ADVERTISEMENT

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പല പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. അതിനിടയിലാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പുറത്തുവരുന്നത്. യുജിസി അംഗീകാരത്തോടെ രാജ്യത്തു പ്രവർത്തിക്കുന്ന 430 സ്വകാര്യ സർവകലാശാലകളിൽ ഒന്നുപോലും കേരളത്തിലില്ല. ഒരുപക്ഷേ, സ്വകാര്യ സർവകലാശാലകൾ ഇല്ലാത്ത ഏക സംസ്ഥാനം കേരളമായിരിക്കാനും സാധ്യതയുണ്ട്. ദേശീയ തലത്തിൽ പരിശോധിക്കുമ്പോൾ സ്വകാര്യ സർവകലാശാലകൾ സർവസാധാരണമായിരിക്കെ, കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തിനു മറ്റൊരു ചരിത്രമാണുള്ളത് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. 

സർവകലാശാല പലവിധം; നല്ലതിനെ മാതൃകയാക്കാം

ഇന്ത്യയിലെ സ്വകാര്യ സർവകലാശാലകൾ പരിശോധിച്ചാൽ, എല്ലാം ഒരേ ലക്ഷ്യത്തോടെയല്ല തുടങ്ങിയതും പ്രവർത്തിക്കുന്നതുമെന്നു മനസ്സിലാക്കാനാകും. വിദ്യാർഥികളിൽനിന്നുള്ള ഫീസിനെ മുഖ്യമായും ആശ്രയിച്ചു പ്രവർത്തിക്കുന്ന സർവകലാശാലകളുണ്ട്. ഇവയിൽ ഭൂരിഭാഗവും രക്ഷിതാക്കളുടെ ധാരണയില്ലായ്മയെ ചൂഷണംചെയ്ത്,  നിശ്ചിത നിലവാരമോ മെച്ചപ്പെട്ട അധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്നവയാണ്. പ്രഫഷനൽ കോഴ്സുകളാണ് ഇവയിൽ പ്രധാനമായുള്ളത്. വിദേശത്തോ ഇന്ത്യയിലോ വളരെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി കിട്ടുമെന്ന വാഗ്ദാനവും മറ്റുമാണ് വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കുന്നത്. 

ഒരുവിധത്തിലുള്ള ജനാധിപത്യ സംവിധാനങ്ങളും ഇല്ലാത്ത, സംവരണ നിയമങ്ങൾ പാലിക്കാത്ത ഈ സർവകലാശാലകൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പലപ്പോഴും നിലനിൽക്കുന്നത്. ഇവയിൽ ചിലതിന്റെ അംഗീകാരം പലപ്പോഴായി യുജിസി പിൻവലിച്ചിട്ടുമുണ്ട്. എന്നാൽ, മറ്റു ചില സർവകലാശാലകൾ സാമ്പത്തികലാഭത്തിന് ഉപരിയായി, വിദ്യാഭ്യാസരംഗത്ത് ഗുണപരമായി ഇടപെടണമെന്ന ഉദ്ദേശ്യത്തോടെയോ തങ്ങളുടെ പ്രശസ്തി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായോ കോർപറേറ്റ് കമ്പനികളോ ട്രസ്റ്റുകളോ തുടങ്ങിയവയാണ്. ഇവയിൽത്തന്നെ ഭൂരിഭാഗവും വിദ്യാഭ്യാസനിലവാരത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തുമ്പോഴും ഉയർന്ന ഫീസ് നിരക്കുകാരണം സാമ്പത്തികശേഷിയുള്ളവരുടെ മാത്രം സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. 

അപൂർവം ചില സർവകലാശാലകൾ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന നല്ലൊരു ശതമാനം വിദ്യാർഥികൾക്കു സൗജന്യവിദ്യാഭ്യാസം നൽകുന്നുണ്ട്. 

