ADVERTISEMENT

സർക്കാർ ജീവനക്കാർ ഇത്തവണ നേരിടുന്ന ശമ്പളപ്രതിസന്ധി സമാനതകളില്ലാത്ത ആശങ്കകളിലേക്കാണു കേരളത്തെ കെ‍ാണ്ടുപോവുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കു കടന്നതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയായിരുന്നു. സാങ്കേതിക തടസ്സങ്ങൾ കാരണം ശമ്പളം മുൻപു മുടങ്ങിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ പക്കൽ പണമില്ലാത്തതിനാൽ ശമ്പളം നൽകാനാകാത്തത് ആദ്യത്തെ അനുഭവമാണ്.

മൂന്നു ദിവസംകൊണ്ടു ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ കഴിഞ്ഞദിവസം ഉറപ്പുനൽകിയതെങ്കിലും പകുതി ജീവനക്കാർക്കുപോലും ഇതുവരെ ശമ്പളം നൽകാനായിട്ടില്ല. ശമ്പളവിതരണം ഇൗയാഴ്ച പൂർത്തിയാകില്ലെന്ന് ആശങ്കയുണ്ട്. ട്രഷറി വഴി ശമ്പളവും പെൻഷനും പിൻവലിക്കുന്നതിന് പ്രതിദിനം 50,000 രൂപ പരിധി നിർണയിച്ചിരിക്കുകയാണു സർക്കാർ. ശമ്പളം അനുവദിച്ചശേഷം പിൻവലിക്കുന്നതിനു പരിധി വച്ചതും ആദ്യമായാണ്. നിലവിൽ 5.25 ലക്ഷത്തോളം സർക്കാർ ജീവനക്കാരാണു കേരളത്തിലുള്ളത്. എന്തു കാരണംകെ‍ാണ്ടായാലും, ജോലി ചെയ്തതിന് ഇവർക്കു കൃത്യമായി ശമ്പളം നൽകാതെവരുമ്പോൾ അതു ക്രൂരത തന്നെയായിമാറുന്നു.

ശമ്പളം മുടങ്ങിയില്ലെന്നു വരുത്താനായി ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിൽ പണം വന്നതായി കാണിച്ചിട്ട് അക്കൗണ്ട് മരവിപ്പിച്ച നടപടി സർക്കാരിനു ചേരുന്നതല്ല. സാങ്കേതിക തടസ്സം കാരണമാണ് ഒന്നാം തീയതി ശമ്പളവിതരണം ആരംഭിക്കാൻ കഴിയാത്തതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ ആവർത്തിച്ചെങ്കിലും ധനപ്രതിസന്ധിയാണു യഥാർഥ കാരണമെന്ന വസ്തുത അദ്ദേഹം മറച്ചുവച്ചില്ല. നിലവിലെ പ്രതിസന്ധിക്കു മുഖ്യകാരണം കേന്ദ്രം സ്വീകരിച്ച ചില നിയന്ത്രണങ്ങളാണെന്ന ധനമന്ത്രിയുടെ വാദം ശരിയാണ്. പക്ഷേ, കിഫ്ബിയും പെൻഷൻ കമ്പനിയും ബജറ്റിൽപെടുത്താതെ എടുത്ത കടത്തിന്റെകൂടി ഭാരമാണ് ഇപ്പോൾ പ്രതിസന്ധിയായി സംസ്ഥാനത്തിന്റെ തലയ്ക്കു മുകളിൽ നിൽക്കുന്നതെന്ന കാര്യം മറക്കരുത്. അപ്പോൾ, പ്രതിസന്ധിക്കു കാരണം കേന്ദ്രം മാത്രമല്ലെന്നു വരുന്നു.

