ADVERTISEMENT

ദഹോദ് ജില്ലയിലെ ഈ ചെറിയ ഗ്രാമചത്വരത്തിലാണ് ബിൽക്കീസ് ബാനുവിന്റെ വീട്. ഇളം പച്ച നിറമടിച്ച വീട്ടിലിപ്പോൾ ആരുമില്ല. 2002 ഗുജറാത്ത് കലാപത്തിനിടെ പീഡിപ്പിക്കപ്പെട്ട ബിൽക്കീസ് ബാനുവിന്റെ ബന്ധുക്കളായിരുന്നു ഇവിടെ താമസം. രാജ്യാന്തര തലത്തിൽ വരെ വിവാദമായ കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച ശേഷം ഗ്രാമത്തിൽ അവശേഷിച്ച മുസ്‌ലിംകളൊക്കെ 40 കിലോമീറ്റർ അകലെ ദേവ്‌ഗഡ് ബരിയയിലെ ചേരിയിലേക്കു മാറിയിരിക്കുകയാണ്. ബിൽക്കീസും ഭർത്താവും 4 മക്കളും അജ്ഞാത കേന്ദ്രത്തിലാണ് കഴിയുന്നത്. ഏറെ പരിശ്രമത്തിനു ശേഷമാണ് കിലോമീറ്ററുകൾക്കപ്പുറം മറ്റൊരിടത്ത് ‘മനോരമ’ സംഘം കുടുംബത്തെ കണ്ടുമുട്ടിയത്. 

ബിൽക്കീസ് ബാനുവിന്റെ ഭർത്താവ് യാക്കൂബ് റസ്സൽ മനോരമയോട് സംസാരിക്കുന്നു:

എന്താണു താങ്കളുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ?

പേടിയാണ്. എല്ലാറ്റിനെയും എല്ലാവരെയും. ആരെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. ഈ സംഭവമുണ്ടായ ശേഷം പ്രതികളെ ശിക്ഷിക്കുന്നതു വരെ ഞങ്ങൾ പലയിടങ്ങളിൽ മാറിത്താമസിച്ചു. പക്ഷേ ഇപ്പോഴും ജീവിതം അനിശ്ചിതാവസ്ഥയിലാണ്. കഷ്ടപ്പാടിലാണ്. 

പ്രതികളെ ശിക്ഷിച്ച ശേഷം ജീവിതം എങ്ങനെയായിരുന്നു?

കോടതി വിധി വന്ന ശേഷം ജീവിതം നേരെയായി എന്നു കരുതിയിരുന്നു. മക്കളെ സ്കൂളിൽ വിട്ടു. ഞാൻ ചെറിയ ജോലിക്കു പോയിത്തുടങ്ങി. അപ്പോഴാണ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പ്രതികളെ വെറുതേ വിട്ടു കൊണ്ട് ഉത്തരവുണ്ടായത്. അതോടെ വീണ്ടും മാറി മറിഞ്ഞു. 

എങ്ങനെയാണ് ആ വാർത്ത താങ്കൾക്ക് അനുഭവപ്പെട്ടത്?

ആ ദിവസം ഞങ്ങൾക്ക് ഏറെ പേടിപ്പെടുത്തുന്നതായിരുന്നു. രണ്ടു ദശകം മുൻപു നടന്നതിന്റെ ഭീതിദമായ ഓർമകൾ ഞങ്ങളെ വീണ്ടും വേട്ടയാടിത്തുടങ്ങി. എങ്ങനെ സ്വസ്ഥമായി തലചായ്ക്കും? ഞങ്ങളുടെ ജീവിതം നശിപ്പിച്ചവർ ഞങ്ങളുടെ കൺമുൻപിൽ സ്വതന്ത്രരായി നടക്കുന്നു. അവരെ പേടിച്ചു ഞങ്ങൾ പലയിടങ്ങളിലായി ഒളിവിൽ കഴിയുന്നു. എന്റെ മക്കൾ 3 മാസത്തോളമായി സ്കൂളിൽ പോയിട്ട്. ഞാൻ ജോലിക്കു പോയിട്ടും അത്രയും കാലമായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഔദാര്യത്തിലാണ് ജീവിതം. 

പ്രതികൾ നിങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നോ? 

പഴയ സംഭവത്തിനു ശേഷം ഞങ്ങൾ ഗ്രാമത്തിൽ താമസിക്കുന്നില്ല. ബന്ധുക്കളാണ് അവിടെയുള്ളത്. പ്രതികളെല്ലാം ‍ഞങ്ങളുടെ ഗ്രാമവാസികളാണ്. അതിലൊരാളുടെ ബന്ധുവാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. അവരെ വെറുതേ വിട്ടു എന്നറിഞ്ഞപ്പോൾ മുതൽ ഞങ്ങൾ താമസസ്ഥലം വിട്ടതാണ്. 

