടച്ചങ്കൂറ്റത്തെ പ്രശംസിക്കേണ്ടതാണ്. രോഗം വന്ന് വയ്യാതാവുമ്പോൾ ചികിത്സയ്ക്കു പോകുന്നതുപോലെ നിസ്സാരമല്ല സാമ്രാജ്യത്വത്തിന്റെ ഈറ്റില്ലങ്ങളിലൊന്നിൽ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി സർവപ്രതാപത്തോടെ യോഗം നടത്തുന്നത്. ഒളിപ്പോരൊക്കെ ചെ ഗവാരയെപ്പോലുള്ളവർക്കേ ചേരൂ. ഇതിപ്പോ സിംഹത്തെ മടയിൽചെന്നു നേരിടലാണ്. പ്രഭാതസവാരിപോലും ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിൽ നടത്തുന്നവർക്കേ ഇതൊക്കെ കഴിയൂ. ഈ വീര്യം തിരിച്ചറിഞ്ഞിട്ടാവണം ഒപ്പം ഇരിക്കാനും ഫോട്ടോ എടുക്കാനും ലക്ഷക്കണക്കിനു ഡോളർ കൊടുക്കാൻ പ്രവാസികൾ തയാറായതെന്നു കരുതണം. സാഹസികതയ്ക്കു നല്ല ആരാധകരുള്ള നാടാണ് അമേരിക്ക. കറൻസി ഇന്ത്യൻ രൂപയായി മാറ്റിക്കിട്ടുന്നെങ്കിൽ അതും മോശമല്ല. ഡോളറിനെ ക്ഷീണിപ്പിക്കുന്ന ഏതു നടപടിയും സാമ്രാജ്യത്വവിരുദ്ധ നീക്കം തന്നെ.

മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി യാത്രയിൽ ഒപ്പം കൂട്ടാത്തത് പക്ഷേ, കഷ്ടമായെന്നു പറയാതെ വയ്യ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മൂന്നു കൊല്ലം മുൻപ് ഇന്ത്യ സന്ദർശിച്ചപ്പോൾ ‘ഇന്ത്യൻ ജനതയ്ക്കു മരണവാറന്റുമായിട്ടാണ്’ ആ വരവെന്നു തിരിച്ചറിഞ്ഞത് റിയാസ് മാത്രമാണ്. ‘സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക’ എന്ന മുദ്രാവാക്യത്തോടെ അന്നു ട്രംപിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ റിയാസ് സമൂഹമാധ്യമംവഴി ആഹ്വാനം ചെയ്തതിന്റെ നടുക്കം അമേരിക്കയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. വീണ്ടും അവരെ കൂടുതൽ ഭയപ്പെടുത്തേണ്ടെന്നു കരുതി റിയാസ് സ്വയം മാറി നിന്നതുമാവാം.

സിഐഎ പതിറ്റാണ്ടുകൾ ശ്രമിച്ചിട്ടും തകരാതെ വിപ്ലവത്തെ താങ്ങിനിർത്തിയ പാർട്ടിയുടെ നേതാവിനു തങ്ങളുടെ ഹൃദയഭൂമിയിൽ പ്രസംഗിക്കാൻ അവസരം കൊടുത്ത അമേരിക്ക ആലോചനയില്ലാതെ കൈവിട്ട കളി കളിക്കുകയായിരുന്നുവെന്നു കരുതാതെ വയ്യ. പന്തികേടിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. കൊളറാഡോയി‍ൽ ബിരുദദാനച്ചടങ്ങി‍ൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒരു കാരണവുമില്ലാതെയാണ് കഴിഞ്ഞദിവസം കമഴ്ന്നടിച്ചു വീണത്. സാമ്രാജ്യത്വത്തിന് എന്തൊക്കെ വീഴ്ചകളാണ് വരുംദിവസങ്ങളിൽ വരാനിരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം.

