ADVERTISEMENT

നമ്മുടെ റോഡുകളിൽ സഞ്ചരിക്കുന്നതു വാഹനങ്ങൾ മാത്രമല്ല, ഒരു സംസ്കാരം കൂടിയാണ്. മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരോടും വഴിയാത്രക്കാരോടുമെ‍ാക്കെയുള്ള സമീപനത്തിൽ തെളിയേണ്ടത് ഈ ഗതാഗത സംസ്കാരമാണെങ്കിലും പലപ്പോഴും അതിനുപകരം കിരാതത്വമാണു അഴിഞ്ഞാടുന്നത്. വഴിയേ പോകുന്നവരെ നിസ്സാരകാരണങ്ങൾക്കോ കാരണംപോലുമില്ലാതെയോ ആക്രമിക്കുന്നവർ കേരളത്തെ നാണംകെടുത്തുന്നു. ഏറ്റവുമെ‍ാടുവിലായി, മലപ്പുറം ജില്ലയിലെ തിരൂർ–ചമ്രവട്ടം റോഡിലാണ് വ്യാഴാഴ്ച രാത്രി അക്രമികൾ അഴിഞ്ഞാടിയത്.

ബൈക്കിലെത്തിയ രണ്ടംഗസംഘം കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കുസാറ്റിലെ അസോഷ്യേറ്റ് പ്രഫ.ഡോ. എ.നൗഫൽ, ഭാര്യ ഡോ. ഷഹർബാനു, രണ്ടു മക്കൾ എന്നിവരാണു കാറിലുണ്ടായിരുന്നത്.  പെ‍ാന്നാനിയിൽവച്ച് സൈ‍ഡ് നൽകിയില്ലെന്നാരോപിച്ച് രണ്ടംഗസംഘം ബൈക്കിൽ ഇവരെ പിന്തുടരുകയും കാറിനു മുന്നിലേക്കു ചാടിവീണ് ആക്രമണം നടത്തുകയുമായിരുന്നു. കാറിന്റെ വശങ്ങളിലെ ചില്ല് അടിച്ചുതകർത്തിട്ടുണ്ട്. ചില്ല് കയ്യിൽത്തറച്ച് ഡോ. ഷഹർബാനുവിനും കുഞ്ഞിനും പരുക്കേറ്റു. അക്രമികളെ അറസ്റ്റ് ചെയ്തു. 

വഴിയൊതുക്കിക്കൊടുത്തില്ലെന്നതുപോലും മർദനത്തിനു കാരണമാക്കാൻ മടിയില്ലാത്തവരായിക്കഴിഞ്ഞു മലയാളികളിൽ ചിലരെങ്കിലും. റോഡുകൾക്കു വീതി കൂടാതിരിക്കുകയും വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കേരളത്തിൽ വാഹനങ്ങൾ തമ്മിലുള്ള ഉരസലുകളും കൂട്ടിമുട്ടലുകളുമൊക്കെ പതിവായിക്കഴിഞ്ഞു. ഇങ്ങനെയുള്ള അവസരങ്ങളിൽ, മാന്യമായ ഒത്തുതീർപ്പിനുപോലും തയാറാകാതെ ധാർഷ്ട്യത്തോടെ പെരുമാറുന്നവരുടെ എണ്ണവും കൂടിവരികയാണെന്നതു നിർഭാഗ്യകരംതന്നെ. ഇത്തരം അമാന്യപ്രകടനങ്ങൾ ഏതുവരെ ചെന്നെത്താമെന്നതിനു ദുഃഖസാക്ഷ്യം തരികയാണു പല സമീപകാല സംഭവങ്ങളും. ചിലരെയെങ്കിലും ഇതിനു പ്രേരിപ്പിക്കുന്നതു ലഹരിയാണ്. മദ്യമല്ലാത്ത ലഹരിവസ്തുക്കൾ ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ സാധാരണ പരിശോധനയിലൂടെ കണ്ടെത്താൻ ബുദ്ധിമുട്ടാണുതാനും. 