ഭാവിയിൽ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? 

തീർച്ചയായും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും. ഭാവി ഇനിയും പോരാട്ടത്തിന്റേതാണ്. 18 കൊല്ലം കോടതിയിൽ പൊരുതി വിധി വന്ന ശേഷം എല്ലാം കഴിഞ്ഞുവെന്നു കരുതിയതായിരുന്നു. ഇനിയും ഈ അനീതിക്കെതിരെ പോരാടേണ്ടി വരുമ്പോൾ എങ്ങനെ ഭാവി ജീവിതം സ്വസ്ഥമായിരിക്കും? 

നിങ്ങൾക്ക് ആരെങ്കിലും സഹായത്തിനുണ്ടോ? 

ഈ രാജ്യത്തെ എല്ലാ നല്ല മനുഷ്യരും ഞങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്. രാഷ്ട്രീയക്കാരും പിന്തുണ അറിയിക്കുന്നുണ്ട്. പക്ഷേ അതുകൊണ്ടാകുന്നില്ലല്ലോ. ഇത് രാഷ്ട്രീയമല്ലല്ലോ. ഞങ്ങളുടെ ജീവിതമല്ലേ? ഇത് ബിൽക്കീസ് എന്ന മുസ്‌ലിം വനിതയുടെ മാത്രം പോരാട്ടമല്ല, ഇന്ത്യയിലെ ഓരോ വനിതയ്ക്കും അന്തസ്സോടെ ജീവിക്കാനുള്ള പോരാട്ടമാണ്.

ഗുജറാത്തിലെ ഭാവി ജീവിതത്തെക്കുറിച്ച് ആശങ്കയുണ്ടോ?

നാരീശക്തിയെക്കുറിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയിൽനിന്നു പ്രസംഗിച്ച് അൽപ സമയം കഴി‍ഞ്ഞ് ക്രിമിനലുകളെ പുറത്തു വിടുന്നു. പിന്നെ എന്ത് സ്ത്രീ ശക്തിയെക്കുറിച്ചാണ് ഇവർ പറയുന്നത്. ബിൽക്കീസിനുണ്ടായ അനീതി സ്ത്രീക്കു നേരെയുള്ള അനീതിയല്ലേ? പ്രതികളിൽ 5 പേർ ബിജെപി അംഗങ്ങളാണ്. സംസ്ഥാന സർക്കാർ അവരെ വെറുതേ വിടുന്നു. അവരെ സംസ്കാരമുള്ള ബ്രാഹ്മണർ എന്നു വിശേഷിപ്പിക്കുന്നു. സ്വീകരണം നൽകുന്നു. ആ സംസ്ഥാനത്ത് എങ്ങനെ ഭയമില്ലാതെ ജീവിക്കും? 

ബിൽക്കീസ് ബാനു കേസ്

2002 ലെ ഗുജറാത്ത് കലാപത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ബിൽക്കീസ് ബാനുവിനെയും കുടുംബത്തെയും ആക്രമിക്കുകയും പീഡിപ്പിക്കുകയും 6 പേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് സിബിഐ കേസ്. ബിൽക്കീസിന്റെ 3 വയസ്സുള്ള മകളെ അക്രമികൾ കാലിൽപ്പിടിച്ചു നിലത്തടിച്ചു കൊല്ലുകയായിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നു. ബിൽക്കീസ് അന്നു ഗർഭിണിയായിരുന്നു. സംഭവത്തിൽ ഗുജറാത്ത് പൊലീസിന്റെ അനാസ്ഥയെ വിമർശിച്ച സുപ്രീംകോടതിയാണ് സിബിഐ അന്വേഷണം നടത്താൻ നിർദേശിച്ചത്. മഹാരാഷ്ട്രയിൽ നടന്ന വിചാരണയിൽ 11 പ്രതികളെ ശിക്ഷിച്ചു. 

ഈ വർഷം ഗുജറാത്ത് സർക്കാർ നിയോഗിച്ച സമിതി പ്രതികളെ വെറുതേ വിടാൻ നിർദേശിച്ചിരുന്നു. മഹാരാഷ്ട്രയിൽ വിധി പറഞ്ഞ കേസിൽ ഗുജറാത്ത് സർക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി പറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 15ന് ബിൽക്കീസിന്റെ അയൽവാസികളടക്കമുള്ള പ്രതികളെ വെറുതേ വിടുകയായിരുന്നു. 

English Summary: Interview with Bilkis Bano husband Yakub Rasul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com