ADVERTISEMENT

സുജാൻപുരിൽ പ്രേംകുമാർ ധൂമലിനു മുന്നിൽ നിന്നപ്പോൾ മാരാരിക്കുളവും വി.എസ്.അച്യുതാനന്ദനും ഓർമയിൽ വന്നു. 1996 ൽ പാർട്ടി ജയിച്ചപ്പോൾ നേതാവു തോറ്റുപോയ മാരാരിക്കുളത്തിനു സമമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുജാൻപുർ. 1996 ലെ തോൽവിക്കു ശേഷം വിഎസ് കൂടുതൽ പോരാളിയായെങ്കിൽ ധൂമൽ കൂടുതൽ ദുർബലനാകുകയായിരുന്നു. 2 തവണ മുഖ്യമന്ത്രിയും രണ്ടര പതിറ്റാണ്ട് ഹിമാചൽ ബിജെപിയുടെ അന്തിമവാക്കുമായിരുന്ന ധൂമലിനെക്കുറിച്ചു പാർട്ടിക്കാരോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വീട്ടിൽ തന്നെയുണ്ടാകുമെന്നായിരുന്നു മറുപടി.

ഹിമാചലിൽ തിരഞ്ഞെടുപ്പു പൊടിപാറുമ്പോൾ അദ്ദേഹം വീട്ടിൽ തന്നെയോ? സാമിർപുർ ഗ്രാമത്തിലെ വീതികുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ എത്തുമ്പോൾ അദ്ദേഹം 12 കിലോമീറ്റർ അപ്പുറത്തുള്ള ഗ്രാമത്തിലേക്കു പോയ്ക്കഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം മകനും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ വീട്ടിലെത്തിയതിന്റെ കൂടി ഫലമായിരിക്കാം ധൂമൽ പ്രചാരണത്തിൽ സജീവമായിരിക്കുന്നു. ഉച്ചയ്ക്കു ശേഷം ചർണിയ ധാറെന്ന സ്ഥലത്തെ ചെറുയോഗത്തിലാണ് ധൂമൽ പങ്കെടുത്തത്.

ധൂമലിനും അനുരാഗ് ഠാക്കൂറിന്റെ ഭാര്യപിതാവ് ഗുലാബ് സിങ് ഠാക്കൂറിനും (രണ്ടുപേരും കഴിഞ്ഞതവണ തോറ്റു) ഇക്കുറി സീറ്റ് നൽകാത്തതിൽ പാർട്ടിയിലെ ഒരുവിഭാഗത്തിനെങ്കിലും അതൃപ്തിയുണ്ട്. ധൂമലിനു പകരം ബിജെപി രംഗത്തിറക്കിയ ക്യാപ്റ്റൻ രഞ്ജിത്ത് സിങ്ങിനെ ഇത് എങ്ങനെ ബാധിക്കുമെന്നു കണ്ടറിയണം. സദസ്സിനോടു നേരിട്ടു സംസാരിക്കുന്ന രീതിയിലാണു പ്രസംഗം. അവരെ പേരു പറഞ്ഞു വിളിക്കുന്ന അടുപ്പം. വികസന പദ്ധതികൾ ഓർമിപ്പിച്ചുള്ള പ്രസംഗത്തിനൊടുവിൽ അദ്ദേഹം അച്ചടക്കമുള്ള പാർട്ടിക്കാരനായി. ‘ഇസ് ബാർ ക്യാപ്റ്റൻ രഞ്ജിത്ത്, ബാ‍‍‍‍ർ ബാ‍ർ ബാജ്പ സർക്കാർ’. പിന്നാലെ, ധൂമലിനും പ്രവർത്തകരുടെ ആർപ്പുവിളി.

മുഖ്യമന്ത്രിപദം പോയതിൽ അസ്വാഭാവികതയില്ല

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിലും തനിക്കു പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയതിലും അസ്വാഭാവികതയുള്ളതായി കരുതുന്നില്ലെന്ന് ധൂമൽ ‘മനോരമയോടു’ പറഞ്ഞു. സംസ്ഥാനം മുഴുവൻ നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലത്തിൽ ശ്രദ്ധിക്കാനായില്ല. അഭിമുഖത്തിൽ നിന്ന്:

1984 മുതൽ അങ്ങ് മത്സരിക്കുന്നുണ്ട്. ഇക്കുറിയില്ല. ബിജെപിയുടെ സാധ്യതകളെ എങ്ങനെ കാണുന്നു?

പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കുകയെന്നത് എന്റെ കടമയാണ്. മത്സരിക്കേണ്ടതില്ല എന്നു തീരുമാനിച്ചതു ഞാൻ തന്നെയാണ്. ബിജെപിക്കു ഭരണത്തുടർച്ചയുണ്ടാകും.

മോദി പ്രഭാവം കൊണ്ടു മാത്രം വിജയിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?

ഹിമാചലിൽ മോദി ഘടകം മാത്രമല്ല, മറ്റു പല ഘടകങ്ങൾ ബിജെപിയെ സഹായിക്കുന്നുണ്ട്. മുൻ ബിജെപി സർക്കാരുകൾ ചെയ്ത മികവുറ്റ പ്രവർത്തനങ്ങൾ ആളുകളുടെ മനസ്സിലുണ്ട്. വിദ്യാഭ്യാസത്തിൽ കേരളത്തിനൊപ്പമാണ് ഹിമാചൽ. 

ഇപ്പോഴത്തെ നേതൃത്വം പഴയ നേതാക്കളെ അവഗണിക്കുകയാണെന്ന ആരോപണത്തെക്കുറിച്ച്?

ഞാൻ സംതൃപ്തനാണ്. ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചാണു ചോദ്യമെങ്കിൽ ഞാൻ ഇപ്പോഴും ബിജെപിയുടെ പ്രധാന പ്രചാരകനാണ്.

കോൺഗ്രസിനെ നയിക്കാൻ വീരഭദ്ര സിങ് ഇക്കുറിയില്ല. സമകാലികനെന്ന നിലയിൽ എങ്ങനെ കാണുന്നു?

അദ്ദേഹത്തിന്റെ നഷ്ടം കോൺഗ്രസിൽ പ്രതിഫലിക്കും. കോൺഗ്രസ് ഇപ്പോൾ നേതാവില്ലാത്ത പാർട്ടിയാണ്.

English Summary: BJP leader Prem Kumar Dhumal campaign for Himachal Pradesh Assembly Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com