‘വിദേശി’ വരുംമുൻപ് വിദ്യാഭ്യാസരംഗം നന്നാക്കണം
Mail This Article
വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ കേരളത്തിൽ സജ്ജമാക്കുമെന്ന ബജറ്റ് പ്രഖ്യാപനം ആകാംക്ഷയുളവാക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പലായനം നിയന്ത്രിക്കാനുമാണ് ഉദ്ദേശ്യമെങ്കിൽ ആദ്യം വിദ്യാഭ്യാസരംഗം ശുദ്ധിയാക്കണം. കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2022ൽ 13 ലക്ഷത്തിലധികം കുട്ടികളാണ് 79 രാജ്യങ്ങളിലായി പഠനത്തിന് അവസരം തേടിയത്. ആ വർഷം മാത്രം ഏഴരലക്ഷം കുട്ടികൾ ഇന്ത്യയിൽനിന്നു വിദേശത്തേക്കു പോയി.
കൂടുതൽ കുട്ടികളും തിരഞ്ഞെടുക്കുന്നത് ഓസ്ട്രേലിയയും യുഎസുമാണ്. നമ്മുടെ വിദ്യാർഥികളെ വിദേശരാജ്യങ്ങളിലേക്ക് ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്:
1. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല രാഷ്ട്രീയാതിപ്രസരത്താൽ കലുഷിതമാണ്. സർവകലാശാലകൾ കലാപശാലകളായി മാറുമ്പോൾ സാമാന്യബുദ്ധിയുള്ളവർ വിദേശരാജ്യങ്ങളിലേക്കു കുടിയേറുന്നതിൽ എന്താണാശ്ചര്യം?
2. വിദേശരാജ്യങ്ങളിലെ സർവകലാശാലകൾ അക്കാദമിക് ഗുണനിലവാരത്തിൽ വളരെ മുൻപിലാണ്. മികച്ച അധ്യാപകർ, മികച്ച റിസർച് സൗകര്യങ്ങൾ എന്നിവ പകരംവയ്ക്കാനാകാത്തതാണ്. ഹാർവഡ്, കൊളംബിയ, കേംബ്രിജ്, ഷിക്കാഗോ തുടങ്ങിയ സർവകലാശാലകൾ നൂറുകണക്കിനു നൊബേൽ ജേതാക്കളെയാണ് സൃഷ്ടിച്ചിട്ടുള്ളത്. അവിടങ്ങളിൽ പഠിക്കുകയെന്നതു വിദ്യാർഥികളുടെ സ്വപ്നമാണ്.
3. ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയാണ് ഇവിടെ വിദ്യാഭ്യാസ മേഖലയിൽ. പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗുണമേന്മയില്ല. സർക്കാരുകൾക്ക് ആവശ്യത്തിനു പണമില്ല. 2006– 2018 കാലയളവിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് സ്വകാര്യ കോളജുകൾ വർധിച്ചു. പക്ഷേ, ഗുണമേന്മ താഴ്ന്നു.
4. വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്. 2012ൽ ബിരുദധാരികളുടെ തൊഴിലില്ലായ്മനിരക്ക് 20% ആയിരുന്നു. 2021 ൽ അത് 34% ആയി. ഉന്നത ബിരുദധാരികളിൽ 2012ൽ അത് 18% ആയിരുന്നു. 2021ൽ 37% ആയി. നമ്മുടെ സാമ്പത്തിക വ്യവസ്ഥയിൽ പുതിയ ജോലികൾ ആവശ്യത്തിനുണ്ടാകുന്നില്ല. ലഭ്യമാകുന്ന ജോലികൾക്കു വേണ്ട നൈപുണ്യം പല കുട്ടികൾക്കും ഇല്ല.
5. വിദേശത്തു ധാരാളം തൊഴിലവസരങ്ങളുണ്ട്. വിദേശ വിദ്യാർഥികൾക്കു പഠനശേഷം വർക്ക് വീസ കാലാവധി നീട്ടിനൽകാനുള്ള നിയമം ഫ്രാൻസ് ഈയിടെ കൊണ്ടുവന്നു. യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതുപോലെ വർക്ക് വീസ കാലാവധി നീട്ടിയിട്ടുണ്ട്. ജർമനിയിൽ പഠനശേഷം 18 മാസം വരെ നിൽക്കാനാകും.
6. പല രാജ്യങ്ങളും വിദ്യാർഥികൾക്കു പെർമനന്റ് റസിഡൻസി കൊടുക്കുന്നു. സ്ഥിരതാമസത്തിന് അവസരമുണ്ടെന്നതു വലിയ ആകർഷണമാണ്.
7. വിദേശത്തു സ്കോളർഷിപ്പും വായ്പയും കിട്ടാൻ പ്രയാസമില്ല.
8. ഇന്ത്യയിലെ മുന്തിയ സർവകലാശാലകളിൽ പ്രവേശനം ദുഷ്കരമാണ്. 2022ൽ 18.5 ലക്ഷം പേരാണ് നീറ്റ് പരീക്ഷയ്ക്കു ചേർന്നത്. ലഭ്യമായ സീറ്റുകൾ നോക്കുക: മെഡിസിൻ 91,927; ബിഡിഎസ് 27,698; ആയുർവേദം 50,720.
9. വിദേശത്തു സ്വന്തം ഇഷ്ടപ്രകാരം താമസിക്കാൻ വിദ്യാർഥികൾക്കു കഴിയും. അവിടെ ലഭിക്കുന്ന സ്വാതന്ത്ര്യം ഒരു മായാമോഹിനിയാണ്.
2003ൽ എ.കെ.ആന്റണി സർക്കാരാണ് രാജ്യത്താദ്യമായി ആഗോള നിക്ഷേപക സമ്മേളനം സംഘടിപ്പിച്ചത്. തുടർന്ന് യുഎസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ക്യാംപസ് മൂന്നാറിൽ തുടങ്ങാൻ തീരുമാനിച്ചപ്പോഴുണ്ടായ സമര കോലാഹലം കേരളം കണ്ടതാണ്. നമ്മുടെ ഡേറ്റ അവർ മോഷ്ടിക്കുമെന്നും സിഐഎ ഇനി കേരളം ഭരിക്കുമെന്നും പറഞ്ഞു നടത്തിയ അന്നത്തെ സമരത്തിന്റെ മുൻനിരക്കാരാണ് ഇന്നു വിദേശ സർവകലാശാലകൾക്കു ചുവന്ന പരവതാനി വിരിക്കുന്നത്! കാലത്തിന്റെ വൈരുധ്യം എന്നല്ലാതെ എന്തു പറയാൻ ?
(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)