ശാരദ ചിട്ടി കേസ്: നളിനി ചിദംബരത്തിന്റെ സ്വത്ത് കണ്ടുകെട്ടി
Mail This Article
ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഉൾപ്പെടെ 3 പേരിൽനിന്ന് 6 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിന്റെ ഗുണഭോക്താക്കളെന്ന് ആരോപിക്കപ്പെടുന്ന നളിനി, സിപിഎം മുൻ എംഎൽഎ ദേബേന്ദ്രനാഥ് ബിശ്വാസ്, അസം മുൻമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമായിരുന്ന അൻജൻ ദത്ത എന്നിവരുടെ സ്വത്താണു കണ്ടുകെട്ടിയത്.
ബംഗാൾ, ഒഡീഷ, ത്രിപുര, ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിലെ നൂറുകണക്കിനു നിക്ഷേപകരിൽനിന്നു 2459 കോടി രൂപ പിരിച്ചു കബളിപ്പിച്ചതാണു ശാരദ ചിട്ടി തട്ടിപ്പ്. ശാരദ ഗ്രൂപ്പ് ഓഫ് കമ്പനീസ് നളിനിക്ക് 1.26 കോടി രൂപ നൽകിയിരുന്നു. തട്ടിപ്പു നടത്തിയ കമ്പനിയുടെ ഗുണഭോക്താവ് എന്ന നിലയിലാണു സ്വത്തു കണ്ടുകെട്ടിയത്. കമ്പനി ലോ ബോർഡിനു മുന്നിൽ ഹാജരാകാൻ പ്രതിഫലമായാണ് ഈ തുക വാങ്ങിയതെന്നാണ് അവരുടെ വാദം. കമ്പനി തട്ടിച്ച തുകയിൽ 1983 കോടി രൂപ നിക്ഷേപകർക്കു തിരിച്ചുകിട്ടിയിട്ടില്ല. 600 കോടിയോളം രൂപ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് ഇഡി വാദം.
English Summary : Nalini Chidambarams property confiscated in Saradha chit case