ത്രിപുരയിൽ കോൺഗ്രസുമായി തർക്കം; ഇടത് സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവച്ചു
Mail This Article
കൊൽക്കത്ത ∙ കോൺഗ്രസുമായി ഏതാനും സീറ്റുകളിൽ ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്ന് ത്രിപുരയിൽ ഇടതുമുന്നണി സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവച്ചു. ബിജെപിക്കെതിരെ വിശാല സഖ്യം ആയി മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും ഓരോ മണ്ഡലത്തിലും ജയസാധ്യത ഏത് പാർട്ടിക്കാണ് എന്നത് പരിഗണിച്ചാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്.
ഇന്നലെ വൈകിട്ട് 7ന് നടത്തേണ്ടിയിരുന്ന സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവച്ചു. ഏതാനും മണ്ഡലങ്ങളിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെ സ്വാധീനം തുല്യമാണ്. ഇത്തരം മണ്ഡലങ്ങൾ വീതം വയ്ക്കുന്നതിലാണ് തർക്കം. അടുത്ത മാസം 16 നാണ് തിരഞ്ഞെടുപ്പ്.
കഴിഞ്ഞ തവണ 16 സീറ്റ് ജയിച്ച സിപിഎം തന്നെയായിരിക്കും ബിജെപി വിരുദ്ധ മുന്നണിയെ നയിക്കുക. 60 അംഗ നിയമസഭയിലേക്കുള്ള പോരാട്ടത്തിൽ കോൺഗ്രസിന് 20 സീറ്റിൽ താഴെ മാത്രമേ അനുവദിക്കാൻ ഇടയുള്ളൂ. സിപിഐ(എംഎൽ) ഇത്തവണ ഈ സഖ്യത്തിലെ അംഗമാണ്.
അതിനിടെ ത്രിപുരയിൽ ശക്തിയാർജിക്കുന്ന തിപ്ര മോത പാർട്ടി ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യതയേറി. ഗോത്ര ഭൂരിപക്ഷ ജില്ലകൾ ഉൾപ്പെടുത്തി പ്രത്യേക സംസ്ഥാനം എന്ന ആവശ്യത്തിന് പ്രധാന പാർട്ടികൾ തയാറാകാത്തതു കൊണ്ടാണ് ഈ തീരുമാനം. പ്രത്യേക സംസ്ഥാനം എന്ന ആവശ്യത്തിന് രേഖാമൂലം പിന്തുണ നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം. തിപ്ര മോതയിൽ നിലവിലുള്ള ബിജെപി സർക്കാറിലെ സഖ്യകക്ഷിയായ ഐപിഎഫ്ടി ലയിക്കുമെന്നാണ് കരുതുന്നത്.
English Summary : CPM candidate list for Tripura assembly election postponed