ADVERTISEMENT

മുംബൈ ∙ കോൺഗ്രസ് സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുടെ (ജിഎഫ്പി) സംസ്ഥാന പ്രസിഡന്റ് വിജയ് സർദേശായിക്കെതിരെ രാജ്യസഭാംഗവും മുതിർന്ന നേതാവുമായ ലൂസിനോ ഫലെയ്റോയെ സ്ഥാനാർഥിയായി തൃണമൂൽ പ്രഖ്യാപിച്ചു. ഫട്ടോർഡ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയാണു സർദേശായി. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയായ ഫലെയ്റോ സെപ്റ്റംബറിലാണു തൃണമൂലിൽ ചേർന്നത്. നവംബറിൽ രാജ്യസഭാംഗമായി.

2 മാസം മുൻപ് ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യചർച്ചയ്ക്കു തൃണമൂൽ മുന്നിട്ടിറങ്ങിയെങ്കിലും എജിഎഫ്പി പിന്മാറുകയായിരുന്നു. എൻസിപിയിൽ നിന്ന് തൃണമൂലിലേക്കു ചേക്കേറിയ ചർച്ചിൽ അലിമാവോ, മകൾ വലൻക എന്നിവരുടെ പേരുകളും തൃണമൂലിന്റെ 11 പേരടങ്ങുന്ന സ്ഥാനാർഥികളുടെ പട്ടികയിലുണ്ട്.

അതേസമയം, ഗോവയിൽ മുൻ മന്ത്രി ഹസൻ ഹാരൂണിന്റെ മകൻ ആരിഫ് തൃണമൂൽ വിട്ട് കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ ഒക്ടോബറിലാണു തൃണമൂലിൽ ചേർന്നത്. വോട്ട് ഭിന്നിപ്പിക്കാനേ ടിഎംസിയെക്കൊണ്ട് കഴിയുകയുള്ളൂവെന്ന് ആരോപിച്ച അദ്ദേഹം, പാർട്ടി വിട്ടുപോയ നേതാക്കൾ കോൺഗ്രസിൽ തിരിച്ചെത്തണമെന്ന് അഭ്യർഥിച്ചു.

ഗോവയിൽ കോൺഗ്രസ് 5 സ്ഥാനാർഥികളുടെ പട്ടിക കൂടി പുറത്തിറക്കി. ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 29 ആയി. 40 മണ്ഡലങ്ങളാണ് ഗോവയിലുള്ളത്. ബിജെപി വിട്ടെത്തിയ മുൻ മന്ത്രി മൈക്കിൾ ലോബോയുടെ ഭാര്യ ദെലൈല ലോബോയെ സിയോളമിൽ സ്ഥാനാർഥിയാക്കി. അതേസമയം, കോൺഗ്രസ് വിട്ടു തൃണമൂൽ കോൺഗ്രസിൽ ചേരുകയും ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തുകയും ചെയ്ത റെജിനാൾഡോ ലോറെൻസോയെ ഒഴിവാക്കി. അൽഡോന മണ്ഡലത്തിൽ സീനിയർ അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ കാർലോസ് പെരേരയാണു സ്ഥാനാർഥി.

അമിത് പലേക്കർ എഎപി മുഖ്യമന്ത്രി സ്ഥാനാർഥി

അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അമിത് പലേക്കർ (46) ഗോവയിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥി. പലേക്കർ ഒക്ടോബറിലാണ് എഎപിയിൽ ചേർന്നത്.  പൈതൃക മേഖലകളിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നിരാഹാര സമരം നടത്തി ഈയിടെ വാർത്തകളിൽ നിറഞ്ഞ അമിത് പലേക്കർ ബിജെപിയുടെ സിറ്റിങ് സീറ്റായ സെന്റ് ക്രൂസിലാണ് ജനവിധി തേടുക.

Content Highlight: Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com