ഈ സർവകലാശാലകളുടെ മാതൃക കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ തുടങ്ങുമ്പോൾ സ്വീകരിക്കാവുന്നതാണ്. അത്തരം ഒരു സർവകലാശാലയിൽ ഒൻപതു വർഷമായി പഠിപ്പിക്കുന്നതിന്റെ അനുഭവത്തിൽനിന്നു ചില കാര്യങ്ങൾ സൂചിപ്പിക്കാം. 

education

ഫീസിനെ മാത്രം ആശ്രയിക്കുന്ന സ്ഥാപനങ്ങൾ സാമ്പത്തികമായി നിലനിൽക്കുന്നതോ സാമൂഹികമായി അഭികാമ്യമോ അല്ല.  മൂലധനം തുടർച്ചയായി നിക്ഷേപിക്കാൻ തയാറുള്ളവരെ മാത്രമേ സർവകലാശാല തുടങ്ങാൻ അനുവദിക്കാവൂ. കേരളത്തിൽ അടച്ചുപൂട്ടിയ സ്വാശ്രയ കോളജുകൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. പാഠ്യപദ്ധതിയുടെയും പഠനരീതിയുടെയും കാര്യത്തിൽ കക്ഷിരാഷ്ട്രീയ ഇടപെടലില്ലാത്ത, പരിപൂർണ സ്വയംഭരണാവകാശമുള്ള സംവിധാനം സർവകലാശാലകൾക്കുണ്ടെന്നു സർക്കാർ ഉറപ്പു വരുത്തണം. സർവകലാശാലയുടെ വിദ്യാഭ്യാസ നയതീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും ജനാധിപത്യപരമായി ഇടപെടാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും സാധിക്കണം. ഇത്തരം സർവകലാശാലകൾ പണക്കാരായ വിദ്യാർഥികൾക്കു വിദേശത്തു പോകാനുള്ള വീസാ കേന്ദ്രങ്ങളായി മാറില്ലെന്നും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു സൗജന്യമായി വിദ്യാഭ്യാസം നൽകുന്നെന്നും ഉറപ്പുവരുത്താനുള്ള നിയമനിർമാണവും നടത്തേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാഭ്യാസ അവകാശ നിയമം ഇതിനു മാതൃകയാക്കാം.          

മുഖ്യധാരയ്ക്ക് ബദലല്ല; അനുബന്ധം മാത്രം 

സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുമ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യം, മുഖ്യധാരയിലെ സ്ഥാപനങ്ങൾക്കു ബദലാകാൻ അവയ്ക്കു കഴിയില്ലെന്നതും അതിന്റെ അനുബന്ധമായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്നതുമാണ്. കേരള രൂപീകരണം മുതൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയ അളവിലുള്ള സർക്കാർ മുതൽമുടക്ക് എങ്ങനെയാണ് കേരളത്തിന്റെ മനുഷ്യവികസന സൂചികകളെ വികസിത രാജ്യങ്ങളോടു താരതമ്യപ്പെടുത്താവുന്നവിധം ഉയർത്തിയതെന്ന് ഒട്ടേറെ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 

   അതേസമയം, സർക്കാർ/സ്വകാര്യം എന്ന തരത്തിലുള്ള വേർതിരിവിലൂടെ മാത്രം ഈ നയങ്ങളെ മുഴുവൻ പരിശോധിക്കുന്ന കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഒരുവശത്ത് അവർ തന്നെ അംഗീകരിച്ച സ്വകാര്യ മൂലധനത്തിന്റെ പങ്കിനെയും മറുവശത്തു പൊതുമേഖലാ വിദ്യാഭ്യാസരംഗത്തിന്റെ പ്രശ്നങ്ങളെയും മറച്ചുവയ്ക്കുന്നതാണ്. 

