ഒറ്റ ഡോസ് വാക്സീൻ; ജെ ആൻഡ് ജെ വാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം
Mail This Article
ന്യൂഡൽഹി ∙ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി (ജെ&ജെ) നിർമിച്ച കോവിഡ് വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗ അനുമതി നൽകി. ഒറ്റ ഡോസ് മതി എന്നതും മറ്റു വാക്സീനുകളെ അപേക്ഷിച്ചു സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാമെന്നതുമാണ് ഇതിന്റെ സവിശേഷത. വാക്സീന് യുഎസ് നേരത്തേ അംഗീകാരം നൽകിയിരുന്നു.
ഇന്ത്യയും ഈ വാക്സീനെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇന്ത്യയിൽ ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഎ) അനുമതി വേണം. ഹൈദരാബാദ് ആസ്ഥാനമായ ‘ബയോളജിക്കൽ ഇ’ ആയിരിക്കും ഇന്ത്യയിൽ ലഭ്യമാക്കുക.
ഫലപ്രാപ്തി സംബന്ധിച്ചു പൂർണ വിവരം ലഭ്യമാക്കണമെന്ന നിർദേശത്തോടെയാണ് ജെ&ജെ വാക്സീന് ലോകാരോഗ്യ സംഘടന അടിയന്തര അനുമതി നൽകിയത്. രോഗം ഗുരുതരമാകുന്നതു തടയുന്നതിൽ വാക്സീൻ 81 – 87% ഫലപ്രദമാണ്. എന്നാൽ, വാക്സീനെടുത്തിട്ടും നേരിയ വൈറസ് ബാധയുണ്ടായതു പരിഗണിച്ചാൽ 66% ആണ് ഫലപ്രാപ്തി.
അസ്ട്രസെനക പ്രശ്നം ഇന്ത്യയും പരിശോധിക്കും
ന്യൂഡൽഹി ∙ അസ്ട്രസെനക വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായി പലയിടത്തും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, ഇന്ത്യയും ഇക്കാര്യം പരിശോധിക്കുന്നു. ഓക്സ്ഫഡ് വികസിപ്പിച്ച് അസ്ട്രാസെനക നിർമിക്കുന്ന അതേ വാക്സീനാണ് ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം പേർ സ്വീകരിക്കുന്നതും ഇതേ വാക്സീനാണ്.
ഇന്ത്യയിൽ ഗൗരവ പ്രശ്നങ്ങൾ ഇതുവരെയില്ല. എന്നാൽ, ചില യൂറോപ്യൻ രാജ്യങ്ങൾ വാക്സീൻ കുത്തിവയ്പ് താൽക്കാലികമായി നിർത്തിവച്ച സാഹചര്യം ഇന്ത്യയും ഗൗരവത്തോടെ പരിഗണിക്കുമെന്ന് വാക്സീൻ വിദഗ്ധ സമിതി അംഗം എൻ.കെ. അറോറ പറഞ്ഞു. ഇന്ത്യയിൽ വാക്സീനെടുത്ത 3 കോടിയോളം പേരിൽ 60 പേർ മരിച്ചു. ഇതു വാക്സീൻ മൂലമല്ലെന്നാണു സർക്കാർ വാദം.
പ്രതിദിനം വീണ്ടും കാൽലക്ഷം
ന്യൂഡൽഹി ∙ പ്രതിദിന കേസുകളുടെ എണ്ണം വീണ്ടും കാൽ ലക്ഷത്തിലേക്ക്. ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 24882 കേസുകൾ. മഹാരാഷ്ട്രയിൽ മാത്രം 15,817 കേസുകൾ.
കേരളം (1780), പഞ്ചാബ് (1408), കർണാടക (833), ഗുജറാത്ത് (715), തമിഴ്നാട് (670) എന്നിവിടങ്ങളിലും പ്രതിദിന കേസുകൾ വർധിക്കുന്നതിന്റെ സൂചനയാണ്. ശനിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 140 മരണം. മഹാരാഷ്ട്രയിൽ 56, പഞ്ചാബിൽ 34, കേരളത്തിൽ 14.
വാക്സീനെടുത്തവർ 3 കോടി
രാജ്യത്തു കോവിഡ് വാക്സീനെടുത്തവരുടെ എണ്ണം 3 കോടിയായി. ഇന്നലെ മാത്രം 9.74 ലക്ഷം പേർക്കാണ് വാക്സീൻ നൽകിയത്. 73 ലക്ഷം ആരോഗ്യപ്രവർത്തകർ ഒന്നാം ഡോസും 42 ലക്ഷം പേർ രണ്ടും ഡോസും എടുത്തു. 60 വയസ്സിനു മുകളിലുള്ളവരിൽ 78 ലക്ഷം പേരും 45–59 പ്രായക്കാർക്കിടയിലെ 13.86 ലക്ഷം പേരുമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്.