കൊണ്ടും കൊടുത്തും മോദി X മായാവതി പോരാട്ടം; ദലിത് വോട്ടിൽ കണ്ണിട്ട് ബിജെപി

mayawati-modi
SHARE

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ തീപാറും പോരാട്ടത്തിനു കച്ചമുറുക്കി യുപി. വാരാണസിയടക്കം ബിജെപിയുടെ സ്വാധീന മേഖലയായ കിഴക്കൻ യുപിയിലെ 13 മണ്ഡലങ്ങൾ 19നു പോളിങ് ബൂത്തിലെത്താനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഎസ്പി നേതാവ് മായാവതിയും തമ്മിലുള്ള പോര് പാരമ്യത്തിലെത്തി.

വാക്പോരിൽ കൊണ്ടും കൊടുത്തും ഇരു നേതാക്കളും രംഗത്തിറങ്ങിയതോടെ, ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയക്കളം വ്യക്തിപരമായ അധിക്ഷേപങ്ങളിൽ ആളിക്കത്തി. ഭാര്യയെ ഉപേക്ഷിച്ച മോദി മറ്റു ബിജെപി നേതാക്കളെയും അതിനു പ്രേരിപ്പിക്കുമെന്ന് ബിജെപി വനിതാ നേതാക്കൾക്കു ഭയമാണെന്നു വരെ മായാവതി പറഞ്ഞു. 

ബിഎസ്പിയുടെ ദലിത് വോട്ട് ബാങ്ക് പിളർത്താനുള്ള മോദിയുടെ ശ്രമങ്ങളാണു മായാവതിയെ ചൊടിപ്പിച്ചത്. 2014ൽനിന്നു വ്യത്യസ്തമായി ഇക്കുറി ഇഞ്ചോടിഞ്ചു പോരാട്ടമാണെന്ന സൂചനകൾ പുറത്തുവന്നതോടെ, രണ്ടും കൽപിച്ചാണ്  കക്ഷികൾ മുന്നിട്ടിറങ്ങി.

പരമാവധി സീറ്റ് ലഭിച്ചാൽ മാത്രമേ പ്രധാനമന്ത്രി പദത്തിന് അവകാശവാദമുന്നയിക്കാനാവൂ എന്നു തിരിച്ചറിയുന്ന മായാവതി, തന്റെ ഏറ്റവും വലിയ ശത്രുവായി മോദിയെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. മോദിയുടെ ആക്ഷേപങ്ങൾക്ക് അതേ നാണയത്തിൽ മറുപടി പറയുന്നതിലൂടെ, മോദി വിരുദ്ധ പ്രതിപക്ഷ നിരയിലെ നേതൃസ്ഥാനം കൂടി മായാവതി ലക്ഷ്യമിടുന്നു.

∙ ദലിത് വോട്ടിൽ കണ്ണുവച്ചു മോദി

2014ൽ ബിജെപി തൂത്തുവാരിയ മേഖലയിലേക്കു തിരഞ്ഞെടുപ്പെത്തുമ്പോൾ, മുന്നണികൾ പയറ്റുന്നത് ജാതിയിലൂന്നിയുള്ള രാഷ്ട്രീയം. ഹിന്ദു മേൽജാതി വോട്ടുകളുടെ ഏകീകരണം ബിജെപി ലക്ഷ്യമിടുന്നു; എസ്പി – ബിഎസ്പി പ്രതിപക്ഷ സഖ്യം മുസ്‍ലിം – യാദവ് – ദലിത് വോട്ട് ബാങ്കിൽ പ്രതീക്ഷയർപ്പിക്കുന്നു.

ത്രികോണ പോരാട്ടത്തിന് അരങ്ങൊരുക്കി രംഗത്തിറങ്ങിയ കോൺഗ്രസ്, മേൽജാതി വോട്ടുകൾ പിളർത്തുമെന്നു മുൻകൂട്ടി കണ്ട ബിജെപി, അതിനെ മറികടക്കാനാണു ബിഎസ്പിയുടെ ദലിത് വോട്ടുകളിലേക്കു കടന്നുകയറിയത്.

മായാവതിയുടെ ജാതിയായ ജാതവ് സമുദായം ഒഴിച്ചുള്ള ദലിതുകളെയാണു മോദി ലക്ഷ്യമിട്ടിരിക്കുന്നത്. മേൽജാതിക്കൊപ്പം ജാതവ് ഇതര ദലിതുകൾ (പാസി, ദോബി) കൂടി ഒപ്പം നിന്നാൽ, വിജയത്താമര വിരിയിക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു.

അലഹാബാദിലെ കുംഭമേളയിൽ ശുചീകരണ തൊഴിലാളികളുടെ കാലു കഴുകിയതും താൻ ഏറ്റവും പിന്നാക്ക ജാതിക്കാരനാണെന്നു പറഞ്ഞതും ദലിത് വോട്ടുകൾ ഒപ്പം നിർത്താനുള്ള മോദിയുടെ തന്ത്രമാണെന്നു പ്രതിപക്ഷം വിലയിരുത്തുന്നു.

∙ വാരാണസിയിലേക്ക് മായാവതി

മോദി മത്സരിക്കുന്ന വാരാണസിയിൽ എസ്പി നേതാവ് അഖിലേഷ് യാദവും മായാവതിയും 16നു സംയുക്ത റാലി നടത്തും. എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ വാരാണസിയിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA