ADVERTISEMENT

സാധാരണക്കാരായ ഉപഭോക്‌താക്കളെ പൂഴ്‌ത്തിവയ്‌പിൽനിന്നും വിലക്കയറ്റത്തിൽനിന്നും രക്ഷിക്കുക എന്നതാണു സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) പ്രഖ്യാപിത ലക്ഷ്യം. എന്നാൽ, സാധാരണക്കാർക്കുവേണ്ടി സമർപ്പിതമായി നിലകൊള്ളണമെന്ന ആ വലിയ ലക്ഷ്യം ചിലപ്പോഴെങ്കിലും ഈ സർക്കാർസ്ഥാപനം മറക്കുന്നതാണു നാം കാണുന്നത്.

സപ്ലൈകോ വഴി സബ്സിഡിയോടെ വിൽക്കുന്ന 13 അവശ്യസാധനങ്ങളുടെ വില കൂട്ടുന്നതിന്, സാധാരണക്കാരുടെ വയറ്റത്തടിച്ച്, ഇടതുമുന്നണി ഈയിടെ അംഗീകാരം നൽകിയിരുന്നു. കുടിശിക കിട്ടാത്തതിനെത്തുടർന്നു വിതരണക്കമ്പനികൾ കൂട്ടത്തോടെ നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ക്രിസ്മസ് സീസണിൽ സപ്ലൈകോ ഔട്‌ലെറ്റുകൾ കാലിയാകുമെന്ന ആശങ്കയാണ് ഏറ്റവുമെ‍ാടുവിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ വില കെ‍ാടുത്ത്, പെ‍ാതുവിപണിയെ ആശ്രയിക്കേണ്ടിവരുന്ന പാവപ്പെട്ടവരുടെ നെഞ്ചിലെ ആധി സർക്കാരിനു മനസ്സിലാകാത്തത് എന്തുകെ‍ാണ്ടാണ്?

സപ്ലൈകോയിൽ സാധാരണക്കാർ അർപ്പിച്ചുപോരുന്ന വിശ്വാസത്തിന് ഇളക്കംതട്ടുന്നതു നിർഭാഗ്യകരമാണ്. വിലക്കയറ്റം പ്രതിരോധിക്കാനുള്ള വിപണി ഇടപെടലിലൂടെ വൻ സാമ്പത്തിക പ്രതിസന്ധിയിലായെന്നു ചൂണ്ടിക്കാട്ടിയാണ് അവശ്യസാധനങ്ങൾക്ക് അടിയന്തര വിലവർധന ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനു കത്തുനൽകിയത്.‌ 20–30% വില കുറച്ചുനൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെടുകയുണ്ടായി. സബ്സിഡി ഇനത്തിലും സൗജന്യ കിറ്റുകൾ നൽകിയതിലുമടക്കം 11 വർഷത്തെ കുടിശികയായി 1525 കോടി രൂപ സപ്ലൈകോയ്ക്കു സർക്കാർ നൽകാനുണ്ട്. വൻതുക കുടിശികയായതു കാരണം വിതരണക്കാർ സാധനങ്ങൾ നൽകാത്തതും സ്വാഭാവികം. സപ്ലൈകോയുടെ പ്രതിദിന വരുമാനം 10 കോടി രൂപയിൽനിന്നു 4 കോടിയിൽ താഴെയാവുകയും ചെയ്തു. 

കുടിശിക കനത്തതോടെ സാധനങ്ങൾ വിതരണം ചെയ്യുന്ന പല ഏജൻസികളും പിന്മാറിക്കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങളിൽ പലതും സപ്ലൈകോയുടെ കടകളിൽ സ്റ്റോക്കില്ല. കുടിശിക കിട്ടാത്തതിനെത്തുടർന്നു വിതരണക്കമ്പനികൾ നിസ്സഹകരണം പ്രഖ്യാപിച്ചതാണ് പുതിയ ആശങ്കയായി മാറിയിരിക്കുന്നത്. കഴിഞ്ഞ 14നു തുറന്ന ടെൻഡറിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ ഒരു കമ്പനി പോലും തയാറായില്ല. അടുത്ത ടെൻഡർ വിളിക്കാൻ ഇതുവരെ നടപടി തുടങ്ങിയിട്ടുമില്ല. ഈ നിലയ്ക്ക്, ഡിസംബറിലെ ടെൻഡറിൽ ഏതെങ്കിലും കമ്പനി സബ്സിഡി സാധനം നൽകാൻ തയാറായാലും ക്രിസ്മസിനു മുൻപു സപ്ലൈകോ ഔട്‌ലെറ്റിൽ എത്താൻ സാധ്യതയില്ല. ടെൻഡർ നിസ്സഹകരണം പതിവാകുന്നതും ആശങ്ക വർധിപ്പിക്കുന്നു. 