സർക്കാർവിലാസം ചെലവുകളെല്ലാം ഈ സാമ്പത്തികപ്രതിസന്ധിക്കാലത്തും സുഗമമായി നടക്കുന്നുണ്ടെന്നിരിക്കെ, ശമ്പളവിതരണത്തിന്റെ കാര്യത്തിലുണ്ടായ വീഴ്ച അപലപനീയമാണ്. താൽക്കാലിക പ്രതിസന്ധിയാണെന്നും അടുത്ത മാസം പുതിയ സാമ്പത്തികവർഷമായതിനാൽ കടമെടുക്കാൻ കഴിയുമെന്നും ശമ്പളവിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും സർക്കാർ വക്താക്കൾ പറയുന്നു. ശമ്പളപ്രതിസന്ധിക്കു ശാശ്വത പരിഹാരം വേണമെന്നത് അടിയന്തരാവശ്യംതന്നെയാണെന്നതിൽ സംശയമില്ല.

സർക്കാർ സർവീസിൽനിന്നു വിരമിച്ച് പ്രതിമാസ പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാനത്തെ അഞ്ചേകാൽ ലക്ഷം പേരുടെയും അവരുടെ കുടുംബങ്ങളുടെയും സങ്കടവും സർക്കാർ കാണുന്നില്ലെന്നുവേണം കരുതാൻ. 70 വയസ്സു കഴിഞ്ഞവർക്കെങ്കിലും പെൻഷൻ പരിഷ്കരണ കുടിശിക നൽകണമെന്നാവശ്യപ്പെട്ട് പെൻഷൻകാരുടെ സംഘടനകൾ സർക്കാരിനു കത്തു നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജീവിതസായാഹ്നത്തിലെത്തിയ വലിയൊരു വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചാണോ സർക്കാർ ചെലവു നിയന്ത്രിക്കേണ്ടത്?

സംസ്ഥാനത്തെ 58 ലക്ഷം സാമൂഹിക സുരക്ഷാ പെൻഷൻ‌കാർക്കു നൽകാനുള്ള കുടിശികത്തുക 4600 കോടി രൂപയിലേറെയായതു മറ്റെ‍ാരു ആശങ്കയാണ്. കഴിഞ്ഞ ഓഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ നൽകിയത്. സെപ്റ്റംബർ മുതൽ ഇൗ മാസം വരെയുള്ള തുക കുടിശികയാണ്. ക്ഷേമ പെൻഷനുവേണ്ടി കാത്തിരിക്കുന്നവരെ നിരാശരാക്കുന്നതു സർക്കാരിനു ഭൂഷണമല്ല. അർഹതപ്പെട്ട ഇത്തരം അവകാശങ്ങൾ ഉദാസീനതയോടെ സർക്കാർ കൈകാര്യം ചെയ്യുമ്പോൾ ആ അനാസ്ഥയിൽ ഈ നാട്ടിലെ ലക്ഷക്കണക്കിനു പേരുടെ കണ്ണീരാണു വീഴുന്നത്. സാമൂഹിക സുരക്ഷാ മിഷനു കീഴിൽ വിവിധ സർക്കാരുകളുടെ കാലത്തു തുടങ്ങിയ 19 പദ്ധതികളിൽ പലതിലെയും ഗുണഭോക്താക്കൾക്കുള്ള സഹായവും മുടങ്ങിക്കിടക്കുന്നു.

ശമ്പളവിതരണത്തിൽ ഇനിയെ‍ാരിക്കലും പാളിച്ച വരാതിരിക്കാൻ സർക്കാർ മുഖ്യശ്രദ്ധ നൽകിയേതീരൂ. പെൻഷൻകാർക്കും നിരാശ നൽകിക്കൂടാ. സാമ്പത്തികപ്രതിസന്ധിക്കു കേന്ദ്രത്തെ പഴിചാരാമെങ്കിലും സാധാരണക്കാരുടെ വരുമാനത്തിനു തടയിട്ടല്ല സർക്കാർ അതിനു പരിഹാരം കാണേണ്ടത്.

English Summary:

Editorial about salary crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com