ഗുജറാത്തിൽ പാളിയത് ‘നിശ്ശബ്ദ’ തന്ത്രം’; ഹിമാചലിൽ തുണയായി സംഘടനാശക്തി
Mail This Article
ന്യൂഡൽഹി ∙ 1458; സ്വന്തം നിലയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തു ജയിക്കാൻ കോൺഗ്രസിനു വേണ്ടി വന്ന ദിവസങ്ങളാണിത്. ഏറ്റവുമൊടുവിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടി ജയിച്ചതു 2018 ഡിസംബറിൽ. നീണ്ട കാത്തിരിപ്പിന് ഹിമാചലിലെ ജയം വിരാമമിട്ടപ്പോൾ, കോൺഗ്രസ് ആസ്ഥാനത്തു പക്ഷേ, ആഘോഷമില്ല; ആശ്വാസം മാത്രം.
പ്രചാരണത്തിൽ പയറ്റിയ വിചിത്ര പരീക്ഷണം പാളിയതിന്റെ ദുരന്തമാണു ഗുജറാത്തിൽ കോൺഗ്രസ് നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിച്ചുവിട്ട പ്രചാരണക്കൊടുങ്കാറ്റിനെ നേരിടാൻ നിശ്ശബ്ദ പ്രചാരണം എന്ന ‘തന്ത്രം’ ആണു കോൺഗ്രസ് പയറ്റിയത്. വലിയ റാലികളോ സമ്മേളനങ്ങളോ നടത്താതെ വീടുകൾ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തം ഗുജറാത്തിൽ പാർട്ടി നേരിട്ട ഏറ്റവും വലിയ തോൽവിക്കു വഴിവച്ചു. 2017 ൽ ഗുജറാത്തിലുടനീളം പ്രചാരണം നടത്തിയ രാഹുൽ, ഇക്കുറി ചെലവിട്ടത് ഒരു ദിവസം മാത്രം. പ്രിയങ്ക ഗാന്ധി പൂർണമായി വിട്ടുനിന്നു.
രാഹുൽ ഭാരത് ജോഡോ പദയാത്രയിലായിരുന്നുവെന്നാണു കോൺഗ്രസിന്റെ ന്യായീകരണം. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിലെ തിരഞ്ഞെടുപ്പിനെ ഇത്ര ലാഘവത്തോടെയാണോ കാണുന്നതെന്ന ചോദ്യത്തിനു കോൺഗ്രസ് നേതൃത്വത്തിനു മറുപടിയില്ല.
രാഹുൽ വിട്ടുനിന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയെ വെല്ലുവിളിക്കാൻ രാഹുലിനെ സജ്ജമാക്കുക എന്ന ലക്ഷ്യമാണു ഭാരത് ജോഡോ യാത്രയ്ക്കുള്ളത്. അതിനു മുൻപു മോദിയും രാഹുലും തമ്മിൽ നേർക്കുനേർ പോരാട്ടം എന്ന നിലയിലേക്കു ഗുജറാത്ത് തിരഞ്ഞെടുപ്പിനെ മാറ്റാനും കോൺഗ്രസ് താൽപര്യപ്പെട്ടില്ല.
പ്രതിഭയും പ്രിയങ്കയും നയിച്ച വിജയം
തിരഞ്ഞെടുപ്പു വിജയത്തിന് ഏറ്റവും അനിവാര്യം താഴേത്തട്ടിലെ സംഘടനാശക്തിയാണെന്ന അടിസ്ഥാന രാഷ്ട്രീയ തന്ത്രം ഹിമാചലിൽ കോൺഗ്രസ് നടപ്പാക്കിയതാണു വിജയകാരണം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തു കോൺഗ്രസ് നേടുന്ന ആദ്യ ജയം. രാഹുൽ പൂർണമായി വിട്ടുനിന്ന ഹിമാചലിൽ ചുമതല പ്രിയങ്കയ്ക്കായിരുന്നു. സച്ചിൻ പൈലറ്റ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരുടെ സാന്നിധ്യവും സംസ്ഥാന നേതൃത്വത്തിന്റെ സംഘടനാബലവും കരുത്തായി.
പ്രചാരണത്തിനു പ്രിയങ്ക ചുക്കാൻ പിടിച്ചപ്പോൾ മറ്റൊരു വനിത പാർട്ടിയെ നയിച്ചു – കോൺഗ്രസിലെ ഏക വനിത പിസിസി പ്രസിഡന്റും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ. തിരഞ്ഞെടുപ്പിനു പിന്നാലെ ഹൈക്കമാൻഡിനു പ്രതിഭ നൽകിയ റിപ്പോർട്ടിൽ 38–41 സീറ്റ് നേടുമെന്ന് പ്രവചിച്ചിരുന്നു.
ബിജെപി കഴിഞ്ഞാൽ കൂടുതൽ സംസ്ഥാനങ്ങളിൽ (3) ഭരണത്തിലുള്ള പാർട്ടി എന്ന വിശേഷണം കൂടി ഹിമാചൽ വിജയം കോൺഗ്രസിനു സമ്മാനിക്കുന്നു. അതേസമയം, നേരിയ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ വരുംനാളുകളിൽ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള നീക്കം ബിജെപി നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വെട്ടിപ്പിടിച്ച വിജയം കാത്തുസൂക്ഷിക്കുക എന്ന വെല്ലുവിളിയാണ് ഇനി കാത്തിരിക്കുന്നത്.
English Summary: Silent campaign resulted in Congress defeat in Gujarat