മുദ്രാവാക്യം പാളിയോ? തൃണമൂലിന്റെ മുദ്രാവാക്യം തിരിച്ചുപയോഗിക്കാൻ ബിജെപി
Mail This Article
നന്ദിഗ്രാം ∙ ‘ബംഗാളിന്റെ മകൾ’ പരിവേഷം നന്ദിഗ്രാമിൽ മമത ബാനർജിക്കു തിരിച്ചടിയായോ? ബംഗാളിൽ മൊത്തത്തിൽ മമത പറയുന്ന മണ്ണിന്റെ മകൾ വാദം നന്ദിഗ്രാമിൽ പറഞ്ഞാൽ അത് എതിരാളി സുവേന്ദു അധികാരിക്കു ഗുണമാകുന്ന മട്ടാണ്. നന്ദിഗ്രാമിൽ സുവേന്ദു നാട്ടുകാരനും മമത കൊൽക്കത്തക്കാരിയുമാകും. ഈ പഴുത് ബിജെപി നന്നായി ഉപയോഗിക്കുന്നുമുണ്ട്.
‘ബംഗാളിനു വേണ്ടത് അതിന്റെ മകളെയാണ്’ എന്നതാണ് ഇത്തവണ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന മുദ്രാവാക്യം. പുറത്തുനിന്നു വന്ന പ്രത്യയശാസ്ത്രമാണ് ബിജെപിയുടേത് എന്നതാണ് അതിന്റെ ഊന്നൽ. ബംഗാളിന്റെ മണ്ണിൽ കുരുത്ത പുല്ലും പൂവുമാണ് തൃണമൂലിന്റെ മുദ്രയെന്നു പാർട്ടി നേതാക്കൾ ആവേശം കൊള്ളുന്നുമുണ്ട്.
നന്ദിഗ്രാമിൽ പക്ഷേ, സുവേന്ദുവാണ് നാടിന്റെ മകൻ. നന്ദിഗ്രാമിലെങ്ങും ബിജെപി ഫ്ലെക്സ് വച്ചിട്ടുണ്ട്: ഭൂമിപുത്രനെ സ്വീകരിക്കൂ.
ഞാനീ നാട്ടുകാരൻ എന്ന മട്ടിലായിരുന്നു പദയാത്രയിൽ സുവേന്ദുവിന്റെ ഇടപെടൽ. തിരക്കിനിടയൽ കണ്ട പരിചയക്കാരെ ഓടിച്ചെന്ന് ആലിംഗനം ചെയ്തു. വീട്ടുവരാന്തയിലിരുന്ന് അയൽക്കാരോടു സൊറ പറയുന്ന ശൈലിയിൽ പ്രസംഗിച്ചും തമാശകൾ പറഞ്ഞും ജനങ്ങളെ കയ്യിലെടുത്തു.
30% വരുന്ന ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയുള്ള മമതയുടെ പ്രസംഗങ്ങളും ബിജെപിയും സുവേന്ദുവും നന്നായി ഉപയോഗിക്കുന്നുണ്ട്. സമുദായങ്ങളെ വിഭജിക്കാനാണു മമത ശ്രമിക്കുന്നതെന്നു പറയുന്നതിനൊപ്പം ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് സമാഹരിക്കാനുള്ള ശ്രമം ബിജെപി നേതാക്കളുടെ പ്രസംഗങ്ങളിലുണ്ട്.
സോണിയ, പ്രിയങ്ക, രാഹുൽ ബംഗാളിലേക്ക്
കൊൽക്കത്ത ∙ സോണിയ ഗാന്ധി, ഡോ. മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെടെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബംഗാളിലെത്തിയേക്കും. 30 താര പ്രചാരകരുടെ പട്ടിക എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകി.
മല്ലികാർജുൻ ഖർഗെ, അശോക് ഗെലോട്ട്, അമരിന്ദർ സിങ്, ഭൂപേഷ് ബാഗേൽ, കമൽനാഥ്, സൽമാൻ ഖുർഷിദ്, സച്ചിൻ പൈലറ്റ്, രൺദീപ് സിങ് സുർജേവാല, മുഹമ്മദ് അസ്ഹറുദീൻ, നവ്ജ്യോത് സിങ് സിദ്ദു തുടങ്ങിയവർ പട്ടികയിലുണ്ട്. ഇവർ ഏതൊക്കെ ദിവസങ്ങളിൽ എത്തുമെന്ന് തീരുമാനമായിട്ടില്ല.
എന്നാൽ, നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന സംഘത്തിലെ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല. ഈ സംഘത്തിൽനിന്നു ജിതിൻ പ്രസാദ മാത്രമാണ് പ്രചാരക പട്ടികയിലുള്ളത്.
മോദി വീണ്ടുമെത്തും
കൊൽക്കത്ത ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി വീണ്ടും ബംഗാളിലേക്ക്. ആഭ്യന്തര മന്ത്രി അമിത് ഷായും എത്തും. മോദി 18 നു പുരുലിയയിലും 20 നു കൊൺടായിയിലും 21നു ബാങ്കുറയിലും റാലിയിൽ പങ്കെടുക്കുമെന്ന് അറിയുന്നു. അമിത് ഷാ 19, 26, 27 തീയതികളിൽ പ്രചാരണം നടത്തും.
സിപിഎം യുവ നേതാവ് ബിജെപിയിൽ
കൊൽക്കത്ത ∙ സിപിഎം യുവ നേതാവും ഡാർജിലിങ് ജില്ലാ സെക്രട്ടേറിയറ്റംഗവുമായിരുന്ന ശങ്കർ ഘോഷ് ബിജെപിയിൽ ചേർന്നു. സിപിഎമ്മിൽ ജനാധിപത്യമില്ലെന്ന വിമർശനമുയർത്തിയാണു ശങ്കർ ഘോഷ് പാർട്ടി വിട്ടത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയും രാജു ബിസ്ത എംപിയും ചേർന്നു ഘോഷിനെ സ്വീകരിച്ചു. ഘോഷിനെ സിപിഎം പുറത്താക്കി.സിലിഗുഡി മുനിസിപ്പൽ കോർപറേഷൻ ഭരണസമിതി അംഗവുമായിരുന്നു ഘോഷ്.