ADVERTISEMENT

ടിപ്പർ കൊല വീണ്ടും വാർത്തയായിക്കൊണ്ടേയിരിക്കുന്നു. റോഡുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ടിപ്പർ ഓടിക്കുന്നവർക്കു ബാധ്യതയുണ്ട്. എന്നാൽ, പലപ്പോഴും അവർ താരതമ്യേന ദുർബലമായ മറ്റു വാഹനങ്ങളെ ‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന രീതിയിൽ ശബ്ദംകൊണ്ടും വേഗംകൊണ്ടും ഭീഷണിപ്പെടുത്തുന്നതു കാണാം. ‘ആളെക്കൊല്ലും’ എന്നു മറ്റുള്ളവർക്കുള്ള ഭയം വേഗത്തിൽ പോകാനുള്ള ലൈസൻസായാണ് ചില ടിപ്പർ ഡ്രൈവർമാരെങ്കിലും കാണുന്നത്. കഴി‌ഞ്ഞ വർഷം കേരളത്തിൽ അപകടങ്ങളുടെ എണ്ണം 2022ലെ 44,000 എന്നതിൽനിന്ന് 48,000 ആയി വർധിച്ചു. ടിപ്പർ അപകടങ്ങളും വർധിച്ചിട്ടുണ്ടാകും. ഭാഗ്യവശാൽ ഹെൽമറ്റും സീറ്റ്ബെൽറ്റും റോഡിലെ ക്യാമറ പരിശോധിച്ചതുകൊണ്ട് മരണങ്ങൾ അൽപം കുറഞ്ഞു എന്നത് ആശ്വാസം. എന്നാൽ, ടിപ്പറിനു മുൻപിൽ ഹെൽമറ്റും സീറ്റ്ബെൽറ്റുമൊക്കെ നിഷ്പ്രഭം. 

വടിവാൾ വീശി ഒരാൾ നടന്നുപോകുമ്പോൾ അതു കഴുത്തിൽകൊണ്ട് ആരെങ്കിലും മരിച്ചാൽ അയാൾ 302-ാം വകുപ്പു പ്രകാരം ബോധപൂർവമായ കൊലപാതകത്തിനു ശിക്ഷിക്കപ്പെടും. എന്നാൽ, ‍ഡ്രൈവറുടെ അശ്രദ്ധമൂലം കൊല്ലപ്പെടുന്നതു നിസ്സാരമായാണ്  നിയമവ്യവസ്ഥ പരിഗണിക്കുന്നത്. ഒരു വാഹനത്തിൽനിന്നു തടിയോ കല്ലോ വീണ് ആരെങ്കിലും മരിച്ചാൽ വെറും അശ്രദ്ധമൂലമുള്ള മരണമായി പരിഗണിക്കപ്പെടുന്നു. 

എന്നാൽ, വാഹനം ഓടിക്കുന്ന ഒരാൾ ബോധപൂർവം അപകടകരമായ ഒരു സംഗതി ചെയ്ത് അതുമൂലം അപകടം വരുത്തുകയാണെങ്കിൽ അതിനെ ബോധപൂർവം സൃഷ്ടിച്ച കൊല എന്നുതന്നെ കരുതുന്ന നിയമവ്യവസ്ഥ ഇവിടെ വേണം. അതായത്, അമിതലോഡ് കൊണ്ടോ ഒരു വസ്തു ഇളകിപ്പോകുന്ന തരത്തിൽ കൊണ്ടുപോയതുകൊണ്ടോ വേഗപരിധി ലംഘിക്കുന്നതുകൊണ്ടോ ഉണ്ടാകുന്ന മരണത്തെ ബോധപൂർവമായ കൊലപാതകമായി നാം കാണണം. 

