ADVERTISEMENT

അടിച്ചാൽ തിരിച്ചടിച്ചാണ് അനന്ത്കുമാർ ഹസ്മുഖ് പട്ടേലിനു ശീലം. ആരെടാ എന്നു ചോദിച്ചാൽ ഞാനെടാ എന്ന് പറയുന്ന ശൗര്യം. വാക്കിലും നോക്കിലും തീപ്പൊരിയൊളിപ്പിക്കുന്ന ഗോത്ര നേതാവ്. ഗോത്ര മേഖലകളിൽ കോൺഗ്രസിനുള്ള മേധാവിത്തം നിലനിർത്തുന്നത് ദക്ഷിണ ഗുജറാത്തിലെ വാൻസ്ദ എംഎൽഎ ആയ പട്ടേലാണ്. 

കേന്ദ്രം വിഭാവനം ചെയ്ത പാർ – താപി – നർമദ നദീ സംയോജന പദ്ധതിക്കെതിരെ നടത്തിയ പ്രക്ഷോഭമാണ് പട്ടേലിനു ഗോത്ര മേഖലകളിൽ നായക പരിവേഷം നൽകിയത്. പദ്ധതിയുടെ മറവിൽ ഗോത്ര വിഭാഗക്കാരുടെ ഭൂമി തട്ടിയെടുക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും അത് അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് അദ്ദേഹം സമരം നയിച്ചു. ഒടുവിൽ, പദ്ധതി തൽക്കാലത്തേക്കു നിർത്തിവയ്ക്കാൻ കേന്ദ്രം നിർബന്ധിതരായി. 

കഴിഞ്ഞ മാസം പട്ടേലിനെ ഒരു സംഘമാളുകൾ ആക്രമിച്ചു. വിവരം കാട്ടുതീ പോലെ പടർന്നു. ഗോത്ര ഗ്രാമങ്ങളിൽ നിന്നുള്ളവർ കൂട്ടമായി രംഗത്തിറങ്ങി; അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ വളഞ്ഞു. ആക്രമണത്തിനു പിന്നിൽ ബിജെപിയാണെന്നും തിരഞ്ഞെടുപ്പിൽ അവർക്കു തിരിച്ചടി നൽകുമെന്നും പ്രഖ്യാപിച്ചാണു പട്ടേലിന്റെ പോരാട്ടം. 

വാൻസ്ദയിൽ വിജയം ആവർത്തിക്കാനാണ് അദ്ദേഹം  കച്ചമുറുക്കുന്നത്. ഗ്രാമമുഖ്യന്റെ വീട്ടിൽ നാട്ടുകൂട്ടം വിളിച്ചുചേർത്താണ് പ്രചാരണം. ഉൾനാടൻ ഗോത്ര ഗ്രാമങ്ങളിൽ കോൺഗ്രസ് എന്നാൽ സോണിയ ഗാന്ധിയാണ്. സോണിയയുടെ ചിത്രമുള്ള പതാകകളുമായി സ്ത്രീകളടക്കമുള്ളവർ നാട്ടുകൂട്ടത്തിനെത്തുന്നു. അവർക്കൊപ്പമിരുന്ന്, ഗോത്ര വിഭാഗക്കാരുടെ അവകാശങ്ങളെക്കുറിച്ച് ഉറക്കെ സംസാരിച്ചാണ് വോട്ടുപിടിത്തം. കേന്ദ്ര വിരുദ്ധ പ്രക്ഷോഭമടക്കം പട്ടേലിന്റെ വീരപ്രവൃത്തികൾ കോർത്തിണക്കി ‘ജയ് ആദിവാസി, ജയ് അനന്ത് പട്ടേൽ’ എന്ന പാട്ടു പാടിയും ചെണ്ട കൊട്ടിയുമാണ് നാട്ടുകൂട്ടങ്ങൾ അദ്ദേഹത്തെ വരവേൽക്കുന്നത്. 

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഗോത്ര വിഭാഗക്കാരെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങളിലൂടെ താഴേത്തട്ടിൽ കോൺഗ്രസിനു ലഭിച്ച സ്വീകാര്യതയാണ് ഈ മേഖലകളിൽ പാർട്ടിയുടെ ‘നിക്ഷേപം’. സംസ്ഥാനത്ത് ബിജെപിയെ മറികടന്ന് മുന്നേറാമെന്ന് കോൺഗ്രസിന് ഉറച്ച പ്രതീക്ഷയുള്ള മേഖലയാണിത്.

ഗുജറാത്തിലെ മോദി പ്രഭാവം ബിജെപിക്കനുകൂലമായ തരംഗമായി ഗോത്ര മേഖലകളിൽ മാറുന്നില്ല. ഗുജറാത്തിലെ മറ്റിടങ്ങളിൽ വികസന മാതൃകയായി ബിജെപി ഉയർത്തിക്കാട്ടുന്ന നദീസംയോജനം, ഡാം നിർമാണം എന്നിവ ഗോത്ര വിഭാഗക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുയർത്തുന്ന നീറുന്ന വിഷയങ്ങളാണ്. 

സംസ്ഥാനത്ത് 27 ഗോത്ര സംവരണ സീറ്റുകളാണുള്ളത്. ഇക്കുറി 20 സീറ്റുകളിലധികം കോൺഗ്രസ് നേടുമെന്നും ഗോത്ര മേഖലകളിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും ആം ആദ്മി പാർട്ടിക്കു ജനപിന്തുണയില്ലെന്നും പട്ടേൽ ‘മനോരമ’യോടു പറഞ്ഞു. 

ഗോത്ര നേതാക്കളെ മറുകണ്ടം ചാടിച്ച് കോൺഗ്രസിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള ശ്രമത്തിലാണു ബിജെപിയും ആം ആദ്മി പാർട്ടിയും. ഛോട്ട ഉദയ്പുർ ജില്ലയിലെ കരുത്തുറ്റ ഗോത്ര നേതാവും കോൺഗ്രസ് എംഎൽഎയുമായിരുന്ന മോഹൻസിങ് റാഠ്‌വ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിജെപിയിൽ ചേർന്നു. ആരു പോയാലും പട്ടേലിനെ മുന്നിൽ നിർത്തി ഗോത്ര മേഖല പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.

Content Highlights: Gujarat Assembly Election 2022, Anandkumar Hasmukh Patel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com