   അതുകൊണ്ടാണ് ഇടതു സർക്കാർ സ്വകാര്യ സർവകലാശാല കൊണ്ടുവരും എന്നു പറയുമ്പോൾ അവരുടെ അണികൾതന്നെ അദ്ഭുതപ്പെടുന്നതും അതിനെ ന്യായീകരിക്കാൻ വിഷമിക്കുന്നതും. എന്നാൽ, ആദ്യ ഇഎംഎസ് സർക്കാരിന്റെ വിദ്യാഭ്യാസ ബിൽ മുതൽ വിദ്യാഭ്യാസരംഗത്തു സ്വകാര്യ മേഖലയെ അംഗീകരിച്ചുള്ള നയസമീപനമാണ് ഇടതുപക്ഷം കൈക്കൊണ്ടിട്ടുള്ളത് എന്നതാണു വസ്തുത. 

കെ.എൻ.സുനന്ദൻ
കെ.എൻ.സുനന്ദൻ

   ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെ മാനേജ്മെന്റുകൾ ശക്തമായി എതിർത്തുവെന്നതു വേറെ കാര്യം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വാശ്രയ സമരം നടത്തിയെങ്കിലും തുടർന്നുവന്ന എൽഡിഎഫ് സർക്കാരുകൾ സ്വാശ്രയ സ്ഥാപനങ്ങളെ തടഞ്ഞില്ലെന്നതും ശ്രദ്ധേയം.  അതിനാൽ ‘എന്തുകൊണ്ട് ഇടതു സർക്കാർ സ്വകാര്യ സർവകലാശാല കൊണ്ടുവരുന്നു’ എന്നതിനെക്കാൾ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടത് അവ ആരംഭിക്കുമ്പോഴുള്ള ഗുണദോഷ വശങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ്. 

നിയമനിർമാണം പ്രധാനം

ഓരോ സ്വകാര്യ സർവകലാശാലയ്ക്കുമായി നിയമസഭയിൽ അവതരിപ്പിച്ച് അംഗീകരിക്കുന്ന പ്രത്യേകനിയമങ്ങളിലൂടെ വേണം ഇവയുടെ രൂപീകരണത്തിന് അനുമതി നൽകാൻ. കർണാടക സർക്കാർ നടപ്പാക്കിയ സ്വകാര്യ സർവകലാശാലാ നിയമങ്ങൾ ഇതിനായി പരിശോധിക്കാം. ജോലി സാധ്യതയ്ക്കൊപ്പം വിദ്യാഭ്യാസത്തിന്റെ സാമൂഹികധർമങ്ങളും അറിവുൽപാദനത്തിന്റെ ജനാധിപത്യരീതികളും ഈ സർവകലാശാലകൾ പിന്തുടരുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. ശാസ്ത്രമേഖലയിൽ എന്നപോലെ സാമൂഹികശാസ്ത്ര മേഖലയിലും പഠനസൗകര്യം ഉണ്ടാക്കേണ്ടതും ആവശ്യമാണ്. 

    കമ്പോള അടിസ്ഥാനത്തിൽ മാത്രം അറിവിനെ വിലയിരുത്തുന്ന സമീപനത്തിൽനിന്നു മാറി, അറിവിന്റെ സാമൂഹികസാധ്യതകൾ ഉറപ്പുവരുത്തിയാലേ സ്വകാര്യ സർവകലാശാലകൾകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകൂ. പൊതുവിദ്യാഭ്യാസമേഖലയെ കൂടുതൽ കമ്പോളവൽക്കരിക്കുന്ന കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിന്റെ പശ്ചാത്തലത്തിൽ, കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കിലേ മേൽപറഞ്ഞ രീതിയിലുള്ള നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലകൾ നടപ്പിൽ വരുത്താനാകൂ. ഇന്ത്യയിലെ മറ്റു സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനവും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും ഈ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ വിശദമായി പഠിച്ചശേഷമേ ഇത്തരം സംരംഭത്തിനു മുതിരാവൂ എന്നതാണ് ഏറ്റവും പ്രധാനം.

(ബെംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)

English Summary:

Writeup about private universities in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com