ADVERTISEMENT

കൂട്ടുകാരിയുടെ കുഞ്ഞുമകനൊപ്പമുള്ള ഒരു മനോഹരമായ വിഡിയോയാണ് നടി അഹാന കൃഷ്ണ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയുടെ ആദ്യ ഭാഗത്ത്, ജനിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അഹാന എടുത്തുകൊണ്ടു നിൽക്കുന്നത് കാണാം. തുടർന്ന്  കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കുകയാണ് താരം. വിഡിയോയുടെ അവസാന ഭാഗമാണ്  കാഴ്ചക്കാരുടെ മനം കവരുന്നത്. 'അമ്മൂ...' എന്ന ആ നീട്ടിയുള്ള വിളി കേട്ടാൽ ആരായാലും അലിഞ്ഞു പോകും. അമ്മൂവെന്ന് വിളിച്ച കുഞ്ഞാവയെ നിറഞ്ഞ ചിരിയോടെ വാരിയെടുത്ത് ഒപ്പം നിർത്തി സെൽഫി എടുക്കുകയാണ് അഹാന. സെൽഫി എടുക്കുന്നതിനിടയിൽ ഒരു ഉമ്മ കൊടുക്കാനും കുഞ്ഞാവ മറന്നില്ല.

വിഡിയോയുടെ ഒടുവിൽ കുഞ്ഞുവാവയോടും അവന്റെ അമ്മയോടും യാത്ര പറഞ്ഞ് കാറിൽ ഇരിക്കുകയാണ് അഹാന. കുഞ്ഞുവാവയ്ക്ക് പ്രിയപ്പെട്ട അമ്മു ബൈ പറഞ്ഞ് പോകുന്നത് സഹിക്കാൻ  കഴിയുന്നില്ല. ‘അമ്മുവേ’ എന്ന് വിളിച്ച് കാറിനുള്ളിലേക്ക് ചായുകയാണ് കുഞ്ഞ്. വളരെ രസകരവും നിഷ്കളങ്കവുമായ ഈ വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.  

'ഈ പാവക്കുട്ടി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ജോജി സൈറയുടെ മകനാണ്. എന്റെ സ്കൂൾ കാലഘട്ടം തൊട്ട് എനിക്കറിയാവുന്ന സുഹൃത്തുക്കളിൽ ഒരാൾക്ക് ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് എന്നതു തന്നെയാണ് ഇവന്റെ പ്രത്യേകത. ഈ കുഞ്ഞുപാവ വളരെ വേഗത്തിൽ വളരുകയാണ്. ശരിക്കും ഇവൻ എന്നെ ആന്റി എന്നാണ് വിളിക്കേണ്ടത്. എന്നാൽ, സൈറ എപ്പോഴും കുഞ്ഞിനോട് ചേച്ചിയെ നോക്ക്, ചേച്ചിയോട് ഹായ് പറ എന്നൊക്കെയാണ് പറയാറുള്ളത് (അത് ഞാൻ ആസ്വദിക്കുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല). പക്ഷേ, നിങ്ങൾ ഈ വിഡിയോയിൽ കാണുന്നതു പോലെ അവൻ ആന്റി, ചേച്ചി വിളികളെല്ലാം ഉപേക്ഷിച്ച് അമ്മു എന്നാണ് എന്നെ വിളിക്കുന്നത് (തീർച്ചയായും അത് ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്). ആദ്യ വിഡിയോയിൽ അവന് കുറച്ച് ദിവസം  മാത്രമാണ് പ്രായം. രണ്ടാമത്തെ വിഡിയോയിൽ കുറച്ച് മാസങ്ങളാണ് പ്രായം, മൂന്നാമത്തെ വിഡിയോയിൽ ഒരു വർഷവും നാല് മാസവുമാണ് ' - ഈ അടിക്കുറിപ്പോടു കൂടിയാണ് അഹാന വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞുങ്ങളെ കാണുമ്പോൾ നമ്മുടെ മനസ് സന്തോഷത്താൽ നിറയും. എന്തൊക്കെ സങ്കടവും ദേഷ്യവും ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ സാന്നിധ്യം അതെല്ലാം അലിയിച്ചു കളയും. നിഷ്കളങ്കമായ അവരുടെ ചിരിയും കൊഞ്ചലും കണ്ടാൽ മനസ് അലിയാത്ത ആരാണ് ഉള്ളത്. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കുഞ്ഞുങ്ങൾക്ക് നമ്മളെയാണ് ഏറ്റവും ഇഷ്ടമെന്ന് കേട്ടാൽ അതിൽപരം ഒരു സന്തോഷമില്ല.  അത്തരമൊരു സന്തോഷമാണ് പങ്കുവെയ്ക്കുകയാണ് നടി അഹാന കൃഷ്ണ.

രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ചെക്കന് ക്രഷ് അടിച്ചെന്ന് തോന്നുന്നു', 'ഇതാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്', 'സോ ക്യൂട്', 'അമ്മുവിന്റെ ഏറ്റവും ക്യൂട് ലിറ്റിൽ ഫാൻ', 'അമ്മൂന്ന് ഉള്ള ആ വിളിയിൽ ശരിക്കും അലിഞ്ഞുപോകും', 'പരിശുദ്ധമായ ബന്ധം' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

English Summary:

Ahana Krishna celebrates holy relationship with baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com