ADVERTISEMENT

ദില്ലി ചലോ മാർച്ച് തടയാനുള്ള സർക്കാരിന്റെ കടുത്തശ്രമങ്ങൾ യുവകർഷകന്റെ മരണത്തിലെത്തിയതോടെ കർഷകപ്രക്ഷോഭം കൂടുതൽ ഗൗരവമാനം കൈവരിക്കുകയാണ്. വിവാദ കൃഷിനിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 2020 നവംബർ മുതൽ ഒരു വർഷം നീണ്ട സമരത്തിന്റെ തുടർച്ചയായുള്ള ഇപ്പോഴത്തെ കർഷകസമരത്തിന് എത്രയുംവേഗം ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുകയും ചെയ്യുന്നു.

പഞ്ചാബ്– ഹരിയാന അതിർത്തിയായ ഖനൗരിയിൽ കർഷകരും പൊലീസുമായുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റാണ് കർഷകൻ കൊല്ലപ്പെട്ടത്. ശംഭു, ഖനൗരി അതിർത്തികളിലെ സംഘർഷങ്ങളിൽ ഒട്ടേറെ കർഷകർക്കു പരുക്കേറ്റിട്ടുമുണ്ട്. സർക്കാരുമായുള്ള ചർച്ചകൾക്കായി പ്രക്ഷോഭം മരവിപ്പിച്ച കർഷകർ, അനുരഞ്ജനം പരാജയപ്പെട്ടതോടെ ബുധനാഴ്ച മാർച്ച് പുനരാരംഭിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അവർക്കെതിരെ ബലപ്രയോഗം നടത്തുകയായിരുന്നു. 

കൃഷിമേഖലയിൽ നിലവിലുള്ള അശാന്തിയും കർഷകരുടെ നിരാശയും തീക്ഷ്ണത പകരുന്ന കർഷകസമരത്തിനു നേരെ കേന്ദ്ര സർക്കാരിന്റെയും ഹരിയാന സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക സമീപനം അങ്ങേയറ്റം അപലപനീയമാണ്. മിനിമം താങ്ങുവില ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർണമായ ചർച്ചയും തുറന്ന സമീപനവും അർഹിക്കുന്നതുമാണ്. സമരം കൂടുതൽ വ്യാപകവും തീവ്രവുമാകുകയാണെങ്കിൽ അതിന്റെ ആഘാതം വളരെ വലുതായിരിക്കുമെന്നു കഴിഞ്ഞ സമരവേളയിൽ രാജ്യം തിരിച്ചറിഞ്ഞതാണ്. സമരംമൂലം രാജ്യതലസ്ഥാനം അക്കാലത്തു സ്തംഭനാവസ്ഥയിലായി. ചരക്കുനീക്കം തടസ്സപ്പെട്ടതിനെത്തുടർന്നു സഹസ്രകോടികളുടെ വ്യാപാരനഷ്ടം സംഭവിക്കുകയും ചെയ്തു. അതെ‍ാന്നും ഇനി ആവർത്തിക്കാൻ പാടില്ലാത്തതാണ്.

നിരാകരണത്തിനും അവഗണനയ്ക്കും വെല്ലുവിളിക്കും പകരം അന്നമൂട്ടുന്നവരോടുള്ള കരുതലും ആദരവും സുരക്ഷ ഉറപ്പാക്കലും തന്നെയാണു വേണ്ടതെന്നു കേന്ദ്ര സർക്കാരിനെ പരമോന്നത നീതിപീഠം ഓർമിപ്പിച്ചത് കർഷകസമരവേളയിൽ 2021 ജനുവരിയിലാണ്. സമരം കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ അന്നു സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. വിഫലമായ തുടർചർച്ചകൾ നടത്തുകയും സമരം പരമാവധി നീട്ടിക്കൊണ്ടുപോയി വീര്യം കെടുത്തുകയും ചെയ്യാമെന്ന കേന്ദ്ര സർക്കാരിന്റെ തന്ത്രത്തിനേറ്റ പ്രഹരം കൂടിയായി അന്നത്തെ കോടതി ഇടപെടലിനെ വിലയിരുത്തിയവരുണ്ട്. ഇത്തവണയും സമാനതന്ത്രമാണു സർക്കാർ പയറ്റുന്നതെന്നുവേണം വിചാരിക്കാൻ. കർഷകന്റെ ജീവഹാനിക്കുവരെ കാരണമായ പെ‍‍ാലീസ് അക്രമം ഇത്തവണത്തെ സമരത്തെ കൂടുതൽ പ്രക്ഷുബ്ധമാക്കിയേക്കാം.