സപ്ലൈകോയുടെ 1500ൽപരം വിൽപനശാലകളിൽനിന്ന് പ്രതിമാസം 40 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾ സബ്സിഡി സാധനങ്ങൾ വാങ്ങുന്നതായാണു സർക്കാരും സപ്ലൈകോയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, യഥാർഥ കാർഡ് ഉടമകൾ തന്നെയാണോ സബ്സിഡി സാധനങ്ങൾ വാങ്ങാനെത്തുന്നത് എന്നു പരിശോധിക്കാനുള്ള സംവിധാനം റേഷൻ കടകളിലേതു പോലെ സപ്ലൈകോയിൽ ഇല്ല. മുൻപു വിൽപനശാലകളിലെത്തിയ കാർഡ് ഉടമകളുടെ നമ്പർ കുറിച്ചുവച്ച് നടത്തുന്ന ‘സബ്സിഡി തട്ടിപ്പിന്റെ’ പേരിൽ ഒട്ടേറെ ജീവനക്കാർ അച്ചടക്കനടപടികൾക്കു വിധേയരായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കുള്ള സാധ്യതകൾ ഒഴിവാക്കി നികുതിപ്പണത്തിന്റെ സുതാര്യമായ ചെലവിടലിലൂടെ ചെലവു കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ചും സപ്ലൈകോയും സർക്കാരും ശ്രദ്ധിക്കേണ്ടതാണ്.

വിതരണക്കാർക്കു പണം ലഭിക്കാതാകുമ്പോൾ ഉപഭോക്താക്കൾക്കു സപ്ലൈകോ വിൽപനശാലകളിൽനിന്നു സാധനങ്ങൾ കിട്ടില്ലെന്നതു മാത്രമല്ല പ്രശ്നം. വിതരണമേഖലയിലുള്ള ചെറുതും വലുതുമായ സംരംഭകർ സപ്ലൈകോയിൽനിന്നു പണം ലഭിക്കാതെ കടക്കെണിയിൽ പെടുന്ന അവസ്ഥയും ഗൗരവമേറിയതാണ്. ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്താണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും ഇവർ സാധനങ്ങൾ എത്തിക്കുന്നത്. നിശ്ചിത സമയത്തിനകം സാധനങ്ങളുടെ വില തിരിച്ചടയ്ക്കാനാകാതെ വരുമ്പോൾ വായ്പ ബാധ്യതകൾ വർധിക്കുമെന്നതു വ്യക്തമാണ്. 

എക്കാലത്തും സപ്ലൈകോയിലെ സാധനങ്ങളുടെ വിലയാണു പൊതുവിപണിയിലെ വിലയ്ക്ക് അടിസ്ഥാന മാനദണ്ഡം. സബ്സിഡി ഉൽപന്നങ്ങളിൽ പലതിന്റെയും വില വർധിപ്പിക്കുന്നതോടെ പൊതുവിപണിയിലെ വില ഉയരുമെന്നതും നിസ്തർക്കമാണ്. വാങ്ങലും വിൽപനയും നടത്തുന്ന സ്വകാര്യവ്യക്‌തികളും സ്‌ഥാപനങ്ങളും ലാഭമുണ്ടാക്കുമ്പോൾ സപ്ലൈകോയ്‌ക്കു മാത്രം നഷ്‌ടം വരുന്നത് എന്തുകെ‍ാണ്ടെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണമുണ്ടാവണം. സപ്ലൈകോ സുവർണ ജൂബിലി അടുത്ത വർഷമാണെന്നതുകൂടി ഇതോടുചേർത്ത് ഓർമിക്കാം.

English Summary:

When supplyco forgets the stated purpose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com