ADVERTISEMENT

രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയുള്ള കർശന മുന്നറിയിപ്പാണ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്കു ശിക്ഷ വർധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ആരെയും കെ‍ാല്ലാനുള്ള കാരണമല്ലെന്ന വ്യക്തവും ദൃഢവുമായ നീതിപീഠസന്ദേശം ആയുധം കയ്യിലെടുക്കുന്ന രാഷ്ട്രീയക്കാർക്കെല്ലാം ബാധകമാകുന്നു. സമാധാനകേരളത്തിന്റെ പക്ഷംചേർന്നുനിൽക്കുകയാണ് ഈ നിർണായക വിധി. 

ആറു പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയതിനുപുറമേ, വിചാരണക്കോടതി വിട്ടയച്ച രണ്ടു സിപിഎം നേതാക്കൾക്കു ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ഈ രാജ്യത്തെ ജനങ്ങളെ ഭരിക്കുന്ന ജനാധിപത്യ മൂല്യങ്ങൾക്കു നേരെ ഭീഷണിയുയർത്തുന്നതാണ് ഹീനമായ ഈ കൊലപാതകമെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിയോജിപ്പിന്റെ സ്വരത്തെ നിശ്ശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യത്തെ ജനങ്ങൾക്കെതിരെയും സമൂഹത്തിനെതിരെയുമുള്ള കുറ്റകൃത്യമായി കാണണമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തു. 

സംഘം ചേർന്നു കൊലപ്പെടുത്തിയതിനു വിചാരണക്കോടതി ജീവപര്യന്തം തടവുവിധിച്ചവർക്ക് ഇതിനുപുറമേ ഗൂഢാലോചനക്കുറ്റത്തിനാണ് മറ്റൊരു ജീവപര്യന്തത്തിനുകൂടി ഹൈക്കോടതി ശിക്ഷിച്ചത്. ‌‌പലർക്കും പിഴ വിധിക്കുകയും ചെയ്തു. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎൽഎയ്ക്കും മകനും വിചാരണക്കോടതി വിധിച്ച നഷ്ടപരിഹാരം വർധിപ്പിച്ചിട്ടുണ്ട്. 

േകസിൽ 12 പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധി ഈമാസം 19നു ഹൈക്കോടതി ശരിവച്ചിരുന്നു. സിപിഎം വടകര കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ 10–ാം പ്രതി കെ.കെ.കൃഷ്ണനെയും പാനൂർ കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന 12–ാം പ്രതി ജ്യോതിബാബുവിനെയും വിട്ടയച്ച വിചാരണക്കോടതിവിധി അന്നു റദ്ദാക്കിയ ഹൈക്കോടതി, ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ ഇവർക്ക് ഇന്നലെ ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ നീതിപീഠത്തിന്റെ വിശ്വാസ്യതയാണ് ഉറപ്പിക്കപ്പെടുന്നത്. ‘ചന്ദ്രശേഖരനെ വെള്ള പുതപ്പിച്ചുകിടത്തണമെന്നും ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ റോഡിൽ തെറിക്കുന്നതു കാണേണ്ടി വരും’ എന്നും കെ.കെ.കൃഷ്ണൻ പ്രസംഗിച്ചതു കേട്ടതായി സാക്ഷിയായ അച്യുതൻ മൊഴി നൽകിയിരുന്നു. ഭർത്താവ് ഈ പ്രസംഗത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളതായി കെ.കെ.രമയും മൊഴി നൽകി.

സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പിയെ വടകരയ്ക്കടുത്തു വള്ളിക്കാട്ടുവച്ച് 2012 മേയ് നാലിന് അക്രമികൾ ബോംബെറിഞ്ഞു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ടി.പി.ചന്ദ്രശേഖരൻ പുതിയ പാർട്ടിയുണ്ടാക്കിയതും വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചതും സിപിഎമ്മിന്റെ ശത്രുതയ്ക്കു കാരണമായതായി ഹൈക്കോടതി നേരത്തേ ചൂണ്ടിക്കാട്ടുകയുണ്ടായി. 

രണ്ടു സിപിഎം േനതാക്കൾക്കുകൂടി ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതോടെ, കെ‍ാലപാതകത്തിൽ പങ്കില്ലെന്ന് ഇക്കാലമത്രയും ആവർത്തിച്ചുപോന്ന അവകാശവാദം പൊളിഞ്ഞ് ആ പാർട്ടി കൂടുതൽ നാണംകെടുന്നു. രാഷ്‌ട്രീയ കാരണങ്ങളാലാണു ടി.പി കൊല ചെയ്യപ്പെട്ടതെന്നും കൊലയാളിസംഘം രാഷ്‌ട്രീയ ശത്രുക്കളുടെ ഉപകരണങ്ങളായി പ്രവർത്തിക്കുകയായിരുന്നുവെന്നും വിചാരണക്കോടതിതന്നെ കണ്ടെത്തിയിരുന്നു. ഈ വിധിക്ക് അടിവരയിട്ടുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ ഉയർത്തിയത്. ടി.പി വധക്കേസുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നു പറഞ്ഞവർതന്നെ ഏഴു വർഷംമുൻപ് അതിലെ പ്രതികൾക്കു ശിക്ഷയിളവിനു ശുപാർശ ചെയ്യുന്ന വൈരുധ്യവും കേരളം കണ്ടതാണ്. 9 പേർക്ക് 20 വർഷത്തിനു മുൻപു ശിക്ഷയിൽ ഇളവില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം നേതാക്കൾ പ്രതികളായ കേസ് സിപിഎമ്മാണു നടത്തേണ്ടത് എന്നിരിക്കെ, സർക്കാർ തുടർച്ചയായി പ്രതികളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുന്നതാണു കേരളം പല കേസുകളിലും കാണുന്നത്. കൊലപാതക രാഷ്ട്രീയത്തിന് അധികാരസംരക്ഷണത്തിന്റെ മേലൊപ്പു ചാർത്തുമ്പോൾ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളിലാകെ അരക്ഷിതത്വം സൃഷ്ടിക്കുകയല്ലേ? 

ഈ വിധിയോടെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ നിശിതമായി ചോദ്യം ചെയ്യപ്പെടുകയാണ്. കൊലയാളികളിൽ പലർക്കും ടി.പി.ചന്ദ്രശേഖരനുമായി വ്യക്തിപരമായ പരിചയമേ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനം തീരുമാനിച്ച ശിക്ഷാവിധി നടപ്പാക്കാനുള്ള കരുക്കൾ മാത്രമായിരുന്നു അവർ. അതുകൊണ്ടുതന്നെയാണ്, വധം സംബന്ധിച്ച ഗൂഢാലോചന മുഴുവൻ പുറത്തുവന്നിട്ടില്ലെന്ന കെ.കെ.രമയുടെ വാദം പ്രസക്തമാകുന്നത്. ഗൂഢാലോചനയിൽ ഉൾപ്പെട്ടവരെയെല്ലാം വെളിച്ചത്തുകെ‍ാണ്ടുവരേണ്ടതു രാഷ്ട്രീയക്കെ‍ാലപാതകങ്ങൾക്കെതിരെ നിലകെ‍ാള്ളുന്ന എല്ലാവരുടെയും ആവശ്യമാണ്.

English Summary:

Editorial about TP Chandrasekharan murder case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com