തിരഞ്ഞെടുപ്പ് അരികിലെത്തിയ വേളയിൽ ഇങ്ങനെയെ‍‍ാരു കർഷകപ്രക്ഷോഭം മൂർച്ഛിക്കുന്നതു സർക്കാരിനു ദോഷം ചെയ്യുമെന്നതിൽ സംശയമില്ല. വ്യാപാര, വ്യവസായ, സേവന മേഖലകളിലെ‍ാക്കെ ഉള്ളതുപോലെയുള്ള സംഘടിതസ്വഭാവം കർഷക സമൂഹത്തിനില്ലാത്തത് അവരുടെ പരിമിതിയായി സർക്കാർ കാണാൻ പാടില്ല. സ്വതന്ത്ര ഇന്ത്യയിൽ ഇതിനകം നടന്ന വലിയ കർഷക സമരങ്ങളെ‍ാന്നും പരാജയപ്പെട്ടിട്ടില്ലെന്ന തിരിച്ചറിവും ഉണ്ടാകണം. 150 കർഷക സംഘടനകൾ അണിനിരക്കുന്ന സംയുക്ത കിസാൻ മോർച്ചയും (രാഷ്ട്രീയേതര വിഭാഗം) 250 കർഷക യൂണിയനുകൾ ഉൾപ്പെടുന്ന കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) ചേർന്നാണ് ഇക്കുറി രംഗത്തുള്ളത്. ഇതുവരെയും ‘ദില്ലി ചലോ’ മാർച്ചിനു രാഷ്ട്രീയനിറം കൈവന്നിട്ടില്ലെങ്കിലും രാജ്യത്തെ കർഷകമനസ്സ് സമരക്കാർക്കെ‍ാപ്പമാണു നിലകെ‍ാള്ളുന്നതെന്നതിൽ സർക്കാരിനുള്ള മുന്നറിയിപ്പുണ്ട്.

കർഷക സംഘടനകളുമായി ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്രസർക്കാർ ആവർത്തിച്ച് അറിയിച്ചതുകൊണ്ടു മാത്രമായില്ല. കർഷകർ ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്നങ്ങൾ കഴിഞ്ഞ നാലു ചർച്ചകളിലും സർക്കാർ വേണ്ടവിധം ഉൾക്കൊണ്ടില്ലെന്നാണു പരാതി. ഡോ. എം.എസ്.സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടുപ്രകാരമുള്ള താങ്ങുവില, സമ്പൂർണ കടം എഴുതിത്തള്ളൽ തുടങ്ങിയവയാണ് ആവശ്യങ്ങളിൽ പ്രധാനം. മുൻപു സമരം തീർക്കാൻ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിന് എന്തു ന്യായീകരണമാണു സർക്കാരിനു പറയാനുള്ളത് ?  

കർഷകരെ ശത്രുപക്ഷത്തുനിർത്തി, പെ‍ാലീസിനെ അക്രമം നടത്താൻ കയറൂരിവിടുന്നതു സ്ഥിതിഗതികൾ കൂടുതൽ മേ‍ാശമാക്കുമെന്നതിൽ സംശയമില്ല. തുടർചർച്ചകൾക്കായുള്ള വാതിൽ അടച്ചുകളയുന്ന സാഹചര്യം ഒരിക്കലുമുണ്ടാകാൻ പാടില്ല. കർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുള്ള കൃത്യമായ മറുപടികളും വാഗ്ദാനങ്ങൾ പാലിക്കാനുള്ള മാന്യതയുമാണു കേന്ദ്ര സർക്കാരിൽനിന്നു രാജ്യം പ്രതീക്ഷിക്കുന്നത്.

English Summary:

Editorial about farmers protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com