ADVERTISEMENT

ന്യൂഡൽഹി ∙ രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പുറമേ കാണിക്കുന്ന ഐക്യം രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ ദൃഢമാക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്കു കടക്കുന്നതിനു മുൻപ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ സാന്നിധ്യത്തിൽ ഇരുവരും ഒറ്റക്കെട്ടാണെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, യാത്ര കടന്നുപോകുന്ന വേളയിലെ വെടിനിർത്തൽ മാത്രമാണിതെന്നു സംശയിക്കുന്നവർ കോൺഗ്രസിലുണ്ട്. യാത്ര രാജസ്ഥാൻ പിന്നിട്ടാൽ ഇരുവരും തമ്മിൽ വീണ്ടും കൊമ്പുകോർക്കുമെന്നും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അത് കോൺഗ്രസിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തൽ പാർട്ടിക്കുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ഇടപെടലിൽ പാർട്ടി പ്രതീക്ഷയർപ്പിക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിൽ പ്രവേശിച്ച യാത്ര 21നു സംസ്ഥാനം വിടും. യാത്രയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഹുൽ, ഇതുവരെ സംസ്ഥാനങ്ങളിലൊരിടത്തും സംഘടനാകാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. എന്നാൽ, കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനത്തെ പ്രധാന നേതാക്കൾക്കിടയിലെ പോര് കണ്ടില്ലെന്നു നടിക്കാൻ അദ്ദേഹം തയാറല്ല. 

അതേസമയം, പ്രശ്നപരിഹാരം എളുപ്പമല്ലെന്ന സൂചനയാണു കോൺഗ്രസ് ക്യാംപിൽനിന്നു വരുന്നത്. സച്ചിനെ മുഖ്യമന്ത്രിയാക്കാനാണ് ഹൈക്കമാൻഡിനു താൽപര്യമെങ്കിലും അതിനു വഴങ്ങാൻ ഗെലോട്ട് തയാറല്ല. ഹൈക്കമാൻഡിനോട് തനിക്കു പൂർണ വിധേയത്വമാണെന്ന് ആവർത്തിക്കുമ്പോഴും സച്ചിനായി വഴിമാറില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഗെലോട്ടിന്റെ രൂക്ഷവിമർശനങ്ങളോടു പ്രതികരിച്ച് രംഗം വഷളാക്കരുതെന്ന ഹൈക്കമാൻഡ് നിർദേശം സച്ചിൻ ഇതുവരെ പാലിച്ചു. ക്ഷമയോടെ കാത്തിരിക്കൂ, സമയം വരും എന്ന സന്ദേശമാണ് പാർട്ടി സച്ചിനു നൽകിയിരിക്കുന്നത്. സച്ചിന്റെ സംയമനം എത്രനാൾ നീളുമെന്നാണ് ഇനി അറിയാനുള്ളത്. 

അതിനിടെ പ​​ഞ്ചാബിൽനിന്നുള്ള നേതാവ് സുഖ്ജിന്ദർ സിങ് രൺധാവയ്ക്ക് രാജസ്ഥാന്റെ ചുമതല നൽകി. സംസ്ഥാനത്തിന്റെ ചുമതലയുള്ള അജയ് മാക്കൻ കഴിഞ്ഞയാഴ്ച പദവി രാജിവച്ചിരുന്നു.

 

മോദിക്കു ജയ് വിളി; ‘ഫ്ലയിങ് കിസ് ’ രാഹുലിന്റെ മറുപടി

ജാലാവാർ (രാജസ്ഥാൻ) ∙ ബിജെപി ഓഫിസിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ജയ് വിളിച്ചവർക്കു ‘ഫ്ലയിങ് കിസ്’ നൽകി രാഹുൽ ഗാന്ധി. ജാലാവാറിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകൻ ദുഷ്യന്ത് സിങ് എംപിയുടെ ഓഫിസിനു മുന്നിലൂടെ കടന്നുപോകവേയാണു ബിജെപിയുടെ പതാകയേന്തി നിൽക്കുന്നവരെ രാഹുൽ കണ്ടത്. ഇവർ മോദിക്കു ജയ് വിളിച്ചും ബിജെപി പതാക വീശിയും രാഹുലിനെ വരവേറ്റതോടെയാണ് അദ്ദേഹം തിരിച്ച് ചുംബനങ്ങൾ നൽകിയത്. കഴിഞ്ഞ 4ന് മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു.

 

English Summary: Rahul Gandhi intervenes Ashok Gehlot and Sachin Pilot issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com