ജാതി സെൻസസിനായി ബിഹാർ ഒറ്റക്കെട്ട്; പ്രധാനമന്ത്രിയെ കണ്ട് സർവകക്ഷി സംഘം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യാ കണക്കെടുപ്പ് (ജാതി സെൻസസ്) നടത്തണമെന്നാവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് (ആർജെഡി), ജീതൻ റാം മാഞ്ചി (എച്ച്എഎം), ജനക് റാം (ബിജെപി), അജിത് ശർമ (കോൺഗ്രസ്), മഹബൂബ് ആലം (സിപിഐ എംഎൽ), അഖ്താറുൽ ഇമാൻ (എഐഎംഐഎം), മുകേഷ് സാഹ്നി (വിഐപി), സൂര്യകാന്ത് പാസ്വാൻ (സിപിഐ), അജയ് കുമാർ (സിപിഎം) എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഈ വർഷം നടക്കുന്ന സെൻസസിൽ ജാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പും ഉൾപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണം അർഹരായവരിലേക്കെത്താൻ അതു സഹായിക്കുമെന്നും സംഘം ചൂണ്ടിക്കാട്ടി. ആവശ്യം മോദി ശ്രദ്ധാപൂർവം കേട്ടെന്നും തീരുമാനം ഉടനുണ്ടായേക്കുമെന്നും നിതീഷ് പറഞ്ഞു. രാജ്യത്തുടനീളം ജാതി സെൻസസ് വേണമെന്നു മോദിയോട് ആവശ്യപ്പെട്ടതായി തേജസ്വി വ്യക്തമാക്കി.
രാഷ്ട്രീയ എതിർപ്പുകൾ മാറ്റിവച്ചാണ് ജാതി സെൻസസിന്റെ കാര്യത്തിൽ നിതീഷും തേജസ്വിയും ഒന്നിച്ചത്. ജാതി സെൻസസ് വേണമെന്ന പ്രമേയം ബിഹാർ നിയമസഭ പാസാക്കിയിരുന്നു. സംസ്ഥാന ബിജെപിയും ഇതിനെ പിന്തുണച്ചു. ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും ജാതി സെൻസസിന് അനുകൂലമാണ്. ഈ വർഷം നടക്കുന്ന സെൻസസിൽ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഉണ്ടാവില്ലെന്നും കേന്ദ്രത്തിന്റെ നയപരമായ തീരുമാനമാണതെന്നും ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു.
English Summary: Caste-based census: Bihar all-party delegation members to meets PM Modi