സൈഡ് നൽകിയില്ലെന്ന് ആരോപണം; കുസാറ്റ് അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞ് ആക്രമിച്ച് യുവാക്കൾ
Mail This Article
പൊന്നാനി (മലപ്പുറം)∙ ബൈക്കിലെത്തിയ രണ്ടംഗ സംഘം കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്ക്. ചില്ല് അടിച്ചു തകർത്തു. 2 പേർ അറസ്റ്റിൽ. തിരൂർ–ചമ്രവട്ടം റോഡിൽ വ്യാഴാഴ്ച രാത്രി 10.45നാണ് സംഭവം.
കുസാറ്റിലെ അസി. പ്രഫസർ നൗഫൽ, ഭാര്യ രാജഗിരി ആശുപത്രിയിലെ ഡോക്ടർ ഷഹർബാനു, 2 മക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്. പൊന്നാനി ഈശ്വരമംഗലം സ്വദേശികളായ പുഴവക്കത്ത് പറമ്പിൽ അനീഷ് (35), വള്ളിക്കാട്ടു വളപ്പിൽ ബിനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്.
കുടുംബം കാറിൽ കൊച്ചിയിൽനിന്നു കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്നു. പൊന്നാനിയിൽ വച്ച് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് രണ്ടംഗ സംഘം ബൈക്കിൽ ഇവരെ പിന്തുടർന്നു. 7 കിലോമീറ്റർ കൂടി കഴിഞ്ഞപ്പോൾ ഗതാഗതക്കുരുക്കിൽ വച്ച് കാറിനു മുന്നിലേക്ക് ചാടി വീണാണ് ആക്രമണം നടത്തിയത്. ഉടൻ നാട്ടുകാർ ഇടപെട്ട് അക്രമികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. കുടുംബം മറ്റൊരു വാഹനത്തിൽ കയറിയാണ് പോയത്.