സൗരോർജപ്രഭയുമായി ദിവാകരൻ ഉദിക്കുമ്പോൾ

‘കനൽവഴികളിലൂടെ’ എന്നത് കമ്യൂണിസ്റ്റ് നേതാവ് സി.ദിവാകരൻ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ആത്മകഥയുടെ പേരാണെങ്കിലും ഉള്ളിലെ കനലെല്ലാം അരിശം മൂത്ത് ഒപ്പം നടക്കുന്നവരുടെ നേർക്കു വാരിയെറിഞ്ഞതുപോലെയാണ് കണ്ടവർക്കു തോന്നുക. ‘സോളർ സമരം ഒത്തുതീർക്കാൻ രഹസ്യചർച്ച നടന്നു, വിഎസിനെ പ്രതിപക്ഷത്തിരുത്താൻ ഗൂഢാലോചന നടന്നു’ എന്നുവേണ്ട ഭൂമികുലുക്കാനുള്ള സകല ഗുലുമാലും നിറച്ചാണ് പുസ്തകം ഇറങ്ങിയത്. സർക്കാർ വീഴാതിരിക്കാനാണ് മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ അച്യുതാനന്ദൻ പാതിവഴിയിൽ നിർത്തിയതെന്നും പറഞ്ഞുവച്ചു. കുഴപ്പങ്ങൾ ഏറ്റുപിടിക്കാൻ താനില്ല എന്നതാവാം ‘എഴുതിയതിന്റെ ഉത്തരവാദിത്തം ദിവാകരനു മാത്രമാണെന്നും പ്രസാധനശാല നടത്തുന്ന ദിവാകരനു വിപണനതന്ത്രവും അറിയാം’ എന്നും പ്രകാശനവേദിയിൽ കാനം മയപ്പെടുത്തിയതിനു കാരണം. ‘ദിവാകരന്റെ ആത്മകഥയാണ്, എന്റെയല്ല’ എന്നാണു പിണറായി പറഞ്ഞത്.

ചുണ്ടിനോട് അടുപ്പിക്കുമ്പോൾ പായസപ്പാത്രം വഴുതിപ്പോകുന്ന മട്ടിലുള്ള ‘അലഭ്യലഭ്യശ്രീ’ യോഗം കമ്യൂണിസ്റ്റ് പാർട്ടിയിൽ പലർക്കും പതിച്ചുകിട്ടിയതിൽ പ്രമുഖനാണെന്നൊരു ജാതകദോഷം ദിവാകരനുണ്ട്. തലനാരിഴയ്ക്കാണ് സംസ്ഥാന സെക്രട്ടറിസ്ഥാനം പോയത്. ലോക്സഭാ സ്ഥാനാർഥിയായി തിരുവനന്തപുരത്ത് ഡോ.ബെന്നറ്റ് ഏബ്രഹാമിനെ മത്സരിപ്പിച്ചത് ‘പേയ്മെന്റ് സീറ്റ്’ ആണെന്ന ആരോപണത്തിൽ ദിവാകരനു ജാഗ്രതക്കുറവുണ്ടായി എന്നാണു പാർട്ടി കണ്ടെത്തിയത്. നോട്ട് എണ്ണുന്ന കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായാൽ ഒരു പാർട്ടിയും ക്ഷമിക്കില്ല. ഒടുവിൽ 75 വയസ്സ് എന്ന കടമ്പയിൽതട്ടി പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിൽനിന്നു പുറത്തായി. എല്ലാ കുഴപ്പങ്ങളും ഒത്തുവന്നില്ലെങ്കിൽപോലും കലികാലത്തിൽ ഫലം മോശമാവും.

പാർട്ടിയുടെ നിയന്ത്രണത്തിലുള്ള പ്രഭാത് ബുക് ഹൗസ് തന്റെ ചുമതലയാണെന്നതിനാലും പാർട്ടിയിൽ മറ്റു ചുമതലകൾ കാര്യമായി ഇല്ലെന്നതിനാലും പുസ്തകരചനയും പ്രസാധനവും ദിവാകരനൊരു വെല്ലുവിളിയല്ല. മിന്നൽവേഗത്തിൽ പുസ്തകങ്ങൾ തുടർച്ചയായി പുറത്തു വരുന്നത് സഖാക്കൾക്കാണ് പ്രതിസന്ധി. 

