ADVERTISEMENT

ന്യൂഡൽഹി ∙ 15 വർഷമായ സർക്കാർ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം ഏപ്രിൽ 1 മുതൽ ഇതു പ്രാബല്യത്തിലാക്കും. ഇതിനായി കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിൽ ഭേദഗതി നിർദേശിച്ചുള്ള കരട് വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറത്തിറക്കി.

സംസ്ഥാന സർക്കാരുകൾ, തദ്ദേശസ്ഥാപനങ്ങൾ, സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് വ്യവസ്ഥ ബാധകമാകും. വായു മലിനീകരണം കുറയ്ക്കുകയെന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്.

ഇതിനിടെ, പുതുതായി വാങ്ങുന്ന 310 സിഎൻജി ബസുകൾ ഒരു വർഷത്തിനകം നിരത്തിലിറക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിൽ നൽകിയ റിപ്പോർട്ടിൽ കെഎസ്‍ആർടിസി വ്യക്തമാക്കി. 7 വർഷമായ ഡീലക്സ്, എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, പാസഞ്ചർ ബസുകൾ ഓർഡിനറിയാക്കി മാറ്റുന്ന സാഹചര്യത്തിലാണിത്. 400 ഡീസൽ ബസുകൾ എൽഎൻജിയാക്കി മാറ്റാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഫെയിം – 2 പദ്ധതിയിൽ 250 ഇ–ബസുകൾ പാട്ടത്തിനെടുത്ത് ഓടിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. 

എന്നാൽ, ഇതിന് കിലോമീറ്ററിന് 75.90 രൂപ ചെലവും 40 രൂപ വരുമാനവും എന്നതാവും സ്ഥിതി. വർഷംതോറും 70 കോടി രൂപയായിരിക്കും ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസം.

കിഫ്ബിയിൽനിന്നു വായ്പയെടുത്ത് തിരുവനന്തപുരം മേഖലയ്ക്കായി 50 ഇ–ബസുകൾ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതും ഒരു വർഷത്തിനകം പൂർത്തിയാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com