ADVERTISEMENT

ന്യൂഡൽഹി ∙ വ്യവസായി ഗൗതം അദാനിക്കുണ്ടായ വളർച്ച മാത്രമാണ് 8 വർഷത്തിനിടയിലെ ‘മോദി മാജിക്’ എന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ലോക്സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തുനിന്ന് ആദ്യം സംസാരിച്ച രാഹുൽ പ്രസംഗത്തിനിടെ മോദിയും അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും ഉയർത്തിക്കാട്ടി.

പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്ക് പുതിയ കരാർ എന്നതാണ് ബിജെപി സർക്കാരിന്റെ വിദേശ നയം. മോദി എങ്ങോട്ടുപോകുമ്പോഴും അദാനി കൂടെ പോകുകയോ അവിടെയെത്തുകയോ ചെയ്യും. ബംഗ്ലദേശിലും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടി. ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ 90% അദാനിക്കാണു കിട്ടിയതെന്നതു നിഷേധിക്കാമോയെന്ന് ആരോപണങ്ങളിൽ പ്രതിഷേധിച്ച ഭരണപക്ഷ എംപിമാരോടു രാഹുൽ ചോദിച്ചു.

2014 ൽ ലോകസമ്പന്നരിൽ 609–ാം സ്ഥാനത്തുണ്ടായിരുന്ന അദാനി 8 വർഷം കൊണ്ട് രണ്ടാമതെത്തിയതിനു പിന്നിൽ ഈ കൂട്ടുകെട്ടാണ്. അദാനി 5000 കോടി ഡോളറിന്റെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി പ്രഖ്യാപിക്കുന്നതിനു പിന്നാലെ ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ നിക്ഷേപത്തിന് ഇളവുകൾ പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ– വ്യവസായി ബന്ധത്തെക്കുറിച്ച് ഹാർവഡ് സർവകലാശാലയ്ക്കു പഠനം നടത്താം. മോദിക്കു സ്വർണ മെഡലും കൊടുക്കാമെന്നു രാഹുൽ പരിഹസിച്ചു.

(1) പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി ലോക്സഭയിൽ ഉയർത്തിക്കാട്ടുന്നു. എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ.പ്രതാപൻ എന്നിവർ സമീപം. (2) നരേന്ദ്ര മോദി
(1) പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി ലോക്സഭയിൽ ഉയർത്തിക്കാട്ടുന്നു. എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ.പ്രതാപൻ എന്നിവർ സമീപം. (2) നരേന്ദ്ര മോദി

ആരോപണമുന്നയിക്കുമ്പോൾ തെളിവുകൾ നിരത്തണമെന്ന് നിയമമന്ത്രി കിരൺ റിജിജു പറഞ്ഞു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു തുടങ്ങിയതാണ് അദാനിയുമായുള്ള ബന്ധമെന്നു പറഞ്ഞാണ് രാഹുൽ ഇരുവരും ഒരുമിച്ചു സഞ്ചരിക്കുന്നതിന്റെയും മോദി അദാനിയുടെ ലോഗോയുള്ള വിമാനത്തിൽ നിന്നിറങ്ങുന്നതിന്റെയും ചിത്രങ്ങൾ കാണിച്ചത്. എന്നാൽ സ്പീക്കർ ഇത് അനുവദിച്ചില്ല.

മോദിയോട് രാഹുലിന്റെ 4 ചോദ്യങ്ങൾ

1) വിദേശയാത്രകളിൽ എത്രതവണ അദാനിയും മോദിയും ഒരുമിച്ചുപോയി?

2) എത്രതവണ മോദി വിദേശത്തെത്തിയശേഷം അദാനി അവിടെയെത്തി ചർച്ചകളിൽ പങ്കെടുത്തു?

3) എത്രതവണ മോദി സന്ദർശനം പൂർത്തിയാക്കിയതിനുപിന്നാലെ അദാനി അവിടെയെത്തി?

4) ഇത്തരം സന്ദർശനങ്ങൾക്കു ശേഷം എത്രതവണ അദാനിക്കു പുതിയ കരാറുകൾ കിട്ടി?

ഇതുവരെ അദാനിയിൽനിന്ന് എത്ര പണം കിട്ടിയെന്നും ഇലക്ടറൽ ബോണ്ടുകൾ വഴി എത്ര കൈപ്പറ്റിയെന്നും അദ്ദേഹം ബിജെപിയോടും ചോദിച്ചു.

English Summary: Rahul Gandhi questions Modi Adani relation in parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com