മാമ്പഴം വീഴ്ത്താൻ കല്ലെറിയുമ്പോൾ ലക്ഷ്യം തെറ്റി മറ്റൊരാൾക്കു കൊള്ളുന്നതുപോലെയല്ല നിയമപ്രകാരം തെറ്റായ സംഗതി പൊതുസ്ഥലത്തു ചെയ്ത് അതുമൂലം അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അതീവ അപകടസാധ്യതയുള്ള പ്രവൃത്തികൾ ബോധപൂർവം ചെയ്തു മരണമുണ്ടായാൽ അതിനെ അബദ്ധം, അശ്രദ്ധ മൂലം എന്നു കാണരുത്.  കേരളത്തിലെ വാഹനത്തിരക്കും ജനസാന്ദ്രതയും കണക്കാക്കുമ്പോൾ ഇങ്ങനെ ചെയ്യേണ്ട കാലം അതിക്രമിച്ചു. അമിതവേഗം മൂലമോ കല്ലുതെറിച്ചു വീണതുമൂലമോ ആരെങ്കിലും മരിച്ചാൽ ടിപ്പർ ‍ഡ്രൈവർമാരുടെ ലൈസൻസും ലോറിയുടെ ലൈസൻസും ഒരു വർഷത്തേക്കെങ്കിലും സസ്‌പെൻഡ് ചെയ്യുന്ന രീതിയുണ്ടാകണം. അതിനുവേണ്ടി നിയമനി‍ർമാണം നടത്തണം. 

വിദേശ രാജ്യങ്ങളിലെപ്പോലെ ഒന്നോ രണ്ടോ മണിക്കൂർ പരീക്ഷിച്ച് ഡ്രൈവിങ് ലൈസൻസുകൾ കൊടുക്കാൻപോലും ആളില്ലാത്തതാണ് നമ്മുടെ മോട്ടർ വാഹന വകുപ്പ്. അവർതന്നെ സമയം കണ്ടെത്തി നാട്ടിൽ മുക്കിലും മൂലയിലും സഞ്ചരിച്ച് അമിതവേഗവും അമിതലോഡുമുള്ള ടിപ്പറുകൾ കണ്ടുപിടിക്കണമെങ്കിൽ മോട്ടർ വാഹനവകുപ്പിന്റെ സംഖ്യാബലം ഇന്നുള്ളതിൽനിന്ന് 15 ഇരട്ടിയായെങ്കിലും വർധിപ്പിക്കണം.

ജേക്കബ് പുന്നൂസ്
ജേക്കബ് പുന്നൂസ്

കേരളത്തിലെ വാഹനപ്രളയത്തിന്റെ തോതനുസരിച്ച് ലൈസൻസിങ്, പെർമിറ്റ് സാങ്കേതിക സംവിധാനങ്ങൾ ഇവിടെയില്ല. പൊലീസിലും മോട്ടർ വകുപ്പിലും സംഖ്യാബലവും വർധിച്ചിട്ടില്ല. സർക്കാരിന്റെ സാമ്പത്തികക്ലേശം മൂലം എപ്പോഴും അവഗണിക്കപ്പെടുന്ന മേഖലയാണ് റോഡ് സുരക്ഷ. ‘റോഡ് സർക്കാരുണ്ടാക്കും, സുരക്ഷ അവനവൻ നോക്കിക്കൊള്ളും’ എന്ന രീതിയിലാണു വിഭവശേഷി കൈകാര്യം ചെയ്യപ്പെടുന്നത്. ‘സുരക്ഷിതമായി ഓടിക്കാൻ സാധിച്ചില്ലെങ്കിൽ വാഹനം ഓടിക്കേണ്ട’ എന്നൊരു കർശനനിലപാട് സ്വീകരിക്കാൻ പറ്റുന്നില്ല. 

നാലു കോടിയിലധികം വാഹനങ്ങളുള്ള ബ്രിട്ടനിൽ പ്രതിവർഷം 1700 പേ‍ർ മാത്രമാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ‌1.6 കോടി വാഹനങ്ങൾ മാത്രമുള്ള കേരളത്തിൽ നാലായിരത്തിലധികം പേരാണ് മരിച്ചുവീഴുന്നത്. അരലക്ഷത്തിലധികം പേർക്കു പരുക്കേൽക്കുന്നു. റോഡ് സുരക്ഷയ്ക്കു നാം നൽകുന്ന പ്രാധാന്യം അതിനായി വകയിരുത്തുന്ന വിഭവശേഷിയിൽ പ്രതിഫലിക്കണം. കാലാകാലങ്ങളായി പിരിച്ചെടുക്കുന്ന റോഡ് സുരക്ഷാഫണ്ടിന്റെ സിംഹഭാഗവും ചെലവാക്കാതെ കെട്ടിക്കിടക്കുന്നു. 

