ADVERTISEMENT

രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിൽ മുഴങ്ങിക്കേട്ട ആദ്യപെൺസ്വരം പത്തനംതിട്ടയുടെയും മലയാള മണ്ണിന്റെയും സ്വന്തമായിരുന്നു. ചുവടുവച്ച പടവുകളിലെല്ലാം ആദ്യസ്ഥാനക്കാരിയെന്ന വിശേഷണത്തോടെ ചരിത്രത്തിൽ പേരെഴുതിച്ചേർത്തയാളാണു ജസ്റ്റിസ് ഫാത്തിമ ബീവി. പ്രാർഥനയും നോമ്പും ചെറുപ്പകാലം തൊട്ടേ ജീവിതത്തിന്റെ ഭാഗമായിരുന്ന, പഠനം ജീവിതചര്യയാക്കിയെടുത്ത അപൂർവ വ്യക്തിത്വം. ദൈവവിശ്വാസമെന്നാൽ ‘മനസാ വാചാ കർമണാ കർത്തവ്യ നിർവഹണം’ ആയിരുന്നു ഫാത്തിമ ബീവിക്ക്. ആ നിഷ്ഠയാണു വാദിച്ച കേസുകളിലും ഉറപ്പിച്ച വിധിന്യായങ്ങളിലും പിന്നീടിങ്ങോട്ടുള്ള രാഷ്ട്രീയ വഴികളിലുമെല്ലാം മുറുകെപ്പിടിച്ചത്. 

പത്തനംതിട്ടയിൽ അന്ന് ഉയർന്ന വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങളില്ല. പോരാത്തതിനു പെൺകുട്ടികളെ കൗമാരം കടക്കും മുൻപു വിവാഹം കഴിച്ചയയ്ക്കാൻ തിരക്കു കൂട്ടുന്ന സമൂഹവും. എന്നാൽ, പിതാവിന്റെ പിന്തുണ ഫാത്തിമയ്ക്ക് ഊർജമായി. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽ നിന്നു ഹൈസ്കൂൾ പഠനവും  തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നു ബിരുദവും പൂർത്തിയാക്കി. പിന്നീട്, തിരുവനന്തപുരം ലോ കോളജിൽനിന്നു നിയമബിരുദം. 

കുൽസം ബീവി, റസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് പത്തനംതിട്ട തൈക്കാവ് സ്കൂൾ), ഡോ. ഫസിയ റഫീഖ് (ശിശുരോഗ വിഭാഗം മുൻ മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളജ്), പരേതരായ സാറ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്), ഹനീഫ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഓമല്ലൂർ ഹൈസ്കൂൾ), മൈതീൻ സാഹിബ് (റിട്ട.ഡിവൈഎസ്‌പി, പത്തനംതിട്ട) എന്നിവരാണ് സഹോദരങ്ങൾ.

നിയമവഴിയിൽ ഉയർച്ച 

1950ൽ പ്രശസ്ത അഭിഭാഷകൻ സി.പി.പരമേശ്വരൻ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിൽ പ്രവേശിച്ച ഫാത്തിമ ബീവി ഒൗദ്യോഗിക രംഗത്ത് പടിപടിയായി ഉയർന്നു. 1958ൽ തൃശൂർ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂർ എന്നിവിടങ്ങളിൽ മുൻസിഫായിരുന്നു. 1968ൽ സബ് ജഡ്ജിയായി കോട്ടയത്തു നിയമിതയായി. 74ൽ തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജിയായി. 78ൽ ആദായ നികുതി അപ്‌ലറ്റ് ട്രൈബ്യൂണൽ അംഗം. 1983ൽ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ ഫാത്തിമ ബീവി 89 ഏപ്രിലിൽ വിരമിച്ചു. അതേ വർഷം നവംബറിൽ സുപ്രീം കോടതി ജഡ്ജിയായി. 1993ൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗവുമായി. 

വിവാദങ്ങളുടെ കാലം 

1997ൽ, ഗവർണറായിരുന്ന ഡോ. ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടർന്നാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ തമിഴ്നാട്ടിൽ ഗവർണറായി നിയമിച്ചത്. 

രാഷ്ട്രീയ വിവാദങ്ങളെത്തുടർന്ന് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് അറിഞ്ഞ ഫാത്തിമ ബീവി ഉടൻ നാലുവരി രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്കു ഫാക്സിൽ അയച്ചുകൊടുത്തു. പത്തു മിനിറ്റ് കഴിഞ്ഞാണ് ഗവർണറെ പിൻവലിക്കാൻ ആവശ്യപ്പെട്ടുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതി ഭവനിലെത്തുന്നത്. 

ജൂലൈ 10ന് പഴയ മീനമ്പാക്കം വിമാനത്താവളത്തിൽനിന്നു സംസ്ഥാന സർക്കാരിന്റെ വിമാനത്തിൽ ഫാത്തിമ ബീവി തിരുവനന്തപുരത്തേക്കു മടങ്ങുമ്പോൾ ജയലളിതയും കാബിനറ്റിലെ മുഴുവൻ മന്ത്രിമാരും യാത്ര അയയ്ക്കാനെത്തിയിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കെല്ലാം ചുരുങ്ങിയ വാക്കിൽ മറുപടി: ‘ ഞാനെടുത്ത എല്ലാ തീരുമാനങ്ങളും എന്റേതു മാത്രമായിരുന്നു. നിയമത്തിന്റെ എല്ലാ വശവും പരിശോധിച്ച് ഭരണഘടനയുടെ സാധുതയും ജനഹിതവും മുൻനിർത്തിയായിരുന്നു തീരുമാനങ്ങൾ’. നേരെന്നും നീതിയെന്നും പലവുരു പരിശോധിച്ചുറപ്പിച്ച തീരുമാനങ്ങളിൽനിന്നു തെല്ലിട മാറാത്ത കരളുറപ്പോടെ ഔദ്യോഗിക ജീവിതത്തിന്റെ അവസാനദിനവും കടന്ന് ഓർമകളും ബന്ധങ്ങളും കാത്തിരിക്കുന്ന പത്തനംതിട്ടയുടെ മണ്ണിലേക്ക്.... ശേഷം വിശ്രമ ജീവിതം.

English Summary:

Justice Fatima Beevi- The female voice of justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com