ഇന്ത്യൻ ഗവേഷകൻ പവൻ സുഖ്ദേവിന് ‘പരിസ്ഥിതി നൊബേൽ’
Mail This Article
ന്യൂയോർക്ക് ∙ പരിസ്ഥിതി നൊബേൽ എന്നറിയപ്പെടുന്ന വിഖ്യാതമായ ടൈലർ പ്രൈസ് ഇന്ത്യൻ പരിസ്ഥിതി സാമ്പത്തിക വിദഗ്ധൻ പവൻ സുഖ്ദേവിനും യുഎസ് ജീവശാസ്ത്രജ്ഞ ഗ്രെച്ചൻ ഡെയ്‍ലിക്കും. 2 ലക്ഷം യുഎസ് ഡോളർ (1.42 കോടി രൂപ) സമ്മാനത്തുക ഇവർ പങ്കിടും.
ജൈവ വൈവിധ്യം എങ്ങനെ സാമ്പത്തികവളർച്ചയുടെ ഉപാധിയാക്കാം എന്നതു സംബന്ധിച്ച് 2008–10 കാലത്ത് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നടത്തിയ പഠനത്തിനു നേതൃത്വം നൽകിയതിനാണ് സുഖ്ദേവിന് പുരസ്കാരം.
‘ഇക്കണോമിക്സ് ഓഫ് ഇക്കോ സിസ്റ്റംസ് ആൻഡ് ബയോഡൈവേഴ്സിറ്റി’ (ടീബ്) എന്ന ഇൗ പഠനറിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് യുഎൻ ഹരിത സമ്പദ്‍വ്യവസ്ഥ സംരംഭം (ഗ്രീൻ ഇക്കോണമി ഇനിഷ്യേറ്റീവ് ആരംഭിച്ചത്.
യുഎൻ പരിസ്ഥിതി പരിപാടി (യുഎൻഇപി) യുടെ ഗുഡ്‍വിൽ അംബാസഡർ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) പ്രസിഡന്റ്, ടീബ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ ഇപ്പോൾ പ്രവർത്തിച്ചുവരികയാണ് സുഖ്ദേവ്.
പ്രകൃതിയുടെ സാമ്പത്തികമൂല്യത്തെക്കുറിച്ച് സുഖ്ദേവ് മുന്നോട്ടു വച്ച സുപ്രധാന കാഴ്ചപ്പാടുകൾ ലോകമാകെ പരിസ്ഥിതി– ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് യുഎൻഇപി മുൻ മേധാവി അക്കിം സ്റ്റെയ്നർ പറഞ്ഞു.
യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയ ഏർപ്പെടുത്തിയ ടൈലർ പ്രൈസ് ലോകത്തെ ഏറ്റവും പഴയ പരിസ്ഥിതി പുരസ്കാരങ്ങളിലൊന്നാണ്.