ടിപ്പർ ഓടിക്കാവുന്ന സമയം നിയന്ത്രിക്കുക എന്നതായിരുന്നു അപകടം കുറയ്ക്കാൻ 10-15 വർഷം മുൻപു നാം കണ്ടുപിടിച്ച പരിഹാരം. എന്നാൽ, 15 വ‍ർഷംകൊണ്ടു വാഹനസാന്ദ്രത മൂന്നിരട്ടിയായി. എല്ലാ റോഡുകളി‍ലും ദിവസവും അതിരാവിലെ മുതൽ രാത്രിവരെ തിരക്കാണ്. സമയനിയന്ത്രണം മൂലം എന്തെങ്കിലും നടക്കുമെന്നു തോന്നുന്നില്ല. കർശനമായ വേഗനിയന്ത്രണമാണ് ഫലപ്രദം. 

  • Also Read

ടിപ്പറിന് 30 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കാത്ത രീതിയിൽ സ്പീഡ് ഗവർണർ പ്രാവർത്തികമാക്കണം. ടിപ്പറിൽ 20 ടൺ വരെ കയറും എന്നതിനാൽ 30 കിലോമീറ്ററിൽ വേഗത്തിൽ പോകുന്ന ടിപ്പർ ലോറി 60 കിലോമീറ്ററിൽ പോകുന്ന കാറിനെക്കാൾ അഞ്ചിരട്ടി പ്രഹരശേഷിയുള്ളതാണ്. വികസന പദ്ധതികൾക്കു കല്ലും മണ്ണും കൂടിയേ തീരൂ. പക്ഷേ, കല്ലു കൊണ്ടുപോകുമ്പോൾ ആളിനെ കൊല്ലുന്ന ധൃതിയും വേഗവും വികസനമോഹം കൊണ്ടല്ല; ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ ട്രിപ്പുകൾ ഓടിച്ച് കൂടുതൽ പണമുണ്ടാക്കണം എന്ന അത്യാഗ്രഹംകൊണ്ടു മാത്രമാണ്. ആളെക്കൊല്ലുന്ന വേഗമുണ്ടെങ്കിലേ വികസനവേഗം വർധിക്കൂ എന്നു കരുതുന്നത് ആത്മഹത്യാപരമാണ്. വേഗം കുറയ്ക്കാനായില്ലെങ്കിൽ ടിപ്പറുകൾ മരണം വിതറിക്കൊണ്ടേയിരിക്കും. 

എല്ലാ ടിപ്പർ ലോറികളിലും ജിപിഎസ് സംവിധാനം ഏർപ്പെടുത്തണം. ആ ജിപിഎസ് പ്രവ‍ർത്തനരഹിതമാകുകയോ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്യുന്നതിന്  പിഴ ഈടാക്കണം. അതുവഴി ട്രിപ്പുകളുടെ എണ്ണവും വേഗവും കൃത്യമായി പരിശോധിക്കാനാകും. ജിപിഎസ് സംവിധാനത്തിന് ഒരു ലോഡ് കല്ലിന്റെ വിലപോലും ഇല്ല. ടിപ്പർ കൊലകൾ ഒഴിവാക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ ഇത്തരം സാങ്കേതിക സംവിധാനങ്ങൾ ഈ മേഖലയിൽ കർശനമാക്കണം. നിയമം ലംഘിച്ച് ആളെക്കൊല്ലാൻ ആർക്കും അവകാശമില്ല.  അടിയന്തരമായി എന്തെങ്കിലും നടക്കണമെന്നുണ്ടെങ്കിൽ കേരളത്തിൽ എല്ലായിടത്തും താരതമ്യേന സംഖ്യാബലമുള്ള പൊലീസിന്റെ സഹായത്തോടെ മോട്ടർ വാഹന വകുപ്പ് ടിപ്പർ ലോറികൾ പ്രത്യേകം നിരീക്ഷിക്കണം. അതുവഴി കർശന വേഗപരിധിയും ട്രിപ്പുകളുടെ നിയന്ത്രണവും നടപ്പാക്കണം.

(മുൻ ഡിജിപിയാണ് ലേഖകൻ)

English Summary:

Writeup about Tipper murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com