വളഞ്ഞുകഴിഞ്ഞ് മുന്നോട്ടുനോക്കുമ്പോൾ
Mail This Article
പിണറായി സർക്കാരിന്റെ രണ്ടാം വാർഷികദിനത്തിൽ യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ കഴിഞ്ഞ ഏഴു വർഷത്തിനിടെ പ്രതിപക്ഷം സംഘടിപ്പിച്ച ഏറ്റവും ശക്തമായ സമരമായാണ് മുന്നണി വിലയിരുത്തുന്നത്. യഥാർഥത്തിൽ സെക്രട്ടേറിയറ്റ് വളയാൻ ആദ്യം തീരുമാനിച്ചത് യുഡിഎഫ് ആയിരുന്നില്ല; കോൺഗ്രസ് തനിച്ചാണ്. കെപിസിസി രണ്ടു തവണ പ്രഖ്യാപിക്കുകയും മാറ്റിവയ്ക്കുകയും ചെയ്ത സമരമാണ് മുന്നണി ഏറ്റെടുത്തു ഗംഭീരമാക്കിയത്.
പ്രഖ്യാപിച്ച സമരം മതിയായ കാരണം ചൂണ്ടിക്കാട്ടിയാണ് രണ്ടുതവണയും കെപിസിസി മാറ്റിയത്. നേതൃത്വത്തിനുണ്ടായ ആശങ്കയും കാരണമായി. സെക്രട്ടേറിയറ്റിനു ചുറ്റും പതിനായിരങ്ങൾ അണിനിരക്കുമെന്നു പ്രഖ്യാപിച്ച ശേഷം പൊളിഞ്ഞാലോ?
സർക്കാർ വാർഷികം അടുത്തപ്പോൾ ക്യാമറാ വിവാദം കൊടുമ്പിരിക്കൊള്ളുന്നു. ശക്തമായ ആയുധം കിട്ടിയതിന്റെ ആവേശത്തിൽ രണ്ടും കൽപിച്ച് യുഡിഎഫ് ഏറ്റെടുത്തതാണ് സെക്രട്ടേറിയറ്റ് വളയൽ. മലബാറിലാണു പരിപാടിയെങ്കിൽ കോൺഗ്രസ് കയ്യുംകെട്ടിയിരുന്നാലും മുസ്‌ലിംലീഗ് വിജയിപ്പിച്ചുകൊള്ളും. തിരുവനന്തപുരത്ത് ആ സാധ്യതയും ഇല്ല.
പക്ഷേ, കോൺഗ്രസിനെയും യുഡിഎഫിനെയും അമ്പരപ്പിക്കുന്ന പ്രവർത്തകപങ്കാളിത്തമാണ് പോർമുഖത്തു കണ്ടത്. തിരുവനന്തപുരം ഡിസിസി അതിന് ആവേശകരമായ നേതൃത്വം കൊടുത്തു. അഞ്ചു തെക്കൻ ജില്ലകളിലെ യുഡിഎഫ് പ്രവർത്തകർ ചേർന്നു സെക്രട്ടേറിയറ്റ് വളയൽ ഉപരോധം തന്നെയാക്കി. നിയമസഭയിൽ മാത്രം ശോഭിക്കുന്ന പ്രതിപക്ഷ നേതാവ് എന്നു ചിലർ പ്രചരിപ്പിക്കുന്ന ചിത്രം വി.ഡി.സതീശൻ അങ്ങനെ മാറ്റിയെഴുതി. പുറത്തു വൻസമരമുഖങ്ങൾ തീർക്കാനും തനിക്കാകുമെന്ന് അദ്ദേഹം തെളിയിച്ചു.
ഉപതിരഞ്ഞെടുപ്പ് നേട്ടങ്ങൾ
യുഡിഎഫിന്റെ തിരിച്ചുവരവായി ഈ സെക്രട്ടേറിയറ്റ് വളയലിനെ കാണാൻ കഴിയില്ലെങ്കിലും തിരിച്ചുവരവിന്റെ മൂന്നു സൂചനകൾ ഇതിനകം മുന്നണി നൽകി. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നാണംകെടുത്തിയ വിജയമായിരുന്നു ആദ്യത്തേത്. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി കൈവരിക്കുന്ന വിജയങ്ങളാണ് രണ്ടാമത്തേത്. കർണാടകയിൽ കോൺഗ്രസ് തിരിച്ചുവന്നതിന്റെ ആവേശംകൂടി പ്രതിഫലിച്ച സെക്രട്ടേറിയറ്റ് വളയൽ ഒടുവിലത്തേതും.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം പല ഘട്ടങ്ങളിലായി നടന്ന എല്ലാ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും നല്ല നേട്ടമാണ് യുഡിഎഫ് കൈവരിച്ചത്. എന്നാൽ, എൽഡിഎഫ് വല്ലാതെ പിന്നോട്ടുപോയതുമില്ല. ക്ഷീണമുണ്ടായതു ബിജെപിക്കാണ്. ബിജെപി ശക്തമായ തിരുവനന്തപുരം കോർപറേഷനിലെ ഒരു വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അവരെ പിന്തള്ളി രണ്ടാമതു വന്ന യുഡിഎഫ് സ്ഥാനാർഥി നേടിയ വോട്ട് വിജയിച്ച എൽഡിഎഫിനെ ഞെട്ടിച്ചു. കഴിഞ്ഞ തവണ നേടിയതിന്റെ നേരെ ഇരട്ടി. കണ്ണൂരിൽ സിപിഎം കോട്ടയായ പയ്യന്നൂർ ചെറുതാഴം പഞ്ചായത്തിൽ 1995നുശേഷം ഇതാദ്യമായി കോൺഗ്രസിന് ഒരംഗത്തെ ഒടുവിൽ നടന്ന ഉപതിരഞ്ഞെടുപ്പ് നേടിക്കൊടുത്തു.
സാധാരണഗതിയിൽ സംസ്ഥാനം ഭരിക്കുന്ന മുന്നണിക്ക് അനുകൂലമായി ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ വരുന്ന ചരിത്രമാണ് കൂടുതലും. യുഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ അതിനും കഴിയാതെ വരാറുണ്ട്. ഇപ്പോൾ പ്രതിപക്ഷത്തായിരിക്കെ, തുടർച്ചയായി തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിനു മുന്നേറാൻ കഴിയുന്നതിൽ പൊതു രാഷ്ട്രീയഘടകങ്ങളും കാണുന്നവരുണ്ട്. സർക്കാരിനെതിരെ ഉയരുന്ന ആക്ഷേപങ്ങളും തുടർഭരണം സിപിഎം പ്രാദേശിക നേതൃത്വത്തിൽ ഉണ്ടാക്കിയ പുഴുക്കുത്തുകളുമാണ് ഇതിൽ മുഖ്യം.
മുന്നണി ആഗ്രഹിക്കുന്ന ഐക്യം ഉണ്ടാകുമോ?
ഒരു സമരം വിജയിച്ചത് ഇനിയും വിജയിപ്പിക്കാനുള്ള ഒരുപാടു സമരങ്ങൾ സംബന്ധിച്ച ഉത്തരവാദിത്തം കൂടിയാണു നൽകുന്നതെന്നു കൊച്ചിയിൽ നടന്ന യുഡിഎഫ് നേതൃയോഗത്തിൽ ഷിബു ബേബി ജോൺ മുന്നറിയിപ്പു നൽകി. ഓരോ ഘടകകക്ഷിയുടെയും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ശ്രമിക്കുമെന്നു കോൺഗ്രസിനുവേണ്ടി ഉറപ്പു നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് കൺവീനർ എം.എം.ഹസനും കോൺഗ്രസ് പുനഃസംഘടനയുടെ പേരിൽ വാളെടുത്ത് മുഖാമുഖം നിൽക്കുന്നതാണ് വൈകാതെ കാണുന്നത്. കോൺഗ്രസിലെ ഐക്യമാണ് യുഡിഎഫ് ഏറ്റവും ആഗ്രഹിക്കുന്ന കാര്യം. 2016ലെ വൻ തോൽവിയിലെ 38.79% വോട്ട് എന്നതു മാറ്റിനിർത്തിയാൽ കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഒരുഘട്ടത്തിലും 40 ശതമാനത്തിനു പിന്നിലേക്കു പോയിട്ടില്ല.
അതേസമയം, 1965ലെ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് നാൽപതിൽ താഴേക്കു പോയിട്ടുമുണ്ട്. ഇരുമുന്നണികൾക്കും കേരളത്തിലുള്ള സ്വാധീനം കൂടിയാണ് ഈ കണക്കുകൾ വിളിച്ചോതുന്നത്.
പുനഃസംഘടനയുടെ പേരിൽ വിമർശനങ്ങൾ നേരിടുമ്പോൾ, തന്റെ മണ്ഡലമായ പറവൂരിലെ ബ്ലോക്കിൽപോലും സ്വന്തം നോമിനിയെ പ്രസിഡന്റാക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടുന്നത്; പ്രലോഭനങ്ങൾ ധാരാളമുണ്ടായിട്ടും സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും. കോൺഗ്രസിലെ വൻതോക്കുകളെ ഒരുമിച്ചു കൊണ്ടുപോകുക എന്നതു സതീശനെ സംബന്ധിച്ച് എളുപ്പമല്ല. ആ ദൗത്യം അദ്ദേഹം എങ്ങനെ നിർവഹിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു മുന്നണിയുടെ ഭാവി.
English Summary : Writeup about UDF secretariat picketing