ADVERTISEMENT

കലാപ്രകടനത്തിന് ഒരുങ്ങിവന്ന ചെറുപ്പക്കാർ ചോരപ്പാടുകളും കണ്ണീരുമായി മടങ്ങുന്നത് ഒട്ടും നല്ല കാര്യമല്ല. തുടക്കം മുതൽ ഇന്നലെ വൈസ് ചാൻസലർ ഇടപെട്ടു നിർത്തിവയ്ക്കും വരെ അപശ്രുതി മാത്രം മുഴങ്ങിയ കേരള സർവകലാശാലാ കലോത്സവം  അപമാനിച്ചുവിടുന്നത് അതിന്റെ ചരിത്രത്തെത്തന്നെയാണ്. പാതിവഴിയിൽ കർട്ടൻ വീണ ഈ കലോത്സവം എക്കാലത്തേക്കും കേരള സർവകലാശാലയ്ക്കും അവിടത്തെ വിദ്യാർഥി യൂണിയനും നാണക്കേടാണ്. 

നമ്മുടെ കലാ സാംസ്കാരിക മണ്ഡലത്തിന്റെ ഭാവികാലത്ത് ചുവടുറപ്പിക്കേണ്ടവരാണ് വേദിയും അംഗീകാരവും നഷ്ടപ്പെട്ടു മടങ്ങുന്നത്. മാസങ്ങളുടെ കഠിനാധ്വാനവും ഒരുക്കവും പാഴാകുന്നു. നൃത്ത ഇനങ്ങളടക്കം പല സ്റ്റേജ് മത്സരങ്ങൾക്കും വലിയ തോതിൽ പണം ചെലവഴിച്ചും ഏറെ നാളത്തെ തയാറെടുപ്പോടെയുമാണ് കോളജുകൾ ടീമുകളെ എത്തിക്കുന്നത്. സർവകലാശാലാ അധികൃതരും യൂണിവേഴ്സിറ്റി യൂണിയനും വിദ്യാർഥി സംഘടനകളുമടക്കമുള്ളവർ നിരത്തുന്ന ന്യായങ്ങളൊന്നും നിരാശരായുള്ള അവരുടെ മടക്കത്തിനു പരിഹാരമല്ല. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ നിസ്സാരവുമല്ല. 

താൽക്കാലിക ലാഭം നോക്കിയുള്ള രാഷ്ട്രീയക്കളികളും അധികാരികളുടെ കിടമത്സരങ്ങളും നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ എത്രമാത്രം അനാഥമാക്കിയിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവുകൂടിയാവുന്നു ഇത്. ചില വിദ്യാർഥിസംഘടനകൾ അക്രമം അവരുടെ പ്രധാന കലാപരിപാടിയാക്കിയിരിക്കുകയാണ്. 

കോഴ വാങ്ങി വിധിനിർണയം അട്ടിമറിച്ചതിന്റെ പേരിൽ വിധികർത്താക്കളടക്കം അറസ്റ്റിലായി. മാർഗംകളി മത്സരത്തിന്റെ നിർണയത്തിലാണ് ക്രമക്കേടുണ്ടായതെന്നു പറയുന്നെങ്കിലും കലോത്സവത്തിലെ മറ്റിനങ്ങളിലും സമാനമായ ഇടപെടൽ നടന്നിട്ടുണ്ടെന്ന ആരോപണവുമായി വിദ്യാർഥികൾ വൈസ് ചാൻസലർക്കു മുന്നിലെത്തി. വിധികർത്താക്കൾക്കെതിരെ നൂറുകണക്കിനു പരാതികളാണ് സർവകലാശാലാ അധികൃതർക്കു ലഭിച്ചത്. 

കലോത്സവ വേദിയിൽ പിന്നീട് എസ്എഫ്ഐ –കെഎസ്‌യു സംഘർഷമുണ്ടായി. കെഎസ്‌യു ജയിച്ച കോളജുകളിൽ നിന്നെത്തിയ വിദ്യാർഥികളെയും   സംഘടനാപ്രവർത്തകരെയും എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞുപിടിച്ചു മർദിച്ച സംഭവത്തിൽ 16 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എല്ലാ സ്വരവും ഉയർന്നു കേൾക്കുന്ന, എല്ലാ ശിരസ്സും ഉയർത്തിപ്പിടിക്കാവുന്ന കാലത്തെക്കുറിച്ചു പറയുന്നവരുടെ ഫാഷിസ്റ്റ് സമീപനമാണ് ഇവിടെ വെളിവായത്. എസ്എഫ്ഐ ആധിപത്യമില്ലാത്ത കോളജുകൾ പോയിന്റുനില വർധിപ്പിച്ചപ്പോൾ തടയിടാൻ എസ്എഫ്ഐയുടെ ഇടപെടലുണ്ടായെന്നും ആക്ഷേപമുയർന്നു. 

ആൾക്കൂട്ട മർദനത്തെയും മാനസിക പീഡനത്തെയും തുടർന്ന് ഒരു വിദ്യാർഥിയുടെ ജീവൻപൊലിഞ്ഞ കേസ് സിബിഐ അന്വേഷണത്തിനു കൈമാറിയ അതേ സമയത്തുതന്നെ അക്രമത്തിന്റെ ഭാഷ കലാശാലാ കലോത്സവത്തിൽ മുഴങ്ങുന്നതാണ് കേരളം കണ്ടത്. അക്രമമാണ് വേദിവിട്ടു പോകേണ്ടതെന്ന് ആരാണ് ഇവരെ പറഞ്ഞു മനസ്സിലാക്കുക? 

വിദ്യാർഥി സംഘടനകളിലൂടെ വളർന്നു വലുതായവരാണ് ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിൽ ഏറെപ്പേരും. ഈ നാട്ടിൽ ഇനിയും ജീവിക്കേണ്ട ചെറുപ്പക്കാർക്കുവേണ്ടി അവർ ഇടപെടുകയും അക്രമിക്കൂട്ടങ്ങളെ നിയന്ത്രിക്കുകയുമാണു വേണ്ടത്. 

എല്ലാ സ്വരങ്ങളുടെയും പൂവിളി ഉയരുകയും എല്ലാ നിറങ്ങളും നിറഞ്ഞാടുകയും ചെയ്യുന്ന ഇടങ്ങളായി നമ്മുടെ കലാലയങ്ങളും യുവത്വത്തിന്റെ വേദികളും മാറിയില്ലെങ്കിൽ നമ്മുടെ ചെറുപ്പക്കാർ ഈ നാടുവിട്ടോടിപ്പോകേണ്ടിവരുമെന്നെങ്കിലും ഈ നേതാക്കൾ ചിന്തിക്കേണ്ടതുണ്ട്.

English Summary:

Editorial about issue in Kerala University Kalolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com