നാലു മന്ത്രിമാർ കയ്യിലുള്ള സ്ഥിതിക്കു പണത്തിനു പാർട്ടിക്കു ബുദ്ധിമുട്ടില്ലെങ്കിലും സംസ്ഥാനമന്ദിരമായ എംഎൻ സ്മാരകം പുതുക്കിപ്പണിയാൻവേണ്ട പത്തുകോടി രൂപയുടെ പിരിവിനു കുറവുവരുത്തിയിട്ടില്ല. തിരുവനന്തപുരത്ത് പോത്തൻകോടിനടുത്തു പിരിവുകുറഞ്ഞതിന് തമിഴ്നാട്ടുകാരനായ വ്യാപാരിക്കിട്ടു നാലുതല്ല് കൊടുക്കേണ്ടി വന്നതിന്റെ ദുഷ്പേര് സഖാക്കൾക്കുണ്ട്. ഓഫിസ് നിർമാണം തീരുന്നതുവരെയെങ്കിലും പുസ്തകരചന നിർത്തിവയ്പിക്കാൻ സഖാക്കൾ വഴി നോക്കിക്കൂടായ്കയില്ല. ഇല്ലെങ്കിൽ പുസ്തകം വാങ്ങാൻ തല്ലു വേറെ കൊടുക്കേണ്ടി വരും. സോളർ റിപ്പോർട്ടിൽ നിലവാരമില്ലാത്ത ഒട്ടേറെ ‘കണാ കുണയും വേണ്ടാതീനവും’ എഴുതിവച്ചിട്ടുണ്ടെന്നാണ് ദിവാകരൻ പറയുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കം അടുത്ത പുസ്തകത്തിനു വഴിതുറക്കുമോ എന്നറിയില്ല. സോളർ കേസിലെ വഞ്ചനയ്ക്കെല്ലാം ഇത്രയുംകാലം കൂട്ടുനിന്നെങ്കിലും ദിവാകരന്റെ ഈ മനംമാറ്റം ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് ആശ്വാസമാവുന്നത് കാണാതെ പോകരുത്. കുമാരനാശാന്റെ ‘നളിനി’യിലെ ദിവാകരനും ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ’ എന്നുതന്നെയാണല്ലോ ഒടുവിൽ തിരിച്ചറിഞ്ഞത്.

മാഷിനെന്തെങ്കിലും കൊടുക്കേണ്ടതല്ലേ?

കോൺഗ്രസിന്റെ മുൻനേതാവ് കെ.വി.തോമസിനു സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയായി ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ചതിൽ കെ.മുരളീധരൻ ഒരു കുഴപ്പവും കണ്ടില്ല. കോടികളുടെ അഴിമതി സർക്കാർ നടത്തുമ്പോൾ ഒരു ലക്ഷമൊന്നും വലിയ കാര്യമാക്കാനില്ല എന്നാണു മുരളിയുടെ ന്യായം. അയ്യായിരം രൂപയുടെ ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ അതു വിളമ്പിത്തരുന്ന ആളിന് അൻപതു രൂപ ടിപ് കൊടുക്കുന്നത് സാധാരണ കാര്യമാണെന്നും മുരളി ന്യായീകരിച്ചു.  കെ കരുണാകരന്റെ വാത്സല്യം ആവോളം കിട്ടിയ ആളാണ് തോമസ് മാഷ്. അടുത്ത തലമുറയ്ക്കും സ്നേഹത്തിനു കുറവൊന്നുമില്ലെന്നറിയുന്നത് മാഷിനും ആനന്ദമായിരിക്കും.

സ്റ്റോപ് പ്രസ്: സോളർ കേസ് അന്വേഷിച്ച ശിവരാജൻ കമ്മിഷൻ നാലോ അഞ്ചോ കോടി വാങ്ങി കണാ കുണാ റിപ്പോർട്ടെഴുതി എന്നു പറഞ്ഞ മുൻമന്ത്രി സി.ദിവാകരന്റെ നിലപാടിൽ മാറ്റം. കണാ കുണാ ആർക്കും പറയാമല്ലോ..‌

Content Highlights: Aazhchakurippukal Loka Kerala Sabha, AK Balan, C Divakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com