പലരുടെയും ഉള്ളിലെ അക്രമവാസന റോഡിൽ പുറത്തുവരുന്നത് അത്യധികം ആശങ്കാജനകമാണ്. മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും വഴിയാത്രക്കാരുമൊക്കെ നിസ്സാരകാരണങ്ങൾക്കുപോലും ബസ് തടഞ്ഞിട്ടു ഡ്രൈവറെയും കണ്ടക്ടറെയും ചീത്തപറയുന്നതും മർദിക്കുന്നതും കേരളത്തിൽ പതിവായിരിക്കുന്നു. മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ ബസ് ജീവനക്കാർ തല്ലിയ സംഭവങ്ങളുമുണ്ട്. 

എംസി റോഡിൽ, ആലപ്പുഴ ജില്ലയിലെ പ്രാവിൻകൂട് ജംക്‌ഷനു സമീപം 2018ൽ ഉണ്ടായത് ഒരിക്കലും ആവർത്തിക്കരുതാത്ത ക്രൂരസംഭവമാണ്. ബൈക്ക് കാറിനു പിന്നിൽ ഉരസിയെന്നാരോപിച്ചു കാർ ഡ്രൈവർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തപ്പോൾ ഒരു പാവം അമ്മയുടെ ആയുസ്സിന്റെതന്നെ താക്കോൽ കളഞ്ഞുപോവുകയായിരുന്നു. മകന്റെ ബൈക്കിനു പിന്നിൽനിന്നു റോഡിൽ വീണ അമ്മ, കെഎസ്ആർടിസി ബസിന് അടിയിൽപെട്ടു മരിച്ച ആ സംഭവം ഇന്നും നടുക്കമുളവാക്കുന്നു. ബൈക്കിന്റെ താക്കോൽ ഊരിയെടുത്തപ്പോൾ ഹാൻഡിൽ ലോക്കാകുകയും ബഹളത്തിനിടെ അമ്മ റോഡിലേക്കു വീഴുകയുമായിരുന്നു.

റോഡിലെ ക്രോധപ്രകടനങ്ങൾ സംബന്ധിച്ച് ഒട്ടേറെ കേസുകൾ കോടതികളിൽ വരുന്നുണ്ട്. എന്നാൽ, ‘റോഡ് റേജ്’ ശിക്ഷിക്കാവുന്ന കുറ്റകൃത്യമാക്കുന്ന വ്യവസ്ഥ മോട്ടർ വാഹനനിയമത്തിലോ ശിക്ഷാചട്ടങ്ങളിലോ ഇല്ലെന്നും ഇക്കാര്യത്തിൽ നിയമനിർമാതാക്കളുടെ ശ്രദ്ധ പതിയണമെന്നും ഹൈക്കോടതി പറഞ്ഞതു മൂന്നു വർഷംമുൻപാണ്. എന്നാൽ, ഓസ്ട്രേലിയ, ജർമനി, സിംഗപ്പൂർ തുടങ്ങി പല രാജ്യങ്ങളും റോഡ് റേജ് ശിക്ഷയുള്ള കുറ്റകൃത്യമാക്കിയിട്ടുണ്ടെന്നും അന്നു കോടതി പറയുകയുണ്ടായി.

ആളുകൾ നിസ്സഹായതയോടെ പിടഞ്ഞുമരിക്കാനും വാഹനമോടിക്കുന്നവരെ നിസ്സാരകാരണങ്ങൾ പറഞ്ഞു തല്ലിച്ചതയ്ക്കാനുമല്ല ഇവിടെ പാതകൾ പണിയുന്നത്; ഗതാഗതസംസ്കാരമെന്തെന്ന് അറിയാവുന്നവർക്കു വാഹനമോടിക്കാനാണ്. സർക്കാരിനും നിയമങ്ങൾക്കുമൊക്കെയപ്പുറത്ത്, അങ്ങനെയൊരു സംസ്കാരത്തിലേക്കു സ്വയം ഉയരാനുള്ള ശ്രമമാണു വാഹനമോടിക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. ചെറിയ കാരണങ്ങൾക്കുപോലും കയ്യൂക്കു കാണിക്കുന്നവരെ നിലയ്ക്കുനിർത്തുകതന്നെ വേണം. മര്യാദാസഞ്ചാരവും മനുഷ്യാവകാശമാണെന്ന അടിസ്‌ഥാനബോധ്യമാണ് ആദ്യം വേണ്ടത്.

English Summary:

Editorial about violence in Ponnani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com